ഫേസ്ബുക്കിന്‍റെ 'പരിഷ്കാരം'; ആര്‍ക്കുള്ള വെല്ലുവിളി

By Vipin PanappuzhaFirst Published Jan 13, 2018, 11:47 AM IST
Highlights

സിലിക്കണ്‍ വാലി: ഫേസ്ബുക്ക് തനിക്കും തന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള ഇടം എന്ന് കരുതുന്നവര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് ഇന്നലെ എത്തിയത്.  ന്യൂസ് ഫീഡുകളില്‍ നിന്ന് പരസ്യങ്ങളും ബ്രാന്‍റ് പ്രമോഷനുകളും ഒഴിഞ്ഞ് നില്‍ക്കും. മാത്രമല്ല ഒരു ഉപയോക്താവ് സ്ഥിരമായി കാണുകയോ, അല്ലെങ്കില്‍ ഇടപെടുകയോ ചെയ്യുന്ന വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകളായിരിക്കും ഇനി ലഭിക്കുക. പ്രത്യേകിച്ച് അടുത്ത കുടുംബാഗങ്ങള്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരുടെ പോസ്റ്റുകള്‍. 2018 ലെ ഫേസ്ബുക്കിന്‍റെ വലിയ മാറ്റം എന്നാണ് ടെക് ലോകം ഇതിനെ വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്ക്. 200 കോടിയില്‍ ഏറെ അംഗങ്ങള്‍ ഉള്ള ഫേസ്ബുക്ക്, ഒരു സോഷ്യല്‍ മീഡിയ എന്നതിനപ്പുറം ജീവിതത്തിന്‍റെ ഏല്ലാ മേഖലകളിലും ഇടപെടുന്ന രീതിയിലേക്ക് വളരാനുള്ള ശ്രമത്തിലാണ്. അതിനാല്‍ തന്നെയാണ് പുതിയ സാങ്കേതിക വിദ്യകള്‍ അവര്‍ സ്വന്തമാക്കുകയും. അവരുടെ കൈയ്യിലുള്ള വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നത്. എന്നാല്‍ ഇതിനെല്ലാം അപ്പുറം ഫേസ്ബുക്ക് ആരംഭിച്ച കാലം മുതല്‍ അവരുടെ പ്രധാന ആശയം, ഫേസ്ബുക്ക് ഇന്നും ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ഇടമാണ് എന്നതാണ്. 

ഈ ദൗത്യം പലപ്പോഴും സ്വയം ഓര്‍മ്മിപ്പിക്കുന്നയാളാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്. എന്നാല്‍ ഈ ദൗത്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഫേസ്ബുക്ക് വീണ്ടും. അടുത്തിടെ ഫേസ്ബുക്ക് ഫീഡുകളില്‍ പരസ്യങ്ങളും, ബ്രാന്‍റുകളും, ന്യൂസ് ലിങ്കുകളും നിറയുന്നെന്നും അതിനാല്‍ തങ്ങള്‍ക്ക് കുടുംബപരമായും, വ്യക്തിപരമായും ലഭിക്കേണ്ട പോസ്റ്റുകള്‍ കാണുന്നില്ലെന്ന് പല ഉപയോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള വ്യാപകമായി നടത്തിയ പഠനത്തിന്‍റെ ഫലമായി തങ്ങളുടെ അല്‍ഗോരിതം മാറ്റുകയാണ് ഫേസ്ബുക്ക്. 

എന്നാല്‍ ഫേസ്ബുക്കിന്‍റെ ഈ മാറ്റം ശരിക്കും തിരിച്ചടിയാകുന്നത് ആര്‍ക്കാണ്, ഓണ്‍ലൈന്‍ പ്രമോട്ടര്‍മാര്‍ക്കും, ഫേസ്ബുക്കിലെ പബ്ലിഷര്‍മാര്‍ക്കുമാണ്. അതായത് മാധ്യമങ്ങള്‍ക്കും മറ്റും വലിയ തിരിച്ചടിയാണ്. തങ്ങളുടെ വാര്‍ത്ത ലിങ്കുകള്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്ട്രീം വഴി പ്രചരിപ്പിച്ച് വ്യൂ ഉണ്ടാക്കുക എന്നത് പലര്‍ക്കും ഇനി വലിയ പ്രശ്നമായി മാറും. അതേ സമയം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലുള്ളവര്‍ക്കും ഫേസ്ബുക്ക് പ്രമോഷന്‍ ഇനി വലിയ കടമ്പയാകും.

