അച്ഛനെ ആരാധിച്ചു, ഭർത്താവിനെ സ്നേഹിച്ചു, ഇളയമകന്റെ ശാഠ്യങ്ങൾക്ക് വഴങ്ങി - ഇന്ദിരയെ സ്വാധീനിച്ച പുരുഷന്മാർ

By Web TeamFirst Published Nov 19, 2019, 11:34 AM IST
Highlights

"അച്ഛൻ ഇത്രയ്ക്ക് പാവമാകരുത്..." എന്നതായിരുന്നു നെഹ്റുവിനുള്ള ഇന്ദിരയുടെ അന്നത്തെ പ്രധാന ഉപദേശം. "അച്ഛന് പിന്നെ ഒടുക്കത്തെ സഹനശക്തിയാണല്ലോ..." എന്നവർ കളിയാക്കുമായിരുന്നു.

തന്റെ നാല്പത്തെട്ടാമത്തെ വയസ്സിലാണ്, നെഹ്‌റുപുത്രിയായ ഇന്ദിര, ലാൽബഹദൂർ ശാസ്ത്രിയുടെ പിൻഗാമിയായി ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേറുന്നത്. അതിനു മുമ്പുതന്നെ, നെഹ്‌റുവിന് ശേഷം കോൺഗ്രസിനെ നയിക്കേണ്ടയാൾ എന്ന് സകലരും കരുതിയിരുന്ന മൊറാർജി ദേശായി എന്ന പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവിനെ തോല്പിച്ചുകൊണ്ട് പാർട്ടിയുടെ അമരത്തെത്തിയിരുന്നു ഇന്ദിര. ഇത് മൊറാർജി ദേശായിയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയായിരുന്നു. ഇരുപതുമാസങ്ങൾക്കു മുമ്പ് ലാൽ ബഹദൂർ ശാസ്ത്രിയിൽ നിന്നേറ്റ തിരിച്ചടിയുടെ കയ്പുമാറുംമുമ്പേ രുചിക്കേണ്ടി വന്ന രണ്ടാമത്തെ ആഘാതം. 

ഇന്ത്യയുടെ ഉരുക്കുവനിത 

അന്ന് ഇന്ത്യയിൽ ഏകദേശം അമ്പതുകോടി ജനങ്ങളുണ്ടായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ദാരനായകെ മാത്രമാണ് അതിനു മുമ്പ് ലോകരാഷ്ട്രങ്ങളിൽ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്ന ഏക വനിത. ശാസ്ത്രിയെക്കാൾ ശക്തമായ നിലപാടുകളായിരുന്നു ഇന്ദിരയ്ക്ക് ഉണ്ടായിരുന്നത്. നെഹ്‌റുവിനേക്കാളൊക്കെ ഏറെ കർക്കശമായ നിലപാടുകൾ. ആ കാർക്കശ്യത്തിന്റെ പ്രയോഗശാലയായിരുന്നു, രണ്ടു വട്ടമായി ഏകദേശം പതിനാറുവർഷത്തോളം നീണ്ടുനിന്ന പിൽക്കാലത്തെ ഭരണം. ഇന്ദിരയെപ്പറ്റി  ഒരു സംസാരം, "മന്ത്രിസഭയിലെ ഒരേയൊരു ആൺകുട്ടി ഇന്ദിരയാണ്" എന്നതായിരുന്നു. വാഷിംഗ്ടൺ സന്ദർശിച്ചവേളയിൽ അമേരിക്കൻ പ്രസിഡണ്ടായ നിക്‌സന്റെ അസിസ്റ്റന്റ് ഇന്ത്യൻ നയതന്ത്രപ്രതിനിധിയോട് ഇന്ദിരയെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഇതായിരുന്നു, "കാബിനറ്റിലെ മറ്റുമന്ത്രിമാർ വിളിക്കുന്നത് 'സർ' എന്നാണ്''. അങ്ങനെ വിളിക്കാതെ 'മാഡം പ്രൈം മിനിസ്റ്റർ' എന്ന് അഭിസംബോധന ചെയ്യാനുള്ള വിവേചനബുദ്ധി നിക്സനുണ്ടായിരുന്നു എന്നത് ആശ്വാസകരമായിരുന്നു.

