വാട്ട്സ്ആപ്പ് വഴി ഇന്ത്യൻ ആക്ടിവിസ്റ്റുകൾക്കുമേൽ നിരീക്ഷണം, പിന്നിൽ ഇസ്രായേലി ചാരസംഘടനയുമായി ബന്ധമുള്ള കമ്പനി

By Web TeamFirst Published Oct 31, 2019, 7:12 PM IST
Highlights

ഇന്ത്യൻ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും മേൽ ചാരപ്പണി നടത്താൻ പെഗാസസ് സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയത് ഇന്ത്യൻ ഏജൻസികൾ തന്നെയാണ് എന്നാണ് സൂചന.

വാട്ട്സാപ്പിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ചുരുങ്ങിയത് രണ്ടു ഡസൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശപ്രവർത്തകരുടേയുമെങ്കിലും ഫോണുകളിലെ വാട്ട്സ്ആപ്പ് മെസഞ്ചറിലുള്ള ന്യൂനതകൾ മുതലെടുത്തുകൊണ്ട് അവർക്കുമേൽ ചാരപ്പണി നടത്തപ്പെട്ടിരിക്കുന്നു. ഇസ്രായേലി രഹസ്യപൊലീസ് സംഘടനയിലെ മുൻ അംഗങ്ങൾ ഡയറക്ടർമാരായ എൻഎസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്റ്റ്‌വെയറാണ് ഈ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതും തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ എൻഎസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് വാട്ട്സാപ്പ് കമ്പനിയുടെ തീരുമാനം. 

2019  മെയ് മാസത്തിലെ രണ്ടാഴ്ചയാണ് ഈ ചാരപ്രവൃത്തികളും നിരീക്ഷണങ്ങളും ഒക്കെ നടത്തപ്പെട്ടിരിക്കുന്നത്. ആ കാലാവധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അഭ്യാസവുമായി യാദൃച്ഛികമായ ബന്ധമുണ്ട്. അതെ, തെരഞ്ഞെടുപ്പ് നടന്ന കാലം. പെഗാസസ് എന്ന ഹാക്കിങ്ങ് സോഫ്റ്റ്‌വെയറിന്റെ ഫലസിദ്ധി അവിശ്വസനീയം എന്നുപറയാവുന്നത്രയുണ്ട്. അത് ചിലപ്പോൾ ഒരു ലിങ്ക് വഴിയാകാം ഫോണിലേക്ക് കടന്നുകയറുന്നത്, അല്ലെങ്കിൽ അറിയാത്ത നമ്പറിൽ നിന്നുള്ള ഒരു വാട്ട്സാപ്പ് കോൾ. അങ്ങനെ ഒരിക്കൽ പെഗാസസ് സോഫ്റ്റ്‌വെയർ ലക്ഷ്യമിട്ട മൊബൈലുമായി സമ്പർക്കം സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ഫോണിന്റെ കാമറ ഓൺ ചെയ്യാനും, മൈക്ക് ഓൺ ചെയ്യാനും ഒക്കെ അതിനാകും. ആ ഫോണിലെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, എസ്എംഎസുകൾ, ഫോട്ടോകൾ, ഇമെയിൽ സന്ദേശങ്ങൾ എന്നുതുടങ്ങി എല്ലാം തന്നെ പിന്നെ സോഫ്റ്റ്‌വെയർ ലൈസൻസ് ചെയ്യപ്പെട്ടയാളിന് പരിശോധിക്കാം. ഫോണിന്റെ ജിപിഎസ് സംവിധാനം പ്രയോജനപ്പെടുത്തി ആ വ്യക്തി എവിടെയാണെന്ന് പോലും കണ്ടെത്താൻ കഴിയും. 

എന്നാൽ ഒട്ടും ചീപ്പല്ല ഈ പെഗാസസ് എന്ന സോഫ്റ്റ് വെയർ. അതുകൊണ്ടുതന്നെ, ഇത് പണം നൽകി സ്വന്തമാക്കാൻ സർക്കാർ സംവിധാനങ്ങൾക്കും, വൻകിട കുത്തക സ്ഥാപനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ. ജമാൽ ഗസ്‌ഷോജിയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ട്രാക്ക് ചെയ്ത്  വധിക്കാൻ സഹായമേകിയത് പെഗാസസ് സ്പൈവെയർ ആണെന്ന് ആക്ഷേപമുണ്ട്.  എന്നാൽ,  കൃത്യമായ ക്രെഡൻഷ്യലുകളുള്ള സർക്കാർ അന്വേഷണ ഏജൻസികൾക്കുമാത്രമേ ഇതുവരെ തങ്ങൾ പെഗാസസ് ലൈസൻസ് ചെയ്തു നൽകിയിട്ടുള്ളൂ എന്നാണ് എൻഎസ്ഒ അവകാശപ്പെടുന്നത്. ആ അവകാശത്തിന്റെ പ്രത്യക്ഷത്തിലുള്ള ധ്വനി മേൽപ്പറഞ്ഞ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും മേൽ ചാരപ്പണി നടത്താൻ പെഗാസസ് സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയത് ഇന്ത്യൻ ഏജൻസികൾ തന്നെയാണ് എന്നാണ്.


