കാറ്റാടി യന്ത്രത്തിലൂടെ ശുദ്ധജലം ഉല്‍പാദിപ്പിക്കാമെന്ന് മോദി; കേട്ട് കണ്ണുതള്ളേണ്ടതുണ്ടോ?

By Web TeamFirst Published Oct 9, 2020, 8:22 PM IST
Highlights

അടുത്ത തലമുറയ്ക്കായി എനര്‍ജി സോഴ്സുകള്‍ സംരക്ഷിക്കേണ്ടതിന്‍റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലെ മോദിയുടെ വാക്കുകളാണ് വൈറലായത്. 'ഈര്‍പ്പം അധികമായുള്ള ഇടങ്ങളിലെ കാറ്റാടി യന്ത്രങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് ജലം സ്വാംശീകരിക്കാന്‍ സാധിക്കും. വൈദ്യുതിക്ക് ഒപ്പം ശുദ്ധജലവും നിര്‍മ്മിക്കാന്‍ സാധിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ തീരദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും' എന്നുമായിരുന്നു' പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

കാറ്റാടി യന്ത്രത്തിലൂടെ ശുദ്ധജലവും ഉല്‍പാദിപ്പിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്. മോദിയുടെ പ്രസ്‌താവനയുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  പങ്കുവച്ചതോടെ വ്യാപക വിമര്‍ശനത്തോടൊപ്പം പരിഹാസവും പ്രധാനമന്ത്രി കേള്‍ക്കേണ്ടിവന്നു. ഡാനിഷ് വിന്‍ഡ് എനര്‍ജി കമ്പനി സിഇഒആയ ഹെന്‍റിക് ആന്‍ഡേഴ്സണുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തിലെ ഒരു ഭാഗമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.  

അടുത്ത തലമുറയ്ക്കായി എനര്‍ജി സോഴ്സുകള്‍ സംരക്ഷിക്കേണ്ടതിന്‍റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലെ മോദിയുടെ വാക്കുകളാണ് വൈറലായത്. 'ഈര്‍പ്പം അധികമായുള്ള ഇടങ്ങളിലെ കാറ്റാടി യന്ത്രങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് ജലം സ്വാംശീകരിക്കാന്‍ സാധിക്കും. വൈദ്യുതിക്ക് ഒപ്പം ശുദ്ധജലവും നിര്‍മ്മിക്കാന്‍ സാധിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ തീരദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും' എന്നുമായിരുന്നു' പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുകയും വിഷയത്തിലെ താല്‍പര്യത്തെ അഭിനന്ദിക്കുകയും ചെയ്തു ഹെന്‍റിക് ആന്‍ഡേഴ്സണ്‍. 

രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

നമ്മുടെ പ്രധാനമന്ത്രിക്ക് മനസിലാകുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന യഥാര്‍ത്ഥ ആപത്തെന്നും ഇക്കാര്യം ചുറ്റുമുള്ള ആരും അദ്ദേഹത്തോട് പറയുന്നില്ലെന്നുമാണ് രാഹുല്‍ ഗാന്ധി ഈ സംഭാഷണത്തേക്കുറിച്ച് പറഞ്ഞത്. എന്നാല്‍ കാറ്റാടി യന്ത്രത്തിലൂടെ വെള്ളമുണ്ടാക്കുന്നത് പരിഹസിക്കപ്പെടേണ്ട ആശയമാണോ? അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് ശുദ്ധജലമുണ്ടാക്കാമെന്ന ആശയവുമായി മുന്നോട്ട് വന്ന ആദ്യത്തെയാളല്ല പ്രധാനമന്ത്രിയെന്നും വിദഗ്ധര്‍ പറയുന്നു.

The real danger to India isn’t that our PM doesn’t understand.

