ഈ പള്ളിക്കൂടം ഒരു ഓര്‍മ്മപ്പെടുത്തലാണ്, തലമുറകളെ പഠിപ്പിക്കാന്‍ ഇവരൊരു ചരിത്രം കാത്തുവെച്ചിട്ടുമുണ്ട്!

By Rini RaveendranFirst Published Aug 15, 2019, 4:02 PM IST
Highlights

അതിനിടയില്‍ ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടാത്ത പേരാണ് മത്സ്യത്തൊഴിലാളികളുടേത്. വള്ളവും പ്രിയപ്പെട്ടവരുമടക്കം ഓഖി തകര്‍ത്തെറിഞ്ഞിട്ടും 'ഇതാ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്' എന്ന് പറഞ്ഞുകൊണ്ട് അവര്‍ കേരളത്തിന് സൈന്യമായി മാറി. 

ത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ ഒരു വിദ്യാലയമുണ്ട്. ഇന്നത് അറിയപ്പെടുന്നത് വള്ളംവെച്ച പള്ളിക്കൂടം എന്നാണ്. എന്താണ് ഈ വള്ളംവെച്ച പള്ളിക്കൂടമെന്നല്ലേ? പേരുപോലെ തന്നെ മുറ്റത്ത് ഒരു വള്ളംവെച്ച പള്ളിക്കൂടമാണത്. അത് വെറുമൊരു കളിവള്ളമല്ല, നാം കണ്ട ഒരു വലിയ ദുരന്തത്തിന്‍റെയും അതിജീവനത്തിന്‍റെയും ശരിയായ അടയാളപ്പെടുത്തല്‍ കൂടിയാണ്.  

2018 -ലെ വെള്ളപ്പൊക്കം കേരളത്തിന് അതുവരെയില്ലാത്ത ഭയമാണ് നല്‍കിയത്. സുരക്ഷിതരെന്ന് കരുതിയിരിക്കാന്‍ സ്വന്തം വീടുപോലുമില്ലെന്ന്, പാഞ്ഞൊലിച്ചു വന്ന വെള്ളം മനുഷ്യനെ പഠിപ്പിച്ചു. ഒറ്റരാത്രികൊണ്ട്, ഒറ്റ പകല് കൊണ്ട്, ഒറ്റ ദിവസം കൊണ്ട് ഒക്കെ മനുഷ്യര്‍ പ്രാണന്‍ കിട്ടിയാല്‍ മതിയെന്ന് അലമുറയിട്ടു പോയി. ചുറ്റും വെള്ളം പൊങ്ങുമ്പോള്‍ 'ഒന്നിവിടെ നിന്ന് രക്ഷിക്കൂ'വെന്ന് നിലവിളിക്കേണ്ടി വന്നു. എന്നാല്‍, പിന്നീടങ്ങോട്ട് കേരളം രചിച്ചത് നമുക്ക് മാത്രം സാധ്യമാകുന്നൊരു അതിജീവന പാഠമാണ്. ആരുമല്ലാത്ത മനുഷ്യര്‍ ആര്‍ക്കൊക്കെയോ കൈത്താങ്ങാവുകയായിരുന്നു. 

അതിനിടയില്‍ ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടാത്ത പേരാണ് മത്സ്യത്തൊഴിലാളികളുടേത്. വള്ളവും പ്രിയപ്പെട്ടവരുമടക്കം ഓഖി തകര്‍ത്തെറിഞ്ഞിട്ടും 'ഇതാ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്' എന്ന് പറഞ്ഞുകൊണ്ട് അവര്‍ കേരളത്തിന് സൈന്യമായി മാറി. വള്ളവുമെടുത്ത് വെള്ളം കയറിയ ഇടങ്ങളിലെല്ലാം രാപ്പകലില്ലാതെ അവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ആ മത്സ്യത്തൊഴിലാളികളോടുള്ള ആദരവ് കൂടിയാണ് ഈ പള്ളിക്കൂടമുറ്റത്തു വെച്ച വള്ളവും, വള്ളംവെച്ച പള്ളിക്കൂടം എന്ന പേരും. 

