Latest Videos

ഇനി റോപ്പ് വേകളിൽ ഊഞ്ഞാലാടി യാത്ര! മലയിടുക്കിലെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാർ, 1.25 ലക്ഷം കോടി ചെലവ്!

By Web TeamFirst Published Mar 3, 2024, 8:54 AM IST
Highlights

സംസ്ഥാനത്തെ റോഡ് സൗകര്യമില്ലാത്ത മലയോര പ്രദേശങ്ങളിലേക്ക് ഗതാഗത സംവിധാനം ഒരുക്കുന്ന കിടിലൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

സംസ്ഥാനത്തെ റോഡ് ഗതാഗത സൗകര്യമില്ലാത്ത മലയോര പ്രദേശങ്ങളിലേക്ക് ഗതാഗത സംവിധാനം ഒരുക്കുന്ന കിടിലൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. റോപ്പ് വേ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 

കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയമാണ് റോപ്പ് വേകൾ നിർമിക്കുന്നത്. പർവ്വതമാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും നിർമ്മാണം. ഇതിനായി പർവതമാലാ പരിയോജന പദ്ധതിയുടെ സാധ്യതാപഠനങ്ങൾ സംസ്ഥാനത്തും തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകൾ. മലയോര മേഖലകളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നഗര പൊതുഗതാഗതത്തിനും റോപ്‌വേയുടെ സാധ്യതകളും തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ റോപ്‌വേ ഘടകങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ദേശീയപാത ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡാണ് റോപ്പ് വേകൾ നിർമിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിർമാണം. 40 ശതമാനം തുക കേന്ദ്രസർക്കാരും 60 ശതമാനം കരാറെടുത്ത കമ്പനിയും മുടക്കും. മൂന്നാർ മുതൽ വട്ടവട വരെ റോപ് വേ നിർമിക്കാൻ പഠനം നടത്തിയ കമ്പനി റിപ്പോർട്ട് നൽകിയെന്നും ഇവിടെയാകും സംസ്ഥാനത്തെ ആദ്യ റോപ്പ് വേ പദ്ധതി വരുകയെന്നുമാണ് റിപ്പോര്‍ട്ടുകൾ. വയനാട്, ശബരിമല, പൊൻമുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂർണമായും ഇന്ത്യയിൽ നിർമിച്ച കാബിനുകളാകും റോപ്‌വേക്ക്‌ ഉപയോഗിക്കുക.

റോഡ്, റെയില്‍, വിമാന ഗതാഗതം അസാധ്യമായ മലയോര മേഖലകളില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത സംവിധാനമാണ് റോപ് വേകള്‍. 2022-23 കാലയളവില്‍ 60 കിലോമീറ്റര്‍ നീളത്തില്‍ എട്ട്  റോപ്പ് വേ പദ്ധതികള്‍ക്കാണ് കരാറായത്. രാജ്യമാകെ 260 റോപ്പ് വേ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിൽ രാജ്യത്തെ ആദ്യ റോപ്പ് വേ വാരാണസിയിൽ ആയിരിക്കും സ്ഥാപിക്കുക. 12 കിലോമീറ്റർ ആയിരിക്കും  പളനി-കൊടൈക്കനാൽ റോപ്‌വേയുടെ നീളം . മണിക്കൂറിൽ 15 മുതൽ 30 കി.മീ. വേഗത ഈ റോപ്പ് വേകൾക്ക് ഉണ്ടായിരിക്കും.  1.25 ലക്ഷം കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുക.

ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്താരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ തമ്മില്‍ നൂതന ഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. പിപിപി (പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) മോഡലിലാണ് നടപ്പാക്കുക. പരമ്പരാഗത റോഡ് മാര്‍ഗ്ഗങ്ങള്‍ മാത്രമുള്ള മലയോര മേഖലകളില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനം ഇതിലൂടെ ഉറപ്പാക്കുന്നു. 

click me!