മഅദനിക്കൊപ്പം വേദി പങ്കിട്ട പിണറായി, പാര്‍ട്ടി തോറ്റപ്പോള്‍ പൊട്ടിച്ചിരിച്ച വി എസ്

By Anoop BalachandranFirst Published May 16, 2022, 4:20 PM IST
Highlights

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയ അഞ്ച് ഐതിഹാസിക ദൃശ്യങ്ങള്‍. അനൂപ് ബാലചന്ദ്രന്‍ എഴുതുന്ന പരമ്പര ഭാഗം 4
 

2009 മാര്‍ച്ച് 22-ന് കുറ്റിപ്പുറത്ത് ബസ് സ്റ്റാന്റ് അരികത്ത് ഇടതുമുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ദിനം. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അസാന്നിദ്ധ്യത്തിലും പിണറായി വേദിയില്‍ നിറഞ്ഞു. കണ്‍വെന്‍ഷന്‍ തുടങ്ങിയ പിന്നാലെ അബ്ദുള്‍ നാസര്‍ മഅ്ദനി വീല്‍ചെയറില്‍ വേദിയിലേക്ക് എത്തി. കസേരയില്‍ നിന്ന് എഴുന്നേറ്റ് മഅ്ദനിയെ വണങ്ങി പിണറായി വലതരികില്‍ ഇരുത്തി. ഇടത്ത് പൂന്തുറ സിറാജ്. സിപിഐ ജില്ലാ പ്രതിനിധി പി.പി.സുനീര്‍ പോലും രണ്ടാം നിരയില്‍ പിന്നിലായി.

 

 

ആവേശം കയറി ഔചിത്യം മറന്ന പ്രസംഗങ്ങള്‍, പേനയില്‍ മഷിക്ക് പകരം ആസിഡ് നിറച്ചാണോ എഴുതുന്നതെന്ന് തോന്നിപ്പിക്കുന്ന പൊള്ളുന്ന എഴുത്തുകള്‍, മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. സ്ഥാനാര്‍ത്ഥി മികവും അപ്പപ്പോഴത്തെ രാഷ്ടീയവും പ്രധാനമാണെങ്കിലും ചില വാക്കുകളും എഴുത്തുകളും ദൃശ്യങ്ങളും ഓരോ തെരഞ്ഞെടുപ്പുകളിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. ഇവയില്‍ ഏറ്റവും ശക്തമായി പലപ്പോഴും വോട്ടുനേരങ്ങളെ സ്വാധീനിക്കുന്നത് മാറുന്നത് ദൃശ്യങ്ങളാണ്.

എന്താണ് സത്യം എന്താണ് നുണ എന്ന ചര്‍ച്ചചെയ്യപ്പെടുന്ന ഈ സത്യാനന്തര കാലത്ത് ദൃശ്യങ്ങള്‍  വ്യക്തിയുടെ വാര്‍ത്താ പരിശോധനകളില്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ദൃശ്യങ്ങളിലും മായം കലരുന്ന ഈ കാലത്ത് അതിനാല്‍ത്തന്നെ തത്സമയ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും വിശ്വാസവും കൈവന്നു. ഒരായിരം വാക്കുകള്‍ സംസാരിക്കുന്ന ഒരു ദൃശ്യം പതിനായിരക്കണക്കിന് വോട്ടുകളെയും സ്വാധീനിച്ചിട്ടുണ്ട്. 

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം എടുക്കുക. ബിജെപിക്ക് അക്കൗണ്ട് തുറപ്പിച്ചതില്‍, രണ്ട് കാലുകളില്‍ ചാഞ്ചാടിയ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയില്‍ ഒരു കാല് കൂടി  ഉറപ്പിച്ച് സര്‍ക്കാരിന്റെ അസ്ഥിരത കുറച്ചതില്‍ അടക്കം ചില ദൃശ്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയതായി കാണാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു മനസില്‍ പതിഞ്ഞ ചില ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കുകയാണ്. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍  തൃക്കാക്കരയിലും ചര്‍ച്ചയായ ഒരു ചിത്രം കൂടി  ഈ രണ്ട് പതിറ്റാണ്ടില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ദൃശ്യങ്ങളുടെ ഈ പട്ടികയിലുണ്ട്. 