വള്ളംവച്ച പള്ളിക്കൂടത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല... അതിനിടയിലാണ് സംവിധായകന്‍ പ്രവീണ്‍ സി ജോസഫ് (ഫാന്‍റം പ്രവീണ്‍) വള്ളംവച്ച പള്ളിക്കൂടത്തെ കുറിച്ച് ഒരു കുഞ്ഞ് ഡോക്യുമെന്‍ററി എടുക്കുന്നത്. 

ഇങ്ങനെയാണ് വള്ളം പള്ളിക്കൂടമുറ്റത്തെത്തിയത്

കോഴഞ്ചേരി സ്‍കൂളിലെ പ്രൈമറി സ്‍കൂള്‍ അധ്യാപികയാണ് ശ്രീരഞ്ജു. ആറന്മുള പുന്നത്തോട്ടം എന്ന സ്ഥലത്ത് കേടുപറ്റിയ ഒരു വള്ളം ഉപേക്ഷിക്കപ്പെട്ട നിലയില്‍ യാദൃച്ഛികമായി കാണുന്നത് ഈ അധ്യാപികയാണ്. ശ്രീരഞ്ജുവിന്‍റെ കൗതുകമായിരുന്നു ഇത് ആരുടെ വള്ളമാണ് എന്നത്. റോഡ് സൈഡില്‍ ഉപേക്ഷിക്കപ്പെട്ട ആ വള്ളത്തിന് ഒരു നാടിന്‍റെ അതിജീവന കഥ പറയാനുണ്ടാകുമെന്ന തോന്നലില്‍ ശ്രീരഞ്ജു സഹപ്രവര്‍ത്തകരേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. അവിടെ നിന്നാണ് അത് കൊല്ലം വാടി കടപ്പുറത്തെ ക്ലീറ്റസ് എന്ന മത്സ്യത്തൊഴിലാളിയുടെ വള്ളമാണ് എന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായിരുന്നുവെന്നും അറിയുന്നത്.

 

വെള്ളം കയറി മുങ്ങിയ ഒരു നാടിനെ രക്ഷിക്കാനെത്തിയ വള്ളത്തേയും മത്സ്യത്തൊഴിലാളികളേയും ഈ തലമുറ മാത്രം ഓര്‍ത്താല്‍ പോരെന്നും ഇനി വരുന്ന ഓരോ തലമുറയും ഓര്‍ക്കണമെന്നും തോന്നിത്തുടങ്ങി ആ അധ്യാപികയ്ക്ക്. ഈ ചിന്തയില്‍ നിന്നുമാണ് കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികളോട് സ്കൂളിലേക്ക് സ്മാരകമായി വള്ളം തരുമോ എന്ന് ചോദിക്കുന്നത്. എല്ലാവരും മറന്നു തുടങ്ങി എന്ന് കരുതിയവരെ തിരക്കി അധ്യാപകരും ഒരു വിദ്യാലയവുമെത്തിയത് അവര്‍ക്കും സന്തോഷമായി. ഒരു പ്രളയമാകെ കണ്ടനുഭവിച്ച ആ വള്ളം അതോടെ പള്ളിക്കൂടമുറ്റത്ത് ഒരു സ്മാരകമായി മാറി. അതിജീവനത്തിന്‍റെയും പരസ്പരം ചേര്‍ത്തുനിര്‍ത്തലുകളുടേയും പ്രതീകമായി.  

ആ കരുതല്‍ മറന്നു പോവരുത്

നമ്മുടെ വിദ്യാലയം ഇന്നറിയപ്പെടുന്നത് പത്തനംതിട്ട ജില്ലയിലെ വള്ളംവച്ച പള്ളിക്കൂടം എന്നാണ്. മത്സ്യത്തൊഴിലാളികളുടെ സേവനത്തിന്‍റെ, സഹായത്തിന്‍റെ ഭാഗമായി ഈ വിദ്യാലയം മാറുകയാണ്. ഒരു പരിചയവുമില്ലാത്ത മനുഷ്യരെ രക്ഷിക്കാനെത്തിയ കടലിന്‍റെ മക്കള്‍... കുപ്പിച്ചില്ലും ഇരുമ്പു കഷ്ണവുമൊക്കെ കാലുകളില്‍ തറച്ചിട്ടും, ത്വക് രോഗവുമായും ഒക്കെയായിട്ടാണ് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അവരില്‍ പലരും മടങ്ങിയത്. 

