വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്യുന്ന ഒരു സ്ഥാനാര്‍ത്ഥി!

By Web TeamFirst Published Nov 23, 2018, 3:05 PM IST
Highlights

ചെരുപ്പ് മാത്രമല്ല, ഒരു 'ഭാവി' രാജിക്കത്തും അഖുല വോട്ടര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അധികാരത്തില്‍ നിന്ന് തന്നെ താഴെയിറക്കാന്‍ ജനത്തിന് നല്‍കുന്ന ഉറപ്പായിട്ടാണ് ഈ രാജിക്കത്തിനെ അഖുല കാണുന്നത്

ഹൈദരാബാദ്: ഡിസംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയില്‍ പ്രചാരണം ശക്തമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമെല്ലാം. ഇതിനിടയിലാണ് വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്ത് ഒരു സ്ഥാനാര്‍ത്ഥി പ്രചാരണം പൊടിപൊടിക്കുന്നത്. 

കൊരുട്‌ല മണ്ഡലത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഖുല ഹനുമന്ത് ആണ് പ്രചാരണത്തിനെത്തുന്ന വീടുകളിലെ വോട്ടര്‍മാര്‍ക്കെല്ലാം ചെരുപ്പ് നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചുകഴിയുമ്പോള്‍, താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നാല്‍, തന്നെ അടിക്കാനായിട്ടാണ് വോട്ടര്‍മാര്‍ക്ക് ചെരുപ്പ് നല്‍കുന്നതെന്ന് അഖുല വിശദീകരിച്ചു. 

ചെരുപ്പ് മാത്രമല്ല, ഒരു 'ഭാവി' രാജിക്കത്തും അഖുല വോട്ടര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അധികാരത്തില്‍ നിന്ന് തന്നെ താഴെയിറക്കാന്‍ ജനത്തിന് നല്‍കുന്ന ഉറപ്പായിട്ടാണ് ഈ രാജിക്കത്തിനെ അഖുല കാണുന്നത്. 

ഓരോ വീടുകളിലും പോയി ഇക്കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് അഖുല വോട്ട് തേടുന്നത്. നിലവില്‍ ഭരണത്തിലിരിക്കുന്ന ടിആര്‍എസിന്റെ കെ.വിദ്യാസാഗര്‍ റാവുവിനെതിരെയാണ് അഖുല മത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് വിദ്യാസാഗര്‍ റാവു. 

ഡിസംബര്‍ ഏഴിന് ഒറ്റഘട്ടമായാണ് തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും. 

click me!