സംസ്ഥാന തെരഞ്ഞെടുപ്പുകള്‍: ബിജെപി തോറ്റത് സോഷ്യല്‍ മീഡിയയിലും

By Web TeamFirst Published Dec 12, 2018, 9:54 AM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പില്‍ ശരിക്കും ബിജെപിയുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ കൂടി പരാജയപ്പെട്ടു എന്നാണ് വിലയിരുത്തലുകള്‍.

ഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. അഞ്ചില്‍ മൂന്ന് സ്ഥലത്ത് ഭരണം ഉണ്ടായിരുന്ന കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ആ മൂന്ന് സ്ഥലത്തും ഭരണം നേടാന്‍ സാധിച്ചില്ലെന്നതാണ് ഒടുവില്‍ വരുന്ന ഫലം. രാഷ്ട്രീയമായി വലിയ വിലയിരുത്തലുകള്‍ ഈ തെരഞ്ഞെടുപ്പ് വിധി സംബന്ധിച്ച് ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷകര്‍ എല്ലാം തന്നെ 2019 പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി തന്നെ വിലയിരുത്തുകയാണ് ഇതിനെ. എന്നാല്‍ ഇത്രയും കാലം തങ്ങളെ പലപ്പോഴും സഹായിച്ച വജ്രായുധം തിരിച്ചടിച്ചോ എന്ന ആശങ്കയിലാണ് ബിജെപി. ഇലക്ഷന്‍ രംഗത്തെ സാമൂഹ്യമാധ്യമങ്ങളുടെ പ്രയോഗത്തില്‍ ബിജെപിക്ക് ഇത്തവണ വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശ്, ത്രിപുര, 2014 പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ പല തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയത്തിന്‍റെ ഒരു ഘടകം അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ള മേല്‍ക്കൈ ആയിരുന്നു. ബിജെപി ഐടി സെല്‍ എന്നത് ഒരു മിഥ്യയല്ലെന്ന് വെളിപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ബിജെപി നടത്തിയത് വലിയ വാര്‍ത്തയായി. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പില്‍ ശരിക്കും ബിജെപിയുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ കൂടി പരാജയപ്പെട്ടു എന്നാണ് വിലയിരുത്തലുകള്‍.

പ്രധാനമായും അടുത്തിടെ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ തന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സോഷ്യല്‍ മീഡിയ പ്രചരണത്തിനെ ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇത് ബാധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തുന്ന ബിജെപിയെ ആയിരിക്കാം ഇത് കൂടുതല്‍ ബാധിച്ചത്. വാട്ട്സ്ആപ്പ് ഫോര്‍വേഡുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയത് ഗ്രൂപ്പുകള്‍ വഴി രാഷ്ട്രീയം പറഞ്ഞവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു. അതായത് ചില വാര്‍ത്തകള്‍ പ്രചരണങ്ങള്‍ പ്രചരിക്കാനുള്ള സമയം കൂടി. ഇതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ കൗണ്ടര്‍ ചെയ്യാന്‍ എതിരാളികള്‍ക്ക് സമയവും ലഭിച്ചു.

ഇതിനൊപ്പം ഇത്തവണ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഫേസ്ബുക്ക് നടപ്പിലാക്കിയത്. കഴിഞ്ഞ അ‌ഞ്ച് വര്‍ഷത്തോളം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് പരസ്യം നടത്തിയത് ബിജെപിയാണ്. 2016 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ  പേര് ദോഷവും, കോംബ്രിഡ്ജ് അനലറ്റിക്ക വിവാദവുമാണ് ഫേസ്ബുക്കിനെ തെരഞ്ഞെടുപ്പ് സമയത്തെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണം എന്ന ചിന്ത ഉണ്ടാക്കിയത്. 2019 പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അതിനായി വലിയ നീക്കങ്ങള്‍ ഇന്ത്യയില്‍ അവര്‍ തുടങ്ങി. ഇതിന്‍റെ ടെസ്റ്റിംഗ് വേദി കൂടിയായിരുന്നു ഈ നിയമസഭ തെരഞ്ഞെടുപ്പുകള്‍. അതിനാല്‍ തന്നെ ഈ വഴിയുള്ള പ്രചരണത്തില്‍ എന്നും മുന്നിലെത്തിയ പാര്‍ട്ടിക്ക് സംഭവിക്കുന്ന തിരിച്ചടി സ്വഭാവികമാണ്.

