കുട്ടികൾ വിശ്വസിച്ച് ലിഫ്റ്റ് ചോദിച്ച് കാറിൽ കയറി, ശേഷം കണ്ടെത്തിയത് അവരുടെ മൃതദേഹങ്ങൾ, കുപ്രസിദ്ധമായ രംഗ-ബില്ല കേസ്

By Web TeamFirst Published Nov 30, 2019, 2:37 PM IST
Highlights

വഴിയിൽ വെച്ച് ആരെയെങ്കിലുമൊക്കെ കൊള്ളയടിക്കാമെന്ന ഉദ്ദേശ്യത്തോടെ രംഗയും ബില്ലയും കാറുമെടുത്ത് പുറപ്പെട്ടുവരുന്ന വഴിക്കാണ് അവരോട് ഗീതയും സഞ്ജയും ലിഫ്റ്റ് ചോദിക്കുന്നത്.

ഈ ദശാബ്ദത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ-ബലാത്സംഗ-കൊലപാതക കുറ്റകൃത്യമായിരുന്നു നിർഭയ കേസ്. അതുപോലെ ക്രൂരമായ ഒരു സംഭവമാണ് ഇപ്പോൾ ഹൈദരാബാദിൽ നടന്നിരിക്കുന്നതും. ഈ കേസ് ഇപ്പോൾ ഓർമ്മയിലേക്ക് കൊണ്ട് നിർത്തുന്നത് 1978 -ൽ ദില്ലിയിൽ നടന്ന, ഇത്തരത്തിലുള്ള കേസുകളിൽ ഒരുപക്ഷേ, ഇന്ത്യയിൽ ആദ്യത്തേത് എന്നുതന്നെ പറയാവുന്ന ഒന്നായ കുപ്രസിദ്ധമായ 'രംഗ-ബില്ല' കേസാണ്. ഇന്ത്യ ഒന്നടങ്കമുള്ള ജനങ്ങൾ അന്ന് ആ കേസിലെ പ്രതികളെ പിടികൂടാൻ മുറവിളികൂട്ടി. അവർക്ക് പരമാവധി ശിക്ഷ തന്നെ നൽകണം എന്ന് സമ്മർദ്ദമുയർത്തി. ഒടുവിൽ വിചാരണ പൂർത്തിയാക്കി, അവർ തീർത്തും അർഹിച്ചിരുന്ന കഴുമരം തന്നെ അവരെ തേടിയെത്തുകയും ചെയ്തു. ഇന്ത്യയിൽ, ആദ്യമായി ഏറെ ജനശ്രദ്ധയാകർഷിച്ച ക്രിമിനൽ കേസുകളിൽ ഒന്നായിരുന്നു രംഗ ബില്ല കേസ്.  "ഒന്നിന് പിന്നാലെ ഒന്നായി പല കേസുകളിൽ ഉൾപ്പെടുത്തി എന്നെ പുറത്തിറക്കരുത് എന്ന വാശിയോടെ ജാമ്യം നിഷേധിക്കാൻ ഞാനെന്താ വല്ല രംഗയോ ബില്ലയോ മറ്റോ ആണോ ? "എന്ന് കഴിഞ്ഞ ദിവസം പി ചിദംബരവും കോടതിയിൽ വിചാരണയ്ക്കിടെ ഈ കേസിനെപ്പറ്റി പരാമർശിക്കുകയുണ്ടായി  ജാമ്യം നല്കിപ്പോലും പുറത്തിറക്കാതിരിക്കാൻ മാത്രം കൊടുംകുറ്റവാളികൾ എന്ന് സമൂഹം കണ്ടിരുന്ന,വിചാരണക്ക് ശേഷം കഴുവേറ്റപ്പെട്ട രംഗാ ബില്ല മാരെപ്പറ്റിയാണ് ഇനി.