എന്നാലും ഫേസ്ബുക്ക് എന്തിന് ഈ ചതി ചെയ്തു എന്ന് ചിന്തിക്കുന്നവരുണ്ടാകാം, പക്ഷെ ഇത് അനിവാര്യമായ മാറ്റമാണെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. പടി പടിയായി തങ്ങളുടെ ഉപയോക്ത സമൂഹത്തെ ഒരു വില്‍ക്കാനുള്ള പ്രോഡക്ടാക്കി മാറ്റാനുള്ള ഫേസ്ബുക്ക് നടപടിയുടെ തുടര്‍ച്ച മാത്രമാണ് പുതിയ നീക്കം. അതായത് ഇനി പണം മുടക്കി പ്രമോട്ട് ചെയ്യുന്നവര്‍ക്കായിരിക്കും ന്യൂസ് ഫീഡില്‍ കൂടുതല്‍ സ്വതന്ത്ര്യം ലഭിക്കുക. അതേ സമയം തങ്ങളുടെ യൂസര്‍ബേസിലെ വലിയൊരു വിഭാഗം ചൂടേറിയ ലോക കാര്യങ്ങളും, വാര്‍ത്തകള്‍ക്കും സമയം കണ്ടെത്തുന്നവരല്ലെന്ന് ഫേസ്ബുക്ക് മനസിലാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ അവരെ അവരുടെ കുടുംബത്തിനും, സുഹൃത്തുക്കളുടെയും അവരുടെ വീട്ട് കാര്യവുമായി കഴിയട്ടെ. ഇനി അവര്‍ക്കിടയിലേക്ക് നിങ്ങളുടെ ലിങ്കോ, പ്രോഡക്ടോ, പരസ്യമോ ആയി പോകണമെങ്കില്‍ ഫേസ്ബുക്ക് അനുമതി വാങ്ങേണ്ടിവരും.

ഫേസ്ബുക്ക് ഇപ്പോഴും പറയുന്നത് നിങ്ങള്‍ ഏത് വിഷയത്തിലാണ് ഇഷ്ടം പ്രകടിപ്പിക്കുന്നത് ആ വിഷയത്തിലുള്ള പോസ്റ്റ് നിങ്ങള്‍ക്ക് ലഭിക്കും എന്നാണ്. അതായത് സ്ഥിരമായി നിങ്ങള്‍ ഏഷ്യാനറ്റ് ന്യൂസ് ലിങ്കുകള്‍ വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അത് ലഭിക്കും. എന്നാല്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്ന ഫീച്ചറാണ് ഇത്. ഇതിലൂടെ ഗൗരവമായ ചര്‍ച്ചകളോ മറ്റോ, ഫേസ്ബുക്കില്‍ നിന്നും അകറ്റി നിര്‍ത്തുന്നില്ലെന്ന് ഫേസ്ബുക്കി വാദിക്കാന്‍ സാധിക്കും. പക്ഷെ വരുന്ന പുതിയ യൂസേര്‍സിനും, അവരുടെ ചുറ്റുപാടില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്ന പാശ്ചത്തലങ്ങള്‍ പൂര്‍ണ്ണമായും ചിലപ്പോള്‍ ഉണ്ടായേക്കാം. 

എന്നാല്‍ ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് ഏറ്റെടുക്കാവുന്ന വലിയ വെല്ലുവിളിയാണ് ഫേസ്ബുക്ക് തുറന്നിടുന്നത് എന്നത് സത്യമാണ്.  നിങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചാരം നല്‍കുന്ന മാധ്യമം, പ്രോഡക്ട് തുറക്കേണ്ടതും, വായിക്കേണ്ടതുമാണെന്ന ബോധം ഇനി ഫേസ്ബുക്ക് ഉപയോക്താവില്‍ ഉണര്‍ത്തേണ്ടി വരും. അതിന് സമാനമായ വിപണന തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടിവരും. മുന്‍പ് തന്നെ ഫേസ്ബുക്ക് പണം നല്‍കിയുള്ള സ്പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയെ വയസ് കണക്കാക്കി പ്രമോട്ട് ചെയ്യാന്‍ സാധിക്കുന്ന സംവിധാനവും മുന്‍പ് ഉണ്ട്. ഇത്തരം സംവിധാനങ്ങള്‍ മുന്‍പ് തന്നെ പ്രയോജനപ്പെടുത്തിയവര്‍ക്ക് പുതിയ സാഹചര്യം ഒരു വെല്ലുവിളി തന്നെയാണ്.

എന്തിരുന്നാലും കൂടുതല്‍ വ്യാപര സാധ്യതകള്‍ തേടുന്നു എന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയാണ്. 2016 ല്‍ മാധ്യമങ്ങള്‍ക്കും മറ്റും വേണ്ടി അവതരിപ്പിച്ച ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഗൗരവകരമായ വിജയം ഫേസ്ബുക്കിന് സമ്മാനിച്ചില്ലെന്നതാണ് സത്യം, ഈ വെളിച്ചത്തില്‍ കൂടി വേണം പുതിയ പരിഷ്കാരത്തെ കാണുവാന്‍. കൂടുതല്‍ പബ്ലിഷര്‍മാരെ ഇന്‍സ്റ്റന്‍റില്‍ എത്തിക്കാനാണോ ഈ നീക്കം എന്നും ടെക് ലോകത്ത് സംശയമുണ്ട്. പുതിയ പരിഷ്കാരത്തിലൂടെ ഇവിടെ ആര് വിജയിക്കും വാഴും എന്നത് സമീപ ഭാവിയില്‍ തന്നെ മനസിലാക്കാം. 

click me!