അതേ സമയം ബിജെപി എതിരാളികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ പരിഷ്കരിച്ചത് ബിജെപിക്ക് ഒരു തിരിച്ചടിയായിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ ഉദാഹരണം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. 2014 ന് മുന്‍പ് തന്നെ ട്വിറ്ററും മറ്റ് സോഷ്യല്‍ മീഡിയ ഉപാധികളും ഉപയോഗിച്ച് പടവെട്ടിയ മോദിക്ക് എതിരായി ട്വിറ്ററില്‍ രാഹുല്‍ എത്തുന്നത് തന്നെ 2016 ല്‍ ആണ്. എന്നിട്ടും ശക്തമായി രംഗത്ത് വരുന്നത് ചിലവര്‍ഷം മുന്‍പ് മാത്രം. ഇന്ന് മോദിയുടെ ട്വീറ്റ് പോലെ വാര്‍ത്ത പ്രധാന്യം നേടുന്നു രാഹുലിന്‍റെ ട്വീറ്റുകള്‍. ഇത്തരത്തില്‍ കോണ്‍ഗ്രസിന്‍റെയും, പ്രദേശിക പാര്‍ട്ടി നേതാക്കളുടെയോ അക്കൗണ്ട് സജീവമാകുന്നുണ്ട്. അടുത്തിടെ മധ്യപ്രദേശില്‍ സീറ്റ് ലഭിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ശേഷിയും തെളിയിക്കണം എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ആവശ്യപ്പെട്ടിരുന്നു. അത് പിന്നീട് പിന്‍വലിച്ചു എന്ന് പറയുന്നെങ്കിലും പലസ്ഥലത്തും സീറ്റ് നിര്‍ണ്ണയത്തിന് ഇത് ഘടകമായി എന്നത് പരസ്യമായ രഹസ്യമാണ്.

അതേ സമയം സോഷ്യല്‍ മീഡിയ പ്രചരണ വിഷയങ്ങളിലും ബിജെപിക്ക് പിഴച്ചു എന്ന് പറയുന്നവരുണ്ട്. മോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ എന്തെന്ന് പറയുന്നതിലോ, ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നേട്ടങ്ങള്‍ പറയുന്നതിലോ വലിയ താല്‍പ്പര്യം ഇവരുടെ പ്രചരണങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പകരം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന തരത്തിലും, രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളെ പരിഹസിക്കുന്ന തരത്തിലുമായിരുന്നു പ്രചരണ പരിപാടികള്‍ നടത്തിയത്. ഇതേ സമയം പ്രതിപക്ഷ കക്ഷികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് കര്‍ഷക പ്രശ്നങ്ങളും മറ്റും നിരന്തരം ചര്‍ച്ചയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ഇതിന് പുറമേ 2014 ല്‍ മോദിക്ക് ഒപ്പം ഉറച്ച് നിന്ന സോഷ്യല്‍ മീഡിയയില്‍ സജീവമായ നഗര ജനത പരസ്യമായി ബിജെപിക്കെതിരായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് ഒരു ട്രെന്‍റായി വന്നതും ബിജെപിക്ക് തിരിച്ചടിയായി.

ഒപ്പം ട്വിറ്ററിലും മറ്റും ബിജെപിക്ക് ഉണ്ടായിരുന്നു അപ്രമാഥിത്യം വലിയ തോതില്‍ തന്നെ മാറിമറിയുന്നു എന്നത് സോഷ്യല്‍ മീഡിയ ട്രെന്‍റിംഗ് വിദഗ്ധര്‍ പറയുന്നത്. 2017 ബിജെപിയും മോദിയുമായി ബന്ധപ്പെട്ട് 35 ശതമാനം കാര്യങ്ങള്‍ എങ്കിലും സോഷ്യല്‍ മീഡിയ ട്രെന്‍റിംഗ് ലിസ്റ്റില്‍ വന്നപ്പോള്‍. 2018 ല്‍ ഇതുവരെ അത് 20 ശതമാനത്തില്‍ താഴെയാണ് എന്നാണ് ഡാറ്റ് അനലറ്റിക്സ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ മാറിവരുന്ന ട്രെന്‍റുകളും രാഷ്ട്രീയമായി ബിജെപിക്ക് തിരിച്ചടിയായി എന്ന് വിലയിരുത്താന്‍ സാധിക്കും.

മുന്നില്‍ 2019 ആണ് ഒരോ രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ വീണ്ടും മിനുക്കിയെടുക്കും. ഇപ്പോള്‍ നേരിട്ട തിരിച്ചടി തങ്ങളുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ഐടി വിഭാഗത്തിന് എന്തായിരിക്കും കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് കക്ഷികളുടെ മറുപടി എന്നതാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്.

click me!