ദില്ലിയെ ഞെട്ടിച്ച അപഹരണം 

ഈ കേസ് 'ഗീത & സഞ്ജയ് ചോപ്ര കൊലക്കേസ്'എന്നും അറിയപ്പെടുന്നുണ്ട്. കേസിലെ ഇരകളായിരുന്നു ഈ സഹോദരങ്ങൾ. ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ ആയിരുന്ന മദൻ മോഹൻ ചോപ്രയുടെ മക്കൾ. പതിനാറര വയസ്സുണ്ടായിരുന്ന ഗീതാ ചോപ്ര ദില്ലി ജീസസ് ആൻഡ് മേരി കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയായിരുന്നു. പതിനാലുകാരനായ സഞ്ജയ് ദില്ലി മോഡേൺ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും. കുപ്രസിദ്ധരായ രണ്ടു പോക്കിരികളായിരുന്നു കുൽജീത് സിംഗ് എന്ന രംഗയും, ജസ്ബീർ സിങ് എന്ന ബില്ലയും. നാടുചുറ്റിനടന്ന് കൊള്ളയും കൊലയും തന്നെയായിരുന്നു അവരുടെ സ്ഥിരം പരിപാടി. മുംബൈയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ അവർ  HRK 8930 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള മസ്റ്റാർഡ് കളർ ഫിയറ്റ് കാർ മോഷ്ടിച്ചെടുത്തു. ആ കാറിൽ ദില്ലിയിലെ നിരത്തിലൂടെ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു അവർ. ദില്ലി അന്ന് ഇന്നത്തെയപേക്ഷിച്ച് വളരെ ശാന്തമായിരുന്നു. കുറ്റകൃത്യങ്ങൾ ഇന്നത്തെയത്ര ദില്ലിയുടെ സമാധാനാന്തരീക്ഷത്തെ തകർത്തിരുന്നില്ല. കുട്ടികളെ ലിഫ്റ്റ് ചോദിച്ചുവാങ്ങി യാത്ര ചെയ്യാൻ മാതാപിതാക്കൾ അനുവദിക്കുമായിരുന്നു അന്നൊക്കെ. അത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു അക്കാലത്ത്.



1978 ഓഗസ്റ്റ് 26 ശനിയാഴ്ച ദിവസം ഗീതയ്ക്കും സഞ്ജയിനും ആകാശവാണിയുടെ യുവവാണിയിൽ ഒരു ലൈവ് റേഡിയോ പ്രോഗ്രാം അവതരിപ്പിക്കാനുണ്ടായിരുന്നു. വീട്ടിൽ നിന്ന് അവർ ലിഫ്റ്റ് പിടിച്ച് സൻസദ് മാർഗിലെ ആകാശവാണിയിലേക്ക് ചെല്ലും, റെക്കോർഡിങ് പൂർത്തിയാക്കും. അച്ഛൻ അവരെ രാത്രി ഒമ്പതുമണിയോടെ ചെന്ന് ആകാശവാണി ഗേറ്റിൽ നിന്ന് പിക്കപ്പ് ചെയ്യും. ഇതായിരുന്നു അവർ തമ്മിലുള്ള ധാരണ.

