ആരായിരുന്നു ഇന്ത്യക്ക് കാർട്ടൂണിസ്റ്റ് ശങ്കർ? -കാർട്ടൂണിസ്റ്റുകൾ പറയുന്നു

By Rini RaveendranFirst Published Jul 30, 2021, 11:19 PM IST
Highlights

കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല. പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്.

കാര്‍ട്ടൂണുകളുടെ കാലമോര്‍ക്കുമ്പോള്‍ അദ്ദേഹം മനസില്‍ തെളിയാതെ തരമില്ല, അതെ കാര്‍ട്ടൂണിസ്റ്റ്ശങ്കര്‍! കാലത്തെ അതിജീവിച്ച പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ ഉടയോന്‍. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആ മനുഷ്യന്റെ കാര്‍ട്ടൂണുകളെ അടയാളപ്പെടുത്താതെ ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരച്ചു തെളിയാന്‍ ശങ്കേഴ്‌സ് വീക്കിലി ഉറപ്പുള്ള നിലമായി. വരക്കപ്പട്ടവരും വരക്കുന്നവരും ഭയക്കാത്ത കാലത്തിന് കൂടി പേര് ശങ്കറിന്റേതാവണം. ജൂലൈ 31അദ്ദേഹത്തിന്റെ ജന്മദിനമാണ്.

ട്രോളുകളുടെ കാലത്ത്, അസഹിഷ്ണുതകളുടെ കാലത്ത്, വരകള്‍ക്ക് വേരറ്റുപോകാനെളുപ്പമായ കാലത്ത്, എങ്ങനെയാവും കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഓര്‍ക്കപ്പെടുന്നത്. കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു.
 

സഹിഷ്ണുതയുടെ ഗ്രാഫ് താഴുകയാണ് 

 

 

കെ. ഉണ്ണികൃഷ്ണന്‍, (ചെയര്‍മാന്‍, കാര്‍ട്ടൂണ്‍ അക്കാദമി)

ഇന്ത്യന്‍ കാര്‍ട്ടൂണില്‍ ശങ്കറിന്റെ പ്രധാന സംഭാവന ശങ്കേഴ്‌സ് വീക്കിലിയാണ്. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ഒരു സര്‍വകലാശാലയായിരുന്നു അത്. പല തലമുറകളിലെ കാര്‍ട്ടൂണിസ്റ്റുകളെ വളര്‍ത്തിയെടുത്ത കളരി. അതിലൂടെ കടന്നു വന്നവര്‍ പിന്നീട് പ്രശസ്തരായ പ്രതിഭകളായി. പ്രസിദ്ധീകരണം നിലച്ച ശേഷം ശങ്കേഴ്‌സ് വീക്കിലി പോലൊന്ന് ഉണ്ടായിട്ടില്ല. ഇന്ന് അങ്ങനെയൊന്ന് അസാധ്യവുമാണ്. അത്രയേറെ വ്യക്തികേന്ദ്രീകൃതമായി സമൂഹം മാറിയതിനാല്‍ എനിക്ക് തോന്നുന്നതാവാം. അതു മാത്രവുമല്ല പലതും മാറിയിട്ടുണ്ട്. നെഹ്‌റുവിയന്‍ കാലത്തെപ്പോലെ, തന്നെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ കണ്ട് ഭരണാധികാരി പുഞ്ചിരിക്കുന്ന ഒരു സുവര്‍ണ കാലവും ഇന്നില്ല. വരയ്ക്കാനുള്ള വിഷയങ്ങള്‍ ഏറെയെങ്കിലും സഹിഷ്ണുതയുടെ ഗ്രാഫ് താഴെയ്ക്കാണ്.

