ആധാര്‍ എന്തിന് വെളിപ്പെടുത്തി; ട്രായി ചെയര്‍മാന്‍റെ വിശദീകരണം

By Web TeamFirst Published Jul 31, 2018, 1:19 PM IST
Highlights

താന്‍ ആധാര്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയത് ആധാറിന്‍റെ മുകളില്‍ നാട്ടുകാര്‍ക്കുള്ള വിശ്വാസം ഇരട്ടിക്കാനാണ് താന്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് പോലെ മറ്റുള്ളവര്‍ ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഇദ്ദേഹം ലേഖനത്തില്‍ നല്‍കുന്നത്

ദില്ലി: ട്വിറ്ററിലൂടെ തന്‍റെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് ട്രായി ചെയര്‍മാന്‍റെ കുറിപ്പ്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലാണ് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ ഇത്തരം ഒരു ലേഖനം എഴുതിയത്. താന്‍ ആധാര്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയത് ആധാറിന്‍റെ മുകളില്‍ നാട്ടുകാര്‍ക്കുള്ള വിശ്വാസം ഇരട്ടിക്കാനാണ് താന്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് പോലെ മറ്റുള്ളവര്‍ ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഇദ്ദേഹം ലേഖനത്തില്‍ നല്‍കുന്നത്.

എന്നെ കുറിച്ച് ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ഗൂഗിളില്‍നിന്ന് ലഭിക്കുന്നതാണ്. ആധാര്‍ സംവിധാനത്തെതകര്‍ക്കാനുള്ള ശ്രമവും ചിലര്‍ നടത്തി, അതെല്ലാം പരാജയപ്പെട്ടു. എന്‍റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഹാക്കിങ് ശ്രമങ്ങളുടെ ഭാഗമായി ഒട്ടനവധി ഒടിപി സന്ദേശങ്ങള്‍ മൊബൈലിലേക്ക് വന്നു. ഇതൊക്കെ അല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്‍റെ നിങ്ങളുടെയും സമയം പാഴാക്കുന്നതാണ് ഈ സംഭവങ്ങള്‍ എന്ന് ട്രായി ചെയര്‍മാന്‍ പറഞ്ഞു.

തന്‍റെ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച കാര്യത്തില്‍ ആര്‍എസ് ശര്‍മ്മയുടെ വിശദീകരണം ഇതാണ്,
യുപിഐ സംവിധാനം ഉപയോഗിച്ച് രാജ്യത്ത് ആര്‍ക്കും ആരുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാം. തന്‍റെ അക്കൗണ്ടിലേക്ക് 1 രൂപ നിക്ഷേപിച്ചു എന്ന് പറയുന്നവര്‍ അതിനെ പൊലിപ്പിച്ച് കാണിക്കുകയാണ്. ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഹാക്കിങ് ആണെങ്കില്‍ എല്ലാവരും ഹാക്കിങില്‍ സന്തോഷിക്കുന്നവര്‍ ആയിരിക്കുമെന്നും അദ്ദേഹം എഴുതുന്നു.

ആധാര്‍ ഡെമോഗ്രാഫിക്ക് ഡേറ്റ എന്നത് രഹസ്യമല്ല. ആധാര്‍ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിച്ചത് കൊണ്ടോ ലീക്കായത് കൊണ്ടോ ഒരു ദോഷവും സംഭവിക്കാന്‍ പോകുന്നില്ല. ഞാനൊരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായി ഒരു ട്വിറ്റര്‍ യൂസര്‍ എന്‍റെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമോ എന്ന് ചോദിച്ചു. എനിക്ക് ഈ സംവിധാനത്തില്‍ അത്രമേല്‍ വിശ്വാസമുള്ളത് കൊണ്ട് ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ പെട്ടെന്ന് പ്രതികരിക്കുന്ന ഒരാളാണെങ്കിലു, ഈ ട്വീറ്റ് അങ്ങനെ ഒന്നല്ല. ആലോചിച്ച ശേഷമാണ് ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത്’ – ശര്‍മ്മ എഴുതി.

തന്‍റെ ട്വീറ്റ് വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നും ആധാര്‍ സിസ്റ്റം വികസിപ്പിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവാക്കിയ ആള്‍ എന്ന നിലയില്‍ ആധാര്‍ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ചെയ്യാന്‍ സാധിക്കില്ലെന്നും തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ എന്നത് ആര്‍ക്കും ദോഷം ഉണ്ടാകുന്ന തരത്തില്‍ അല്ല ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തണമെന്നത് ആയിരുന്നു തന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ആളുകള്‍ തങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ ഉപയോഗിക്കുന്നത് ആധാറാണെന്നും ഇത് കോടി കണക്കിന് ആളുകളെ സുശക്തരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിക്കാനും ബിനാമി ഇടപാടുകള്‍ നടത്താനും ശ്രമിക്കുന്നവര്‍ക്ക് ആധാര്‍ തലവേദന ആയിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആളുകളാണ് ആധാറിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ആധാര്‍ ഉപയോഗിക്കുന്നത് കൊണ്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

click me!