എള്ളുനിറത്തിലുള്ള ആ ഫിയറ്റ് കാർ 

വീട്ടിനടുത്തുള്ള ധൗലാ കുവാ എന്ന സ്ഥലത്തെ റൗണ്ടബൗട്ടിനടുത്തു വെച്ച് കുട്ടികൾ എള്ളുനിറത്തിലുള്ള ഒരു കാറിൽ ലിഫ്റ്റ് ചോദിച്ച് കേറിപ്പോവുന്നത് പ്രദേശവാസിയായ എം എസ് നന്ദ കാണുകയുണ്ടായി. അപ്പോൾ ചെറിയൊരു ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. 6.30  അടുപ്പിച്ചു ഗുരുദ്വാരാ ബംഗ്ളാ സാഹിബിനടുത്തു വെച്ച്, നോർത് അവന്യൂ ലക്ഷ്യമിട്ട് ചീറിപ്പായുന്ന അതേ കാർ ഭഗവാൻ ദാസ് എന്ന മറ്റൊരു സാക്ഷിയും കണ്ടു. ആ കാറിനുള്ളിൽ നിന്ന് ചീറിവിളിക്കുന ശബ്ദങ്ങൾ കേട്ട് അയാൾ ഓടിച്ചെന്നു. മുന്നിലെ സീറ്റിൽ രണ്ടു പുരുഷന്മാർ ഇരിക്കുന്നു. പിന്നെ സീറ്റിൽ രണ്ടു കുട്ടികളും. ദാസ് നോക്കുമ്പോൾ, ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാളിന്റെ മുടിക്ക് പിടിച്ച് പിന്നിലേക്ക് വലിക്കുകയാണ് ആ പെൺകുട്ടി. ആൺകുട്ടിയാകട്ടെ, ഡ്രൈവർക്കൊപ്പമുള്ളയാളോട് മല്ലുപിടിക്കയും. കാർ വളരെ വേഗത്തിൽ ചീറിപ്പാഞ്ഞുപോയി. അതുകൊണ്ടുതന്നെ ദാസിന് ആ കാർ തടുത്തു നിർത്താനായില്ല. കാർ വില്ലിങ്ടൻ ആശുപത്രിയുടെ ദിശയിലേക്ക് വേഗത്തിൽ ഓടിച്ചുകൊണ്ടുപോയി. പക്ഷേ, അയാൾ കാറിന്റെ നമ്പർ, HRK 8930,  ഓർത്തുവെച്ചു. ഈ വിവരം 6.45  ആയപ്പോഴേക്കും അയാൾ ദില്ലിപൊലീസിൽ വിളിച്ചു പറഞ്ഞു. എന്നാൽ, പൊലീസ് കൺട്രോൾ റൂം ഓപ്പറേറ്റർ ആ നമ്പർ എഴുതിയെടുത്തപ്പോൾ തെറ്റിപ്പോയിരുന്നു. MRK 8930.



അവിടെ നിന്ന് രണ്ടോ മൂന്നോ സിഗ്നൽ അപ്പുറം വീണ്ടുമൊരാൾ കൂടി ഈ കുട്ടികളുടെ രക്ഷപ്പെടാനുള്ള ശ്രമം കാണുകയുണ്ടായി. ദില്ലി ഡെവലപ്പ്മെന്റ് അതോറിറ്റിയിലെ ജൂനിയർ എഞ്ചിനീയറായിരുന്ന ഇന്ദർജീത് സിംഗ്. സ്‌കൂട്ടറിൽ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന സിംഗ് വില്ലിങ്ടൻ ആശുപത്രിക്കടുത്തുള്ള ബാബാ ഖഡക് സിംഗ് മാർഗിൽ വെച്ച് ഏകദേശം 6.45 അടുപ്പിച്ച് കാർ കണ്ടു. അപ്പോഴും കാറിനുള്ളിൽ പോരാട്ടം നടക്കുകയായിരുന്നു. സിങ്ങ് സ്‌കൂട്ടറുമായി കാറിനടുത്തെത്തി, കാര്യം തിരക്കി. ആൺകുട്ടി തന്റെ ചോരപൊടിഞ്ഞ ചുമൽ കാണിച്ച് സിങിനോട് സഹായമിരന്നു.  സിംഗ് കാറിനെ പിന്തുടർന്നു. കാർ ശങ്കർ മാർഗിലേക്ക് തിരിഞ്ഞു. സിംഗ് പിന്നാലെ ചെന്നു. എന്നാൽ, അവിടെ വെച്ച് ഒരു റെഡ് ലൈറ്റ് ജമ്പ് ചെയ്തുകൊണ്ട് പാഞ്ഞുപോയ കാറിനെ തടയാൻ സിംഗിനായില്ല. ഇന്ദർജീത് സിംഗ് എന്തായാലും നമ്പർ കൃത്യമായിത്തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞുകൊടുത്തു. ആ വിവരത്തിന്മേലും, എന്തുകൊണ്ടോ ഫലപ്രദമായ ഒരു നടപടിയും ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

