വധശിക്ഷ നടപ്പിലാക്കാനൊരുക്കം, പൂട്ടിക്കിടന്ന ​ഗ്യാസ് ചേമ്പറുകൾ തുറക്കാൻ അരിസോണ?

By Web TeamFirst Published Jun 1, 2021, 2:41 PM IST
Highlights

1949 -ൽ നിർമ്മിച്ച ഗ്യാസ് ചേമ്പറിൽ അവസാനമായി വധിക്കപ്പെട്ടത് വാൾട്ടർ ലാഗ്രാന്റ് എന്ന അന്തേവാസിയാണ്. 1982- -ലാണ് ഒരു ബാങ്ക് കവർച്ചാ കേസിൽ അയാൾക്ക് ശിക്ഷ ലഭിച്ചത്. 

വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വധശിക്ഷ നൽകാറുണ്ട്. ഇന്ത്യയിൽ അത് തൂക്കിലേറ്റുന്നതാണെങ്കിൽ, മറ്റ് രാജ്യങ്ങളിൽ വധശിക്ഷ പലവിധത്തിലാണ്. അക്കൂട്ടത്തിൽ ഇപ്പോൾ തെക്കുപടിഞ്ഞാറൻ യുഎസ് സംസ്ഥാനമായ അരിസോണ വധശിക്ഷ കാത്തു കഴിയുന്ന തടവുകാരെ ഹൈഡ്രജൻ സയനൈഡ് ഉപയോഗിച്ച് വധിക്കാൻ തയ്യാറെടുക്കുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി ഉപയോഗശൂന്യമായി കിടന്ന ഗ്യാസ് ചേമ്പറുകൾ പുതുക്കി പണിയുകയും ചെയ്യുന്നു. 

നാസികൾ ഓഷ്വിറ്റ്സിൽ- ബിർകെനോ, മജ്ദാനെക് തുടങ്ങിയ മരണ ക്യാമ്പുകളിൽ ഉപയോഗിച്ചിരുന്ന “സൈക്ലോൺ ബി” എന്നറിയപ്പെടുന്ന സയനൈഡ് വാതകം നിർമ്മിക്കാനുള്ള ചേരുവകൾ അരിസോണ വാങ്ങിയെന്നാണ് റിപ്പോട്ടിൽ പറയുന്നത്. സോഡിയം ഹൈഡ്രോക്സൈഡ്, സൾഫ്യൂറിക് ആസിഡ്, പൊട്ടാസ്യം സയനൈഡ് എന്നിവ വാങ്ങാൻ 2000 ഡോളർ ചെലവഴിച്ചതായി അതിൽ പറയുന്നു.  

1949 -ൽ നിർമ്മിച്ച ഗ്യാസ് ചേമ്പറിൽ അവസാനമായി വധിക്കപ്പെട്ടത് വാൾട്ടർ ലാഗ്രാന്റ് എന്ന അന്തേവാസിയാണ്. 1982- -ലാണ് ഒരു ബാങ്ക് കവർച്ചാ കേസിൽ അയാൾക്ക് ശിക്ഷ ലഭിച്ചത്. 1999 -ൽ നടന്ന അയാളുടെ വധശിക്ഷയ്ക്ക് ശേഷം ഗ്യാസ് ചേമ്പർ പൂട്ടിക്കിടക്കുകയായിരുന്നു. ട്യൂസൺ സിറ്റിസൺ പ്രസിദ്ധീകരിച്ച ഒരു ദൃക്‌സാക്ഷി വിവരണമനുസരിച്ച്, ലാഗ്രാന്റ് 18 മിനിറ്റോളം പിടഞ്ഞ് പിടഞ്ഞാണ് മരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനിടെ അയാൾക്ക് ശ്വാസ തടസവും ചുമയും അനുഭവപ്പെട്ടു. ഒരു ഷവറിലെ നീരാവി പോലെ ഗ്യാസ് മുറിയിൽ പടർന്നു. വാൾട്ടർ ലഗ്രാന്റ് സയനൈഡ് നീരാവിയിൽ മുങ്ങി. വിഷവാതകത്തിൽ പൊതിഞ്ഞ ഗ്യാസ് അറയിൽ അയാൾ ഇഞ്ചിഞ്ചായി മരണപ്പെട്ടു.

