അമേരിക്കയില്‍ ആര് പ്രസിഡന്റാകുന്നതാണ് ഇന്ത്യയ്‌ക്ക് നല്ലത്?

By Web DeskFirst Published Oct 18, 2016, 2:07 AM IST
Highlights

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ മാത്രമല്ല, ഐടി വ്യവസായികളും, മറ്റു നയന്ത്രവിദഗ്ദ്ധരുമൊക്കെ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ? ഇവരില്‍ ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്? ഇവരില്‍ ആര് പ്രസിഡന്റായാലാകും, ഇന്ത്യന്‍ സര്‍ക്കാരിനും വ്യവസായലോകത്തിനൊക്കെ ഗുണകരമാകുക.

മുസ്ലീം വിരുദ്ധ പ്രസ്‌താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ട്രംപ് പ്രസിഡന്റായി വരണമെന്ന് ഇവിടുത്തെ ദേശസ്‌നേഹവാദികള്‍ പറയുന്നു. അതേസമയം വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന ആശങ്കയോടെ കാണുന്നവരുമുണ്ട്. എച്ച് 1 ബി വിസയുടെ ഫീസ് നിരക്ക് ഉയര്‍ത്തുന്നതും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രതികൂലമായ കാര്യമാണ്. ഇത് ഐടിയില്‍ ഉള്‍പ്പടെ വിദഗ്ദ്ധരായ ഇന്ത്യന്‍ യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നുണ്ട്. അമേരിക്കയില്‍നിന്ന് പ്രവാസികള്‍ വഴി ലഭിക്കുന്ന ഇന്ത്യന്‍ വരുമാനത്തിലും പ്രതികൂല ഫലമായിരിക്കും ഇത് ഉണ്ടാക്കുക.

അതേസമയം പ്രതിരോധ മേഖലയാണ് ഭാവിയിലെ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഏറെ നിര്‍ണായകമായി കണക്കാക്കാവുന്നത്. അയല്‍ക്കാരായ പാകിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ആണവായുധ ശേഖരവും ചൈനയുടെ പിന്തുണയുമാണ് ഇതില്‍ ആശങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ജപ്പാന്‍-ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം അമേരിക്കയുമായി സൈനികസഹകരണം കൂടി ഉറപ്പാക്കുകയെന്നതാകും മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ആണവായുധശേഖരം കൈവശമുള്ളതുകൊണ്ടുതന്നെ പാകിസ്ഥാന‍് ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന ട്രംപിന്റെ പ്രസ്‌താവനയും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. അതേസമയം അമേരിക്ക ആക്രമിക്കപ്പെടാത്ത സാഹചര്യത്തില്‍ നാറ്റോ സഖ്യകക്ഷികളെ ഇവിടേക്ക് കൊണ്ടുവരുന്നതിന് സാധ്യത കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം ഹിലരി ക്ലിന്റണ് ഇന്ത്യയുമായി ഊഷ്‌മളമായ ബന്ധമാണുള്ളത്. 1995ല്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചതുമുതല്‍ ഉള്ള ആ ബന്ധം 2000ല്‍ സെനറ്റ് അംഗമായതോടെ കൂടുതല്‍ ദൃഢമായിട്ടുണ്ട്. അതേസമയം 1998-ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തെ ഹിലരി തള്ളിപ്പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പിന്നീട് ഇന്ത്യ-അമേരിക്ക ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചത് ഹിലരി ക്ലിന്റണ്‍ ആയിരുന്നു. അക്കാലത്തെ നയതന്ത്രപരമായ ചര്‍ച്ചകളില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഹിലരി. ഇത് സാങ്കേതിക-പ്രതിരോധ മേഖലകളിലെ ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ടതായി. ഒബാമയുടെ ഭരണത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ചട്ടുകമായി വര്‍ത്തിച്ചതും ഹിലരിയായിരുന്നു. 2011 ചെന്നൈയില്‍വെച്ച് ഹിലരി നടത്തിയ ചരിത്രപരമായ പ്രസംഗം തന്നെയാണ് ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ദൃഷ്‌ടാന്തം. അതേസമയം മറുവശത്ത്, അമേരിക്കയുടെ ഭരണപരമായ കാര്യങ്ങളിലൊന്നും ചുമതല വഹിച്ചിട്ടില്ലാത്ത ട്രംപിന് ഇന്ത്യയുമായി നയന്ത്രപരമായ ഒരു ബന്ധവുമില്ല. അതേസമയം തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അമേരിക്കയിലെ അവഗണിക്കാനാകാത്ത ഹിന്ദു സമൂഹത്തെ കൈയിലെടുക്കാന്‍ ട്രംപ് എല്ലാ അടവും പയറ്റുന്നുണ്ട്. അതിന്റെ ഭാഗമായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹിന്ദു സമൂഹത്തിന്റെ പരിപാടിയില്‍ കഴിഞ്ഞദിവസം ട്രംപ് പങ്കെടുത്തതും, താന്‍ പ്രസിന്റായാല്‍ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായിരിക്കുമെന്നും പ്രസ്‌താവിച്ചത്.

ഹിലരി ക്ലിന്റണ്‍ പ്രസിഡന്റായി വന്നാല്‍ ഇന്ത്യയുമായുള്ള സാമ്പത്തിക-നയതന്ത്രബന്ധങ്ങളില്‍ പുതിയ ഒരു തുടക്കമാകും അതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവും, ഹിലരിയുടെ പ്രചരണസമിതിയുടെ അദ്ധ്യക്ഷനുമായ ജോണ്‍ പൊഡേസ പറയുന്നു. ദക്ഷിണേഷ്യന്‍ മേഖലയില്‍ അമേരിക്കയുടെ പ്രധാന പങ്കാളിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറയുന്നു. സാമ്പത്തികം, പ്രതിരോധം, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലൊക്കെ ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ മാനം സൃഷ്‌ടിക്കാന്‍ ഹിലരി പ്രസിഡന്റാകുന്നതോടെ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.

ഏതായാലും ഇന്തോ-അമേരിക്കന്‍ സമൂഹത്തില്‍നിന്നായി 32 ലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഉള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരില്‍ മൂന്നാം സ്ഥാനമാണ് ഈ സമൂഹത്തിനുള്ളത്. യു എസ് തെരഞ്ഞെടുപ്പില്‍ എഴുതിത്തള്ളാനാകാത്ത ശക്തി ഈ സമൂഹത്തിനുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ നല്ലൊരു ഭാവിക്ക് ഉതകുന്നയാളെ തെരഞ്ഞെടുക്കാനാണ് ഇന്ത്യന്‍ സമൂഹത്തിനും താല്‍പര്യം. ട്രംപ് വന്നാലും ഹിലരി വന്നാലും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ പുതിയ പ്രസിഡന്റ് വന്നശേഷമുള്ള വിദേശകാര്യ-സാമ്പത്തിക-പ്രതിരോധ നയരൂപീകരണത്തെയാണ് ഇന്ത്യ ഉറ്റുനോക്കുക...

click me!