രണ്ട് കൈകളും ഒരുമിച്ചുനീട്ടി അടുത്തേക്ക് വിളിക്കുന്ന റസൂല്‍ പൂക്കുട്ടി, കാര്യമിതായിരുന്നു; അഭിമുഖത്തിനിടയിലെ രസകരമായ ഓര്‍മ്മ...

By Web TeamFirst Published Sep 9, 2019, 5:30 PM IST
Highlights

ക്യാമറകൾക്ക് മുമ്പിൽ വീണുകിട്ടിയ അവസരത്തിലുള്ള ഒരു ഷോ ഓഫ് ആയിരുന്നില്ലത്. ഒരാൾക്ക് അയാളുടെ ജോലിയോടുള്ള നൂറു ശതമാനം ആത്മാർത്ഥതയും വിശ്വാസവും ആയിരുന്നു.

ഇന്ത്യയിലേക്ക് ഓസ്‍കാര്‍ പുരസ്‍കാരമെത്തിയിട്ട് 10 വര്‍ഷം... അതിനോട് ചേര്‍ത്തുവായിക്കേണ്ട പേരാണ് റസൂല്‍ പൂക്കുട്ടിയുടേതും. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു വേണ്ടി റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം നടത്തിയതിന്‍റെ വ്യത്യസ്തമായ അനുഭവം ഏഷ്യാനെറ്റ് ന്യൂസ് വിഷ്വലൈസേഷന്‍, സീനിയര്‍ മാനേജര്‍ രാജേഷ് ഗോപാല്‍ എസ് പങ്കുവെക്കുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനു വേണ്ടി റസൂൽ പൂക്കുട്ടിയെ ഇന്‍റർവ്യൂ ചെയ്യാൻ വിളിവന്നത് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്ന ദിവസം വൈകുന്നേരം നാല് നാൽപ്പത്തിയഞ്ചിനാണ്. ഹൗസിംങ് ബോർഡ് ജംഗ്ഷനടുത്തുള്ള ഏഷ്യാനെറ്റ്  ന്യൂസ് ചാനൽ മെയിൻ ഓഫീസിൽ പതിവ് ഡ്യൂട്ടിയിലായിരുന്നപ്പോഴായിരുന്നു ആ വിളി. വിളിച്ചത് ഏഷ്യാനെറ്റ് ഓൺലൈൻ ക്യാമറ ലീഡും സുഹൃത്തുമായ മിൽട്ടൺ. 

റസൂൽ പൂക്കുട്ടി തിരുവനന്തപുരത്ത് ഉണ്ടെന്നും ഓൺലൈനിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ പരിപാടിയുണ്ടെന്നും അന്ന് പകലെപ്പോഴൊ മിൽട്ടൺ സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നും ഉറപ്പിച്ചിരുന്നില്ല. എന്തായാലും പതിനഞ്ച് മിനിറ്റിനുള്ളിൽ കനകക്കുന്ന് പാലസിൽ എത്താനാണ് നിർദ്ദേശം. ഒരു തയ്യാറെടുപ്പിനും നേരമുണ്ടായിരുന്നില്ല. പാർക്കിങ്ങിൽ നിന്ന് കാറെടുക്കാനും മെനക്കെട്ടില്ല. ഓഫീസിന് മുമ്പിൽ നിന്ന് കിട്ടിയ ഓട്ടോയിൽ ചാടിക്കയറി. നേരെ മ്യൂസിയം ഭാഗത്ത് കനകക്കുന്നിലേക്ക്. തലയില്‍ നിറയെ ചോദ്യങ്ങളും ആശങ്കയുമാണ്... തലയിലെ ബഹളത്തിലും വലിയ ബഹളം ഓട്ടോയിലും... ചെന്നിറങ്ങി പൈസ കൊടുക്കുമ്പോൾ ഓട്ടോക്കാരനും പറഞ്ഞു ''ഓടിക്കൊ..." 