 

 Part 4 : മഅദനിക്കൊപ്പം വേദി പങ്കിട്ട പിണറായി, പാര്‍ട്ടി തോറ്റപ്പോള്‍ പൊട്ടിച്ചിരിച്ച വി എസ്

Part 1ഒഞ്ചിയത്തെത്തിയ വി എസ്, രമയുടെ കണ്ണീര്, നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍!

........................................

 

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങളില്‍ ഏറ്റവും കൈ പൊള്ളിയ ഒരു ചങ്ങാത്തമാണ് ഇന്ന് 'വോട്ടായി മാറിയ ദൃശ്യങ്ങളി'ല്‍. ഓരോ കാലത്തും ശരിയെന്ന് തോന്നിപ്പിച്ച ബോധ്യങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടാക്കിയ അബദ്ധങ്ങള്‍ ചെറുതല്ല. രസകരമായ ഒരു വര്‍ത്തമാനകാല സംഭവം പറഞ്ഞ് തുടങ്ങാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂന്തുറ സിറാജ് എന്ന നേതാവ് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി ആയിട്ടും മത്സരിപ്പിക്കാന്‍ തിരുവനന്തപുരത്തെ സിപിഎം നേതൃത്വം തയ്യാറായില്ല. 'വര്‍ഗീയ പാര്‍ട്ടിയായ പിഡിപി യുമായുള്ള ബന്ധം സിറാജിനുള്ള അയോഗ്യതയായി' എന്ന് ചൂണ്ടിക്കാട്ടിയാണ് ഐഎന്‍എല്‍ തീരുമാനത്തെ സിപിഎം എതിര്‍ത്തത്. എന്നാല്‍ ഇതേ പിഡിപി ഒരു വ്യാഴവട്ടക്കാലം മുമ്പ് സിപിഎമ്മിന് ആരായിരുന്നു? ആ ദിനങ്ങളിലേക്ക് 'വോട്ടായി മാറിയ ദൃശ്യങ്ങള്‍' റീവൈന്‍ഡ് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സിപിഎമ്മിന്റെ മികച്ച നേട്ടങ്ങളിലൊന്ന് 2004 തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലെ ടി.കെ ഹംസയുടെ വിജയമാണ്. കാരണം 1971-ന് ശേഷം മലപ്പുറത്ത് നിന്നും ഒരു സിപിഎം ലോകസഭാംഗം ഇടതുപക്ഷത്തിന് ലഭിച്ചത് 2004-ല്‍ ആയിരുന്നു. ഇമ്പിച്ചിബാവ പോലും എംപി ആയത് മലപ്പുറം ജില്ല രൂപീകരിക്കുന്നത് മുമ്പാണ്. മുസ്ലീം ലീഗിന്റെ കോട്ടയായ മഞ്ചേരിയില്‍  നിന്നും ഒരു സിപിഎം നേതാവ് ലോകസഭാംഗമായത് ലീഗ് അണികള്‍ക്ക് ഹൃദയഭേദകമായിരുന്നു