എട്ടുമണിയോടെ ക്യാപ്റ്റൻ ചോപ്രയും ഭാര്യയും തങ്ങളുടെ മക്കളുടെ പ്രോഗ്രാം കേൾക്കാൻ വേണ്ടി റേഡിയോ ട്യൂൺ ചെയ്തു. മക്കളുടെ ശബ്ദം കേൾക്കാഞ്ഞപ്പോൾ, സാങ്കേതികമായ എന്തെങ്കിലും കാരണത്താൽ പരിപാടി റദ്ദാക്കപ്പെട്ടതാകും എന്നുകരുതി. എന്തായാലും, എട്ടേ മുക്കാലോടെ ക്യാപ്റ്റൻ ചോപ്ര തന്റെ സ്‌കൂട്ടറിൽ  സൻസദ് മാർഗിലുള്ള ആകാശവാണി ഗേറ്റിലെത്തി. സ്ഥിരം നിൽക്കാറുള്ള ഇടത്ത് മക്കളെ കണ്ടില്ല. അടുത്തുള്ള PCO ബൂത്തിൽ കേറി ക്യാപ്റ്റൻ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു ചോദിച്ചു. "മക്കൾ എത്തിയോ?" ഇല്ലെന്നുള്ള മറുപടി ഭാര്യയിൽ നിന്ന് കിട്ടിയതോടെ അദ്ദേഹം ആകെ പരിഭ്രാന്തനായി. വീട്ടിലേക്ക് തിരികെച്ചെന്ന ക്യാപ്റ്റൻ പിന്നെ, മക്കൾ ചെന്നിട്ടുണ്ടാകാൻ സാധ്യതയുള്ള എല്ലാ ബന്ധുമിത്രാദികളുടെ വീടുകളിലേക്കും മാറിമാറി വിളിച്ചുകൊണ്ടിരുന്നു. അപ്പോഴൊന്നും ഒരു തട്ടിക്കൊണ്ടുപോകലിന്റെ സാധ്യത വീട്ടുകാരുടെ മനസിലൂടെ കടന്നുപോയിരുന്നില്ല.

അന്നേദിവസം രാത്രി 10.15 ന് ആ കുറ്റവാളികളിൽ ഒരാളായ ബില്ല, പങ്കാളി രംഗയോടൊപ്പം വില്ലിങ്ടൻ ആശുപത്രിയിൽ അടിയന്തരശുശ്രൂഷ തേടിച്ചെന്നിരുന്നു.  അയാളുടെ തലയിൽ സാമാന്യം വലിയൊരു മുറിവുണ്ടായിരുന്നു. തന്നെ ഒരു മോഷണശ്രമത്തിനിടെ കള്ളന്മാർ അക്രമിച്ചതാണ് എന്ന് ബില്ല ഡോക്ടറോട് പറഞ്ഞു. ആശുപത്രിയിൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ രൺബീർ സിങ്ങ് ബില്ലയുടെ മൊഴി രേഖപ്പെടുത്തി. കാളി മന്ദിറിന് അടുത്തുള്ള ഇടറോഡിൽ വെച്ചാണ് അക്രമിക്കപ്പെട്ടതെന്നും, തങ്ങളുടെ വാച്ച് മോഷ്ടിക്കപ്പെട്ടു എന്നും അവർ സിങിനോട് പറഞ്ഞു. രാത്രി പതിനൊന്നോടെ മന്ദിർ മാർഗ് സ്റ്റേഷനിൽ നിന്ന് ഇരുവരുടെയും വിശദമായ മൊഴിയെടുക്കാൻ രണ്ടു പൊലീസുകാരെക്കൂടി പറഞ്ഞയച്ചു.  ഈ പൊലീസുകാർ സംഭവം നടന്നിടുത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ, ഇരുവരും തങ്ങൾ വന്ന കാറിൽ തന്നെ കയറ്റി പൊലീസുകാരെ കൊണ്ടുപോയി. അവർ ചൂണ്ടിക്കാണിച്ചിടത്ത് അങ്ങനെ ഒരു സംഭവം നടന്ന ലക്ഷണം കാണാഞ്ഞപ്പോൾ, അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ വന്നു മൊഴിതരണം എന്നും പറഞ്ഞാണ് പൊലീസുകാർ അവരെ വിട്ടത്. എന്നാൽ, അടുത്ത ദിവസം അവർ തിരികെ ചെന്നില്ല. അന്വേഷണത്തിൽ, അവർ തന്ന മൊഴിയിലെ അഡ്രസ്സും, അവർ വന്ന കാറിന്റെ നമ്പറും ഒക്കെ വ്യാജമാണ് എന്ന് തെളിഞ്ഞു. ഹോസ്പിറ്റലിൽ വരാൻ നേരം, ഇരുവരും ആ ഫിയറ്റ് കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി ഒരു സ്‌കൂട്ടറിന്റെ നമ്പർ ആക്കിയിരുന്നു. DHI 280.

