ബംഗ്ലാദേശിയെന്ന് പറഞ്ഞ് ആറു വര്‍ഷം ജയിലിലടച്ച മനോരോഗിയായ യുവാവിന് ഒടുവില്‍ മോചനം!

By Web TeamFirst Published Apr 30, 2022, 5:48 PM IST
Highlights

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍, കുടുംബത്തിന്റെ ഇടപെടലും മനുഷ്യപ്പറ്റുള്ള ഒരഭിഭാഷകന്റെ സഹായവും കാരണം കോടതി ഇടപെടലിലൂടെ അവന്‍ ജയില്‍ മോചിതനായി. 

ആസാമിലെ ഗുവാഹത്തി സ്വദേശിയാണ് 22 -കാരനായ അമിത് ബോസ്. അല്ലറ ചില്ലറ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന അമിത്  ബംഗ്ലാദേശ് പൗരനെന്ന് മുദ്രകുത്തപ്പെട്ട് കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ജയിലിലായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍, കുടുംബത്തിന്റെ ഇടപെടലും മനുഷ്യപ്പറ്റുള്ള ഒരഭിഭാഷകന്റെ സഹായവും കാരണം കോടതി ഇടപെടലിലൂടെ അവന്‍ ജയില്‍ മോചിതനായി. 

അസാധാരണമാണ് അവന്റെ ജീവിതകഥ. വീട്ടില്‍നിന്നും വഴക്കിട്ടിറങ്ങിയ ആ പതിനഞ്ചുകാരന്റെ ജീവിതം ആകെ മാറിമറിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. 

2015 -ലാണ് ഗുവാഹത്തിയിലെ വീട്ടില്‍ നിന്ന് അവന്‍ ഒളിച്ചോടിപ്പോകുന്നത്. അന്ന് അവന് പ്രായം 15. ഗുവാഹത്തിയിലെ ഒരു ഹാര്‍ഡ്വെയര്‍ കടയിലാണ് അച്ഛന് ജോലി. അദ്ദേഹത്തിന്റെ പേര് അരബിന്ദ ബോസ്. ഒരു ദിവസം മാനസിക അസ്വാസ്ഥ്യമുളള അവന്‍ അച്ഛനുമായി വഴക്കിട്ടു. ദേഷ്യപ്പെട്ട അദ്ദേഹം അവനെ അടിച്ചു. തര്‍ക്കത്തിനിടയില്‍  'ഇങ്ങനെ ഉപദ്രവിക്കുകയാണെങ്കില്‍ നീ ബംഗ്ലാദേശിലേക്കെങ്ങാന്‍ പോയ്ക്കോ'' എന്നവന്റെ അച്ഛന്‍ ദേഷ്യത്തോടെ പറഞ്ഞു. നിരാശ നിറഞ്ഞ മനസ്സുമായി അവന്‍ വീട് വിട്ടിറങ്ങി. അച്ഛന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെങ്കിലും, ബംഗ്ലാദേശിലേക്ക് പോവാനാണ് അവന്‍ ആേലാചിച്ചത്. 

ആരോടും മിണ്ടാതെ വീടുവിട്ട അവന്‍  ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനില്‍ കയറി.  അവന്റെ കൈയില്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഒന്നുമുണ്ടായിരുന്നില്ല. യാത്രയില്‍ ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ അവനെ തടഞ്ഞു പരിശോധന നടത്തി. എവിടേക്കാണ് പോകുന്നതെന്ന് തിരക്കിയപ്പോള്‍, അവന്‍ ബംഗ്ലാദേശ് എന്ന് മറുപടി പറഞ്ഞു. ബംഗ്ലാദേശി ആണോ എന്ന് ആരാഞ്ഞപ്പോള്‍ അല്ല താന്‍ ഇന്ത്യന്‍ പൗരനാണ് എന്നവന്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും അവന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, അവന്‍ പറഞ്ഞ കഥകള്‍ ഒന്നും കേള്‍ക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് പൗരനാണ് എന്ന് പറഞ്ഞ് അവനെ കസ്റ്റഡിയിലെടുത്തു.  

2016 ജനുവരി 21 -ന്, കരിംഗഞ്ച് ജില്ലയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അവനെ ഒരു വിദേശിയായി മുദ്രകുത്തി. കാരണം അവന്റെ കൈയില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഒന്നുമുണ്ടായിരുന്നില്ല. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നല്‍കാതിരുന്നതും കോടതിയെ കുഴപ്പിച്ചു. തുടര്‍ന്ന് അമിത്തിനെ ബംഗ്ലാദേശിലേക്ക് നാടുകടത്താന്‍ ഉത്തരവായി. 

എന്നാല്‍, ബംഗ്ലാദേശ് അധികൃതര്‍ ഇതിനു വഴങ്ങിയില്ല. ബംഗ്ലാദേശിയാണ് എന്ന രേഖകളും അവന്റെ കൈയിലുണ്ടായിരുന്നില്ല. അതോടെ എങ്ങുമല്ലാതായ അവനെ അധികൃതര്‍ സില്‍ച്ചാര്‍ തടങ്കല്‍ കേന്ദ്രത്തില്‍ അടച്ചു. 


ഒരു വര്‍ഷത്തിനുശേഷം ജയിലില്‍നിന്നും പിതാവിനൊരു കോള്‍ വന്നു. അപ്പോഴാണ് തന്റെ വാക്കുകേട്ട് ബംഗ്ലാദേശിലേക്ക് പുറപ്പെട്ട അവന്‍ വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് ജയിലിലാണെന്ന് പിതാവ് അറിഞ്ഞത്. ഇതോടെ അവന്റെ കുടുംബം നിയമവഴികള്‍ ആരാഞ്ഞു. എന്നാല്‍, അഭിഭാഷകര്‍ വലിയ തുകയാണ് ഫീസായി പറഞ്ഞത്. അത് താങ്ങാനുള്ള അവസ്ഥയിലായിരുന്നില്ല കുടുംബം. തുടര്‍ന്ന്, അവര്‍ക്ക് മനുഷ്യപ്പറ്റുള്ള ഒരു അഭിഭാഷകനെ കണ്ടെത്താനായി-അഡ്വ. പി അഗര്‍വാള്‍. അദ്ദേഹം ഒറ്റ കാശും വാങ്ങാതെ അവനുവേണ്ടി വാദിക്കാന്‍ തയ്യാറായി. അങ്ങനെ അവന്റെ അമ്മ മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. 
തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടു. പരാതിക്കാരിയുടെ മകനാണോ അമിത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ അമിത് ഈ കുടുംബാംഗമാണെന്ന് തെളിഞ്ഞു. മകനാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ അമ്മ ഹാജരാക്കി. തുടര്‍ന്ന് അവനെ അടിയന്തിരമായി മോചിപ്പിക്കാന്‍ ജസ്റ്റിസ് കോടീശ്വര്‍ സിംഗ്, നാനാ താഗിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മെയ് അഞ്ചിന് കേസില്‍ അന്തിമ വിധി വരും. 

'സ്വന്തം മകനെ വിദേശിയായി പ്രഖ്യാപിക്കുമ്പോള്‍ ഒരു അമ്മ അനുഭവിക്കുന്നത് എന്താണെന്ന് ആര്‍ക്കും മനസ്സിലാവില്ല. ലോകത്തിലെ ഒരു അമ്മക്കും ഈ ഗതികേടുണ്ടാക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'-വിധി പുറത്തുവന്നശേഷം അമിതിന്റെ അമ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

click me!