ഇങ്ങനെ ഇന്ത്യയിലെ സാമൂഹ്യ-പത്ര-പ്രവർത്തകർ ടാർജറ്റ് ചെയ്യപ്പെടുന്നു എന്ന സത്യം വെളിപ്പെടുത്തിയത്, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ സിറ്റിസൺസ് ലാബ് എന്ന സൈബർ അധിനിവേശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ്. അവർ ഇന്ത്യയിൽ ഇത്തരത്തിൽ ചാരപ്പണിക്ക് വിധേയമാക്കപ്പെട്ട ചിലരുടെ പേരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പെഗാസസിന് ലൈസൻസ് എടുത്തിരിക്കുന്നത് ഗാഞ്ചസ്(Ganges) എന്നപേരിലാണ്. ആ പേരിനുപോലും ഒരു രാഷ്ട്രീയ ധ്വനിയുണ്ട് എന്നാണ് പരക്കെയുള്ള ആക്ഷേപം. ഇങ്ങനെ ലക്ഷ്യമിടപ്പെട്ടവരിൽ പലരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരും മാധ്യമപ്രവർത്തകരും മറ്റുമാണ്. അവരിലെ ചില പ്രധാനപ്പെട്ട പേരുകൾ ഇനി പറയുന്നവയാണ്. 


നിഹാൽ സിങ്ങ് റാത്തോഡ് 

മഹാരാഷ്ട്രയിലെ നാഗ്‌പൂർ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ അഭിഭാഷകനാണ് നിഹാൽ സിങ്ങ് റാത്തോഡ്. അദ്ദേഹമാണ് ഏറെ മാധ്യമ ശ്രദ്ധയാകർഷിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുള്ളതുമായ ഭീമ-കോരേഗാവ് കേസിലെ പ്രതികൾക്കുവേണ്ടി കോടതിയിൽ വക്കാലത്തേറ്റെടുത്ത് വാദിക്കുന്നത്. ഒക്ടോബർ 7-ന് ജോൺ സ്‌കോൾട്ട് റെയിൽട്ടൻ എന്ന സിറ്റിസൺസ് ലാബിലെ സീനിയർ ഗവേഷകനിൽ നിന്ന് ഈ വിവരം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ സന്ദേശം നിഹാലിന് കിട്ടുന്നത്. 2018-ൽ സംശയാസ്പദമായ ചില ഫോൺ കോളുകൾ വന്നിരുന്നതായി നിഹാൽ പറയുന്നു. ഒപ്പം വാദിച്ചുകൊണ്ടിരുന്ന കേസുകളുമായി ബന്ധമുള്ള ചില ഇമെയിലുകളും. അവയിൽ സിപ്പ് ചെയ്ത ചില അറ്റാച്ചുമെന്റുകൾ അന്ന് തുറക്കാൻ ശ്രമിച്ചിട്ട് ഒന്നും വരാതിരുന്നതും അദ്ദേഹം ഓർത്തെടുത്തു. ഇത്തരത്തിൽ പല വിദ്യകളും പ്രയോഗിച്ചുകൊണ്ടാണ് പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയറുകൾ ഹാക്കിങ്ങ് നടത്തുന്നത്. 

