സംസ്ഥാന സ്കൂള്‍ കായികമേള: രണ്ടാം ദിനം താരമായി സാന്ദ്ര; കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്

By Web TeamFirst Published Oct 27, 2018, 10:47 PM IST
Highlights

സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിലെ ഏക റെക്കോർഡ് എറണാകുളത്തിന്‍റെ സാന്ദ്ര ബാബുവിന്. റെക്കോർഡ് വരൾച്ച നേരിടുന്ന സ്കൂൾ കായികമേളയുടെ രണ്ടാം ദിനം താരമാകുകയായിരുന്നു സാന്ദ്ര

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിലെ ഏക റെക്കോർഡ് എറണാകുളത്തിന്‍റെ സാന്ദ്ര ബാബുവിന്. റെക്കോർഡ് വരൾച്ച നേരിടുന്ന സ്കൂൾ കായികമേളയുടെ രണ്ടാം ദിനം താരമാകുകയായിരുന്നു സാന്ദ്ര. സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സാന്ദ്ര 12.81 മീറ്ററോടെയാണ് റെക്കോർഡ് ബുക്കിൽ സ്ഥാനം നേടിയത്.

ഏഴ് താരങ്ങൾ ഇരട്ട സ്വർണം സ്വന്തമാക്കി. ആദ‍ർശ് ഗോപി, സൽമാൻ ഫാറൂഖ്, എ എസ് സാന്ദ്ര, സ്നേഹ ജോസ്, സാഹിദുർ റഹ്മാൻ, അനുമാത്യു, കെസിയ മറിയം ബെന്നി എന്നിവരാണ് ഇരട്ടസ്വർണത്തിളക്കം സ്വന്തമാക്കിയത്. 

ഹർഡിൽസിൽ യൂത്ത് ഒളിംപ്യൻ വിഷ്ണുപ്രിയയുടെ നേതൃത്വത്തിൽ പാലക്കാട് ആധിപത്യം കാട്ടി. സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ രണ്ടുതാരങ്ങൾ സ്വർണം പങ്കിട്ടു എന്നത് സവിശേഷതാണ്. കോതമംഗലം സെന്‍റ് ജോർജ് സ്കൂളിലെ എ കെ സിദ്ധാർഥും അനീഷ് മധുവുമാണ് സ്വർണം നേടിയത്. ഇരുവരും 4.30 മീറ്റർ ഉയരം കീഴടക്കിയാണ് ഒപ്പത്തിനൊപ്പം നിന്നത്. 

എറണാകുളം ജില്ല 192പോയിന്‍റുമായി കിരീടത്തോട് അടുക്കുകയാണ്. പാലക്കാടാണ് രണ്ടാമത്. സ്‌കുളുകളില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂള്‍ ആണ് മുന്നിൽ. നിലവിലെ ജേതാക്കളായ കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്താണ്. 

click me!