രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് സൗരാഷ്ട്ര, സെമി ഫൈനല്‍ ലൈനപ്പായി

By Web TeamFirst Published Jan 19, 2019, 6:50 PM IST
Highlights

സെഞ്ചുറി നേടിയ ഹര്‍വിക് ദേശായിയും അര്‍ധസെഞ്ചുറികള്‍ നേടിയ ഷെല്‍ഡണ്‍ ജാക്സണും(73 നോട്ടൗട്ട്), ചേതേശ്വര്‍ പൂജാരയും(67 നോട്ടൗട്ട്) ചേര്‍ന്നാണ് സൗരാഷ്ട്രക്ക് അവിശ്വസനീയ ജയമൊരുക്കിയത്.

ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി സൗരാഷ്ട്ര സെമി ഫൈനലില്‍. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 372 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചാണ് സൗരാഷ്ട്ര സെമിയിലേക്ക് മുന്നേറിയത്. രഞ്ജി ചരിത്രത്തില്‍ നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2008/09 സീസണില്‍ സര്‍വീസസിനെതിരെ 371 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അസമിന്റെ റെക്കോര്‍ഡാണ് സൗരാഷ്ട്ര മറികടന്നത്.

സെഞ്ചുറി നേടിയ ഹര്‍വിക് ദേശായിയും അര്‍ധസെഞ്ചുറികള്‍ നേടിയ ഷെല്‍ഡണ്‍ ജാക്സണും(73 നോട്ടൗട്ട്), ചേതേശ്വര്‍ പൂജാരയും(67 നോട്ടൗട്ട്) ചേര്‍ന്നാണ് സൗരാഷ്ട്രക്ക് അവിശ്വസനീയ ജയമൊരുക്കിയത്. സ്കോര്‍ സൗരാഷ്ട്ര 208, 372/4, ഉത്തര്‍പ്രദേശ് 385, 194. കര്‍ണാടകയാണ് സെമിയില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍.

മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഇന്നിംഗ്സിനും 115 റണ്‍സിനും കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭ സെമി ഉറപ്പിച്ചത്. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ആദിത്യ സര്‍വതെയുമാണ് വിദര്‍ഭക്ക് അനായാസ ജയമൊരുക്കിയത്. സ്കോര്‍ ഉത്തരാഖണ്ഡ് 355, 159, വിദര്‍ഭ 629. സെമിയില്‍ കേരളമാണ് വിദര്‍ഭയുടെ എതിരാളികള്‍.

click me!