 മൃതദേഹങ്ങൾ കണ്ടെടുക്കപ്പെടുന്നു 

രണ്ടു ദിവസം കഴിഞ്ഞാണ്, കാലിയെ മേക്കാൻ പോയ ധനിറാം എന്ന ഒരു ഇടയൻ ഈ രണ്ടുകുട്ടികളുടെയും മൃതദേഹങ്ങൾ ദില്ലിയുടെ വിദൂരഗ്രാമങ്ങളിൽ ഒന്നിലെ പുൽമേടിനുള്ളിൽ നിന്ന് കണ്ടെടുക്കുന്നത്.  അയാൾ ഈ വിവരം നൈറ്റ് പട്രോളിങ്ങിനിറങ്ങിയ കോൺസ്റ്റബിളിനെ അറിയിച്ചു. കുട്ടികളെ കാണ്മാനില്ല എന്നൊരു കേസ് ദില്ലിപോലീസിന് കിട്ടിയിട്ടുണ്ടായിരുന്നതിനാൽ ക്യാപ്റ്റനെയും ഭാര്യയെയും വിളിപ്പിച്ചു. തിരിച്ചറിയൽ നടത്തി. അവർ അത് തങ്ങളുടെ കുട്ടികൾ തന്നെ എന്ന കാര്യം സ്ഥിരീകരിച്ചു.

അടുത്ത ദിവസം, അതായത് ഓഗസ്റ്റ് 29 -നാണ് ദില്ലി പൊലീസ് സർജനായ ഡോ. ഭരത് സിംഗ് മൃതദേഹങ്ങളുടെ ഓട്ടോപ്സി ചെയ്യുന്നത്. മൃതദേഹങ്ങൾ ജീർണ്ണിച്ച് അളിഞ്ഞു തുടങ്ങിയിരുന്നതിനാൽ അപ്പോൾ ലൈംഗികമായ ആക്രമണം സ്ഥിരീകരിക്കപ്പെട്ടില്ല. മരണകാരണമായി പറഞ്ഞത് കത്തികൊണ്ടുള്ള കുത്തേറ്റ മുറിവുകളാണ്.  

പൊലീസിന്റെ നടപടികളിൽ അതൃപ്തി തോന്നിയ ക്യാപ്റ്റൻ ചോപ്ര മാധ്യമങ്ങളോട് തന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചതാണ് ഏറെ നിർണ്ണായകമാകുന്നത്. അതുവരെ പൊലീസിന് ഈ കുറ്റകൃത്യത്തിൽ എത്രപേരാണ് ഉൾപ്പെട്ടിരുന്നത്, എങ്ങനെ എവിടെവെച്ചാണ് ഇത് നടന്നത് എന്നൊന്നും അറിയില്ലായിരുന്നു. കുട്ടികളുടെ ചിത്രവും മറ്റുമടക്കം കഥകൾ മാധ്യമങ്ങളിൽ ഏറെ വൈകാരികമായി അവതരിപ്പിക്കപ്പെട്ടതോടെ, നേരത്തെ പറഞ്ഞ ദൃക്‌സാക്ഷികൾ പൊലീസിന് മൊഴികൊടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. അതോടെയാണ് ഈ എള്ളുനിറത്തിലുള്ള ഫിയറ്റ് കാറും, അതിന്റെ പല പല നമ്പറുകളും, പിന്നെ, ഈ കൃത്യത്തിനു പിന്നിൽ രണ്ടു പേരാണുള്ളത് എന്നതും ഒക്കെ വെളിച്ചത്തുവരുന്നത്.



