മണിക്കൂറുകള്‍ക്കകം റോഡുകള്‍ കടലെടുത്തു, വീടുകള്‍ക്കുള്ളിലൂടെ കടല്‍വെള്ളം പാഞ്ഞിറങ്ങി!

By Web TeamFirst Published May 17, 2021, 8:22 PM IST
Highlights

ഭയന്നു വിറച്ച് ചെല്ലാനത്തെ മൂന്ന് രാത്രികള്‍...! ഷബ്‌ന ഫെലിക്‌സ് എഴുതുന്ന ദൃക്‌സാക്ഷി വിവരണം

'ഇടിഞ്ഞു വീഴാറായ എന്റെ അപ്പച്ചനും അമ്മച്ചിയും വ്വെള്ളത്തിന്റെ നടുവിലാണ്. കുറച്ചു മുന്‍പേ എന്റെ അങ്കിള്‍ വെള്ളത്തില്‍ വീണു മരിച്ചെന്ന് കേള്‍ക്കുന്നു എനിക്ക് പേടിയാവുന്നു. ഫോണിലാണേല്‍ ഇപ്പോള്‍ ചാര്‍ജ് തീരും'  -പറഞ്ഞു തീരും മുന്‍പേ കൂട്ടുകാരികളില്‍ ഒരുവളുടെ ഫോണ്‍ കട്ടായി.പിന്നെ ആരെയും വിളിച്ചാല്‍ കിട്ടാതായി. വൈദ്യുതിയില്ല, വണ്ടിയില്ല, ഫോണുകളും നിശ്ശബ്ദമായിരിക്കുന്നു  ചുറ്റും വെള്ളം മാത്രമുള്ള നാട്ടില്‍ ശ്വാസം അടക്കിപിടിച്ച കുറെ മനുഷ്യജീവനുകള്‍ ബാക്കിയുണ്ട് എന്നറിയാം.

 

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനത്ത് വീടുകളിലേക്ക് വെള്ളം കയറിയപ്പോള്‍...
 

 

എങ്ങോട്ടാണ് ഓടേണ്ടത്, എങ്ങനെയാണ് രക്ഷപ്പെടേണ്ടത്? 

ഒരു നാടിനെ മുഴുവന്‍ വെള്ളം വിഴുങ്ങിയ അവസ്ഥയില്‍ ആരോടാണ് സഹായം അഭ്യര്‍ത്ഥിക്കേണ്ടത്? 

അറിയില്ല..കടലിനും തോടുകള്‍ക്കും ചെമ്മീന്‍പാടങ്ങള്‍ക്കും ഇടയില്‍ നീണ്ടു കിടക്കുന്ന ഒരു കരഭാഗത്തെ വലിയ  ജനവിഭാഗം ഈ അവസ്ഥയില്‍ എന്ത് ചെയ്യണം?

ന്യൂനമര്‍ദ്ദവും കടല്‍കയറ്റവും തീരജനതയെ സംബന്ധിച്ച് പുതിയ കാര്യമല്ലെങ്കിലും ഇതുപോലൊരു വന്‍പ്രതിസന്ധിയില്‍  എന്താണ് ചെയ്യേണ്ടതെന്ന് പകച്ചു പോയ നിമിഷം അതൊട്ടും സാധാരണമായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാത്ത അനിശ്ചിതത്വത്തിലേക്ക് ഒരു ദേശത്തെ, അവിടത്തെ മനുഷ്യരെ മുഴുവന്‍ തള്ളിയിട്ടു, ഈ അവസ്ഥ. 

രണ്ടു  ദിവസം മുന്‍പേ രാവിലെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട, പഞ്ചായത്തില്‍ നിന്നുള്ള വണ്ടിയിലെ അനൗണ്‍സമെന്റ് കേട്ട് ഞാനിത്രയൊന്നും കരുതിയിരുന്നില്ല. ശക്തമായ ന്യൂനമര്‍ദ്ദം ഉണ്ടാകും കടലില്‍ ആരും പോകരുത്. ഇതായിരുന്നു അനൗണ്‍സ്‌മെന്റ്.  

ലോക്ക് ഡൗണും  കണ്ടൈന്‍മെന്റും ആയി കൊറോണ  പോസിറ്റിവിറ്റി റേറ്റ് കൂടിയ ഒരു പഞ്ചായത്തിലെ ജനത ഇനി എങ്ങോട്ടു പോകാന്‍ എന്നാണ് ആദ്യം ആലോചിച്ചത്.  