ഒരു പ്രളയം കഴിയുമ്പോള്‍ മനുഷ്യന്‍റെ പ്രാഥമിക ആവശ്യങ്ങളെല്ലാം നേടിക്കഴിയുമ്പോള്‍ എല്ലാവരും പ്രളയത്തെ മറക്കും. ഈ വലിയ ദുരന്തത്തെ മറക്കും. പക്ഷേ, ഒരു പരിചയവുമില്ലാത്ത നാട്ടില്‍ നിന്ന് ഒരുകൂട്ടം മനുഷ്യര് ദൈവങ്ങളെ പോലെ വന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുതിയ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചതാണ്. തീര്‍ച്ചയായും ഒരു തലമുറ ഇവിടെനിന്ന് കടന്നുപോയാലും പ്രളയത്തെ എല്ലാവരും ഓര്‍ക്കണം, അന്ന് രക്ഷാകരങ്ങളായെത്തിയ മത്സ്യത്തൊഴിലാളികളെ ഓര്‍ക്കണം. അവരുടെ സ്നേഹത്തിന്‍റെ മാഹാത്മ്യത്തെ കുറിച്ചറിയണം. 

സ്‍മാരകമായി ഒരു വള്ളം വേണമെന്ന് പറഞ്ഞപ്പോള്‍ വാടിയിലെ മത്സ്യത്തൊഴിലാളികള്‍ സന്തോഷത്തോടെ ഒരു വള്ളം സ്കൂളിന് നല്‍കി. എല്ലാവരും അവരെ മറന്നപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അവരെ ഓര്‍മ്മിക്കാനും ആദരിക്കാനും ഒരു സ്മാരകം നിര്‍മ്മിച്ചതില്‍ സ്കൂളിന് സന്തോഷമുണ്ട്. -ശ്രീരഞ്ജു (അധ്യാപിക ഗവ. ഹൈസ്‍കൂള്‍ കോഴഞ്ചേരി)

ഓരോ തലമുറയും ഇതറിയണം

സ്കൂളില്‍ ഓരോ വര്‍ഷവും പുതിയ പുതിയ കുട്ടികള്‍ വരും, പുതിയ തലമുറയുണ്ടാകും. നമ്മളൊക്കെ പോയിക്കഴിഞ്ഞാലും ഇനിയുള്ള തലമുറക്കും ഈ നാട്ടുകാര്‍ക്കും ഇതൊരു ഓര്‍മ്മയാകും. അന്ന് വെള്ളം കയറിയ ലെവലിലാണ് തോണി വച്ചിരിക്കുന്നത്. വാടിയിലെ മത്സ്യത്തൊഴിലാളികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കോഴഞ്ചേരിയിലുള്ളവര്‍ക്ക് ഒരിക്കലും മറക്കാനാവുന്ന ഒന്നല്ല. -ടി. രമണി (പ്രധാനാധ്യാപിക, ഗവ. ഹൈസ്‍കൂള്‍ കോഴഞ്ചേരി)

ഏറെ അഭിമാനം

ഏറെ അഭിമാനമുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിര്‍ഭാഗ്യവശാല്‍ കുറേപ്പേര് മറന്നു. പക്ഷേ, ഈ സ്കൂളുകാര് നടത്തിയ പ്രവര്‍ത്തനം ഒരു അംഗീകാരമായിട്ടാണ് കാണുന്നത്. സ്നേഹത്തിന്‍റേയും അതിജീവനത്തിന്‍റെയും പാഠവുമായിട്ടാണ് ഈ സ്മാരകം നിലനില്‍ക്കുക. കാലാകാലങ്ങളോളം ഓര്‍മ്മിക്കാന്‍... -ബെയ്‍സില്‍ ലാല്‍ (കൊല്ലം ജില്ലാ പ്രസിഡണ്ട് മത്സ്യത്തൊഴിലാളി യൂണിയന്‍) 

