'കിംഗ്' വസീം ജാഫര്‍; രഞ്ജിയില്‍ കേരളത്തിനെതിരെ ചരിത്രനേട്ടം

By Web TeamFirst Published Jan 24, 2019, 10:14 PM IST
Highlights

 രഞ്ജിയില്‍ രണ്ട് വ്യത്യസ്ത സീസണുകളില്‍ 1000ത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്ന ആദ്യ താരമാണ് ജാഫര്‍. 

വയനാട്: രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിനെതിരെ വിദര്‍ഭ താരം വസീം ജാഫറിന് ആദ്യ ഇന്നിംഗ്സില്‍ 34 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ഈ ഇന്നിംഗ്‌സോടെ വസീം ജാഫര്‍ ചരിത്രമെഴുതി. രഞ്ജിയില്‍ രണ്ട് വ്യത്യസ്ത സീസണുകളില്‍ 1000ത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്ന ആദ്യ താരമാണ് ജാഫര്‍. 

ഈ സീസണില്‍ 77.15 ശരാശരിയില്‍ 1,003 റണ്‍സ് നേടിക്കഴിഞ്ഞ താരം 2008-09 സീസണിലാണ് മുന്‍പ് ആയിരത്തിലധികം റണ്‍സ് നേടിയത്. അന്ന് മുംബൈക്കായി 1,260 റണ്‍സ് ജാഫര്‍ സ്വന്തമാക്കി. 2018-19 സീസണില്‍ പത്ത് മത്സരങ്ങളില്‍ നാല് സെഞ്ചുറികളും രണ്ട് അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 1996-97 സീസണിലായിരുന്നു വസീം ജാഫറിന്‍റെ രഞ്ജി അരങ്ങേറ്റം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ ജാഫര്‍ 251 മത്സരങ്ങളില്‍ നിന്നായി 19,000ത്തിലേറെ റണ്‍സ് നേടിയിട്ടുണ്ട്. 57 സെഞ്ചുറികളും 88 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 51.42 ആണ് ശരാശരി. 314 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രഞ്ജി ട്രോഫിയില്‍ 10,000, 11,000 റണ്‍സുകള്‍ സ്വന്തമാക്കിയ ആദ്യ താരം കൂടിയാണ് വസീം ജാഫര്‍. 

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ കേരളം 106 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവാണ് കേരളത്തെ എറിഞ്ഞിട്ടത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിദർഭ അഞ്ച് വിക്കറ്റിന് 171 റണ‍സെന്ന നിലയിലാണ്. 

click me!