 

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനത്ത് വീടുകളിലേക്ക് വെള്ളം കയറിയപ്പോള്‍...
 

പക്ഷെ മഴ, എന്റെ ചുണ്ടിലെ ചിരി മായ്ച്ചു. പ്രകൃതിയുടെ ഭാവം മാറുന്നത് കണ്‍മുന്നിലറിഞ്ഞു. 

വെള്ളം ഇരമ്പിപ്പാഞ്ഞു വന്നു. തടഞ്ഞു കെട്ടിയ കരിങ്കല്‍ഭിത്തികളെ തകര്‍ത്തെറിഞ്ഞുകൊണ്ട്, രണ്ടാള്‍ പൊക്കമുള്ള മണല്‍ചാക്കുകള്‍ അടിച്ചു വീഴ്ത്തിക്കൊണ്ട്, കടല്‍വെള്ളം തോന്നുംവഴി പാഞ്ഞു. കാന വഴി, തോട് വഴി, കനാല്‍ വഴി വെളളം  വീടുകളിലേയ്ക്ക് ഇരച്ചുകയറി. 

ആഞ്ഞു വീശിയ കാറ്റിലും കോളിലും മരങ്ങള്‍ പലതും മറിഞ്ഞു വീണു. മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷനില്‍ നിന്നും കോളുകള്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ എന്റെ ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് തുരുതുരായെത്തി. 

ബസാര്‍,  മറുവാക്കാട് ഭാഗങ്ങളില്‍  കടല്‍ക്ഷോഭം രൂക്ഷമാണെന്നാണ് അന്നേരം കിട്ടുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധമായി ഞങ്ങളുടെ വണ്ടിയില്‍ പോകാന്‍ തുനിഞ്ഞ  ചേട്ടന്‍ മടങ്ങിവന്നു. വണ്ടി പോകില്ല പോലും. പിന്നെ, റെയിന്‍കോട്ടിട്ട്, കാല്‍നടയായി, തിമിര്‍ത്തു പെയ്യുന്ന മഴയിലേയ്ക്ക്  കുറച്ചു പൊതിച്ചോറുമായി  ചേട്ടനിറങ്ങിപ്പോയി.

'ഇനി ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല. കേട്ടോ' 

ഓരോ രക്ഷാപ്രവര്‍ത്തകരും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  പറയുന്ന വാക്കുകള്‍. 

പല വീടുകളിലും മുഴുവന്‍ അംഗങ്ങളും പോസിറ്റീവാണ്. ക്വാറന്റിനില്‍ ഇരിക്കുന്നവര്‍, ഗര്‍ഭിണികള്‍, കിടപ്പു രോഗികള്‍,  വയോജനങ്ങള്‍, എല്ലാവരും വാ മൂടി കെട്ടി കൊറോണയെ  ഭയന്ന് വീടിനുള്ളില്‍ ഇരിക്കുന്ന സമയം.

മണിക്കൂറുകള്‍ക്കുള്ളില്‍  സൗദി, മാനാശ്ശേരി  തുടങ്ങി തെക്കേ ചെല്ലാനം വരെ റോഡുകള്‍ കടലെടുത്തു. പലരുടെയും വീടിന്റെ ഉള്ളിലൂടെ കടല്‍വെള്ളം കയറിയിറങ്ങി പോയി. സ്വീകരണമുറിയെന്നില്ല, അടുക്കളയെന്നില്ല വെള്ളം എല്ലാം കശക്കിയെറിഞ്ഞു. കക്കൂസ് മാലിന്യം വീടുകളിലും പരിസരത്തും  പൊട്ടിയൊഴുകി. 

എന്ത് കൊറോണ? എന്ത് സുരക്ഷിതത്വം? എന്ത് ശുചിത്വം?

 

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനത്ത് വീടുകളിലേക്ക് വെള്ളം കയറിയപ്പോള്‍...
 