2005-ല്‍ സിപിഎം സംസ്ഥാന സമ്മേളനവേദിയായി  മലപ്പുറം തീരുമാനിക്കുന്നതും ദീര്‍ഘകാല ഏറനാടന്‍ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ്. സിപിഎം വിഭാഗീയത മത്സരത്തിലേക്ക് വഴിമാറി ഒടുവില്‍  വൈകി തുടങ്ങിയ സമാപന പൊതുയോഗത്തില്‍ ടി. കെ.ഹംസയുടെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. ''മലപ്പുറം ചൊക ചൊകാ ചുവക്കുകയാണ്.' ഈ വാക്കുകള്‍ കേട്ട് കോട്ടക്കുന്ന് മൈതാനം ഇളകി മറിഞ്ഞു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ അനിഷേധ്യനായതോടെ മലപ്പുറം ഇനിയും 'വിജയ' പരീക്ഷണങ്ങള്‍ക്ക് വേദിയാകും എന്ന വിളംബരമായിരുന്നു ഹംസയുടെ ആ വാക്കുകള്‍. 2006 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മാജിക്ക് ആവര്‍ത്തിച്ചു. തിരൂര്‍ മുതല്‍ പെരിന്തല്‍മണ്ണ വരെ ചുവന്നു. അതിര്‍ത്തിയായ തൃത്താലയിലും എല്‍ഡിഎഫ്. കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി.മുഹമ്മദ് ബഷീറും മങ്കടയില്‍ ഡോ.എം കെ മുനീറും തോറ്റു. ലീഗ് കോട്ടകള്‍ നിലംപൊത്തിയപ്പോള്‍ ഭാരതപ്പുഴ ചുവന്നൊഴുകി. 

പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഏഴില്‍ നാലിലും വിജയിച്ചതോടെ സിപിഎം സെക്രട്ടറിയില്‍ പുതിയ മോഹങ്ങള്‍ തളിരിട്ടു. മഞ്ചേരിക്ക് പിന്നാലെ പൊന്നാനിയിലും വിജയന്‍ വിജയം സ്വപ്നം കണ്ട് തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി ആദ്യ നീക്കം തുടങ്ങി. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ ലക്ഷ്യമിട്ടായിരുന്നു നീക്കങ്ങള്‍. സിപിഐ മത്സരിക്കുന്ന പൊന്നാനിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് പകരം പൊതു സ്വതന്ത്രന്‍. വെളിയം ഭാര്‍ഗവന്‍ വാളെടുത്തു. പറ്റില്ല എന്നുറപ്പിച്ച് പറഞ്ഞു. വിട്ടുകൊടുക്കാന്‍ പിണറായിയും തയ്യാറായില്ല. എം എന്‍ സ്മാരകത്തില്‍ ഇരുന്ന് വെളിയം ഭാര്‍ഗവനും എകെജി സെന്ററില്‍ ഇരുന്ന് പിണറായിയും വാക്‌പോര് തുടര്‍ന്നു. വിഎസിനെ പിന്തുണക്കുന്ന വെളിയത്തോട് പിണറായിക്ക് കടുത്ത പ്രതിഷേധമുള്ള കാലം കൂടിയായിരുന്നു അത്. അന്നത്തെ ശ്രദ്ധേയമായ രണ്ട് വാര്‍ത്താ സമ്മേളനങ്ങളില്‍ രണ്ട് കമ്യൂണിസ്റ്റ് സെക്രട്ടറിമാര്‍ കൊമ്പുകോര്‍ത്തത് പതിനഞ്ച് വര്‍ഷത്തെ മുന്നണി ചരിത്രത്തിലെ ഏറ്റവും വലിയ വിഴുപ്പലക്കലായി.

വെളിയം ഭാര്‍ഗവന്‍. (2009  മാര്‍ച്ച്, എം എന്‍ സ്മാരകം)

'സിപിഐയുടെ പൊന്നാനി സീറ്റ് സിപിഎം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ഇതൊന്നും മുന്നണിക്ക് ചേര്‍ന്ന മര്യാദയല്ല. മുന്നണിയിലെ വലിയ കക്ഷി അവരല്ലേ? ഏറ്റവും കൂടുതല്‍ മര്യാദ കാട്ടേണ്ടത് അവരല്ലേ? യാതൊരു സമചിത്തതയും മര്യാദയുമില്ല.  ഞങ്ങള്‍ അതിന് വഴങ്ങുകേല. 1965-ലെ അനുഭവവും 1970 -ലെ അനുഭവവും വിജയന്‍ നന്നായി മനസിലാക്കണം. സിപിഎം ഏകപക്ഷീയമായി ഞങ്ങളുടെ സീറ്റില്‍ കയ്യേറ്റം നടത്തുകയാണ്'

ഉടന്‍ സിപിഐ സെക്രട്ടറിക്ക് സിപിഎം സെക്രട്ടറിയുടെ മറുപടിയെത്തി. സിപിഎം ഉണ്ടാക്കിയ പോറല്‍ മുറിവായി മാറി. ആ  മുന്നണി മുറിവില്‍ പിണറായി ഉപ്പ് കൂട്ടിയിട്ടു.

