ബിഹാറിലേക്ക് തിരിച്ചുവരേണ്ടത് 17 ലക്ഷം കുടിയേറ്റ തൊഴിലാളികൾ; നിഷേധാത്മകസമീപനവുമായ നിതീഷ് കുമാർ സർക്കാർ

By Web TeamFirst Published May 5, 2020, 11:33 AM IST
Highlights

ഇത്രയ്ക്കധികം പേർ ഒന്നിച്ച് തിരിച്ചുവന്നാൽ അങ്ങനെയൊരു സാഹചര്യത്തെ നേരിടാൻ വേണ്ട സംവിധാനങ്ങൾ തല്ക്കാലം എന്തായാലും ബിഹാർ ഗവൺമെന്റിന്റെ പക്കലില്ല


ബീഹാർ സർക്കാരിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിയിട്ടുള്ളത് കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, മറ്റു ജീവനക്കാർ എന്നിവരടങ്ങുന്ന പതിനേഴു ലക്ഷത്തിലധികം വരുന്ന ബിഹാർ സ്വദേശികളാണ്. ഇവരിൽ പലരും ഈ കൊവിഡ് ഭീതിക്കാലത്ത് തിരികെ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. മാർച്ച് 24 -ന് മുന്നറിയിപ്പൊന്നും കൂടാതെ കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അന്തർസംസ്ഥാന യാത്രക്ക് വിലക്കേർപ്പെടുത്തിയതോടെയാണ് ഇത്രയധികം ബിഹാർ സ്വദേശികൾ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയത്. എന്നാൽ, ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ട് വരുന്നത് സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നയം ഏറെ നിഷേധാത്മകമാണ്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നിട്ടും സംസ്ഥാന സർക്കാർ സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ഇന്നുവരെ ഒരുഷാറും കാണിച്ചിരുന്നില്ല. 

 

എന്നാൽ, ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവുപ്രകാരം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ നിര്ബന്ധിതമായിരിക്കുകയാണ് ബിഹാർ ഗവൺമെന്റ്. എന്നാൽ ഇതുസംബന്ധിച്ചുള്ള തയ്യാറെടുപ്പുകളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയുടെ പ്രതികരണം മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് ഒട്ടും പ്രതീക്ഷ പകരുന്നതല്ല." ഇത്രയ്ക്കധികം പേർ ഒന്നിച്ച് തിരിച്ചുവന്നാൽ അങ്ങനെയൊരു സാഹചര്യത്തെ നേരിടാൻ വേണ്ട സംവിധാനങ്ങൾ തല്ക്കാലം എന്തായാലും ബിഹാർ ഗവൺമെന്റിന്റെ പക്കലില്ല." എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ലക്ഷണമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

ഇങ്ങനെ പുറംനാടുകളിൽ കുടുങ്ങിക്കിടക്കുവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ എന്തായാലും രാഷ്ട്രീയക്കളികളിൽ ഭീഷ്മാചാര്യനെന്ന വിശേഷണം നേടിയിട്ടുള്ള മുഖ്യമന്ത്രി നിതീഷ് കുമാർ ഇക്കാര്യത്തിൽ എന്തായാലും ശരിക്ക് കുടുങ്ങിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കാര്യം, കൊണ്ടുവരാണുള്ളത് നൂറോ ആയിരമോ പേരെയല്ല. പതിനേഴു ലക്ഷം പേരെയാണ്. അവരിൽ പലർക്കും കൊവിഡ് ബാധ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ വിഷയം വളരെ ഗുരുതരമാണ്. ഈ വിഷയം ചർച്ച ചെയ്യാൻ വേണ്ടി വെള്ളിയാഴ്ച മുഖ്യമന്ത്രി വകുപ്പുതലവന്മാരുടെയും മന്ത്രിമാരുടെയും ഒരു ഉന്നതതലസമിതി മീറ്റിങ് വിളിച്ചിട്ടുണ്ട്. 