ഇത് തലമുറകള്‍ക്ക് കാണാന്‍

2018 ആഗസ്തില്‍ നടന്ന വെള്ളപ്പൊക്കത്തിന്‍റെയും അതിജീവനത്തിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്താനായി നടത്തിയ യാത്രയുടെ ഭാഗമായാണ് ഈ സ്കൂളിലെത്തിച്ചേരുന്നത്. പ്രളയം ഏറ്റവുമധികം ബാധിച്ചിട്ടുള്ള അഞ്ചോളം ജില്ലകളില്‍ ചെന്നു. ആറന്മുള, പന്തളം, ചെങ്ങന്നൂര്‍, കോഴഞ്ചേരി ഇടുക്കിയിലെ ചെറുതോണി അങ്ങനെ കുറേ സ്ഥലങ്ങള്‍ പോയി. അന്നത്തെ പ്രളയാനുഭവങ്ങള്‍, അന്ന് നടത്തിയ അതിജീവനം ഇവയെക്കുറിച്ചൊക്കെ അറിയാനായിരുന്നു ആ യാത്ര, അടയാളപ്പെടുത്തി വെക്കാനും. 

അതിനിടയിലാണ് കോഴഞ്ചേരിയിലെ ഈ വള്ളംവെച്ച പള്ളിക്കൂടത്തെ കുറിച്ച് അറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ തന്നെ ഇറങ്ങിയ മനുഷ്യരാണ് കൊല്ലം വാടിയിലെ മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് ബയ്‍സില്‍ ലാലുമായി ഇതിന്‍റെ ഭാഗമായി സംസാരിച്ചു. അദ്ദേഹമാണ് ഞങ്ങളോട് പറയുന്നത് ഈ സ്കൂളിന്‍റെ കാര്യം. പലരും ഈ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സേവനം മറന്നുപോവുകയാണ് ചെയ്തിട്ടുള്ളത്. അപ്പോഴാണ് ഇങ്ങനെയൊരു സ്കൂളില്‍ അവരെ എല്ലാ കാലവും ഓര്‍മ്മിക്കാനായി ഇങ്ങനെയൊരു സ്മാരകം ഉണ്ട് എന്ന് പറയുന്നത്. അങ്ങനെ ശ്രീരഞ്ജു എന്ന ടീച്ചറുമായി സംസാരിച്ചു. 

അന്നന്നത്തെ ഉപജീവനത്തിനായി കാറും കോളും നിറഞ്ഞ സമയത്തുവരെ കടലില്‍ പോയി ജീവിക്കുന്ന മനുഷ്യരാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ യാതൊരു പരിചയവുമില്ലാത്ത മനുഷ്യര്‍ക്കായി മുന്നുംപിന്നും നോക്കാതെ ഇറങ്ങി. അത് ഇനിവരുന്ന തലമുറയെ വരെ ഓര്‍മ്മിപ്പിക്കാനായി ഒരു സ്കൂളും... ഇതൊരു ചെറിയ സ്കൂളാണ്... അവിടെയുള്ളൊരു പ്രൈമറി സ്കൂള്‍ അധ്യാപികയ്ക്ക് ഇത് കണ്ടെത്താന്‍ പറ്റി. അവര്‍ അത് സ്മാരകമാക്കി... അത് ഇമോഷണലായിട്ടാണ് ഞങ്ങളെ സ്വാധീനിച്ചത്. 
എല്ലാവരും ആവശ്യം കഴിയുമ്പോള്‍ എല്ലാവരേയും മറക്കുന്നു. എന്നാല്‍, ഇനി വരുന്ന തലമുറയോട് കൂടി ഈ ചരിത്രം ഓര്‍മ്മിപ്പിക്കാനാണിത്. അത് അടയാളപ്പെടുത്തിവെക്കുകയാണ് നമ്മളും. -പ്രവീണ്‍ സി ജോസഫ് (സംവിധായകന്‍)