22 വർഷമായി പൂട്ടിക്കിടന്ന അത് ഇപ്പോൾ പുതുക്കി പണിതുവെന്നും, അതിന്റെ പ്രവർത്തന രീതി ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും പറയുന്നു. ഫ്ലോറൻസിലെ സ്റ്റേറ്റ് ജയിലിലെ അറ പരിശോധിക്കാൻ അധികൃതർ പ്രാകൃത മാർഗങ്ങളാണ് ഉപയോഗിച്ചതെന്നും ഗാർഡിയൻ പറഞ്ഞു. എയർസീലുകൾ കേടുകൂടാതെയിരുന്നോ എന്ന് പരിശോധിക്കാൻ മെഴുകുതിരി കത്തിച്ചു. വെള്ളം ഒഴുക്കിയും, പുക ഗ്രനേഡ് ഉള്ളിലേക്ക് എറിഞ്ഞും അതിന്റെ പ്രവർത്തനം അവർ പരിശോധിച്ചു.  

2014 -ന് ശേഷം നിർത്തിവച്ചിരുന്ന വധശിക്ഷ പുനരാരംഭിക്കാനുള്ള വഴികൾ കുറേനാളായി സംസ്ഥാനം അന്വേഷിക്കുകയായിരുന്നു. 2014 വരെ തടവുകാരെ മാരകമായ വിഷം കുത്തിവയ്ച്ചാണ് കൊന്നിരുന്നത്. എന്നാൽ തടവുകാരെ മയക്കാനും, ഹൃദയം നിർത്താനും ആവശ്യമായ മരുന്നുകൾ വിൽക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിസമ്മതിച്ചതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കാൻ യുഎസ് സംസ്ഥാനങ്ങൾ പാടുപെട്ടു. പേര് വെളിപ്പെടുത്താത്ത രണ്ട് മരുന്നുകളുടെ ഒരു സംയോജനം അരിസോണ മുൻപ് പരീക്ഷിച്ചിരുന്നു. എന്നാൽ, 2014 -ൽ ജോസഫ് റുഡോൾഫ് വുഡിനെ വധിച്ചതിന് ശേഷം അതും നിർത്തിവച്ചു. മരിക്കുന്നതിന് മുൻപുള്ള രണ്ട് മണിക്കൂറിനുള്ളിൽ 15 ഡോസുകൾ അയാൾക്ക് നൽകേണ്ടി വന്നു.  

മറ്റ് ചില സംസ്ഥാനങ്ങൾ പഴയ മാർ​ഗങ്ങളായ ഫയറിംഗ് സ്ക്വാഡും ഇലക്ട്രിക് ചെയറും ഉപയോഗിച്ച് വധശിക്ഷ വീണ്ടും നടപ്പാക്കുന്നു. വധശിക്ഷ പുനരാരംഭിക്കുമെന്ന് അരിസോണ 2019 -ൽ പ്രഖ്യാപിച്ചെങ്കിലും എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ 115 തടവുകാരാണ് വധശിക്ഷ കാത്തിരിക്കുന്നത്. "ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കണം. കുറ്റകൃത്യം ചെയ്യുന്നവർ അന്തിമ ശിക്ഷ അർഹിക്കുന്നു” അറ്റോർണി ജനറൽ മാർക്ക് ബ്രനോവിച്ച് അന്ന് പറഞ്ഞു. 

ഹിറ്റ്ലറിന്റെ കാലത്ത് ആളുകളെ കൊല്ലാൻ നാസികൾ ഗ്യാസ് ചേമ്പറുകളിൽ സൈക്ലോൺ ബി ഉപയോഗിച്ചു. 1940 -1945 -ൽ നാസി ജർമ്മനി അധിനിവേശ പോളണ്ടിൽ സ്ഥാപിച്ച മരണ ക്യാമ്പായ ഓഷ്വിറ്റ്സ്-ബിർകെനൗവിൽ ഒരു ദശലക്ഷം യൂറോപ്യൻ ജൂതന്മാർ കൊല്ലപ്പെട്ടു. ജൂതന്മാരല്ലാത്ത പോളിഷ്, റോമാ, സോവിയറ്റ് യുദ്ധത്തടവുകാർ, നാസി വിരുദ്ധ പ്രതിരോധ പോരാളികൾ എന്നിവരുൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ അവിടെ മരിച്ചുവെന്ന് ഓഷ്വിറ്റ്സ് മ്യൂസിയം റിപ്പോർട്ട് ചെയ്യുന്നു. 

(ചിത്രങ്ങളിൽ ഫ്ലോറൻസിലെ പ്രധാന ജയിൽ കോംപ്ലക്സ്/ ഫയൽ ചിത്രങ്ങൾ/ ​ഗെറ്റി)

click me!