പിന്നെ, ഈ ഫിയറ്റ് കാർ മോഷ്ടിക്കപ്പെട്ടതായിരുന്നല്ലോ. അതിന്റെ ഉടമസ്ഥനും കാർ തിരഞ്ഞു നടപ്പുണ്ടായിരുന്നു. ആ കാർ മജ്‌ലിസ് പാർക്കിൽ വെച്ച് മറ്റൊരു രജിസ്‌ട്രേഷൻ നമ്പറിൽ കണ്ടെടുക്കപ്പെട്ടു. ഉടമസ്ഥന്റെ താക്കോൽ കൊണ്ട് അത് തുറക്കാൻ സാധിച്ചു. കാർ പരിശോധിച്ച സെൻട്രൽ ഫോറൻസിക് ലബോറട്ടറി അതിൽ നിന്ന് ഒരു സിഗരറ്റ് കുറ്റിയും, ചില രക്തക്കറകളും, മറ്റു സാമ്പിളുകളും ശേഖരിച്ചു.



അപ്പോഴേക്കും മാധ്യമങ്ങളിൽ ഈ കേസ് വലിയ ചർച്ചയായി. വാജ്പേയിക്കെതിരെ കല്ലേറ് നടന്നു. പ്രധാനമന്ത്രി മൊറാർജി ദേശായി ക്യാപ്റ്റൻ ചോപ്രയെ വീട്ടിലെ ചെന്ന് കണ്ടു. ഈ കേസ് അന്ന് മൊറാർജിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ വരെ ബാധിക്കാൻ മാത്രം വലിയ വിവാദങ്ങളിലേക്കാണ് ചെന്നത്.

യാദൃച്ഛികമായി നടന്ന അറസ്റ്റ് 

ഏതാനും ആഴ്ചകൾക്കകം രംഗയും ബില്ലയും അറസ്റ്റുചെയ്യപ്പെട്ടു. ദില്ലി പൊലീസിന്റെ അന്വേഷണ മികവുകൊണ്ടൊന്നുമല്ല. കേവലം യാദൃച്ഛികതകൊണ്ടുമാത്രം. 1978 സെപ്റ്റംബർ 8 -ന് ആഗ്രയ്ക്ക് സമീപം, യമുനാനദിക്ക് കുറുകെയുള്ള റെയിൽപാലത്തിലൂടെ പതുക്കെ പോവുകയായിരുന്ന കാൽകാ മെയിലിലേക്ക് അവർ ചാടിക്കയറി. അവരുടെ കഷ്ടകാലത്തിന് ആ കമ്പാർട്ട്മെന്റ് ഒരു മിലിട്ടറി ഒൺലി റിസർവേഷൻ കമ്പാർട്ടുമെന്റായിരുന്നു. അപ്രതീക്ഷിതമായി ചാടിക്കേറിവന്ന, ഗുണ്ടാ ലുക്കുള്ള രണ്ടുപേരെ കണ്ടപ്പോൾ പട്ടാളക്കാർ ഇടഞ്ഞു. ചോദ്യം ചെയ്ത പട്ടാളക്കാരോട് അവർ ഉടക്കി. വഴക്കായി, തല്ലായി. അവർ ക്രിമിനലുകളാണ് എന്ന് ബോധ്യപ്പെട്ട പട്ടാളം ഐഡി കാർഡ് ചോദിച്ചു. എന്തായാലും ദില്ലി സ്റ്റേഷനിൽ വെച്ച് അവരെ റെയിൽവേ പൊലീസിന് പട്ടാളം കൈമാറി. അവരെ പരിശോധിച്ച ഡോക്ടർ ഇരുവരുടെയും ദേഹത്ത് മല്പിടുത്തത്തിന്റേതായ മുറിപ്പാടുകൾ കണ്ടെത്തി. ബില്ലയുടെ തലയിലെ മുറിവും, രംഗയുടെ കയ്യിലെ മുറിവും രണ്ടാഴ്ചയോളം പഴക്കമുള്ളതാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇരുവരുടെയും ബാഗ് പരിശോധിച്ചതിൽ നിന്ന് ചോരപുരണ്ട വസ്ത്രങ്ങളും, ഒരു കൃപാണും കണ്ടെടുക്കപ്പെട്ടു. അവരുടെ വിശദമായ ഫോറസ്‌നിക് സാമ്പിളുകളും പൊലീസ് ശേഖരിച്ചു.