പിണറായി വിജയന്‍. (2009 മാര്‍ച്ച് എകെജി സെന്റര്‍):

'വെളിയത്തിന്റെ പരുഷമായ വാക്കുകള്‍ ഞങ്ങള്‍ കേട്ട് ഇരിക്കുവല്ലെ .അതു കൊണ്ട് സമചിത്തത ഇല്ല എന്ന് പറയരുത് (ചിരിക്കുന്നു). വി.ആര്‍. കൃഷ്ണയ്യരെ പോലൊരാളെ തലശേരി പോലുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ച് കെട്ടി വച്ച കാശ് നഷ്ടപ്പെടുത്തണമെങ്കില്‍ അന്ന് അത് സിപിഐക്ക് മാത്രമെ സാധിക്കുകയുള്ളു. വെളിയം, വിജയന്‍ മനസിലാക്കണം എന്ന് പറഞ്ഞത് കൊണ്ട് ഇത്രയും പറയുകയാണ്.'

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലം കൂടിയാണെന്ന് ഓര്‍ക്കണം. 1965 -ഉം 1970 -ഉം വെളിയം ഓര്‍മ്മിപ്പിച്ചപ്പോള്‍  സിപിഐ മുന്നണി വിട്ടേക്കും എന്ന് വരെ ചര്‍ച്ചകള്‍ ഉയര്‍ന്നു. രണ്ട് സെക്രട്ടറിമാരുടെ വാക്‌പോര് കേന്ദ്ര ഘടകങ്ങള്‍ക്കും തലവേദനയായി. പൊന്നാനി സീറ്റ് തര്‍ക്കത്തില്‍ വിഎസും പിണറായിക്ക് ഒപ്പമായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി അവഗണിച്ചു. ന്യായം വെളിയത്തിന് ഒപ്പമായിരുന്നെങ്കിലും ഒടുവില്‍ വിജയന്‍ വിജയിച്ചു. പൊന്നാനി സീറ്റ് പിണറായി സിപിഐയില്‍ നിന്നും പിടിച്ചു വാങ്ങി. പുതിയ സുഹൃത്തായ മഅ്ദനിക്ക് വേണ്ടിയാണ് പിണറായി അന്ന് വെളിയത്തെ പിണക്കിയത്. കെ.ടി.ജലീല്‍ അടക്കമുള്ള പുത്തന്‍ ഉപദേശകരും അന്ന് പൊന്നാനി തന്ത്രങ്ങളില്‍ ചരട് വലിച്ചു. മഅ്ദനിയുടെ  ആശീര്‍വാദത്തോടെ വളാഞ്ചേരി എം ഇ എസ് കൊളജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ പിണറായി - മഅ്ദനി സഖ്യത്തിന്റെ പരീക്ഷണം.

 

...........................................

Part 2:  സ്‌ട്രെച്ചറില്‍ അവസാനിച്ച പരാക്രമം, നിയമസഭയില്‍ നിലതെറ്റിയ ശിവന്‍കുട്ടി!

"

Part 3 : ഒരു തെരഞ്ഞെടുപ്പുകാലമാകെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ പ്രതിഷേധം!
 