It’s the fact that nobody around him has the guts to tell him. pic.twitter.com/ppUeBeGwpk

— Rahul Gandhi (@RahulGandhi)

 

അങ്ങനെയല്ല കാര്യങ്ങളെന്ന് വിദഗ്‌ധര്‍

2012ല്‍ എലോ വാട്ടര്‍ എന്ന ഫ്രഞ്ച് കമ്പനിയാണ് ഈ ആശയവുമായി മുന്നോട്ടുവന്നത്. കാറ്റാടിയന്ത്രങ്ങളില്‍ ചില മോഡിഫിക്കേഷനുകള്‍ നടത്തിയ ശേഷമായിരുന്നു ഇത്. ഡബ്ല്യുഎംഎസ് 1000 എന്ന് പേരാണ് ഈ കാറ്റാടി ഡിസൈന് നല്‍കിയ പേര്. ഡബ്ല്യുഎംഎസ് 1000 ന്‍റെ പ്രോട്ടോടൈപ്പ് അബുദാബിക്ക് സമീപമുള്ള മരുഭൂമിയില്‍ പരീക്ഷിച്ചതായും ഒരു മണിക്കൂറില്‍ 62 ലിറ്റര്‍ ശുദ്ധ ജലം ഉല്‍പാദിപ്പിച്ചുവെന്നുമാണ് ഫ്രഞ്ച് കമ്പനി അവകാശപ്പെട്ടത്. വിന്‍ഡ് ടര്‍ബൈനുകളിലൂടെ വൈദ്യുതി പരമ്പരാഗത രീതിയില്‍ ഉല്‍പാദിപ്പിക്കും. ഈ വൈദ്യുതിയിലാണ് ശുദ്ധജലനിര്‍മ്മാണം നടക്കുക. കാറ്റാടി യന്ത്രങ്ങളുടെ ടര്‍ബൈനുകളിലെ എയര്‍ ബ്ലോവറിലൂടെ വായു ആഗിരണം ചെയ്യും. ഇത്തരത്തില്‍ ആഗിരണം ചെയ്ത വായു പ്രൊപ്പെല്ലറുകളുടെ പിന്നിലുള്ള ഇലക്ട്രിക് കൂളിംഗ് കംപ്രസറിലൂടെ ഈ വായു കടത്തി വിടും. ഇതിലൂടെ വായുവിലെ ജലാംശം ശേഖരിക്കും. ഇവ സ്റ്റീല്‍ പൈപ്പുകളിലൂടെ താഴേയ്ക്ക് നല്‍കും. ഇത് ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാം. എന്നതായിരുന്നു ഡബ്ല്യുഎംഎസ് 1000 പ്രവര്‍ത്തനം. ഒരു ദിവസം ആയിരം ലിറ്റര്‍ ജലം ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാം. 3000 പേരുള്ള ഒരു സമൂഹത്തിന് ഈ വെള്ളം മതിയാവുമെന്നായിരുന്നു എലോ വാട്ടര്‍  അവകാശപ്പെട്ടത്. 

പരീക്ഷണങ്ങള്‍ തുടരുന്നു

എന്നാല്‍ ഈ പദ്ധതി വെളിച്ചം കണ്ടില്ല. കമ്പനി ഈ പദ്ധതിയുമായി കാര്യമായി മുന്നോട്ട് പോയില്ല. പദ്ധതിക്ക് ആവശ്യമായിരുന്നു വന്‍ ചെലവാണ് ഇതിന് കാരണം. 660000 ഡോളര്‍ മുതല്‍ 790000 ഡോളര്‍ വരെയായിരുന്നു പദ്ധതിയുടെ ചെലവെന്നായിരുന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് ഈ ചെലവില്‍ ഏറ്റക്കുറച്ചിലുണ്ടാവുമെന്നും കമ്പനി പറയുന്നു. കാറ്റാടി യന്ത്രങ്ങളുപയോഗിച്ച് ഓക്സിജന്‍ സ്വാംശീകരിക്കുകയെന്നത് ജലം ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമാണ്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലും കാറ്റാടി യന്ത്രങ്ങളെ ഉപയോഗിച്ചുള്ള വിവിധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

click me!