സെപ്റ്റംബർ 22-ന് ബില്ല പോലീസിനോട് കുറ്റസമ്മതം നടത്തി. അടുത്തമാസം രംഗയും അതുപോലെ ഒരു കുറ്റസമ്മതമൊഴി നൽകിയെങ്കിലും, അത് ഇരുവരും പിന്നീട് നിഷേധിച്ചിരുന്നു. കാറിലും, ആൺകുട്ടിയുടെ ശരീരത്തിലും നിന്ന് രംഗയുടെ മുടി കണ്ടെടുക്കപ്പെട്ടു. രംഗയുടെ വിരലടയാളം ആ കാറിലും സ്ഥിരീകരിക്കപ്പെട്ടു. ബില്ലയുടെ മുടിയിഴ പെൺകുട്ടിയുടെ ദേഹത്തുനിന്ന് കണ്ടെടുക്കപ്പെട്ടു. അതുപോലെ വില്ലിങ്ടൻ ആശുപത്രിയിലെ ഒപ്പും ബില്ലയുടേതാണ് എന്ന് ഉറപ്പിക്കപ്പെട്ടു.

സത്യത്തിൽ എന്താണ് കുട്ടികൾക്ക് സംഭവിച്ചത്..?

മുംബൈയിൽ വെച്ചാണ് രംഗയും ബില്ലയും പരിചയപ്പെടുന്നത്. ആദ്യം ട്രക്ക് ഓടിച്ചിരുന്ന രംഗ പിന്നീട് ടാക്സി ഡ്രൈവറായി മുംബൈയിൽ. ഇരുവരും ചേർന്ന് മുംബൈയിലും ചില്ലറ തട്ടിക്കൊണ്ടുപോകലുകൾ ഒക്കെ നടത്തിയിട്ടുണ്ട്. ബില്ല കൊലപാതകങ്ങൾ വരെ ചെയ്തിട്ടുള്ള ഒരു ക്രിമിനൽ ആയിരുന്നു. ആ ക്രിമിനൽ ഹിസ്റ്ററി വെച്ച് മുംബൈയിൽ ഏതുനിമിഷവും അറസ്റ്റുചെയ്യപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് അവർ ഇരുവരും ഒന്നിച്ച് ദില്ലിയിലേക്ക് കടക്കുന്നത്. ഓഗസ്റ്റ് 19 -ന്  ദില്ലി അശോകാ ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരുന്ന എള്ളുനിറത്തിലുള്ള ഫിയറ്റ് കാർ ഇരുവരും ചേർന്ന് മോഷ്ടിച്ചെടുക്കുന്നു. താൽക്കാലത്തേക്ക് മജ്‌ലിസ് പാർക്കിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് അവർ അവിടെ കൂടുന്നു.

ഓഗസ്റ്റ് 26 -ന്,  വഴിയിൽ വെച്ച് ആരെയെങ്കിലുമൊക്കെ കൊള്ളയടിക്കാമെന്ന ഉദ്ദേശ്യത്തോടെ രംഗയും ബില്ലയും കാറുമെടുത്ത് പുറപ്പെട്ടുവരുന്ന വഴിക്കാണ് അവരോട് ഗീതയും സഞ്ജയും ലിഫ്റ്റ് ചോദിക്കുന്നത്. ഏതോ പണച്ചാക്കുകളുടെ മക്കളാണ് എന്ന് തോന്നിയ അവർ തട്ടിക്കൊണ്ടു പോകാമെന്നു കരുതി അവർക്ക് ലിഫ്റ്റ് കൊടുക്കുന്നു. കാറിന്റെ പിൻഭാഗത്തെ ഡോർ തുറക്കാനുള്ള ഹാൻഡിൽ മുമ്പേ തന്നെ ലൂസാക്കി വെച്ചിരുന്ന ബില്ല ആതുരണ്ടും ഊരിയെടുത്തു. അപകടം ബോധ്യപ്പെട്ട കുട്ടികൾ അവരുമായി മല്ലിടാൻ തുടങ്ങി. അവരെ തന്റെ വാൾ കാണിച്ച് ബില്ല ഭയപ്പെടുത്താൻ ശ്രമിച്ചു. അതിനിടെ ആൺകുട്ടിയുടെ ചുമലിൽ വാൾ കൊണ്ട് മുറിവുപറ്റി.

