റെഡ്മി ഗോ; സാധാരണക്കാരന് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി

By Web TeamFirst Published Mar 19, 2019, 4:04 PM IST
Highlights

5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ | 3000 എംഎഎച്ച് ബാറ്ററി
8 എംപി പിന്‍ക്യാമറ  | 5 എംപി സെല്‍ഫി ക്യാമറ.
സനാപ്ഡ്രാഗണ്‍ 425 പ്രോസസ്സര്‍ | ഡ്യുവല്‍ 4ജി സിം കാര്‍ഡ്
പിന്നെ അതിശയിപ്പിക്കുന്ന വിലയും.
 

ഇന്ത്യന്‍ ബജറ്റ് സമാര്‍ട്ട്‌ഫോണ്‍ വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ് ഷവോമി. 4499 രൂപയ്ക്ക് റെഡ്മി ഗോ എന്ന മോഡല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഷവോമി എത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 6000 രൂപയ്ക്ക് വിപണിയിലുള്ള ഷവോമിയുടെ തന്നെ റെഡ്മി 6 എയെ പിന്തള്ളിയാണ് ഗോ എത്തുന്നത്.

വില കുറവാണെങ്കിലും ഫീച്ചറുകളില്‍ പിന്നോട്ടാണെന്ന് തെറ്റിദ്ധരിക്കരുത്. 4ജി വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകുന്ന ഡ്യുവല്‍ സിം ഫോണില്‍, ക്യുവല്‍കോമിന്റെ അതിവേഗ പ്രോസസ്സറായ സ്‌നാപ്ഡ്രാഗണ്‍ 425 ആണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. അതിനെ പിന്തുണയ്ക്കാന്‍ ഒരു ജിബി റാമും ഫോണിലുണ്ട്. ഇക്കാലത്ത് 1 ജിബി റാം കുറവാണെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും.

എന്നാല്‍ ആന്‍ഡ്രോയിഡ് ഓറിയോയുടെ ലളിതമായ ഗോ എഡീഷനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കുവേണ്ടിയാണ് ഗൂഗില്‍, ആന്‍ഡ്രോയിഡ് ഗോ എന്ന ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ നിത്യേനയുള്ള ഉപയോഗങ്ങള്‍ക്കെല്ലാം 1 ജിബി റാം തന്നെ ധാരാളമാണ്. ഗോ എഡീഷനുമായി പുറത്തിറങ്ങുന്ന ഷവോമിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്.

സാധാരണ ആന്‍ഡ്രോയിഡിനെക്കാള്‍ വലിപ്പം കുറഞ്ഞ, മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്പുകളാണ് ഗോ എഡീഷനിലുള്ളത്. ഉദാഹരണത്തിന് സാധാരണ ആന്‍ഡ്രോയിഡില്‍ നൂറിലധികം എംബി സ്‌പേസ് ഉപയോഗിക്കുന്ന യുട്യൂബ് ആപ്പിന്റെ ഗോ എഡീഷന് 50 എംബി മാത്രമേ വേണ്ടി വരുന്നുള്ളു. എന്നിട്ടും കൂടുതല്‍ മെമ്മറി വേണമെന്നുള്ളവര്‍ക്ക് 128 ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. രണ്ട് സിം കാര്‍ഡുകളും മെമ്മറി കാര്‍ഡും ഒരേ സമയം ഉപയോഗിക്കാവുന്നതാണ്.

ഈ വിലനിലവാരത്തില്‍ മറ്റൊരു കമ്പനിയും നല്‍കാന്‍ തയാറല്ലാത്ത എച്ച്ഡി ഡിസ്‌പ്ലേയാണ് ഷവോമി നല്‍കുന്നത്. അഞ്ച് ഇഞ്ചാണ് ഡിസ്‌പ്ലേയുടെ വലിപ്പം. പിന്നില്‍ 8 മെഗാപിക്‌സലിന്റെയും മുന്നില്‍ 5 മെഗാപിക്‌സലിന്റെയും ഓരോ ക്യാമറകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പിന്‍ക്യാമറ ഉപയോഗിച്ച് ഫുള്‍ എച്ച്ഡി വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കും. 3000 എംഎഎച്ച് ബാറ്ററി സാധാരണ ഉപയോഗത്തില്‍ കുറഞ്ഞത് ഒന്നരദിവസമെങ്കിലും നീണ്ടുനില്‍ക്കും.

മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന സ്മാര്‍ട്ട്‌ഫോണാണിത്. ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫോണ്‍ ഉപയോഗിക്കാനാകും. നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ മാര്‍ക്കറ്റിലെത്തുന്നത്. മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി ഫോണ്‍ ലഭ്യമായി തുടങ്ങും.

click me!