വരയ്ക്കാന്‍ പറ്റിയ മുഖങ്ങള്‍ തേടി കൊണാട് പ്ലേസില്‍ പതിവായി നടക്കുന്ന ശങ്കര്‍ എപ്പോഴും കഴുത്തില്‍ ക്യാമറ തൂക്കിയിടുമായിരുന്നു. താല്‍പര്യം തോന്നിയാല്‍ പകര്‍ത്തും, അവ ആല്‍ബമാക്കി വെക്കും. വരയ്ക്കുമ്പോള്‍ റഫറന്‍സിനായി ഉപയോഗിക്കും.

നിരന്തരമായ പത്രവായനയും പതിവുനടത്തവും നിരീക്ഷണവും സൗഹൃദ സദസുകളുമെല്ലാം തന്റെ കാര്‍ട്ടൂണ്‍ സപര്യയെ വളര്‍ത്താനാണ് അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ പല ഘട്ടങ്ങളും ആ കാര്‍ട്ടൂണുകളില്‍ ഒരു കാലഘട്ടത്തിന്റെ രേഖപ്പെടുത്തലായി കാണാം.

ഇന്ന് എത്ര പേര്‍ അത്തരം ഗൃഹപാഠം നടത്തുന്നുണ്ട് എന്ന് അന്വേഷിക്കുന്നത് കൗതുകകരമാണ്. എല്ലാം ഗൂഗിളിനെ ഏല്‍പ്പിച്ചു കൊടുത്ത അലസമായ കാലത്താണ് നാം ഇപ്പോള്‍. ശങ്കര്‍ ഒരു ഓര്‍മപ്പെടുത്തലാണ്. എങ്ങനെയാവണം ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന ഓര്‍മപ്പെടുത്തല്‍.
 

ആ കാര്‍ട്ടൂണ്‍ പ്രവചനം സത്യമായി!

 

 

ടി.കെ സുജിത്ത്, (കാര്‍ട്ടൂണിസ്റ്റ്, കേരള കൗമുദി)

ലോക കാര്‍ട്ടൂണിന്റെ ആചാര്യനായി കണക്കാക്കുന്ന ഡേവിഡ് ലോ ഇന്ത്യയിലെ ആദ്യകാല കാര്‍ട്ടൂണിസ്റ്റുകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തി. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കര്‍ മുതല്‍ അബു എബ്രഹാം,ആര്‍ കെ ലക്ഷ്മണ്‍, കുട്ടി തുടങ്ങി പ്രഗല്‍ഭരായ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളില്‍ ഡേവിഡ് ലോയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ഉണ്ടായിരുന്നു.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ വരവോടെയാണ് ഇന്ത്യയില്‍ കാര്‍ട്ടൂണുകളുടെ സുവര്‍ണ്ണകാലം ആരംഭിക്കുന്നത്. നിയമ പഠനത്തിനായി ബോംബെയില്‍ എത്തിയ ശങ്കര്‍ പഠനത്തോടൊപ്പം ബോംബെ ക്രോണിക്കിള്‍, ഫ്രീ പ്രസ് ജേര്‍ണല്‍ എന്നീ പത്രങ്ങളില്‍ ഫ്രീലാന്‍സറായി കാര്‍ട്ടൂണ്‍ വരയും തുടര്‍ന്നു. 1932 അവസാനത്തോടെ ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. 1946 വരെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ തുടര്‍ന്ന ശങ്കര്‍ പിന്നീട് സ്വന്തമായി തുടങ്ങിയതാണ് കാര്‍ട്ടൂണിസ്റ്റുകളുടെ പറുദീസയായി മാറിയ ശങ്കേഴ്‌സ് വീക്കിലി. ഒ.വി വിജയന്‍, അബു എബ്രഹാം,കുട്ടി, സാമുവല്‍, ബാലന്‍, കേരള വര്‍മ്മ, ബി ജി വര്‍മ്മ,യേശുദാസന്‍, ബി എം ഗഫൂര്‍ എന്നിങ്ങനെ മലയാളികളടക്കം പ്രഗല്‍ഭരായ ആദ്യകാല ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വളരാന്‍ സാഹചര്യം ഒരുക്കിയത് ശങ്കേഴ്‌സ് വീക്ക്ലിയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവുമായി ശങ്കറിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു.1948 -ല്‍ ശങ്കേഴ്‌സ് വീക്ക്ലി പ്രകാശനം ചെയ്തത് നെഹ്റുവാണ്. 'എന്നെ വെറുതെ വിടരുതേ, ശങ്കര്‍' (Don't spare me, Shankar) -എന്ന് പ്രകാശനവേളയില്‍ പ്രധാനമന്ത്രി ശങ്കറിനോട് പറഞ്ഞു. ശങ്കര്‍ നെഹ്റുവിനെ പിന്നീടൊരിക്കലും വെറുതെ വിട്ടില്ല. പുഴുവായും പൂമ്പാറ്റയായും പൂവാലനായുമൊക്കെ നെഹ്റു ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ എക്കാലത്തും നിറഞ്ഞു നിന്നു.