WHO യുടെയും കേന്ദ്രസർക്കാരിന്റെയും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാൽ പുറത്തുനിന്ന് ഇങ്ങനെ വന്നെത്തുന്നവരെ 21 ദിവസത്തേക്കെങ്കിലും ക്വാറന്റൈനിൽ സൂക്ഷിക്കാതിരിക്കാനാവില്ല. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങനെ വന്നെത്തുന്ന ലക്ഷക്കണക്കിന് പേരെ മൂന്നാഴ്ചത്തെ ക്വാറന്റൈനിൽ പാർപ്പിക്കാനും അവർക്ക് വേണ്ട ആഹാരവും മറ്റു സൗകര്യങ്ങളും നൽകാനും ഒക്കെയുള്ള സംവിധാനങ്ങൾ ബിഹാർ സർക്കാരിന്റെ പക്കലുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇങ്ങനെ ജോലി സ്ഥലങ്ങളിൽ നിന്ന് തിരിച്ചു വന്ന് സർക്കാരിന് വേണ്ടി ക്വാറന്റൈനിൽ കിടക്കാൻ പോകുന്നവരുടെ കുടുംബങ്ങളിൽ എങ്ങനെ അടുപ്പിൽ തീപുകയും എന്ന ചോദ്യത്തിനും സർക്കാർ തന്നെയാണ് സമാധാനമുണ്ടാക്കേണ്ടത്. 

 

 

പട്ന, ഗയ, മുസഫർപൂർ, ദർബംഗ പോലുള്ള പട്ടണങ്ങൾ ഒഴിവാക്കിയാൽ ഗ്രാമഗ്രാമാന്തരങ്ങളിൽ പരന്നു കിടക്കുന്ന ബിഹാറിന് കേരളത്തിന്റെ മൂന്നിരട്ടിയോളം വലിപ്പമുണ്ട്. സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പലയിടത്തും ക്വാറന്റൈൻ സെന്ററുകൾ ഇല്ല. പ്രദേശത്തെ സ്‌കൂളുകളെയാണ് ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റാൻ ജില്ലാ അധികാരികൾ ആലോചിക്കുന്നത്. രോഗികളെത്തുന്ന മുറക്ക്, അവിടേക്ക് വേണ്ട കിടക്കകളും ഭക്ഷണവും ഒക്കെ എത്തിക്കും എന്നാണ് അവർ പറയുന്നത്. 

സംസ്ഥാനത്തെ 8000 പഞ്ചായത്തുകളിലായി  ആകെയുള്ള ക്വാറന്റൈൻ സെന്ററുകളുടെ എണ്ണം 305 ആണ്. ലക്ഷക്കണക്കിന് പേർ തിരികെയെത്തുന്ന സാഹചര്യമുണ്ടായാൽ അവർക്ക് ഭക്ഷണമൊരുക്കുന്ന കാര്യത്തിൽ പ്രശ്നമുണ്ടാവില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട് ഇപ്പോൾ തന്നെ. പലരിലേക്കും സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ എത്തിച്ചേരാത്ത സാഹചര്യം നിലവിലുണ്ട്. പുതുതായി വന്നെത്താനിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഊട്ടാൻ വേണ്ട ധാന്യം അനുവദിക്കണം എന്ന് കാണിച്ചു കൊണ്ട് ബിഹാർ സംസ്ഥാന ഭക്ഷ്യ വകുപ്പ് കേന്ദ്രത്തിനു കത്തെഴുതിയിരുന്നു എങ്കിലും ഇതുവരെ അനുകൂലമായ ഒരു മറുപടി കിട്ടിയിട്ടില്ല. മുപ്പതു ലക്ഷം കുടുംബങ്ങൾക്ക് വേണ്ട ധാന്യം നൽകണം എന്നാണ് കേന്ദ്രത്തോട് ബിഹാർ ആവശ്യപ്പെട്ടിട്ടുള്ളത്. 