ഇരുവരും ചേർന്ന് കുട്ടികളെ ആളൊഴിഞ്ഞ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കുട്ടികളുടെ അച്ഛൻ നേവൽ ഓഫീസറാണെന്നും, തങ്ങൾ കരുതിയത്ര പണച്ചാക്കുകളല്ല എന്നും അവർക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പണം ഈടാക്കാൻ വകുപ്പില്ലെന്ന് ഇരുവരും കരുതി. കുട്ടികളെ വെറുതെ വിട്ടാൽ തങ്ങൾ പിടിക്കപ്പെട്ടേക്കും എന്ന് ബില്ലയ്ക്ക് സംശയമുണ്ടായിരുന്നു. ആൺകുട്ടിയെ ചേച്ചിയിൽ നിന്ന് ദൂരേക്ക് കൊണ്ടുപോയി കുത്തിക്കൊല്ലാൻ ബില്ല രംഗയെ ഏൽപ്പിച്ചു. എന്നാൽ, ഒരു കുത്തിലധികം കുത്താനുള്ള മനസ്സാന്നിധ്യം രംഗയ്ക്ക് ഇല്ലെന്നു ബോധ്യപ്പെട്ട ബില്ല ബാക്കി കുത്തുകൾ സ്വയം ഏറ്റെടുത്തു. അവൻ മരിച്ചു എന്നുറപ്പിച്ച്, വാളിലെ  ചോരയും, തുടച്ചുകൊണ്ട് ബില്ല നേരെ ചെന്നത് ഗീതയുടെ നേർക്കാണ്. 
 

അവിടെ വെച്ചുതന്നെ ബില്ല ഗീതയെ ബലാത്സംഗം ചെയ്തു. തന്റെ ഊഴം കഴിഞ്ഞപ്പോൾ രംഗയേയും ബില്ല ബലാത്സംഗത്തിന് നിർബന്ധിച്ചു. രംഗ അതനുസരിച്ചു. അതിനു ശേഷം, വീണ്ടും ബില്ല പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ മുതിർന്നപ്പോഴാണ് അടുത്തുകിടന്ന കൃപാൺ എടുത്ത് പെൺകുട്ടി ബില്ലയുടെ തലക്ക് കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ രംഗ കീഴടക്കി. അവിടെ വെച്ചുതന്നെ ഇരുവരും ചേർന്ന് ഗീതയേയും വാളുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. അതിനു ശേഷം മൃതദേഹങ്ങൾ ഉപേക്ഷിച്ച്, വാഹനം കഴുകി വൃത്തിയാക്കി, അവർ സ്ഥലം വിട്ടു. പിന്നീടാണ് യാദൃച്ഛികമായി അവർ പിടിക്കപ്പെടുന്നതും, വിചാരണയ്ക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെടുന്നതും.

കുട്ടികളുടെ ധീരതയ്ക്ക് മരണാനന്തരം ആദരം 

അജ്ഞാതരാൽ തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷവും, എതിരിട്ടുനിൽക്കാൻ കാണിച്ച അസാമാന്യമായ  ധീരതയ്ക്ക് ചോപ്ര സഹോദരങ്ങൾക്ക് മരണാന്തരം കീർത്തി ചക്ര അവാർഡ് നൽകി രാഷ്ട്രം അവരെ ആദരിക്കുകയുണ്ടായി. രാഷ്ട്രപതിയുടെ ധീരതയ്ക്കുളള പുരസ്കാരങ്ങൾക്കൊപ്പം ഇന്ന്, സഞ്ജയ് ചോപ്ര പുരസ്കാരം, ഗീത ചോപ്ര പുരസ്കാരം എന്നിങ്ങനെ രണ്ട് അവാർഡുകൾ കൂടി നൽകപ്പെടുന്നുണ്ട്.

ഇത് ഇത്തരത്തിലുള്ള ഏകദേശം ആദ്യത്തേത് എന്നൊക്കെ പറയാവുന്ന ആക്രമണങ്ങളിൽ ഒന്നാണ്. അത് നടന്നിട്ടും, അതിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടും ഒക്കെ നാൽപതു വർഷത്തോളം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും, ഇന്നും അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത്, നമ്മുടെ സുരക്ഷാ സംവിധാനങ്ങളെ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

click me!