 ഭർത്താവ്, അച്ഛൻ - വിമർശിക്കാൻ മടിക്കാത്ത സ്നേഹവും ആരാധനയും 

ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ നിർണായകമായ സ്വാധീനശക്തികളിലൊന്ന് പ്രണയിച്ച് ജീവിതപങ്കാളിയാക്കിയ പുരുഷനായിരിക്കും. ഫിറോസ് ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായിട്ടാണ് ഇന്ദിര അദ്ദേഹത്തെ പ്രേമിച്ച് വിവാഹം കഴിച്ചത്. എന്നാൽ, രണ്ടുമക്കളും ജനിച്ച് ആ ആകർഷണം ക്ഷയിച്ചുവന്നു. ഫിറോസിന്റെ അവസാനകാലത്തേക്ക് അവർ തമ്മിൽ വല്ലാതെ അകന്നുകഴിഞ്ഞിരുന്നു. ഇന്ദിര പിന്നെയും അച്ഛനെ തന്റെ ജീവിതത്തിലെ നിർണായക സ്വാധീനമായി കണക്കാക്കിത്തുടങ്ങിയിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു ഇന്ദിരയ്ക്ക് നെഹ്‍റുവിനോട്. അച്ഛന്റെ സന്തതസഹചാരിയായിരുന്നു ഇന്ദു. രാത്രിയിൽ അവസാനമായി നെഹ്‌റു കണ്ടുപിരിഞ്ഞിരുന്നത് മകളെയായിരുന്നു. നേരം പുലരുമ്പോഴേക്കും അച്ഛനുണരുന്നതും കാത്ത് ഇന്ദിര വീണ്ടും തയ്യാറായി നിൽക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലെല്ലാം തന്നെ ഇന്ദിരയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ഛനെ സ്നേഹിക്കുകയും ആരാധിക്കുകയും ഒക്കെ ചെയ്തിരുന്നപ്പോഴും അദ്ദേഹത്തിന്റെ ഏറ്റവുമധികം വിമർശിച്ചിരുന്നതും ഇന്ദിര തന്നെയായിരുന്നു. കത്തുകളിലൂടെയും, പലപ്പോഴും സംഭാഷണങ്ങൾക്കിടെയും ഇന്ദിര അച്ഛനോട് തന്റെ വിമതസ്വരങ്ങൾ അറിയിച്ചു പോന്നു.
 



"അച്ഛൻ ഇത്രയ്ക്ക് പാവമാകരുത്..." എന്നതായിരുന്നു നെഹ്റുവിനുള്ള ഇന്ദിരയുടെ അന്നത്തെ പ്രധാന ഉപദേശം. "അച്ഛന് പിന്നെ ഒടുക്കത്തെ സഹനശക്തിയാണല്ലോ..." എന്നവർ കളിയാക്കുമായിരുന്നു. "അച്ഛന്റെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ഒന്നും നേരെയാക്കാൻ അച്ഛനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല..." എന്നൊക്കെ പറയുന്നത് കേട്ട് വേദനിച്ചിട്ടുണ്ട് താനെന്ന് അന്ന് ഇന്ദിര പറഞ്ഞിട്ടുണ്ട്. പാർട്ടിയിലുള്ളവർക്ക് ഒരുപാട് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള അച്ഛന്റെ നയത്തിന് ഇന്ദിര അക്കാലത്തുതന്നെ എതിരായിരുന്നു. അതവർ തുറന്നുപറഞ്ഞിട്ടുമുണ്ട് നെഹ്‌റുവിനോട്. 1959 -ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള തീരുമാനത്തെ കാര്യമായി സ്വാധീനിച്ചതും ഇന്ദിര എന്ന തീപ്പൊരി കോൺഗ്രസുകാരി തന്നെ.


