'യുപിയില്‍ തോന്നുംപടി ദേശസുരക്ഷാ നിയമം'; രണ്ടുവര്‍ഷത്തിനകം ഹൈക്കോടതി വെറുതെവിട്ടത് നൂറോളം പേരെ

By Web TeamFirst Published Apr 6, 2021, 2:19 PM IST
Highlights

ഗോഹത്യയുടെ പേരിൽ തടവിൽ കഴിഞ്ഞിരുന്നവർ എല്ലാം തന്നെ ന്യൂനപക്ഷ സമുദായക്കാരായിരുന്നു.

ഈച്ചക്കോപ്പിയടിച്ച പോലുള്ള എഫ്‌ഐആർ രേഖകൾ, യാതൊരു തത്വദീക്ഷയും കൂടാതെ ഒപ്പുവെക്കപ്പെട്ട ഡിറ്റൻഷൻ ഓർഡറുകൾ, കുറ്റാരോപിതർക്ക് നിയമപരിരക്ഷ നിഷേധിക്കൽ, നിയമത്തിന്റെ വകുപ്പുകൾ ഉപയോഗിച്ച് മനഃപൂർവം ജാമ്യം നിഷേധിക്കൽ : 2018 ജനുവരി മുതൽ 2020 ഡിസംബർ വരെ അലഹബാദ് ഹൈക്കോടതി പരിഗണിച്ച്, വിധിപറഞ്ഞ ഹേബിയസ് കോർപ്പസ് ഹർജികൾ ആധാരമാക്കി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് മുകളിൽ. മേൽപ്പറഞ്ഞ കേസുകളിൽ ഒക്കെയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കപ്പെട്ട നടപടികൾക്ക് വളരെ കൃത്യമായ ഒരു പാറ്റേൺ ഉണ്ടായിരുന്നു എന്നും ഈ കേസുകളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. 

ഈ കാലയളവിൽ ദേശസുരക്ഷാ നിയമം ഉപയോഗിച്ച് ഭരണകൂടം നടത്തിയ തടങ്കലുകൾക്കെതിരെ  120 ഹേബിയസ് കോർപസ് ഹർജികളാണ് അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇവ പരിഗണിച്ച കോടതി, 32 ജില്ലകളിലെ മജിസ്‌ട്രേറ്റുമാർ  ഉത്തരവിട്ടതിൻ പ്രകാരം തടവിൽ കഴിഞ്ഞിരുന്ന 94 കുറ്റാരോപിതരെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. 

ഉത്തർ പ്രദേശ് സർക്കാർ അതിന്റെ പൗരന്മാർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താൻ വേണ്ടി ഏറ്റവും അധികം തവണ എടുത്തുപയോഗിച്ചിട്ടുള്ള വകുപ്പ് 'ഗോഹത്യ'യാണ്. 41 പേരെയാണ് 'പശുവിനെ കൊന്നു' എന്ന പേരിൽ കേസെടുത്ത് അതിൽ , കേസിന്റെ ബലം വർധിപ്പിക്കാൻ ദേശസുരക്ഷാ നിയമം കൂടി ചുമത്തി തുറുങ്കിലടച്ചിരുന്നത്. ഈ കേസുകളിൽ എല്ലാം തന്നെ കുറ്റാരോപിതർ ന്യൂനപക്ഷ സമുദായക്കാരായിരുന്നു എന്നതും ശ്രദ്ധേയമാണ്. 41 -ൽ  30 എണ്ണത്തിലും, ഉത്തർപ്രദേശ് ഭരണകൂടത്തെ നിശിതമായി വിമർശിച്ചുകൊണ്ട്, ഹൈക്കോടതി കുറ്റാരോപിതരെ നിരുപാധികം വിട്ടയക്കാൻ ഉത്തരവിട്ടു. ബാക്കി പതിനൊന്നു കേസുകളിൽ ഗോ ഹത്യ കുറ്റം ചുമത്തിയത് നിലനിർത്തിയ കോടതി, പ്രതികൾക്ക് ആ കേസുകളിലും ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ഉത്തരവിട്ടത്. 

ചുരുങ്ങിയത് ഏഴു കേസുകളിൽ എങ്കിലും, വെറും 'ലോ ആൻഡ് ഓർഡർ' പരിധിയിൽ മാത്രം വരുന്ന കേസുകൾ ആയിരുന്നിട്ടുകൂടി, പ്രതികൾക്ക് ജാമ്യം നിഷേധിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെ മാത്രമാണ് ഭരണകൂടം ദേശ സുരക്ഷാ നിയമം ചുമത്തിയത് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒമ്പതു കേസുകളിൽ പൊലീസ് നടപടിയുണ്ടായത് അജ്ഞാതവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. 

എന്താണ് ദേശ സുരക്ഷാ നിയമം ?

