ഈ ബാറുകളില്‍ ബിയറിനു പകരമുള്ളത് പാല്‍!

By Web TeamFirst Published Oct 23, 2021, 4:00 PM IST
Highlights

റുവാണ്ടയിലെ ബാറുകളില്‍ ചെന്നാല്‍, കൂടുതല്‍ ഡിമാന്റ് ബിയറിനല്ല. അപ്പോള്‍ പിന്നെ എന്താണ് ഈ ബാറുകളില്‍ വില്‍ക്കുന്നത്? 

റുവാണ്ടയിലെ ബാറുകളില്‍ ചെന്നാല്‍, കൂടുതല്‍ ഡിമാന്റ് ബിയറിനല്ല. അപ്പോള്‍ പിന്നെ എന്താണ് ഈ ബാറുകളില്‍ വില്‍ക്കുന്നത്? 

ഈ വാചകം വായിച്ചാല്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ വരുന്ന ഉത്തരം ബ്രാണ്ടി, വിസ്‌കി എന്നിവയൊക്കെയായിരിക്കും. എന്നാല്‍, റുവാണ്ടക്കാരോട് ചോദിച്ചു നോക്കൂ, അവര്‍ പറയും, പാല്‍ എന്ന്. 

അതെ, പാലാണ് ഇവിടത്തെ ബാറുകളിലെ പ്രിയ വിഭവം. ആളുകള്‍ പാല്‍ കുടിക്കാനായാണ് ഇവിടെ വരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ എന്നു ചോദിച്ചാല്‍, റുവാണ്ടക്കാര്‍ പറയും, അതാണ് ഞങ്ങളുടെ സംസ്‌കാരം എന്ന്. 

റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലെ ബാറുകളില്‍ ഒന്നു ചെന്നു നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും. ആളുകള്‍ പാലിനു വേണ്ടി കാത്തിരിക്കുന്നു. ചൂടുള്ളതും തണുത്തതുമായ പാല്‍ കഴിച്ച് ഒരു പാട് സമയം ഇരിക്കുന്നു. അതു കഴിഞ്ഞ്, സന്തോഷത്തോടെ ഇറങ്ങിപ്പോവുന്നു. 

ഇവിടെ പാല്‍ കുടിക്കാനെത്തുന്നവരോട് നിങ്ങള്‍ ഒന്നു സംസാരിച്ചു നോക്കു, എന്താണ് ഇങ്ങനെയെന്ന്, അവര്‍ പറയും, പാല്‍ നിങ്ങളെ ശാന്തരാക്കുന്നു, സ്‌ട്രെസ് കുറക്കുന്നു, ഉള്ളിലെ മുറിവുകള്‍ ഉണക്കുന്നു. 

ഇത് വെറുതെ പറയുന്നതല്ല, കന്നുകാലികളെ വലിയ സമ്പാദ്യമായി കണ്ടിരുന്ന ഒരു സംസ്‌കാരമാണ് റുവാണ്ടയിലേത്. കൂടുതല്‍ കന്നുകാലികള്‍ ഉള്ളവര്‍ ആണിവിടെ പണക്കാര്‍. പാലും പാലുല്‍പ്പന്നങ്ങളും ഇവിടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഇനങ്ങളാണ്. 

നറുപാലും തൈരുമാണ് ഇവിടെയുള്ള മിക്ക ബാറുകളിലെയും പ്രധാന വിഭവം. ആളുകള്‍ കൂട്ടമായി വന്ന് ഏറെ നേരം പാലുമായിരിക്കും. ലിറ്ററു കണക്കിന് പാല്‍ കുടിച്ച ശേഷം ഇറങ്ങിപ്പോവും. വെറും പാല്‍ മാത്രമല്ല അവര്‍ ഓര്‍ഡര്‍ ചെയ്യുന്നത്്. അതിനൊപ്പം കഴിക്കാന്‍ കേക്കുകളും ചപ്പാത്തിയും വാഴപ്പഴങ്ങളും ഓര്‍ഡര്‍ ചെയ്യുന്നു. സമയമെടുത്ത് ഇവ കഴിച്ച ശേഷം ശാന്തമായി പിരിഞ്ഞു പോവുന്നു. 

1994-ല്‍ ഇവിടെ ഒരു വംശഹത്യ നടന്നിരുന്നു. ടുട്‌സി വര്‍ഗത്തില്‍പ്പെട്ട എട്ടു ലക്ഷം പേരാണ് അന്ന് കൊലചെയ്യപ്പെട്ടത്. റുവാണ്ടയിലെ ഈ വിഭാഗത്തിന്റെ പ്രധാന വരുമാന മാര്‍ഗം പശുക്കളായിരുന്നു. പശുക്കളെ വളര്‍ത്തി ജീവിക്കുന്ന ഈ വിഭാഗക്കാരെ കൂട്ടമായി അരിഞ്ഞുതള്ളിയത്, റുവാണ്ടന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ഗോത്രപരമായ പക കാരണമായിരുന്നു. 

വംശഹത്യയ്ക്കു ശേഷം ഇവിടെ പശുവളര്‍ത്തലില്‍ വലിയ കുറവാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന്, സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പശു വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങി. 2006-ല്‍ പ്രസിഡന്റ് പോള്‍ കഗാമെ ഗിരിന്‍ക എന്നൊരു പദ്ധതി പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിലും ഓരോ പശു എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ രാജ്യവ്യാപകമായി  വിതരണം ചെയ്തത്  380,000 പശുക്കളെയാണ്. സ്വകാര്യ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍, വിദേശ എന്‍ ജി ഒകള്‍, നരേന്ദ്ര മോദിയെപ്പോലുള്ള വിദേശ നേതാക്കള്‍ എന്നിവരുടെയൊക്കെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഇത്രയും പശുക്കളെ വിതരണം ചെയ്തത്. 
 

click me!