മകളെ പ്രധാനമന്ത്രിപദത്തിലേക്ക് കൊണ്ടുവരണമെന്ന് നെഹ്‌റു ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. തികച്ചും യാദൃച്ഛികമായിട്ടാണ് ഇന്ദിര പ്രധാനമന്ത്രിപദത്തിലേറുന്നത്. 1964 -ൽ അവിചാരിതമായി നെഹ്‌റു മരണപ്പെട്ടപ്പോൾ ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം തന്റെ കടമകൾ സ്തുത്യർഹമായി നിർവഹിച്ചുപോന്നിരുന്നു എങ്കിലും 1966 ജനുവരിയിൽ താഷ്‌ക്കന്റിൽ വെച്ച് അദ്ദേഹവും ഹൃദയാഘാതം വന്ന് മരണപ്പെടുന്നു. അന്നുണ്ടായ നേരിയ ഒരു ആശയക്കുഴപ്പത്തിനിടെ, കിംഗ് മേക്കർ കാമരാജാണ് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിന് വേണ്ട ചരടുവലികൾ ദില്ലിയിൽ നടത്തിയത്. അദ്ദേഹമായിരുന്നു ഇന്ദിരാഗാന്ധിയെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചെടുത്തതും.

ഇന്ദിരയുടെ സ്ഥാനാരോഹണം കോൺഗ്രസിനുള്ളിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവെയും വമ്പിച്ച പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി. അന്ന് പൊതുസദസ്സുകളിൽ സഭാകമ്പമില്ലാത്ത സംസാരിക്കാൻ പോലും കഴിവില്ലാതെ നിന്ന് പരുങ്ങിയിരുന്ന ഇന്ദിരയെ 'ഗൂംഗി ഗുഡിയ' അഥവാ 'മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി' എന്നാണ് റാം മനോഹർ ലോഹ്യ പോലും വിശേഷിപ്പിച്ചത്. അന്നത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ കാമരാജിനെയും, മൊറാർജി ദേശായിയെയും, വൈ ബി ചവാനെയും ഒക്കെ വെച്ചുനോക്കിയാൽ രാഷ്ട്രീയത്തിലെ പ്രവൃത്തിപരിചയം തുലോം തുച്ഛമായിരുന്നു ഇന്ദിരക്ക്.  

പി എൻ ഹക്‌സര്‍ എന്ന ധിഷണാശാലി 

പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപാടെ ഇന്ദിര ചെയ്തത്, അലഹബാദിലെ തന്റെ പ്രിയമിത്രവും, നിയമപരമ്പര്യമുള്ള നയതന്ത്രജ്ഞനുമായ, പരമേശ്വർ നാരായൺ ഹക്‌സര്‍ എന്ന പിഎൻ ഹക്‌സറിനോട് തന്നോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ്. പരന്ന വായനയും, തികഞ്ഞ ജ്ഞാനവും, അപാരമായ ആത്മവിശ്വാസവുമുണ്ടായിരുന്നു ഹക്‌സറിന്. ഇന്ദിരയെ ഇന്ദിരയായി വളർത്തിക്കൊണ്ടു വന്നതിലും, അവരുടെ ഭാവി നിലപാടുകളെ പരുവപ്പെടുത്തിയതിലും, ഒരു പരിധിവരെ രാഷ്ട്രത്തിന്റെ ഭാവി നിർണയിച്ചതിൽ പോലും ഹക്‌സറിന് കാര്യമായ  പങ്കുണ്ട്. അവർ തമ്മിലുള്ള എഴുത്തുകുത്തുകൾ പിന്നീട് നെഹ്‌റു സ്മാരക മ്യൂസിയത്തിന് ദാനം  ചെയ്യപ്പെടുകയും,അതിൽ രാമചന്ദ്ര ഗുഹ അടക്കമുള്ള പലരും പഠനഗവേഷണങ്ങൾ നടത്തുകയുമുണ്ടായി. 1967 മുതൽ 1973 വരെയുള്ള കാലത്ത് ഇന്ദിരയുടെ പ്രിയ ഉപദേഷ്ടാവായിരുന്നു പിഎൻ ഹക്‌സർ. കോൺഗ്രസിലുണ്ടായ പിളർപ്പ്, പതിനാല് മുഖ്യധാരാ ബാങ്കുകളുടെ ദേശസാൽക്കരണം, പ്രിവിപേഴ്‌സ്‌ നിർത്തലാക്കൽ, ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് 1971 -ൽ നേടിയ തെരഞ്ഞെടുപ്പ് വിജയം എന്നിവയിലും ഹക്സറിന്റെ നിർണായകസ്വാധീനങ്ങൾ ദൃശ്യമാണ്. ഡിപി ധർ, കെഎൻ കൗ തുടങ്ങിയ ഡിപ്ലോമാറ്റുകൾക്കൊപ്പം അന്ന് റഷ്യയുമായുണ്ടായിരുന്ന നയതന്ത്ര സൗഹൃദത്തിനും ഹക്സർ ചുക്കാൻ പിടിച്ചു. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനു പിന്നിലും പ്രവർത്തിച്ച ധിഷണ അദ്ദേഹത്തിന്റേതു തന്നെയായിരുന്നു.



