പേസിനെയും ബൊപ്പണ്ണയെയും രൂക്ഷമായി വിമര്‍ശിച്ച് ഭൂപതി

By Web DeskFirst Published Aug 30, 2016, 7:09 AM IST
Highlights

ദില്ലി: റിയോ ഒളിംപിക്സിലെ മോശം പ്രകടനത്തിന് ലിയാൻഡർ പെയ്സിനും രോഹൻ ബൊപ്പണ്ണയ്ക്കും മഹേഷ് ഭൂപതിയുടെ വിമർശനം. പേസ്-ബൊപ്പണ്ണ ടീമിന് മെഡൽ സാധ്യത ഉണ്ടായിരുന്നു. ഒളിംപിക്സിന് വേണ്ട മുന്നൊരുക്കമൊന്നും നടത്തിയിരുന്നില്ല. ഒരുദിവസംപോലും ഒരുമിച്ച് പരിശീലനം നടത്താതെ ഇരുവരും റിയോയിൽ മെഡൽ കളഞ്ഞുകുളിക്കുകയായിരുന്നുവെന്നും ഭൂപതി പറഞ്ഞു.

താനും ലിയാന്‍ഡറും വേര്‍പിരിഞ്ഞശേഷം 2004ലും 2008ലും ഒളിംപിക്സില്‍ കളിക്കാനിറങ്ങുന്നതിന് മുന്നോടിയായി ഏതാനും ടൂര്‍ണമെന്റുകള്‍ ഒരുമിച്ച് കളിച്ചിചുന്നു. എന്നാല്‍ പേസും, ബൊപ്പണ്ണയും തമ്മില്‍ അതുപോലുമുണ്ടായില്ല. ഞാനും പേസും കൂടി മുന്നോറോളം എടിപി ടൂര്‍ മത്സരങ്ങളില്‍ കളിച്ചു ജയിച്ചിട്ടുണ്ട്. എന്നിട്ടും ഒളിംപിക്സിന് മുന്നോടിയായി ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. എന്നാല്‍ ഇത്തവണ നമ്മുടെ ടീമിന് തണുപ്പന്‍ മട്ടായിരുന്നു. ദുര്‍ബലരായ കൊറിയക്കെതിരായ ഡേവിസ് കപ്പ് മത്സരം ഒളിംപിക്സിനുള്ള ശരിയായ മുന്നൊരുക്കമല്ല.

റിയോയില്‍ മിക്സഡ് ഡബിള്‍സില്‍ സാനിയാ-ബൊപ്പണ്ണ സഖ്യത്തിന് കൂടുതല്‍ മെഡല്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യംകൊണ്ട് നമുക്ക് മെഡല്‍ നേടാനായില്ലെന്നും ഭൂപതി പറഞ്ഞു. റിയോയിൽ പെയ്സ്-ബൊപ്പണ്ണ സഖ്യം ആദ്യറൗണ്ടിൽ തന്നെ താരതമ്യേന ദുർബലരായ എതിരാളികളോട് തോറ്റുപുറത്തായിരുന്നു.

click me!