ഇവരാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ വനിതാ അംഗങ്ങള്‍

By Web TeamFirst Published Apr 19, 2019, 6:15 PM IST
Highlights

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം തുല്യതയില്ല എന്നാണ്. ഇവിടെ സമത്വം ഇല്ലായെന്നാണ്. ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭരണഘടന രൂപീകരിക്കുമ്പോള്‍ അതിന് മാറ്റം വരണം. ഇന്ത്യയിലെ ഓരോ പൗരനുമുള്ള അവകാശം തന്നെ ഇവിടെ സ്ത്രീകള്‍ക്കും ഉണ്ടാകണം എന്നാണ്. 

ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ 15 വനിതാ അംഗങ്ങള്‍ ഇവരാണ്.

അമ്മു സ്വാമിനാഥന്‍
പാലക്കാട് ജില്ലയിലെ ആനക്കരയിലാണ് അമ്മുവിന്‍റെ ജനനം. 1917 -ല്‍ മദ്രാസില്‍ വുമണ്‍ ഇന്ത്യാ അസോസിയേഷന്‍ രൂപീകരിച്ചത് അമ്മു, ആനീ ബസന്‍റ്, മാര്‍ഗരറ്റ് കസിന്‍, മാലതി പട്വര്‍ധനന്‍, മിസിസ് ദാദാഭായ്, അംബുജാബാംള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. മദ്രാസ് കോണ്‍സ്റ്റിറ്റ്യൂവന്‍സിയില്‍ നിന്നും 1946 -ല്‍ അവര്‍ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ ഭാഗമായി. 

ഭരണഘടനാ നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ നവംബര്‍ 24-ന് നടന്ന ചര്‍ച്ചയില്‍ അമ്മു സ്വാമിനാഥന്‍ പറഞ്ഞത്, പുറത്തുള്ള ജനങ്ങള്‍ പറയുന്നത്, ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം തുല്യതയില്ല എന്നാണ്. ഇവിടെ സമത്വം ഇല്ലായെന്നാണ്. ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭരണഘടന രൂപീകരിക്കുമ്പോള്‍ അതിന് മാറ്റം വരണം. ഇന്ത്യയിലെ ഓരോ പൗരനുമുള്ള അവകാശം തന്നെ ഇവിടെ സ്ത്രീകള്‍ക്കും ഉണ്ടാകണം എന്നാണ്. 

1952 -ല്‍ ലോക്സഭയിലേക്കും, 1954 -ല്‍ രാജ്യസഭയിലേക്കും അമ്മു തെരഞ്ഞെടുക്കപ്പെട്ടു. സത്യജിത്ത് റായ് പ്രസിഡണ്ടായിരിക്കെ ഫെഡറേഷന്‍ ഫിലിം സൊസൈറ്റി വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു അമ്മു. ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്, സെന്‍സര്‍ ബോര്‍ഡ് എന്നിവയുടെ ഭാഗമായും അമ്മു പ്രവര്‍ത്തിച്ചു. 

ദാക്ഷായണി വേലായുധന്‍
1912 ജൂലായ് നാലിന് കൊച്ചിയിലെ ബോള്‍ഗാട്ടിയിലാണ് ദാക്ഷായണി വേലായുധന്‍ ജനിച്ചത്. പുലയ സമുദായത്തില്‍ ജനിച്ച ദാക്ഷായണി വേലായുധന്‍ അധസ്ഥിതരെന്ന് വിളിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നവരാണ്. സമുദായത്തില്‍ നിന്നും വിദ്യാഭ്യാസം നേടുന്നവരില്‍ ആദ്യത്തേതില്‍ ഒരാളായിരുന്നു ദാക്ഷായണി വേലായുധന്‍. 

1945 -ല്‍ ദാക്ഷായണി കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1946 -ല്‍ കോണ്‍സ്റ്റിറ്റിയൂവന്‍റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ദളിത് സ്ത്രീയും അവരായിരുന്നു. ചര്‍ച്ചകളില്‍ ഡോ. ബി.ആര്‍ അംബേദ്കറിനൊപ്പം ചേര്‍ന്ന് അയിത്തതിനെതിരെയും അനാചാരത്തിനെതിരെയും ശബ്ദമുയര്‍ത്തിയ ആളായിരുന്നു ദാക്ഷായണി വേലായുധന്‍. ഇതിന്‍റെ പേരില്‍ നെഹ്റുവിനോടും അംബേദ്കറോടും കലഹിക്കുക വരെ ചെയ്തു ദാക്ഷായണി വേലായുധന്‍.

ബീഗം അയിസാസ് റസൂല്‍
മലേര്‍കൊട്ട്ലയിലെ രാജകുടുംബത്തിലായിരുന്നു ബീഗം അയിസാസ് റസൂലിന്‍റെ ജനനം. ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏക മുസ്ലിം അംഗമായിരുന്നു. ബീഗവും ഭര്‍ത്താവും മുസ്ലിം ലീഗില്‍ ചേര്‍ന്നു. 1937 -ല്‍ യു.പിയില്‍ നിന്നും അയിസാസ് റസൂല്‍ തെരഞ്ഞെടുക്കപ്പെട്ടു. 
1950 -ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1952 -ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1960 ലും 71 ലും ബീഗമായിരുന്നു സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് മൈനോറിറ്റീസ് വകുപ്പ് മന്ത്രി. 