എന്നാൽ, താമസിയാതെ ഇ ബ്ലോക്കിൽ നിന്ന് പിഎൻ ഹക്സറിന് പടിയിറങ്ങേണ്ടി വന്നു. ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധിയോടുണ്ടായിരുന്ന വിയോജിപ്പുകളാണ് ഹക്സറിന്റെ ചീട്ടുകീറിയത്. മാരുതി എന്ന അഭിമാന പ്രൊജക്ടുമായി, ഇന്ത്യയിലെ മധ്യവർഗത്തിന് താങ്ങാവുന്ന വിലയ്ക്ക് ഒരു കുഞ്ഞൻ കാറുണ്ടാക്കാൻ എന്ന പേരിൽ സഞ്ജയ് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അതുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളും പാർലമെന്റിൽ ഉയർന്നുവന്നു. പ്രസ്തുത പദ്ധതി റദ്ദാക്കി സഞ്ജയ് ഗാന്ധിയിൽ നിന്ന് പരമാവധി അകലം പാലിച്ചുകൊളളാനായിരുന്നു ഹക്സർ ഇന്ദിരയ്ക്ക് നൽകിയ വിദഗ്‍ധോപദേശം. എന്നാൽ, ഇന്ദിര അത് ചെവിക്കൊണ്ടില്ല എന്ന്  മാത്രമല്ല, അതിന്റെ പേരിൽ ഹക്സറിനെ തന്റെ ഓഫീസിലെ പ്രബലമായ സ്ഥാനത്തുനിന്ന്, പ്ലാനിങ്ങ് കമ്മീഷനിലേക്ക് തട്ടി.
 