കനകക്കുന്ന് പാലസിൽ ഓൺലൈൻ ടീം സെറ്റാണ്. ഇതിനിടയ്ക്ക് എനിക്ക് പലയിടങ്ങളിൽ നിന്ന് കിട്ടിയതും സ്വന്തമായിട്ടുള്ളതുമായ ചോദ്യങ്ങൾ അയച്ച് കൊടുത്തത് സുഹൃത്തായ ഏഷ്യാനെറ്റ് ന്യൂസിലെ ഹരി ഒരുമിച്ചാക്കി തിരിച്ചയച്ചു തന്നു. അതൊന്ന് വായിച്ചുനോക്കാനിരിക്കുമ്പോഴേക്കും ദാ വരുന്നു ശ്രീ. റസൂൽ പൂക്കുട്ടി! ചൊമന്ന് തുടുത്തൊരു ജാക്കറ്റിൽ. ടീം, അഭിമുഖത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതിനിടയ്ക്ക് ഞാൻ പതിയെ അടുത്ത് ചെന്ന് റസൂൽ പൂക്കുട്ടിയോട് സത്യം പറഞ്ഞു. "ഞാൻ താങ്കളുടെ വലിയൊരു ഫാനാണ്. അതുപോലെ ഞാൻ ചോദിക്കാൻ പോകുന്ന ചില കാര്യങ്ങൾ വളരെ സില്ലിയുമായിരിക്കും. സദയം പൊറുക്കുക."  അതൊന്നും സാരമില്ലെന്ന് അദ്ദേഹം... അത് കേട്ടാ മതിയെന്ന് ഞാനും... 

മുൻകൂർ ജാമ്യമെടുത്തതിന്റെ ആശ്വാസത്തിൽ ലേപ്പൽ മൈക്ക് ഷർട്ടിൽ കുത്തി എനിക്കുള്ള കസേരയിൽ വന്നിരുന്നു. റസൂൽ പൂക്കുട്ടിയും തന്റെ ലേപ്പൽ കുത്തി തയ്യാറായി. വൈകാന്‍ നിന്നില്ല... 'അപ്പൊ തുടങ്ങുകയല്ലേ'യെന്ന് പറഞ്ഞ് ഞാൻ തന്നെ അഭിമുഖത്തിന് തുടക്കമിട്ടു. ക്യാമറകൾ റോളിംങ്ങ്... ആദ്യത്തെ ചോദ്യം ഞാൻ ചോദിക്കാൻ തുടങ്ങുന്നതിന് തൊട്ട് മുമ്പാണ്, തൊട്ടുമുമ്പെന്ന് പറഞ്ഞാൽ പണ്ട് പി.ടി.ഉഷയ്ക്ക് ഒളിമ്പിക്സ് ഫൈനൽസിൽ പങ്കെടുക്കാൻ പറ്റാതെ നാലാമതായിപ്പോയത് സെക്കന്‍റിന്‍റെ ഏതോ ഒരംശത്തിന്‍റെ വ്യത്യാസത്തിലാണെന്ന് പറയുന്നത് പോലുള്ള തീരെ ചെറിയൊരു സമയം... റസൂൽ പൂക്കുട്ടി രണ്ട് കൈകളും ഒരുമിച്ച് നീട്ടി എന്നെ അടുത്തേക്ക് മാടി വിളിക്കുന്നു!!! ഇതെന്ത് സംഭവമെന്ന് മനസ്സിലാവാതെ ഞാൻ അമ്പരന്നുപോയി. എല്ലാം തയ്യാറായി ചോദ്യത്തിലേക്ക് കടക്കാന്‍ പോവുകയായിരുന്നല്ലോ? ഇനിയുമെന്താണ്? അതേ അമ്പരപ്പോടെ തന്നെ ഞാന്‍ കസേരയിൽ നിന്നും എഴുന്നേറ്റ് ആളുടെ അടുത്തേക്ക് യാന്ത്രികമായി നടന്നെത്തുന്നു. രണ്ട് കയ്യും ഒരുപോലെ നീട്ടി വിളിക്കുന്നത് അത്ര സാധാരണമല്ലല്ലോ... 

അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് എന്റെ നെഞ്ചത്ത് ലേപ്പൽ മൈക്ക് കുത്തിയിരിക്കുന്നത് ശരിയല്ല. അത് ശരിയാക്കലാണ് ആളുടെ ഉദ്ദേശ്യം! ഞാൻ നിൽക്കുമ്പോൾ കസേരയിലിരുന്നു കൊണ്ട് തന്നെ ആ സൗണ്ട് മാസ്റ്റർ എന്റെ ലേപ്പൽ ശരിയാക്കിത്തന്നു. ആദ്യം മൈക്ക് പുറത്തെടുത്തു. കേബിൾ മനോഹരമായി വൃത്തത്തിൽ ചുറ്റി, പിന്നീടത് ഷർട്ടിനകത്താക്കി. ലേപ്പൽ മൈക്കിന്‍റെ മുകളറ്റം മാത്രം ഷർട്ടിന് പുറത്ത് കാണുന്ന വിധം കൃത്യം ലംബമായി കുത്തി. ഇപ്പോൾ കാണുമ്പോൾ ഷർട്ടിൽ ഒരു കറുത്ത പൂമൊട്ടു പോലെ ലേപ്പൽ മൈക്ക്... സുന്ദരമായ കാഴ്ച്ച. അതിലും മനോഹരം അത് ചെയ്‍ത രീതിയായിരുന്നു. കേബിൾ ചുറ്റുമ്പോൾ കൈകൾ ഓടുന്നതിലെ താളം, ഓരോ സ്റ്റെപ്പും പറഞ്ഞ് പറഞ്ഞ്... 

വളരെ കുഞ്ഞുപ്രവൃത്തി എന്ന് പറയാവുന്ന ആ ഒരു ലേപ്പല്‍ മൈക്ക് കുത്തുന്നത് പോലും അങ്ങേയറ്റം മുഴുകി ആസ്വദിച്ചാണ് റസൂൽ പൂക്കുട്ടിയെന്ന സൗണ്ട് ഡിസൈനറെ ചെയ്യുന്നത്. ഞങ്ങളെല്ലാവരും പുഞ്ചിരിയോടെ, ആസ്വദിച്ചുതന്നെ അത് കണ്ടുനിന്നു. ക്യാമറകൾക്ക് മുമ്പിൽ വീണുകിട്ടിയ അവസരത്തിലുള്ള ഒരു ഷോ ഓഫ് ആയിരുന്നില്ലത്. ഒരാൾക്ക് അയാളുടെ ജോലിയോടുള്ള നൂറു ശതമാനം ആത്മാർത്ഥതയും വിശ്വാസവും വിട്ടുവീഴ്ച്ചയില്ലായ്മയും, അത് ഹോളിവുഡെന്നൊ ഏഷ്യാനെറ്റ് ന്യൂസെന്നോ വ്യത്യാസമില്ലാതെ ചെയ്യുന്നു, അത്രമാത്രം.

 

'അങ്ങനെയുള്ളവരെ തേടി അംഗീകാരങ്ങൾ എത്തുന്നതും സ്വാഭാവികമല്ലേ' എന്നതായിരുന്നു ഇൻറർവ്യൂ അവസാനിച്ചിട്ടും എന്നിൽ അവശേഷിച്ച ചോദ്യം. ആ ഒരു ആവേശത്തിലും അമ്പരപ്പിലും തന്നെയാണ് ഇന്‍റര്‍വ്യൂ മുന്നോട്ടു പോയതും. ചില മനുഷ്യരില്‍ നിന്നും നമ്മള്‍ ചിലതെല്ലാം കണ്ടുപഠിക്കേണ്ടതുണ്ട്. അതൊരു കുഞ്ഞുകാര്യമായിരിക്കാം. പക്ഷേ, അതിലുമുണ്ടാകും വിനയം, കരുണ, സ്നേഹം ഒക്കെ പോലെ എന്തെങ്കിലും ഒന്ന്. 

അഭിമുഖം കാണാം:

"

click me!