രക്ഷാപ്രവര്‍ത്തനം ദുസ്സഹമായ നിമിഷം. ശക്തമായ കടല്‍വെള്ളത്തിലൂടെ നടക്കാന്‍ പ്രയാസം. ഒറ്റപ്പെട്ടു പോയ പല വീടുകളിലും  രക്ഷാപ്രവര്‍ത്തകര്‍ അരയ്‌ക്കൊപ്പം വെളളം നീന്തി എത്തിചേരുമ്പോള്‍  വീട് മുഴുവന്‍ വെള്ളം നിറഞ്ഞു ഊണുമേശയിലും ഉയരമുള്ള മറ്റു സാധനങ്ങളിലും  സ്ഥാനം പിടിച്ചിരിക്കുകയായിരുന്നു വയോജനങ്ങളും സ്ത്രീകളും കുട്ടികളും.

കുടിവെള്ളം പോലും മലിനമാക്കപ്പെട്ട  അവസ്ഥ. കഴിക്കാന്‍ കുടിക്കാന്‍ ഒന്നുമില്ല.. കടകളില്ല.  എങ്ങും വെള്ളം മാത്രം. പുറത്തിറങ്ങി രക്ഷപ്പെടാന്‍ വയ്യ.  കുഴിയും ചെളിയും അറിയാന്‍ വയ്യ.

ഭീതി ഇരച്ചു കയറി പലര്‍ക്കും ബ്ലഡ് പ്രഷര്‍ മേലോട്ട് കയറി  തല കറങ്ങി.

കടല്‍ കൈയ്യറിയ വീടുകളിലെ ജനങ്ങളില്‍  യാത്ര ചെയ്യാന്‍ സാധിക്കുന്ന പലരും ബന്ധുജനങ്ങളുടെ വീടുകളിലേക്ക് പലായനം ചെയ്യുന്നു. വീടുകളിലും വഴിയോരങ്ങളിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളെ സുരക്ഷസ്ഥാനത്ത് പാര്‍ക്ക് ചെയ്യാന്‍ നെട്ടോട്ടമോടുന്നു മറ്റൊരു വിഭാഗം. കനത്ത മഴയും കാറ്റും കടലിനെയും കൊറോണയേയും ഭയക്കാതെ രക്ഷാപ്രവര്‍ത്തനതിലേര്‍പ്പെട്ടവര്‍ ഒരു വശത്ത്. 

കടലിന്റെ ഭാവം മാറി, കാറ്റ് വീശിയ ഉടന്‍ വൈദ്യുതിബന്ധം നിലച്ചിരുന്നു..ഫോണിലെ വാട്‌സ്ആപ് സ്റ്റാറ്റസുകളില്‍  നാട്ടിലെ ഭീകരാവാസ്ഥ തെളിഞ്ഞുനിന്നു. 

സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ കോളുകള്‍ ഫോണിലേയ്ക്ക് നിരന്തരം വന്നുകൊണ്ടിരുന്നു.  

'ഇടിഞ്ഞു വീഴാറായ എന്റെ അപ്പച്ചനും അമ്മച്ചിയും വ്വെള്ളത്തിന്റെ നടുവിലാണ്. കുറച്ചു മുന്‍പേ എന്റെ അങ്കിള്‍ വെള്ളത്തില്‍ വീണു മരിച്ചെന്ന് കേള്‍ക്കുന്നു എനിക്ക് പേടിയാവുന്നു. ഫോണിലാണേല്‍ ഇപ്പോള്‍ ചാര്‍ജ് തീരും' 

പറഞ്ഞു തീരും മുന്‍പേ കൂട്ടുകാരികളില്‍ ഒരുവളുടെ ഫോണ്‍ കട്ടായി.പിന്നെ ആരെയും വിളിച്ചാല്‍ കിട്ടാതായി.

വൈദ്യുതിയില്ല, വണ്ടിയില്ല, ഫോണുകളും നിശ്ശബ്ദമായിരിക്കുന്നു  ചുറ്റും വെള്ളം മാത്രമുള്ള നാട്ടില്‍ ശ്വാസം അടക്കിപിടിച്ച കുറെ മനുഷ്യജീവനുകള്‍ ബാക്കിയുണ്ട് എന്നറിയാം.

