മധു വിവാദത്തില്‍ സെവാഗിന്റെ പ്രായശ്ചിത്തം

By web deskFirst Published Apr 1, 2018, 8:46 PM IST
Highlights
  • . നിങ്ങളുടെ മകന്‍ മധു ക്രൂരമായി കൊല്ലപ്പെട്ടതില്‍ തനിക്ക് വേദനയുണ്ടെന്നും ചെക്കിനോടൊപ്പം അയച്ച കത്തില്‍ സെവാഗ് വ്യക്തമക്കുന്നുണ്ട്.

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ ധനസഹായം. 1,50,000 രൂപയുടെ ചെക്കാണ് മധുവിന്റെ അമ്മ മല്ലിയുടെ പേരില്‍ അയച്ചിരിക്കുന്നത്. നിങ്ങളുടെ മകന്‍ മധു ക്രൂരമായി കൊല്ലപ്പെട്ടതില്‍ തനിക്ക് വേദനയുണ്ടെന്നും ചെക്കിനോടൊപ്പം അയച്ച കത്തില്‍ സെവാഗ് വ്യക്തമാക്കുന്നുണ്ട്.

രാഹുല്‍ ഈശ്വറിന്റെ വിലാസത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. 11ന് അടപ്പാടിയില്‍ നടക്കുന്ന പൊതു പരിപാടില്‍ ചെക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിലോട് പറഞ്ഞു. മാത്രമല്ല, വീരേന്ദര്‍ സെവാഗിനെ പൊതുപരിപാടിയില്‍ പങ്കുടുപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ മധുവിന്റെ അമ്മ മല്ലിയെ നേരില്‍കാണും. 

മധു മരിക്കുമ്പോള്‍, ലജ്ജ തോന്നുന്നുവെന്നും ഇത് അപരിഷ്‌കൃത സമൂഹത്തിന് മാനക്കേടെന്നും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ ട്വീറ്റില്‍ മുസ്ലിം പേരുകള്‍ മാത്രം ഉള്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയ ഒന്നാകെ താരത്തെ കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് താരത്തിന് ക്ഷമ പറയേണ്ടി വന്നു. തനിക്ക് അപൂര്‍ണമായ വിവരങ്ങളാണ് ലഭിച്ചതെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പേരുകള്‍ വിട്ടുപോയതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു സെവാഗ് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

മധുവിന്റെ മരണത്തെക്കുറിച്ച് തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള ടീം അന്വേഷിച്ച് 16 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 23നാണ് മധു കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മധുവിനെ കൈകാര്യം ചെയ്്തിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുംപോകും വഴിയാണ് മധു മരിക്കുന്നത്.
 

click me!