ബേലാ ഭാട്ടിയ 

ഛത്തീസ്‌ഗഢിലെ കലാപകലുഷിതമായ ബസ്തർ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയാണ് ബേലാ ഭാട്ടിയ. അവിടത്തെ ആദിവാസികളെ മനുഷ്യാവകാശധ്വംസനങ്ങളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അവർ നടത്തുന്ന പ്രവർത്തനങ്ങൾ കാരണം അവർക്ക് ഗവണ്മെന്റ് ഏജൻസികളിൽ നിന്ന് നക്സൽ അനുഭാവി എന്ന പേര് ചാർത്തിക്കിട്ടിയിട്ടുണ്ട്. ബേലയ്ക്കും ഹാക്കിങ്ങിനെപ്പറ്റിയുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സിറ്റിസൺസ് ലാബിന്റെ സന്ദേശം കിട്ടുകയുണ്ടായിരുന്നു. വാട്ട്സ്ആപ്പ് വഴിയാണ് ഈ ചോർത്തലുകളിൽ പലതും നടത്തപ്പെടുന്നതെന്നും ഇതേപ്പറ്റി വാട്ട്സാപ്പിനും സിറ്റിസൺസ് ലാബ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും അവർ ബേലയോട് അന്നുപറഞ്ഞിരുന്നു.  മനുഷ്യാവകാശപ്രവർത്തകരെ നിയമവിരുദ്ധമാർഗങ്ങളിലൂടെ നിരീക്ഷിക്കുന്ന സർക്കാരിന്റെ പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും, ഇതൊക്കെ തന്റെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്നും, ചെയ്യുന്നത് സ്വന്തം ഗവണ്മെന്റുതന്നെയാവുമ്പോൾ എന്താണ് പൗരന്മാർ അതിനെതിരെ ചെയ്യേണ്ടതെന്നും അവർ ചോദിക്കുന്നു. 

ദേഗീപ്രസാദ് ചൗഹാൻ

ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മറ്റൊരു അഭിഭാഷകനാണ് ചൗഹാൻ. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൗഹാൻ തനിക്കും ചില ഇമെയിലുകളും കോളുകളുമൊക്കെ വന്നിട്ടുണ്ടെങ്കിലും, ഒരു ഇസ്രായേലി ഏജൻസി തന്നെ സ്പൈ ചെയ്യാൻ കേന്ദ്രസർക്കാരിനെ സഹായിക്കുന്നു എന്ന വാർത്ത ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് സമ്മതിക്കുന്നു. 

ഇവർക്ക് പുറമെ ആനന്ദ് തെൽതുണ്ടെ, സിദ്ധാന്ത് സിബൽ, ശാലിനി ഗെര, രൂപാലി ജാദവ്, ശുഭ്രാൻശു ചൗധരി, വിവേക് സുന്ദര, സരോജ് ഗിരി എന്നിവർക്കും ഇതേ സന്ദേശങ്ങൾ സിറ്റിസൺസ് ലാബിൽ നിന്ന് വന്നിട്ടുണ്ട്. പലർക്കും വന്നിട്ടുള്ളത് ഏതെങ്കിലും അറിയാത്ത നമ്പറിൽ നിന്നുള്ള വാട്ട്സാപ്പ് കോളോ, പരിചിതമായ പേരുകളുമായി സാമ്യമുള്ള ഐഡിയിൽ നിന്നുള്ള ഇമെയിൽ സന്ദേശങ്ങളിൽ അറ്റാച്ച് ചെയ്യപ്പെട്ടിരിക്കുന്ന സിപ്പ് ഫയലുകളോ ഒക്കെയാണ്. 

ഇസ്രായേലി ചാരസംഘടനയായ മൊസാദിന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളോടുള്ള  അടുത്ത ബന്ധത്തെപ്പറ്റിയുള്ള അണിയറക്കഥകൾ സജീവമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ തന്നെ, ഇസ്രായേലി ചാരസംഘടനകളിൽ നിന്ന് രാജിവെച്ചുപോന്നവർ ഉണ്ടാക്കിയ എൻഎസ്ഒ എന്ന കമ്പനിയുടെ അതിശക്തമായ പെഗാസസ് എന്ന സോഫ്റ്റ്‌വെയർ, രാജ്യത്തെ ഔദ്യോഗിക ഏജൻസികൾ തന്നെ വൻതുക കൊടുത്ത് ലൈസൻസ് ചെയ്ത് രാജ്യം ഭരിക്കുന്ന ഗവണ്മെന്റിന്റെ താല്പര്യങ്ങൾക്ക് എതിരുനിൽക്കുന്നവർക്കെതിരെ ചാരപ്പണി ചെയ്യാൻ ഉപയോഗിക്കുന്നു എന്ന അറിവ് ഏറെ ഞെട്ടലുളവാക്കുന്ന ഒന്നാണ്. പ്രതികരിക്കുന്ന, സമൂഹത്തിൽ ഇടപെടുന്ന രാഷ്ട്രീയ ജീവികളെ ഒതുക്കാൻ വേണ്ടി അവരുടെ ജീവിതത്തിലെ സ്വകാര്യതകളിലേക്ക് നൂണ്ടുകയറുന്ന ഈ പുതിയ പ്രവണത നൽകുന്ന സൂചനകൾ എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകാൻ വഴിയില്ല. 
 

click me!