ടെലികോം മേഖലയിൽ വൻവിപ്ലവത്തിന് കേന്ദ്രം: നൂറ് ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

By Web TeamFirst Published Sep 15, 2021, 4:14 PM IST
Highlights

വാഹനനിർമ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്ന്  അംഗീകാരം നൽകിയിട്ടുണ്ട്. 

ദില്ലി: കടുത്ത പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ആശ്വാസമായി പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗമാണ് ടെലികോം പാക്കേജിന് അംഗീകാരം നൽകിയത്. മുൻകൂര്‍ അനുമതിയില്ലാതെ ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്. ഇതു വരെ 49 ശതമാനത്തിന് മുകളിലുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിൻ്റെ മുൻകൂർ അനുമതി വേണമായിരുന്നു. 

വാഹനനിർമ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്ന്  അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും അശ്വിനി വൈഷ്ണവോയും ചേര്‍ന്നാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ അറിയിച്ചത്. 

ആശ്വാസ പാക്കേജിൻ്റെ ഭാഗമായി ടെലികോം കമ്പനികൾക്ക് കുടിശ്ശിക തീര്‍ക്കാൻ കൂടുതൽ സമയം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ടെലികോം കമ്പനികളുടെ എജിആറിൽ ടെലികോം ഇതര വരുമാനം കണക്കിലെടുക്കില്ലെന്ന് പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവോ അറിയിച്ചു. 

മൊബൈൽ ടവറുകൾക്ക് അനുമതി നൽകാനുള്ള നൂലാമാലകളിലും കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. ടെലികോം ടവറുകൾക്ക് പല തലത്തിൽ  അനുമതി വാങ്ങണമെന്ന ചട്ടം ഒഴിവാക്കി. പകരം സ്വയം സാക്ഷ്യപത്രം നൽകി കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാം. എജിആർ ഉൾപ്പടെ ടെലികോം കമ്പനികളുടെ എല്ലാ കുടിശ്ശികയ്ക്കും നാലു വർഷത്തെ മൊറൊട്ടോറിയവും പ്രഖ്യാപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!