സന്തോഷ് ട്രോഫി; കേരളവും ബംഗാളും ഇന്ന് നേര്‍ക്ക്‌നേര്‍

By Web DeskFirst Published Apr 1, 2018, 7:05 AM IST
Highlights
  • എതിര്‍ പോസ്റ്റില്‍ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ് കേരളം കലാശപ്പോരിനിറങ്ങുന്നത്.

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ആറാം   കിരീടത്തിനായി കേരളം ഇന്നിറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ്   കേരളത്തിന്റെ എതിരാളികള്‍. കിരീടം വീണ്ടെടുക്കാന്‍ കേരളം പൂര്‍ണ  സജ്ജരാണെന്ന് കോച്ച് സതീവന്‍  ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിനും സന്തോഷ് ട്രോഫിക്കും ഇടയില്‍ ഇനി ബംഗാളാണ് ഏക കടമ്പ. പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാന്‍ രാഹുല്‍ വി രാജും സംഘവും. കിരീടം നിലനിര്‍ത്താന്‍ 32 തവണ ചാമ്പ്യന്‍മാരായ ബംഗാള്‍ ഏന്ത് വിലയും കൊടുക്കും. എതിര്‍ പോസ്റ്റില്‍ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ് കേരളം കലാശപ്പോരിനിറങ്ങുന്നത്.

ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും വീഴ്ത്താനായത് കേരളത്തിന്റെ ആത്മവിശ്വാസംകൂട്ടുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങുന്ന ബംഗാള്‍ നിരയ്‌ക്കൊപ്പമാണ് ചരിത്രം. സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാള്‍ കടമ്പ കടക്കാനായിട്ടില്ല,

ഏറ്റവും ഒടുവില്‍ കൊമ്പുകോര്‍ത്ത 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. തീര്‍ന്നില്ല, ഇതിന് മുന്‍പ് ഒന്‍പത് തവണ സന്തോഷ് ട്രോഫി ബംഗാളില്‍ നടന്നു. ഒരിക്കല്‍പ്പോലും സന്തോഷം ബംഗാള്‍ കൈവിട്ടില്ല. ബംഗാളിന്റെ യുവനിരയ്‌ക്കൊപ്പം ഈ പ്രതികൂല ചരിത്രം കൂടി മറികടന്നാലേ സതീവന്‍ ബാലന്റെ കുട്ടികള്‍ക്ക് കേരളത്തിന് സന്തോഷം സമ്മാനിക്കാനാവൂ.


 

click me!