എന്റെ പ്രിയപ്പെട്ട ശങ്കര്‍ കാര്‍ട്ടൂണിനെക്കുറിച്ച് പറയാം. നെഹ്റുവിന്റെ അവസാനകാലത്ത് ശങ്കര്‍ വരച്ച who after Nehru എന്ന കാര്‍ട്ടൂണിന് പ്രവചനസ്വഭാവമുണ്ടായിരുന്നു. ആ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം നെഹ്റു അന്തരിച്ചു. കാര്‍ട്ടൂണില്‍ ദീപശിഖയേന്തി ഓടുന്ന അവശനായ നെഹ്‌റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. പിന്നീട് ആ കാര്‍ട്ടൂണില്‍ വരിവരിയായി ഓടുന്നവരില്‍ ഗുല്‍ സരിലാല്‍ നന്ദ, മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി. അതും ശങ്കര്‍ വരച്ച അതേ ക്രമത്തില്‍! പതിമൂന്നുവര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം ശങ്കര്‍ 1964 മെയ് 17 -ന് വരച്ച ഈ കാര്‍ട്ടൂണിന്റെ തനിയാവര്‍ത്തനമാവുകയായിരുന്നു.

കാലം രാഷ്ട്രീയകാര്‍ട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങള്‍ക്കനുസരിച്ച് വരക്കുന്ന കാര്‍ട്ടൂണിന്റെ പശ്ചാത്തലം അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുശേഷം കാര്‍ട്ടൂണ്‍ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല. പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാര്‍ട്ടൂണുകള്‍ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്. ശങ്കര്‍ വരച്ച ഈ പ്രവചനകാര്‍ട്ടൂണും അടിയന്തരാവസ്ഥക്കാലത്ത് അബു അബ്രഹാം വരച്ച ബാത്ത്ടബ്ബില്‍ കിടന്ന് ഓര്‍ഡിനന്‍സ് ഒപ്പിടുന്ന രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കാര്‍ട്ടൂണ്‍ എന്നിവ ഉദാഹരണങ്ങളാണ്. ചരിത്രത്തെ രേഖപ്പെടുത്തുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അത്തരം കാര്‍ട്ടൂണുകള്‍ വരക്കുക എന്നത് ഏതു കാര്‍ട്ടൂണിസ്റ്റിനും വെല്ലുവിളിയാണ്.

പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന ജനാധിപത്യവ്യവസ്ഥയില്‍ മാത്രമേ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് സ്വതന്ത്രമായി വരക്കാനാകൂ. ഒരിക്കലും ഒരു ഭരണത്തെക്കുറിച്ചും നല്ലതുപറയാനാവാത്ത കലാരൂപമാണ് കാര്‍ട്ടൂണ്‍. വിമര്‍ശനത്തെ സഹിഷ്ണുതയോടെ നേരിടുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലെങ്കില്‍ കാര്‍ട്ടൂണുകള്‍ അടിച്ചമര്‍ത്തപ്പെടും. പക്ഷേ അത്തരം ശ്രമങ്ങള്‍ ഉണ്ടായപ്പോഴെല്ലാം വര്‍ദ്ധിതവീര്യത്തോടെ കാര്‍ട്ടൂണിസ്റ്റുകള്‍ ആഞ്ഞടിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഈ കലാരൂപം അതിന്റെ പ്രഹരശേഷി പുറത്തെടുത്തിട്ടുളളത്. വികൃതമായ സ്വന്തം പ്രതിബിംബം കണ്ട് വിറളിപൂണ്ട് കണ്ണാടി ഉടയ്ക്കുന്നവരെ എതിരേല്‍ക്കുന്നത് കൂടുതല്‍ വികൃതമായ അനേകം പ്രതിബിംബങ്ങളായിരിക്കും എന്നതുപോലെ ഒരു കാര്‍ട്ടൂണിനെതിരെ വാളോങ്ങുമ്പോള്‍ ഒരായിരം കാര്‍ട്ടൂണുകള്‍ ഉയിര്‍ക്കൊളളുന്നു.

ആശയവിനിമയത്തില്‍ അതിവേഗം വിപ്ലവം സൃഷ്ടിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് കാര്‍ട്ടൂണുകളേക്കാള്‍ പ്രഹരശേഷിയുളള പ്രതികരണങ്ങള്‍ ട്രോളുകളായും മറ്റും പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്നുണ്ട്. നിര്‍ദ്ദോഷമായ തമാശകള്‍ മുതല്‍ കൊല്ലാതെ കൊല്ലുന്ന മൂര്‍ച്ചയുളള പ്രതികരണങ്ങള്‍ ഓരോ വിഷയത്തിലും നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വായനക്കാരനെയാണ് ഇന്ന് കാര്‍ട്ടൂണിസ്റ്റ് മുന്നില്‍ കാണുന്നത്. അവരുടെ ചിന്തകള്‍ക്ക് മുന്നില്‍ സഞ്ചരിക്കുക എന്നത് ഒഴിഞ്ഞ കാന്‍വാസിനുമുന്നില്‍ തൊട്ടടുത്ത ദിവസത്തെ കാര്‍ട്ടൂണ്‍ വരക്കാനിരിക്കുന്ന ഏത് കാര്‍ട്ടൂണിസ്റ്റിനും വെല്ലുവിളി തന്നെയാണ്.

 

ഡിഡിന്റ് സ്പെയർ ഹിം! 
 

 

വിആര്‍ രാഗേഷ് (കാര്‍ട്ടൂണിസ്റ്റ് മാധ്യമം) 

ഇന്നത്തെ ഇന്ത്യയില്‍ നിന്ന് കൊണ്ട് നമ്മുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവായ ശങ്കറിനെ ഓര്‍മിക്കുക എന്നത് ശരിക്കും രസമുള്ളൊരു കാര്യമാണ്. കാര്‍ട്ടൂണിസ്റ്റുകള്‍ എന്നും പ്രതിപക്ഷത്താണ് എന്നാണ് പറയപ്പെടുന്നത്. രാജ്യം 'നല്ല ദിനങ്ങളിലൂടെ' കന്നുപോകുമ്പോള്‍ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. ഇനി അതല്ല, വല്ലവരും വല്ല ജോലിയും ചെയ്യുന്നുണ്ടെങ്കില്‍ അത് രാജ്യദ്രോഹമാകാനേ തരമുള്ളൂ.

