പറയുന്നത് ചെയ്തില്ലെങ്കില്‍ ആറ് മാസത്തിന് ശേഷം രാജ്യത്ത് ഐ ഫോണ്‍ പ്രവര്‍ത്തിക്കില്ലെന്ന് ട്രായ്

By Web DeskFirst Published Jul 20, 2018, 3:01 PM IST
Highlights

ഐ ഫോണിലെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ മൊബൈല്‍ നെറ്റ്‍വര്‍ക്ക് കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നാണ് മുന്നറിയിപ്പ്

ദില്ലി: ആഗോള ടെക് ഭീമന്‍ അപ്പിളിന് ശക്തമായ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ആറ് മാസത്തിനകം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ ഒരു നെറ്റ്‍വര്‍ക്കിലും ഐ ഫോണുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ട്രായ് ആപ്പിളിനെ അറിയിച്ചു. 

ഉപഭോക്താക്കളെ ശല്യം ചെയ്യുന്ന കോളുകളും സന്ദേശങ്ങളും തടയാനുള്ള ആപ് ആറ് മാസത്തിനുള്ളില്‍ ഐ ഫോണുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് ട്രായുടെ നിര്‍ദ്ദേശം. അല്ലാത്തപക്ഷം ഐ ഫോണിലെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ മൊബൈല്‍ നെറ്റ്‍വര്‍ക്ക് കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഐ ഫോണുകളില്‍ ഒരു മൊബൈല്‍ നെറ്റ്‍വര്‍ക്കും ലഭ്യമാവില്ല. ഐഫോണ്‍ പിന്നെ ആരും ഉപയോഗിക്കുകയുമില്ല. കാര്യങ്ങള്‍ ഇത്തരത്തിലാകുമെന്ന് വരുന്നതോടെ ട്രായുടെ നിര്‍ദ്ദേശം അംഗീകരിക്കുകയോ അല്ലെങ്കില്‍ ഇവിടെ നിയമനടപടികളിലൂടെ മുന്നോട്ട് പോവുകയോ അല്ലാതെ ആപ്പിളിന് മുന്നില്‍ മറ്റ് വഴികളില്ല. ട്രായുടെ ടു നോട്ട് ഡിസ്റ്റര്‍ബ് ആപ് എല്ലാ ആണ്‍ട്രോയിഡ് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് നേരത്തെ തന്നെ ഗൂഗ്ള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ട്രായുടെ ആപിന് പകരം തങ്ങള്‍ തന്നെ സ്വന്തമായി ഇത്തരമൊരു ആപ് വികസിപ്പിച്ചെടുത്ത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കാമെന്ന് ആപ്പിളിന്റെ നിലപാട്. ഇത് ട്രായ് അംഗീകരിച്ചിട്ടില്ല.

വ്യാജ കോളുകളും സന്ദേശങ്ങളും രാജ്യത്ത് വ്യാപകമാവുകയും നിരവധിപ്പേര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രായ് ഇത് തടയാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യാജ കോളുകളും ശല്യക്കാരായ നമ്പറുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ട്രായ് വികസിപ്പിച്ചെടുത്ത ടു നോട്ട് ഡിസ്റ്റര്‍ബ് ആപ്. ഇതിലൂടെ സ്ഥിരം തട്ടിപ്പുകാരെയും വ്യാജന്മാരെയും ഒരു പരിധിവരെ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ട്രായുടെ കണക്കുകൂട്ടല്‍.

click me!