പ്രളയം പഠിപ്പിക്കുന്ന പാഠങ്ങള്‍

ഓരോ ദുരന്തവും മനുഷ്യനെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. സ്വാര്‍ത്ഥതയ്ക്ക് അവിടെ പിഴച്ചുപോകും. എന്‍റേത് എന്‍റേത് എന്നുപറഞ്ഞ് അടക്കിപ്പിടിച്ചതൊന്നും എല്ലാക്കാലവും കാണില്ലെന്നുള്ളതാണ് ദുരന്തങ്ങളുടെ ആദ്യപാഠം. അത് പഠിപ്പിക്കുന്ന വേറൊരു മനോഹരപാഠം കൂടിയുണ്ട് അത് കരുണയുടെ, കൈത്താങ്ങിന്‍റെ ഒക്കെ പാഠമാണ്. അതുവരെയാരുമല്ലാതിരുന്ന ചില മനുഷ്യരെല്ലാം നമ്മെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ കണ്ണ് നിറഞ്ഞൊഴുകിപ്പോവുന്നത് അതുകൊണ്ടാണ്. തോല്‍ക്കാന്‍ എനിക്ക് മനസില്ല എന്ന് അപ്പോള്‍ തൊട്ട് നാം പറഞ്ഞു തുടങ്ങുന്നു. ആരുമല്ലാതിരുന്ന മനുഷ്യര്‍ തിരികെത്തന്ന ജീവിതമാണ് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് നമ്മളും മനുഷ്യരായിത്തുടങ്ങുന്നത് അവിടെവച്ചാവാം. അതൊന്നും മറക്കുന്നവര്‍ മനുഷ്യരല്ല/ മൃഗവുമല്ല. 

മത്സ്യത്തൊഴിലാളികളെ കാണാതായാല്‍ ആദ്യം കരയിലുള്ള കടലിനെ അറിയാത്ത മനുഷ്യര്‍ പറയുന്നത് 'എത്ര പറഞ്ഞാലും അനുസരിക്കില്ല. കാറും കോളും നോക്കാതെ പോയിട്ടല്ലേ...' എന്നാവും. നോക്കൂ, അവരോട് നമ്മള്‍ കടലിനെ കുറിച്ച് പറയണ്ട അവര്‍ക്ക് അവരോളം തന്നെ കടലിനെ അറിയാം. അതവരുടെ ജീവിതമാണ്, ജീവനുമാണ്. ഓര്‍മ്മയില്ലേ? ഒന്നുരണ്ടാഴ്ചകള്‍ക്ക് മുമ്പ് കടലില്‍ പോയി കാണാതായ മത്സ്യത്തൊഴിലാളികള്‍ ആരുടെയും സഹായമില്ലാതെ തന്നെ തിരികെ കര പിടിച്ചത്. ആ മനുഷ്യര്‍ അങ്ങനെയാണ്. സുനാമി, ഓഖി... അങ്ങനെ എന്തൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും അവര്‍ അതിജീവിക്കും. 

ഈ അതിജീവനം പോലെ തന്നെയാണവര്‍ക്ക് കൂടെയുള്ളവരുടെ അതിജീവനവും. അതുകൊണ്ടാണ് ആര്‍ക്കും മുമ്പ് ഞങ്ങളുണ്ട് എന്ന് കേരളത്തോടവര്‍ പറയുന്നത്. അവരെ മനപ്പൂര്‍വം മറന്നു കളയുന്നവരോട്, ഒരു മഹാപ്രളയത്തിന്‍റെയും അന്ന് കരയെ താങ്ങിയ തുഴ പിടിച്ച് കരുത്ത് നേടിയ കരങ്ങളുടെയും കഥ പറയാനുണ്ടിനി നമുക്ക്. അത് പറഞ്ഞു തുടങ്ങുന്നത് നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നാകട്ടെ... അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ വള്ളംവെച്ച പള്ളിക്കൂടവും. 

 

click me!