രഞ്ജി ട്രോഫി: ഗുജറാത്തിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച; ചരിത്രനേട്ടം ലക്ഷ്യമിട്ട് കേരളം

By Web TeamFirst Published Jan 17, 2019, 11:17 AM IST
Highlights

സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ കഥന്‍ ഡി പട്ടേലിനെ(5) ബൗള്‍ഡാക്കി ബേസില്‍ ഗുജറാത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പഞ്ചലിനെയും(3) ബേസില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി.

കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ ഗുജറാത്തിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 195 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഗുജറാത്ത് മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും ഒറു വിക്കറ്റെടുത്ത സന്ദീപ് വാര്യരും തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ഗുജറാത്തിന് തകര്‍ത്തത്.

സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ കഥന്‍ ഡി പട്ടേലിനെ(5) ബൗള്‍ഡാക്കി ബേസില്‍ ഗുജറാത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പഞ്ചലിനെയും(3) ബേസില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെ(0) കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൗട്ടാക്കിയതിന് പിന്നാലെ ഭട്ടിനെ(0) സന്ദീപ് വാര്യരും മടക്കിയതോടെ ഗുജറാത്ത് 18/4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ വി ഷായും(20 നോട്ടൗട്ട്), ധ്രുവ് റാലും(13 നോട്ടൗട്ട്) ചേര്‍ന്നാണ് ഗുജറാത്തിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് വിജയം ലക്ഷ്യമിടാം. ആറ് വിക്കറ്റ് ശേഷിക്കെ ജയത്തിനായി 148 റണ്‍സാണ് ഗുജറാത്തിന് വേണ്ടത്. ഗുജറാത്തിനെ കീഴടക്കിയാല്‍ രഞ്ജി ട്രോഫി സൈമിഫൈനലിലെത്തി ചരിത്രം കുറിക്കാന്‍ കേരളത്തിനാവും.

click me!