യോഗേശ്വര്‍ ദത്തിന് ഒളിംപിക്‌സ് സ്വര്‍ണം ലഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

By Web DeskFirst Published Sep 3, 2016, 2:59 AM IST
Highlights

ലണ്ടന്‍ ഒളിംപിക്‌സ് ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിക്കുന്ന കാര്യത്തില്‍  അനിശ്ചിതത്വം  തുടരുന്നു. തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് യോഗേശ്വറും പ്രതികരിച്ചു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ റഷ്യന്‍ താരത്തെ അയോഗ്യനാക്കിയപ്പോള്‍ യോഗേശ്വര്‍ ദത്തിന്റെ വെങ്കലം വെള്ളിയായി ഉയര്‍ത്തി. പിന്നാലെ ലണ്ടനില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരവും മരുന്നടിക്ക് കുടുങ്ങിയതായി രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതോടെ യോഗേശ്വറിന് സ്വര്‍ണം ലഭിക്കുമെന്ന പ്രതീക്ഷയിലായി രാജ്യം. എന്നാല്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റെ നിലവിലെ നിയമങ്ങള്‍ യോഗേശ്വറിന് അനുകൂലമാണോയെന്ന കാര്യത്തില്‍ സംശയുണ്ട്.

ഗുസ്തിയില്‍ രണ്ടു വെങ്കലമെഡല്‍ നല്‍കുകയാണ് പതിവ്. ഫൈനലിലെത്തുന്നവരോട് ആദ്യ റൗണ്ടുകളില്‍ തോറ്റവരില്‍  നിന്ന് റിപ്പഷാഷ് റൗണ്ടിലൂടെ രണ്ടു പേര്‍ വെങ്കലം നേടും. യോഗേശ്വറിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ  റഷ്യന്‍ താരമായ കുഡുക്കോവിന് വെള്ളിയാണ് കിട്ടിയത്.

സ്വര്‍ണം നേടിയയ അസര്‍ബൈജാന്‍ താരം തോല്‍പ്പിച്ചതാകട്ടേ രണ്ടാമത്തെ വെങ്കലമെഡല്‍ ജേതാവായ അമേരിക്കയുടെ കോള്‍മാന്‍ സ്കോട്ടിനെയും. അതിനാല്‍  റിപ്പഷാഷ് നിയമം
അനുസരിച്ച് സ്വര്‍ണം ലഭിക്കേണ്ടത് സ്വര്‍ണമെഡല്‍ ജേതാവിനോട് തോറ്റ സ്കോട്ടിനെന്നാണ് ഉയരുന്ന വാദം. ഇക്കാര്യത്തില്‍ ഒളിംപിക് കമ്മിറ്റിയുടെ ചട്ടങ്ങളില്‍ വ്യക്തതയില്ലെന്നും ഐഒസിക്ക് യുക്തമായ തീരുമാനം എടുക്കാവുന്നതാണെന്നും ഗുസ്തി ഫെഡറേഷന്‍ വൃത്തങ്ങളും പറയുന്നു. എന്തായാലും ഒളിംപിക് കമ്മിറ്റി ഈ വിഷയത്തില്‍ ഇതുവരെയും നിലപാട് അറിയിച്ചിട്ടില്ല.


തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സ്വര്‍ണമെഡല്‍ ജേതാവ് തോല്‍പ്പിച്ചത് അമേരിക്കയുടെ സ്കോട്ടിനെയാണെന്നും യോഗേശ്വറും പ്രതികരിച്ചു.

click me!