ജെപി - സഞ്ജയ് ഗാന്ധി ഒരു അടിയന്തരാവസ്ഥക്കാലത്തിന്റ ഓർമ്മകൾ  

ഇന്ദിരയുടെ ഏറ്റവും വിശ്വസ്തൻ എന്ന സ്ഥാനത്തേക്ക് സഞ്ജയ് ഗാന്ധിയുടെ കടന്നുവരവും, രാജ്യത്ത് ജെപിയുടെ നേതൃത്വത്തിലുണ്ടായ വിപ്ലവങ്ങളും നടക്കുന്നത് ഏതാണ്ട് ഒരേകാലത്താണ്. ബിഹാറിലെ വിദ്യാർത്ഥികളോട് രാജ്യത്ത് നടമാടുന്ന അഴിമതിക്കും, സ്വേച്ഛാധിപത്യത്തിനുമെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങാൻ 1974 -ൽ ജെപി ആഹ്വാനം ചെയ്തു. ജെപി ബിഹാറിലെ യുവാക്കളുടെ നെഞ്ചിൽ കുടഞ്ഞിട്ട തീപ്പൊരി താമസിയാതെ കേന്ദ്രത്തിനെതിരെയും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾക്കെതിരെയുമുള്ള ഒരു രാജ്യവ്യാപക സമരമായി വളർന്നു. 1974 -ന്റെ അവസാനത്തോടെ കമ്യൂണിസ്റ്റുകാർ ഒഴികെയുള്ള സകല പ്രതിപക്ഷപാർട്ടികളും എൻ ബ്ലോക്കായി ഈ പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുകഴിഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിക്കും ജയപ്രകാശ് നാരായണനും ഇടയിൽ പ്രകോപനപരമായ പല എഴുത്തുകുത്തുകളും നടന്നു. ഇരുപക്ഷത്തുമുള്ള ഉപജാപകവൃന്ദം അവരെക്കൊണ്ടാകും വിധം ആ തീയ്ക്ക് കാറ്റുപകർന്നുനൽകുകയും ചെയ്തു. 1975 മെയ് 6 -ന്  ഇന്ദിരയ്ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു,
"ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്..."



ഇന്ദിരയ്‌ക്കെതിരായ ജനരോഷം രാജ്യത്ത് ഇരമ്പിക്കൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ട്, ഇന്ദിരയെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നത്. അതിനുള്ള പ്രതികരണമെന്നോണം, സഞ്ജയിന്റെയും സംഘത്തിന്റെയും ഉപദേശം ചെവിക്കൊണ്ടുകൊണ്ട് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ജെപി അടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ തുറുങ്കിലടക്കപ്പെടുന്നു. കൊടിയ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. പലരും ലോക്കപ്പിൽ വെച്ചുതന്നെ കൊല്ലപ്പെടുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തപ്പെടുന്നു, പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്നു.

അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകപോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറുന്നു. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സഞ്ജയ് ഗാന്ധിയെ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധം ചെയ്തു. സഞ്ജയ് ഗാന്ധിയുടെയും കൂട്ടരുടെയും കുടിലബുദ്ധിയിൽ ഉദിച്ച പലതും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു നിർബന്ധിത വന്ധ്യംകരണം.  
 



എന്നാൽ, സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്.

ഇന്ദിരയുടെ ജീവിതത്തിലെ നിർണായകസ്വാധീനങ്ങളായിരുന്ന രണ്ടു പുരുഷന്മാർ അച്ഛൻ ജവഹർലാൽ നെഹ്‌റുവും ഇളയമകൻ സഞ്ജയ് ഗാന്ധിയും തന്നെയായിരുന്നു. ഭർത്താവ് ഫിറോസ് ഗാന്ധിയെ ഇന്ദിര സ്നേഹിച്ചിരുന്നു, പി എൻ ഹക്സറിന്റെ ഉപദേശങ്ങളെ അവർ ഏറെക്കുറെ ചെവിക്കൊണ്ടിരുന്നു, ജയപ്രകാശ് നാരായൺ എന്ന രാഷ്ട്രീയ എതിരാളി അവരെ ഏറെ പ്രകോപിതയാക്കുകയും ചെയ്തിരുന്നു. എന്നാലും, ഇന്ദിര എന്ന രാഷ്ട്രീയ നേതാവ് ഏറെക്കുറെ അച്ഛൻ നെഹ്രുവിന്റെ രാഷ്ട്രീയ സമചിത്തതയും ജനാധിപത്യമൂല്യങ്ങളും, സഞ്ജയ് ഗാന്ധിയുടെ സ്വേച്ഛാധിപത്യത്വരയും, കാർക്കശ്യവും ചേർന്ന് പരുവപ്പെട്ട ഒന്നായിരുന്നു എന്നുതന്നെ പറയേണ്ടി വരും.

കടപ്പാട് : 

1. 'India after Gandhi: The History of the World’s Largest Democracy' - Ramachandra Guha. 
2. 'Intertwined Lives: P.N. Haksar and Indira Gandhi '- Jairam Ramesh. 

click me!