റേഷൻ നൽകണമെങ്കിൽ കൃത്യമായ ലിസ്റ്റ് നൽകണം എന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ പറയുന്നത്. ബിഹാറിൽ ആ ലിസ്റ്റ് ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ബിഹാർ കേന്ദ്രത്തിനയച്ച ലിസ്റ്റിൽ 14 ലക്ഷം പേർ കൂടുതലുണ്ട് എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അത് ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവ് നിമിത്തമാണ് എന്ന് സംസ്ഥാന ഭക്ഷ്യവകുപ്പിൽ നിന്ന് വിശദീകരണം ഉണ്ടായിരുന്നു. 

പല ഗ്രാമങ്ങളിലേക്കും സൈക്കിളിലും, നടന്നും, ലോറികളിൽ കയറിയുമൊക്കെ പലരും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ വന്നെത്തിയിട്ടുണ്ട്. അവരിൽ പലരെയും സ്‌ക്രീൻ ചെയ്യാനോ ഐസൊലേറ്റ് ചെയ്യാനോ ഒന്നും പലയിടത്തും അധികാരികൾ ശ്രദ്ധിച്ചിട്ടില്ല. അങ്ങനെ നൂറുകണക്കിന് പേർ ഇതിനകം തന്നെ ബിഹാറിലുണ്ട്. അതിൽ എത്രപേർക്ക് കൊറോണവൈറസ് ബാധയുണ്ട് എന്നോ, എത്രപേർ അസുഖം പരത്തുന്നുണ്ട് എന്നോ സർക്കാരിന് യാതൊരു നിശ്ചയവും ഉണ്ടെന്നു തോന്നുന്നില്ല. 

 

 

രോഗബാധിതരായി എത്തുന്നവരുടെ കാര്യത്തിലുള്ള അതേ ആശങ്ക ബിഹാർ സർക്കാർ ഇപ്പോൾ പറയുന്ന കണക്കുകളുടെ കാര്യത്തിലും ഉണ്ട്. ഏപ്രിൽ രണ്ടു മുതൽ വീടുവീടാന്തരം കയറിയിറങ്ങി 68 ലക്ഷം പേരുടെ ഡാറ്റ ശേഖരിച്ചു കഴിഞ്ഞു എന്നാണ് സർക്കാരിന്റെ അവകാശവാദം. ഇങ്ങനെ ഡാറ്റ ശേഖരിച്ചപ്പോൾ 3275 പേർക്ക് ചുമയും ജലദോഷ ലക്ഷണങ്ങളും കണ്ടെത്തി എന്ന് സർക്കാർ പറയുമ്പോഴും ബിഹാറിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ആകെയുള്ളത് 2112 പേർ മാത്രമാണ്. എന്നാൽ അതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് സർക്കാർ നൽകുന്ന മറുപടി ഇങ്ങനെ. മേൽപ്പറഞ്ഞ കണക്കുകൾ ആരോഗ്യ വകുപ്പ് നടത്തുന്ന ക്വാറന്റൈൻ സെന്ററുകളുടേത് മാത്രമാണ്. ദുരന്തനിവാരണവകുപ്പിന്റെ കീഴിൽ 1387 ക്വാറന്റൈൻ സെന്ററുകളിലായി 13,800 പേർ വേറെയും നിരീക്ഷണത്തിലുണ്ടത്രെ. എന്നാൽ ഈ കണക്കുകൾ പ്രകാരമുള്ള ക്വാറന്റൈൻ സെന്ററുകൾ പഞ്ചായത്തുകളിൽ പലതിലും നേരിൽ കാണാനില്ല എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചുമയും മറ്റും കൊവിഡിന്റെ ലക്ഷണം ആകണമെന്നില്ലെങ്കിലും, ലക്ഷണമുള്ളവരെപ്പോലും ശരിയായി ട്രാക്ക്  ചെയ്യാൻ മിനക്കെടാതെ സർക്കാർ എങ്ങനെയാണ് ലക്ഷ്യമില്ലാതെ കൊവിഡ് പരത്തുന്നവരെ നിരീക്ഷിക്കുക എന്നാണ് ആരോഗ്യ രംഗത്തെ നിരീക്ഷകർ ചോദിക്കുന്നത്. 

click me!