20 മിനിറ്റില്‍ ചെലവ് കുറഞ്ഞ രീതിയില്‍ കൃത്യമായ കൊവിഡ് പരിശോധനയ്ക്ക് ടാറ്റയുടെ 'ഫെലൂദ'

By Web TeamFirst Published Sep 20, 2020, 10:23 AM IST
Highlights

സിആര്‍ആഎസ്പിആര്‍ ടെക്നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്‍റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

മുംബൈ: ചെലവ് കുറഞ്ഞ രീതിയില്‍ കൊവിഡ് പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. 'ഫെലൂദ' എന്നാണ് ഈ പരിശോധനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പും സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതി ഡിസിജിഐ ശനിയാഴ്ചയാണ് നല്‍കിയത്. 

സിആര്‍ആഎസ്പിആര്‍ ടെക്നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്‍റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്‍റേത്. 

ആന്റിജൻ പരിശോധനയുടെ  സമയം കൊണ്ട് ആര്‍ടി പിസിആര്‍ ടെസ്റ്റിന്‍റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകളാണ് ഫെലൂദയുടെ നിര്‍ണായക സവിശേഷത. ചെലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. ഡിസിജിഐയുടെ അംഗീകാരം കൊവിഡിനെതിരായ പോരാട്ടത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താൻ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

click me!