ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ചുറിയുമായി അഫ്ഗാന്‍ താരം

By Web DeskFirst Published Apr 12, 2018, 5:54 PM IST
Highlights
  • ഇരട്ട സെഞ്ചുറി തികച്ചത് വെറും 89 പന്തില്‍

കാബൂള്‍: ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കി അത്ഭുതം സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാന്‍റെ അക്കൗണ്ടില്‍ മറ്റൊരു നേട്ടം കൂടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ചുറിയുടെ റെക്കോര്‍ഡ് അഫ്ഗാന്‍ താരം ഷഫീഖുള്ള ഷഫാഖ് സ്വന്തമാക്കി. അലോകസായ് അഹ്‌മ്മദ് ഷാ അബ്ദാലി നാലുദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബൂസ്റ്റ് റീജിയനെതിരെ കാബൂള്‍ നായകനായ താരം 89 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ചു. 

തുടക്കത്തില്‍ കരുതലോടെ തുടങ്ങിയ ഷഫീഖുള്ള ഷഫാഖ് പതുക്കെ കത്തിക്കയറുകയായിരുന്നു. 29 പന്തില്‍ ആറ് സിക്സും രണ്ട് ഫോറുമായി അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അടുത്ത 23 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറുമടിച്ച് ഷഫീഖുള്ള സെഞ്ചുറിയിലെത്തി. എന്നാല്‍ നൂറ് പിന്നീട്ട ശേഷം താരം താണ്ഡവമാടുകയായിരുന്നു. 

നൂറ് പിന്നിട്ട ശേഷം 37 പന്തുകള്‍ മാത്രമാണ് ഇരട്ട സെഞ്ചുറിലേക്കെത്താന്‍ താരത്തിന് വേണ്ടിവന്നത്. ഇന്നിംഗ്സിലാകെ 22 സിക്‌സുകളും 11 ഫോറും ഷഫീഖുള്ള ഷഫാഖിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. 123 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിശാസ്ത്രിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ഇരട്ട സെഞ്ചുറിപൂര്‍ത്തിയാക്കാന്‍ 103 മിനുറ്റ് മാത്രമാണ് താരത്തിന് വേണ്ടിവന്നത്.

click me!