ദുര്‍ഗാബായ് ദേശ്മുഖ്
1909 ജൂലായ് 15 -ന് രാജമുണ്ട്രിയിലാണ് ജനനം. നിസഹകരണപ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത ആളായിരുന്നു ദുര്‍ഗാബായ് ദേശ്മുഖ്. 1936 -ല്‍ ദുര്‍ഗാബായ്യുടെ നേതൃത്വത്തില്‍ ആന്ധ്രാ മഹിളാ സഭ രൂപീകരിച്ചു. സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വിമന്‍സ് എജുക്കേഷന്‍ ആന്‍ഡ് നാഷണല്‍ കമ്മിറ്റി ഓണ്‍ ഗേള്‍സ് ആന്‍ഡ് വിമന്‍സ് എജുക്കേഷന്‍ എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചു. പ്ലാനിങ് കമ്മീഷന്‍ അംഗവുമായിരുന്നു. 

ഹന്‍സ ജീവ്രാജ് മേത്ത
ബറോഡയില്‍ 1897 -ല്‍ ജനനം. 1945-46 -ല്‍ വനിതാ കോണ്‍ഫറന്‍സ് പ്രസിഡണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായിരുന്ന ഹന്‍സ കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങളെഴുതുകയും ചെയ്തു. സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തു. വിദേശ വസ്ത്രങ്ങളും മദ്യവും വില്‍ക്കുന്നയിടങ്ങളില്‍ പിക്കറ്റിങ്ങും സംഘടിപ്പിച്ചു.

കമല ചൗധരി 
ലക്നൗവിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു കമല ചൗധരിയുടെ ജനനം. പക്ഷെ, അപ്പോഴും വിദ്യാഭ്യാസം നേടിയെടുക്കാനായി അവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നു. നിസ്സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി 54 -ാം  സെഷന്‍റെ വൈസ് പ്രസിഡണ്ടായിരുന്നു കമല. എഴുപതുകളുടെ അവസാനം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരി കൂടിയായിരുന്നു കമല ചൗധരി. 

ലീല റോയ്
1900 ഒക്ടോബറില്‍ ആസ്സാമില്‍ ജനനം. ലീലയുടെ പിതാവ് ഡെപ്യൂട്ടി മജിസ്ട്രേറ്റ് ആയിരുന്നു. ബെഥുന്‍ കോളേജില്‍ നിന്നാണ് ലീലാ റോയ് ബിരുദമെടുത്തത്. ആള്‍ ബംഗാള്‍ വുമണ്‍ സഫ്രേജ് കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു. 1937 -ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഭാഷ് ചന്ദ്രബോസിന്‍റെ വനിതാ സബ് കമ്മിറ്റിയില്‍ അംഗം. 

മാലതി ചൗധരി
1904 -ല്‍ ബംഗാളില്‍ ജനനം. ഇന്ത്യൻ പൗരാവകാശ പ്രവർത്തകയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു മാലതി ചൗധരി. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മാലതി ചൗധരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നത്. 

പൂര്‍ണിമ ബാനര്‍ജി
1911 -ലാണ് പൂര്‍ണിമാ ബാനര്‍ജിയുടെ ജനനം. 46 മുതല്‍ 50 വരെ സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടനയുടെ ഭാഗവുമായി പ്രവര്‍ത്തിച്ചു. അലഹബാദിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത് ജയിലിലടക്കപ്പെട്ടിരുന്നു. പിന്നീട് ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗവും ഇന്ത്യൻ ഭരണഘടനാ സമിതിയിൽ അംഗവും ആയി.

രാജ കുമാരി അമൃതകൗര്‍
1889 ഫെബ്രുവരി രണ്ടിന് ലഖ്നൗവില്‍ ജനനം. ഇംഗ്ലണ്ടില്‍ ഉപരിവിദ്യാഭ്യാസം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സാമൂഹിക പ്രവര്‍ത്തകയായി. ഗാന്ധിജിയുടെ സെക്രട്ടറി എന്ന നിലയില്‍ 16 കൊല്ലം സേവനമനുഷ്ടിച്ചു. ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെത്തുടർന്ന് ജയിൽ വാസം അനുഭവിച്ചു. 1946-ൽ യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിന്റെ ഉപനേതാവായിരുന്നു ഇവർ. 

രേണുക റായ് 
ഐ സി എസ് ഓഫീസര്‍ സതീഷ് ചന്ദ്ര മുഖര്‍ജി, സാമൂഹ്യ പ്രവര്‍ത്തകയായ ചാരുലത മുഖര്‍ജിയുടേയും മകള്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും ബിരുദം. 1934 -ല്‍ AIWC ലീഗല്‍ സെക്രട്ടറി ആയിരുന്നു. 1952 മുതല്‍ 57 വരെ ബംഗാള്‍ നിയമസഭാംഗം. 

സരോജിനി നായിഡു
1897 -ലാണ് ജനനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യ വനിതാ പ്രസിഡണ്ടായിരുന്നു സരോജിനി നായിഡു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 

സുചേത കൃപാലിനി 
1908 ലാണ് സുചേതയുടെ ജനനം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്‍റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. 1940 -ല്‍ കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗം രൂപീകരിച്ചു.

വിജയലക്ഷ്മി പണ്ഡിറ്റ്
ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ സഹോദരിയാണ് വിജയലക്ഷ്മി പണ്ഡിറ്റ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഒന്നും മൂന്നും നാലും ലോകസഭയില്‍ അംഗമായിരുന്നു.

click me!