തിരിച്ചുവരവിനൊരുങ്ങി പബ്ജി; ആപ്പിന്‍റെ അവകാശം ടെൻസെൻ്റിൽ നിന്ന് സൗത്ത് കൊറിയൻ കമ്പനി തിരിച്ചെടുത്തു

By Web TeamFirst Published Sep 8, 2020, 11:56 AM IST
Highlights

ആപ്പ് അവകാശം സൗത്ത് കൊറിയൻ കമ്പനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിൽ പബ്ജി മൊബൈൽ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്.

ദില്ലി: ഇന്ത്യയിലെ പബ്ജി മൊബൈൽ ആപ്പിന്റെ അവകാശം ടെൻസെന്‍റ് ഗെയിംസിൽ നിന്ന് പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയിൽ ഇന്ത്യൻ സർക്കാർ പബ്ജി നിരോധിച്ചതോടെയാണ് നീക്കം. രാജ്യത്ത് ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോർപ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി കളിക്കാർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോർപ്പറേഷൻ അറിയിച്ചു.

രാജ്യത്തെ പൗരൻമാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സർക്കാർ സ്വീകരിച്ച നടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സർക്കാരുമായി ചേർന്ന് നിയമങ്ങളെല്ലാം പാലിച്ച് ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോർപ്പറേഷൻ പ്രസ്താവനയിൽ പറയുന്നു. 

സൗത്ത് കൊറിയൻ ഗെയിമിംഗ് കമ്പനിയായ ബ്ലൂഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോർപ്പറേഷനാണ് ഗെയിമിന്റെ യഥാർത്ഥ നിർമ്മതാക്കൾ. മൊബൈൽ ആപ്പ് മാത്രമായിരുന്നു ടെൻസെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയൻ കമ്പനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിൽ പബ്ജി മൊബൈൽ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോർപ്പറേഷൻ നന്ദി അറിയിച്ചു. 

ആപ്പ് ഉടമസ്ഥത സംബന്ധിച്ച് വരുന്ന മാറ്റത്തിൽ കേന്ദ്ര സർക്കാർ എന്ത് നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. ടെൻസെന്‍റും ചൈനീസ് ബന്ധവും മാത്രമായിരുന്നു പ്രശ്നമെങ്കിൽ പുതിയ നീക്കം പബ്ജിയുടെ തിരിച്ചുവരവിന് സഹായമാകും. 

click me!