സുനാമിത്തിരയും ഓഖിയും 2020 -ലെ വേലിയേറ്റവും അതിജീവിച്ച ജനതയ്ക്ക്‌മേല്‍ അതിനേക്കാള്‍ ശക്തമായ ഒന്ന്. പഴമക്കാര്‍ പറയുന്നതു കേട്ടു, ഇന്നോളം ഇങ്ങനെയൊന്നുണ്ടായിട്ടില്ല. ഒരിക്കല്‍പോലും കടല്‍വെള്ളം കയറാത്തിടങ്ങള്‍ പോലും കടല്‍ കയറിയിരിക്കുന്നു. ജനങ്ങളുടെ ആശ്വാസമായി നിലകൊണ്ടിരുന്ന സെന്റ് സെബാസ്റ്റ്യന്‍ പള്ളിയടക്കം കടല്‍വെള്ളം കയറിയിറങ്ങി.

ഹാര്‍ബറില്‍ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങളിലും ബോട്ടുകളിലും  പലതും കാറ്റില്‍ ആടിയുലഞ്ഞു കേടുപാടുകള്‍ സംഭവിച്ചെന്നറിഞ്ഞു. ജനതയുടെ ഒരായുസ്സിന്റെ സമ്പാദ്യം വെള്ളം കയറി നശിച്ചിരിക്കുന്നു പ്രാണന്‍ ബാക്കിയുണ്ടല്ലോ എന്നുള്ള ആശ്വാസം മാത്രം ബാക്കി.
 
എന്റെയും വീടിനു ചുറ്റും വെള്ളമാണ്. പരിസരവാസികളില്‍ പലരുടെയും അടുക്കളകളില്‍ ചെള്ളയും ചെളിയുമുള്ള കടല്‍വെള്ളം നിറഞ്ഞിട്ടുണ്ട്. ഉപ്പ് വെള്ളം കയറിയിറങ്ങിയ പറമ്പില്‍ പച്ചപ്പെല്ലാം ഇനി കരിഞ്ഞുങ്ങാന്‍ തുടങ്ങും.

ഇന്നലെ രാത്രിയില്‍ പൊരിഞ്ഞ മഴയില്‍ കിലോമീറ്ററുകള്‍ വെള്ളത്തില്‍ നീന്തി ചേട്ടന്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കാലില്‍ എന്തോ കൊണ്ടു മുറിവേറ്റിരുന്നു.

നാട്ടില്‍ വെള്ളം കയറിയതിന്റെ മൂന്നാംദിവസം  ഈ രാത്രിയില്‍, ഞാനിതെഴുമ്പോള്‍  ചുറ്റിനും കൂരിരുട്ടാണ്. കടല്‍വെള്ളം കയറിയ ഇന്നലെ രാത്രിയിലും മിന്നിത്തെളിഞ്ഞിരുന്ന പലവീട്ടിലെയും മൊബൈലുകളും എമര്‍ജന്‍സി ലൈറ്റുകളും ഇന്നില്ല. കാറ്റ് വീശികൊണ്ടിരിക്കുന്നുണ്ട്. ഈ രാത്രിയില്‍  ഒരു അത്യാഹിതമുണ്ടായാല്‍  ഈ ജനത എങ്ങനെയാണ് സഹായം തേടുക? 

അറിയില്ല.

 

ചെല്ലാനത്തെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കുച്ചു കാലം മുമ്പ് നടത്തിയ പ്രക്ഷോഭത്തില്‍നിന്ന്
 

മഴ ഒരല്പം ശമിച്ചു നില്‍ക്കുന്നത് കൊണ്ടാവാം കലിയടങ്ങാത്ത കടലിന്റെ അലര്‍ച്ചയിവിടെയിപ്പോള്‍ കേള്‍ക്കാം. വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു ജനതയുടെ നടുവില്‍ ഭീകരരാത്രിയുടെ മൂന്നാംദിവസത്തില്‍ മനുഷ്യരുടെ ദുരിതത്തെ കുറിച്ചിടാന്‍ എന്റെ വിരലുകള്‍ക്ക് ഇനിയും ത്രാണി പോര. 

ചോദ്യം ഒന്നേയുള്ളൂ

നാളെ എങ്കിലും ഇതിനു  ശമനം ഉണ്ടാകുമോ?

ശക്തമായ കടല്‍ത്തിരമാലകള്‍  ഇനിയും ഒരു നാടിനെ മുഴുവന്‍  വിഴുങ്ങാതെയിരിക്കാന്‍  കര്‍മ്മപദ്ധതികള്‍  ആസൂത്രണം ചെയ്യുമോ?

ഈ മനുഷ്യരെ മുഴുവന്‍, ഈ ദേശത്തെ മുഴുവന്‍ കടലെടുക്കും മുമ്പ് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

click me!