ദേശ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെ തന്നെ ഒരു വർഷം വരെ പിടിച്ചകത്തിടാം. സാധാരണഗതിയിൽ, നിലവിലെ നിയമങ്ങൾ പ്രകാരം, കസ്റ്റഡിയിൽ എടുക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമം അനുശാസിക്കുന്ന ചില അവകാശങ്ങളൊക്കെയുണ്ട്. ആ അവകാശങ്ങൾ ഒറ്റയടിക്ക് റദ്ദാക്കപ്പെടുകയാണ്,ഏതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ NSA നിലവിൽ വരുന്നതോടെ സംഭവിക്കുക. ക്രമസമാധാന നില അത്രയ്ക്ക് വഷളാകുമ്പോഴോ, അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കും എന്ന ഘട്ടം വരുമ്പോഴോ ആണ് സാധാരണ സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാ നിയമം ബാധകമാക്കിക്കൊണ്ട് ഗവർണർമാർ താത്കാലികമായി ഉത്തരവിറക്കുക. അതോടെ പൊലീസിന് മേപ്പടി അസാധാരണ അധികാരങ്ങൾ കൈവരികയായി. ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു കരിനിയമം ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. 

കസ്റ്റഡിയിൽ എടുക്കപ്പെടുന്ന വ്യക്തിക്ക് മൂന്നു ജഡ്ജിമാരടങ്ങുന്ന ഹൈക്കോടതിയുടെ ഉപദേശക സമിതിക്ക് മുന്നിൽ അപ്പീൽ നൽകാവുന്നതാണ്. എന്നാൽ, ഈ നിയമത്തിന് കീഴിൽ നിയമസഹായത്തിനുള്ള അർഹത പോലും വ്യക്തിക്ക് നിഷേധിക്കപ്പെടും. എന്നുമാത്രമല്ല, ഒരു വ്യക്തി രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടാൽ; ശ്രദ്ധിക്കണം, 'അധികാരികൾക്ക് ബോധ്യപ്പെട്ടാൽ' മാത്രം മതി, ആ വ്യക്തിയെ പ്രസ്തുത സംസ്ഥാന സർക്കാരിന് മാസങ്ങളോളം കരുതൽ തടങ്കലിൽ സൂക്ഷിക്കാം. പ്രസ്തുത വ്യക്തിയെ അറസ്റ്റു ചെയ്തിരിക്കുന്നത് ദേശീയ സുരക്ഷാ നിയമപ്രകാരം ആണെന്ന് പത്തുദിവസത്തിനു ശേഷം അയാളെ ഒന്നറിയിച്ചാൽ മാത്രം മതി. കോടതിയിൽ പോലും കൊണ്ടുപോകേണ്ടതില്ല. 
 
ദേശ സുരക്ഷാ നിയമത്തിന്റെ ചരിത്രം 

1980 സെപ്റ്റംബർ 23 -ന്  ഇങ്ങനെയൊരു കരിനിയമം ഉണ്ടാക്കുന്നത് ഇന്ദിരാ ഗാന്ധി എന്ന കോൺഗ്രസ് പ്രധാനമന്ത്രിയാണ്. ദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റഡി നിയമങ്ങളിൽ ഇളവ് നേടുകയായിരുന്നു അതിന്റെ ലക്‌ഷ്യം. ഈ നിയമം നടപ്പിൽ വന്നാൽ ഒരാളെ താഴെ പറയുന്ന ഏതെങ്കിലും ഒരു കാരണം ചൂണ്ടിക്കാട്ടി കരുതൽ തടങ്കലിൽ സൂക്ഷിക്കാനുള്ള അധികാരം പൊലീസിന് കൈവരും.

A. അയാൾ ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന് ദോഷം വരുന്ന രീതിയിലോ, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കിൽ ദേശസുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന രീതിയിലോ പ്രവർത്തിച്ചാൽ അയാളെ പൊലീസിന് കരുതൽ തടങ്കലിൽ സൂക്ഷിക്കാം.

B. ഒരു വിദേശിയെ ഇന്ത്യയിൽ നിന്ന് നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാലയളവ് താണ്ടുന്നതിലേക്കായി കസ്റ്റഡിയിൽ സൂക്ഷിക്കാം 

C. രാജ്യസുരക്ഷയ്ക്കോ, ക്രമാസമാധാനനിലയ്‌ക്കോ കോട്ടം തട്ടുന്നരീതിയിലോ, അല്ലെങ്കിൽ സമൂഹത്തിനുവേണ്ട ആവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് തടസ്സം നിൽക്കുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ അയാളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാം. 
 
റദ്ദാക്കപ്പെടുന്നത് വ്യക്തിയുടെ മൗലികാവകാശങ്ങൾ 

 ദേശസുരക്ഷാ നിയമം ചുമത്തപ്പെടുമ്പോൾ ഒറ്റയടിക്ക് റദ്ദുചെയ്യപ്പെടുന്നത് ഒരു വ്യക്തിക്ക് രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന അവന്റെ പല മൗലികാവകാശങ്ങളുമാണ്.  അഞ്ചുമുതൽ പത്തുദിവസം വരെ, എന്തിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നുപോലും വ്യക്തിയെ അറിയിക്കാൻ പൊലീസ് അധികാരികൾക്ക് ബാധ്യതയില്ല. മറ്റൊരു രസകരമായ വസ്തുത, ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ വിവരശേഖരണം പോലും നടക്കുന്നില്ല എന്നതാണ്. രാജ്യത്തെ എല്ലാവിധ കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് അവ വിശകലനം ചെയ്യുന്ന ഏജൻസിയായ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (NCRB) ക്കുപോലും ഈ കേസുകളുടെ കണക്കെടുക്കാൻ അവകാശമില്ല. അതുകൊണ്ടുതന്നെ ഇന്നോളം ഈ കരിനിയമം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്ത് തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകൾ പോലും ലഭ്യമല്ല. 

 

click me!