പക്ഷേ, ശങ്കറിന്റെ കാലം അതായിരുന്നില്ല. കാര്‍ട്ടൂണിലൂടെ അദ്ദേഹം ഭരണകൂടത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്നത്തെ ഈ 'ഓള്‍ ഈസ് വെല്‍ ഇന്‍ ഇന്ത്യ'യില്‍ വല്ല കുഴപ്പവും ബാക്കിയുണ്ടെങ്കില്‍ അതിന്റെയൊക്കെ കാരണക്കാരനായ ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു അന്ന് പ്രധാനമന്ത്രി. ശങ്കറിന്റെ കാര്‍ട്ടൂണുകളെ സ്വയം കാണാനുള്ള ദര്‍പ്പണമായി നെഹ്റു കണ്ടിരുന്നു. നെഹ്റുവിനെ തിരുത്തിയിരുന്നു. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തതുകൊണ്ടല്ല നെഹ്റു ഒന്നാം എസ്റ്റേറ്റിലെ എ.കെ.ജിയേയും നാലാം എസ്റ്റേറ്റിലെ ശങ്കറിനേയും ആദരവോടെ കണ്ടതും കേട്ടതും. അതൊരു മനോഭാവമായിരുന്നു. ജനാധിപത്യം എന്ന് പേര്. ഇന്നത്തെ ജനാധിപത്യം എല്ലാ പ്രതിസ്വരങ്ങളേയും അവഗണിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോള്‍ അന്നത്തെ ജനാധിപത്യം ശങ്കറിനെ ഒഴിവാക്കിയിരുന്നില്ല, ഡിഡിന്റ് സ്‌പെയര്‍ ഹിം!

 

ഇന്നും വായിക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍

 

പ്രസന്നന്‍ ആനിക്കാട് (മുന്‍ ചെയര്‍മാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി)

ഇന്ത്യയുടെ തെക്കേയറ്റത്തെ കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ലോകഭൂപടത്തില്‍ വരച്ചു ചേര്‍ത്ത അപൂര്‍വ പ്രതിഭകളില്‍ പ്രഥമസ്ഥാനീയര്‍ മൂന്നു ശങ്കരന്മാരാകുന്നു. ജഗദ്ഗുരു ആദിശങ്കരന്‍, ഇ. എം ശങ്കരന്‍ നമ്പൂതിരിപ്പാട്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കരിസ്മാറ്റിക്-കമ്മ്യൂണിസ്റ്റ്-കാര്‍ട്ടൂണിസ്റ്റ് ശങ്കരന്മാരില്‍ ചിരിയേയും ചിന്തയേയും ഒരുമിപ്പിച്ച് വരയുടെ സര്‍വജ്ഞപീഠത്തില്‍ പ്രതിഷ്ഠിച്ചത് ശങ്കരത്രയത്തിലെ ഒടുവിലത്തെ ശങ്കരനാകുന്നു; സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍.

കായംകുളമെന്ന ജന്മനാട്ടിലെ കുളത്തില്‍ നിന്നും മുങ്ങിനിവര്‍ന്നത് ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ കടലിലായിരുന്നു, കാര്‍ട്ടൂണ്‍ കലയാകുന്ന മഹാസാഗരത്തിന്റെ അടിത്തട്ടിലെ മുത്തുംപവിഴവും മുങ്ങിയെടുക്കാന്‍ ശങ്കറെ സഹായിച്ചത് പോത്തന്‍ ജോസഫ് എന്ന മലയാളിയായ പത്രാധിപരായിരുന്നു. 1938 -ല്‍ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരായതോടെ ശങ്കറും ഒപ്പം കൂടി. ദേശീയസ്വാതന്ത്ര്യത്തെ ഒരു വികാരമാക്കി മാറ്റുന്നതിനും സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കുന്നതിനും ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ഏറെ സഹായകമായി. 1948 -ല്‍ ശങ്കര്‍ സ്വന്തമായി ആരംഭിച്ച ശങ്കേഴ്സ് വീക്കിലി അദ്ദേഹത്തിലെ മികച്ച പത്രാധിപവ്യക്തിത്വത്തെ അനാവരണം ചെയ്തു. പ്രധാനമന്ത്രി നെഹ്‌റുവിനെ കണക്കിന് കളിയാക്കിയും പ്രോത്സാഹിപ്പിച്ചും വരച്ച കാര്‍ട്ടൂണുകള്‍ ചരിത്രരേഖയായി.

 

 

ഇന്നും ശങ്കറിന്‍റെ വരകള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലും അലയും ഒലിയും സൃഷ്ടിക്കുന്നു. ഭരണഘടന ശില്‍പി ബാബാഭീമറാവു അംബേദ്കര്‍ ഭരണഘടനയെന്ന ഒച്ചിന്‍റെ പുറത്തേറി സഞ്ചരിക്കുന്ന കാര്‍ട്ടൂണ്‍ ശങ്കര്‍ വരച്ചത് 1948 -ലാണ്. ആറേകാല്‍ പതിറ്റാണ്ടുകഴിഞ്ഞിട്ടും ആ കാര്‍ട്ടൂണ്‍ ഇന്നും പുനര്‍ വായിക്കപ്പെടുന്നു. അപ്രസക്തമായി എന്ന് തോന്നിക്കുന്ന ഘട്ടത്തില്‍ പ്രസക്തി കൈവരിക്കുക എന്നത് ചില്ലറക്കാര്യമല്ല. ശങ്കറിന്‍റെ അംബേദ്കര്‍ കാര്‍ട്ടൂണ്‍ ചിലരുടെ വക്രബുദ്ധി തെളിയിക്കാന്‍ കാര്‍ട്ടൂണിന്‍റെ ഷഷ്ടിപൂര്‍ത്തി വരെ കാത്തിരിക്കേണ്ടി വന്നു. ഇതുതന്നെയാകുന്നു കാര്‍ട്ടൂണ്‍. ഓരോ വായനയിലും ഓരോ അനുഭവം, ഓരോതരം ചിരി, നാനാതരം ചിന്തക്ക് അത് തിരികൊളുത്തുന്നു. 

 

പേടിച്ചു വരക്കേണ്ട ഒരു കാലം

 

ദ്വിജിത് സി.വി (ആര്‍ട്ടിസ്റ്റ് മാതൃഭൂമി, മുന്‍ കാര്‍ട്ടൂണിസ്റ്റ് തെഹല്‍ക)

ഇന്ത്യന്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ (ഡോണ്ട് സ്‌പെയര്‍ മി ശങ്കര്‍ ) എന്നെ വെറുതേ വിടരുത് ശങ്കര്‍ എന്ന വാക്കുകള്‍ ആണ്. എന്നാല്‍, ഇന്നത്തെ ഭരണാധികാരികള്‍ (ഡോണ്ട് സ്‌പെയര്‍ ഹിം ) അവനെ വെറുതേ വിടരുത് എന്നാണ് പറയുന്നത്. പേടിച്ചുകൊണ്ട് വരക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ കാര്‍ട്ടൂണിസ്റ്റുകള്‍ പോയിക്കൊണ്ടിരിക്കുന്നത്.

 

 

വിമര്‍ശനം ആസ്വദിക്കുന്ന ധാരാളം നേതാക്കന്മാര്‍ നമുക്കുണ്ടായിരുന്നു. തങ്ങളെ വിമര്‍ശിച്ചു വരയ്ക്കുന്ന കാര്‍ട്ടൂണുകളുടെ ഒറിജിനല്‍ വാങ്ങി സൂക്ഷിച്ചിരുന്നവരും, എന്നാല്‍ ഇന്ന് വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത നേതാക്കന്മാരാണ് നമുക്കുള്ളത്. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന അണികളും.

സൈബര്‍ ഇടങ്ങളിലും മറ്റും ഈ രാജഭക്തി കാണിക്കുന്ന കാര്‍ട്ടൂണുകളെ വലിച്ചുകീറി ഒട്ടിക്കുന്ന ധാരാളം പോരാളികളും നമുക്കിടയിലുണ്ട്. അവര്‍ ശങ്കറിനെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നേ പറയാനുള്ളൂ. ശങ്കര്‍, കാലം കഴിഞ്ഞിട്ടും അവസാനിക്കാത്ത കാലമാണ്.

click me!