കടലില്‍ നിന്ന് ഉയര്‍ന്നുവന്ന ദ്വീപ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു

Published : Dec 21, 2017, 01:33 PM ISTUpdated : Oct 05, 2018, 12:09 AM IST
കടലില്‍ നിന്ന് ഉയര്‍ന്നുവന്ന ദ്വീപ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു

Synopsis

പസഫിക്ക് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ദ്വീപ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഹംഗ ടോംഗ-ഹംഗ ഹാപേ എന്ന പ്രദേശിക പേരില്‍ അറിയപ്പെടുന്ന ദ്വീപ് തെക്കന്‍ പസഫിക് സമുദ്രത്തിന്നടിയില്‍ സജീവമായിരിക്കുന്ന ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 2014ല്‍ രൂപം കൊണ്ടതാണ്.ചാരം സമുദ്രത്തിനു മേലെ കൂനകൂടി ഒടുവില്‍ തിരകളില്‍പ്പെട്ട് ഒഴുകിപ്പോകുകയാണു പതിവ്. ശാസ്ത്രലോകവും അതു തന്നെ പ്രതീക്ഷിച്ചു. എന്നാല്‍ ആ ദ്വീപ് സകല പ്രതീക്ഷകളും തെറ്റിച്ചു. സമുദ്രത്തിലെ ടോംഗ എന്നു പ്രാദേശികമായി അറിയപ്പടുന്നയിടത്താണ് ദ്വീപ് രൂപപ്പെട്ടിരുന്നത്. 

30,000 അടി ഉയരത്തിലാണ് അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ഇവിടെ കുന്നുകൂടിയിരുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ അതു ചുരുങ്ങി വരാന്‍ തുടങ്ങി. സമുദ്രത്തില്‍ അലിഞ്ഞില്ലാതാകുമെന്നു കരുതിയ ദ്വീപ് പിന്നെ ദൃഢമാകുന്ന അവസ്ഥയിലായി. അതോടെയാണ് നാസയുടെയും ശ്രദ്ധ ദ്വീപിലേക്കു തിരിഞ്ഞത്. അതുവരെയുള്ള ദ്വീപിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളെല്ലാം പഠിച്ചു. 

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ന് 400 അടി ഉയരമുള്ള ഭാഗം ഉള്‍പ്പടെ, ബഹിരാകാശ ദൃശ്യങ്ങളില്‍ പോലും കാണാവുന്ന രീതിയില്‍ നിലനില്‍ക്കുകയാണ് ടോംഗ-ഹംഗ ഹാപേ ദ്വീപ്. യു ആകൃതിയിലുള്ള ദ്വീപിനു സമീപം മറ്റു രണ്ട് ചെറുദ്വീപുകള്‍ കൂടിയുണ്ട്. ദ്വീപിനകത്ത് ഒരു ചെറുതടാകവും രൂപപ്പെട്ടിരിക്കുന്നു. ആറു മുതല്‍ 30 വര്‍ഷം വരെ ഈ ദ്വീപ് ഇവിടെ കാണുമെന്നാണ് നാസ ഉറപ്പു നല്‍കുന്നത്. 

എങ്ങനെയാണ് ദ്വീപ് സൃഷ്ടിക്കപ്പെട്ടതെന്നു മനസ്സിലായതോടെ നാസയ്ക്ക് ഒരു കാര്യം കൂടെ വ്യക്തമായി. കാഴ്ചയില്‍ ഹംഗ ടോംഗ ദ്വീപിനു സമാനമായ ദ്വീപുകള്‍ നേരത്തേ ചൊവ്വയിലും കണ്ടെത്തിയിട്ടുണ്ട്. നാസ എര്‍ത്ത് ഔദ്യോഗികമായിത്തന്നെ ആ സാമ്യത വ്യക്തമാക്കിയുള്ള ചിത്രങ്ങളും പുറത്തുവിട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ചൊവ്വയില്‍ പലയിടത്തും വെള്ളമുണ്ടായിരുന്നതായാണു നിഗമനം. 

അവയ്ക്കടിയില്‍ അഗ്നിപര്‍വതങ്ങളും. വെള്ളം എവിടെപ്പോയെന്നറിയില്ല, എന്നാല്‍ അഗ്നിപര്‍വതങ്ങളില്‍ പലതും ഇന്നും സജീവമാണ്. വെള്ളത്തിന്നടിയില്‍, അത് കടലോ കായലോ ആകാം, ഉണ്ടായിരുന്ന അഗ്നിപര്‍വതങ്ങള്‍ പൊട്ടി ചൊവ്വയിലും സമാനമായ പര്‍വതങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകണം. അവയുടെ ആകൃതിയുടെ സവിശേഷ സ്വഭാവം എന്തായിരിക്കുമെന്നത് ഹംഗ ടോംഗയെ വിശദമായി പഠിച്ചാല്‍ മനസ്സിലാക്കാനാകും. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജലത്തിന്റെ സാന്നിധ്യം ചൊവ്വയില്‍ തേടുന്നതില്‍ നിര്‍ണായകമാണ്.  

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര
സൂക്ഷിച്ചാല്‍ പണവും ജീവിതവും പോകില്ല; സൈബര്‍ സുരക്ഷയ്‌ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം