കമ്പകക്കാനം കൂട്ടക്കൊല: 'സ്പെക്ട്ര' വഴി തെളിയിച്ചു പ്രതികള്‍ പിടിയില്‍

First Published Aug 6, 2018, 8:55 AM IST
Highlights

കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോൺ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്

തൊടുപുഴ:  കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിഞ്ഞു. ഇടുക്കി സ്വദേശികളായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  കൊലപ്പെട്ട കൃഷ്ണന്‍റെ സഹായിയായ അനീഷാണ് കേസിലെ പ്രധാനപ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.  കൂട്ടുപ്രതിയും ഉടന്‍ അറസ്റ്റിലാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇയാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. 

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ കൊന്നു വീടിനോടു ചേർന്ന ചാണകക്കുഴിയിൽ കുഴിച്ചുമൂടിയ നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്. കൃഷ്ണന്റെ മകന്റെ മൃതദേഹത്തിലാണു കൂടുതൽ മുറിവുകൾ. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നിർണായകമായതെന്നും സൂചനയുണ്ട്.

കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോൺ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴിൽ വിവിധ മൊബൈൽ സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ പോലീസിന്‍റെ സ്പെക്ട്ര വഴി സാധിക്കും. ഇതേ സംവിധാനമാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണ്ണായക തുമ്പ് ഉണ്ടാക്കാനും ഉപകരിച്ചത്.

click me!