2009 മാര്‍ച്ച് 22-ന് കുറ്റിപ്പുറത്ത് ബസ് സ്റ്റാന്റ് അരികത്ത് ഇടതുമുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ദിനം. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അസാന്നിദ്ധ്യത്തിലും പിണറായി വേദിയില്‍ നിറഞ്ഞു. കണ്‍വെന്‍ഷന്‍ തുടങ്ങിയ പിന്നാലെ അബ്ദുള്‍ നാസര്‍ മഅ്ദനി വീല്‍ചെയറില്‍ വേദിയിലേക്ക് എത്തി. കസേരയില്‍ നിന്ന് എഴുന്നേറ്റ് മഅ്ദനിയെ വണങ്ങി പിണറായി വലതരികില്‍ ഇരുത്തി. ഇടത്ത് പൂന്തുറ സിറാജ്. സിപിഐ ജില്ലാ പ്രതിനിധി പി.പി.സുനീര്‍ പോലും രണ്ടാം നിരയില്‍ പിന്നിലായി.

ബംഗലുരു സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവില്‍ കഴിയുന്ന മദഅ്‌നിക്ക് മേല്‍ നടക്കുന്ന അനീതിയും മനുഷ്യാവകാശ പ്രശ്‌നങ്ങളും  വലിയ ചര്‍ച്ചയാകുന്ന നാളുകളായിരുന്നു അത്. മഅ്ദനിയെ കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങളും  ശക്തമായിരുന്നു. ശനിയാഴ്ച ദിനം വൈകിട്ട് ആറ് മണി മുതലുള്ള പ്രൈം ടൈം നേരം എല്ലാ ചാനലുകളും കുറ്റിപ്പുറം  യോഗം തത്സമയം സംപ്രേഷണം ചെയ്തു. പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദി മഅ്ദനിക്കുള്ള പ്രശംസാ യോഗമായി. മഅ്ദനി 'ഭീകരതയെ ചെറുക്കുന്ന ഭീകരവിരുദ്ധന്‍' എന്നാണ് അന്ന് പിണറായി പ്രസംഗിച്ചത്.

കുറ്റിപ്പുറം കണ്‍വന്‍ഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട നിശ്ചയിച്ചു. സംസ്ഥാനമെങ്ങും യുഡിഎഫും ബിജെപിയും സിപിഎം- പിഡിപി ചങ്ങാത്തം ചര്‍ച്ചയാക്കി. 2004-ന് സമാനമായി മെഗാ വിജയം ലക്ഷ്യമിട്ട പിണറായിക്ക് ആ ശനിയാഴ്ച ദൃശ്യങ്ങള്‍ ശനിയായി. ഫലം വന്നപ്പോള്‍ നിളാ തീരത്ത് മാത്രമല്ല സംസ്ഥാനത്ത് ഉടനീളം തിരിച്ചടി നേരിട്ടു. മഅ്ദനിയുമായി വേദി പങ്കിട്ട ആ  കുറ്റിപ്പുറം  ചിത്രങ്ങള്‍ പൊന്നാനി മാത്രമല്ല 16 കുറ്റികള്‍ തെറിപ്പിച്ചു. പതിനെട്ട് ലോകസഭാ എംപിമാരുണ്ടായിരുന്ന എല്‍ഡിഎഫ് 2009-ല്‍ ഫലം വന്നപ്പോള്‍ നാലില്‍ തീര്‍ന്നു. മലപ്പുറത്തെ ചൊക ചൊക ചുവപ്പിക്കാന്‍ ഇറങ്ങിയ ടി.കെ ഹംസയും തോറ്റു. ഒടുവില്‍ ഡോ.ഹുസൈന്‍ രണ്ടത്താണി പോലും പിഡിപിയെ തള്ളി പറഞ്ഞു. പിണറായി തന്ത്രങ്ങള്‍ തകര്‍ന്ന് തരിപ്പണമായ ഫലം വന്ന മെയ് 16-ന് വി എസ് അച്യുതാനന്ദന്‍ പൊട്ടിച്ചിരിച്ചു. ക്രോധം കൊണ്ട് പിണറായിയുടെ പുരികങ്ങള്‍ 'റ' പോലെ വളഞ്ഞു. മൂന്ന് സീറ്റ് സി പിഐക്ക് നഷ്ടപ്പെട്ടിട്ടും വെളിയം ഭാര്‍ഗവന്‍ മന്ദഹസിച്ചു.

 

click me!