മനുഷ്യരെല്ലാം വീടുപേക്ഷിച്ചു പായുന്ന ഈ നാട് കേരളത്തിലാണ്!

By Nishanth M VFirst Published Sep 24, 2020, 8:15 PM IST
Highlights

മുങ്ങുന്ന നാടിന്റെ കഥകള്‍. മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ 'സിങ്കിംഗ് ഐലന്റ്' നിര്‍മാണാനുഭവം.  ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസറായ നിഷാന്ത് എം വി എഴുതുന്നു

ലോകത്തെല്ലായിടത്തും ജനസംഖ്യ കൂടുമ്പോള്‍ മണ്‍റോ തുരുത്തില്‍ ജനസംഖ്യ കുറയുന്നു. 2001ല്‍ 10013 ആയിരുന്നു ജനസംഖ്യ. 2011 ആയപ്പോള്‍ ജനസംഖ്യ 9440 ആയി കുറഞ്ഞു. ആളുകള്‍ സ്വന്തം വീട് വിട്ട് പോവുകയാണിവിടെ. അതെന്തുകൊണ്ടാകാം? 

 

 

കേരള സര്‍ക്കാറിന്റെ മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച, 'സിങ്കിംഗ് ഐലന്റ്' എന്ന ഡോക്യുമെന്റിക്കാണ്. മണ്‍റോ തുരുത്തിന്റെ ജീവിതവും അതിജീവനവും പറയുന്ന ഡോക്യുമെന്ററി അവസാനിക്കുന്നത് ഇങ്ങനെയാണ്: 

വേലപ്പന്‍ ചേട്ടന്‍ മണ്‍റോ തുരുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകുന്നു. നടന്ന് പോകുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ''സാഹചര്യങ്ങളാണല്ലോ മനുഷ്യനെ ഓരോന്നും ചെയ്യിക്കുന്നത്. ഇവിടുന്ന് നാട് വിട്ട് പോകാനോ ഇവിടം ഉപേക്ഷിച്ച് പോകാനോ ഉള്ള സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചത് ഈ ദുരിതങ്ങളാണ്. ദുരിതങ്ങളനുഭവിച്ച് ഞങ്ങളൊക്കെയങ്ങ് വലഞ്ഞു. മക്കളുടെ ഭാവിക്ക് വേണ്ടി ഞങ്ങളിവിടം വിട്ട് പോയെങ്കിലേ പറ്റൂ. ഇനിയുള്ള കാലം അവരുടെ ജീവിതത്തിന് വേണ്ടി ചെലവഴിക്കുവാണ് എന്നുള്ളതേയുള്ളൂ. അപ്പോ ഞാനിവിടുന്ന് പോയേ പറ്റൂ.''

മണ്‍റോ തുരുത്തില്‍ നിന്ന് എല്ലാമുപേക്ഷിച്ച് മടങ്ങാനുള്ള കാരണമാണ് വേലപ്പന്‍ വിശദീകരിക്കുന്നത്. അങ്ങനെ വേലപ്പന്‍ ചേട്ടനില്‍ തുടങ്ങി വേലപ്പന്‍ ചേട്ടനില്‍ ഡോക്യുമെന്ററി അവസാനിക്കുന്നു.

പരിസ്ഥിതി വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിയായി 'സിങ്കിംഗ് ഐലന്റ്' തെരഞ്ഞെടുക്കപ്പെട്ട വിവരം അതിന്റെ വീഡിയോ എഡിറ്ററായ ഷഫീഖാന്‍ വിളിച്ചറിയിച്ചപ്പോള്‍ ആദ്യമോര്‍ത്തത് വേലപ്പേട്ടനെയാണ്. ജീവിതത്തില്‍ ആദ്യമാണ ഇങ്ങനെയൊന്ന് കിട്ടുന്നത്. ഈ സന്തോഷം ആദ്യം പങ്കുവെയ്ക്കണ്ടത് തുരുത്തിന്റെ കഥ പറഞ്ഞു തന്ന വേലപ്പന്‍ ചേട്ടനെ തന്നെയാണ്. 

ഫോണെടുത്തു ഒരു പാട് തവണ വിളിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീടുള്ള രണ്ട് ദിവസം തുടര്‍ച്ചയായി വിളിച്ചിട്ടും വേലപ്പന്‍ ചേട്ടന്‍ ഫോണെടുത്തില്ല. അതിനിടെ, യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത ഡോക്യുമെന്ററിക്കു താഴെ വന്ന കമന്റുകള്‍ വായിച്ചുകൊണ്ടിരിക്കെ ഒരു കമന്റ് കണ്ണിലുടക്കി. അത് ഇങ്ങനെയായിരുന്നു: ''നാല് മാസം മുന്‍പ് ഈ വേലപ്പന്‍ മരിച്ചു.''

ഒരിക്കലും സത്യമായിരിക്കരുതെ എന്ന് ആഗ്രഹിച്ചുകൊണ്ട് വീണ്ടും വേലപ്പന്‍ ചേട്ടനെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. അങ്ങനെ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരനെ വിളിച്ചു. അദ്ദേഹം ആ മറുപടി തന്നു: ''നാല് മാസം മുമ്പ വേലപ്പന്‍ മരിച്ചു,് പനിയായിരുന്നു. പാരിപ്പിള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.''

എന്ത് പറയണമെന്നറിയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. മറ്റുള്ളവര്‍ക്ക് വേലപ്പന്‍ ഭൂമിയിലെ ഒരാള്‍ മാത്രമായിരിക്കാം, പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല.സ്നേഹത്തിന്റെ, കരുതലിന്റെ ശേഷിക്കുന്ന ഒരു തുരുത്ത്. ആ വേലപ്പന്‍ ചേട്ടനാണ് ഡോക്യുമെന്ററിയിലെ അവസാന ദൃശ്യത്തിലേതുപോലെ മടങ്ങിയത്. മണ്‍റോ തുരുത്തില്‍ നിന്നല്ല, ജീവിതത്തില്‍ നിന്ന് തന്നെ...



മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തുരുത്ത് 

കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിനും, കല്ലടയാറിനും ഇടയിലുള്ള ചെറു കരപ്രദേശമാണ് മണ്‍റോ തുരുത്ത്. എട്ടു തുരുത്തുകള്‍. പഞ്ചായത്തില്‍ 9440 പേരുണ്ട്. അവരില്‍ ഒരാളായിരുന്നു വേലപ്പന്‍, 12 -ാം വാര്‍ഡിലാണ് വേലപ്പന്റെ വീട്. ലോകത്തെല്ലായിടത്തും ജനസംഖ്യ കൂടുമ്പോള്‍ മണ്‍റോ തുരുത്തില്‍ ജനസംഖ്യ കുറയുന്നു. 2001ല്‍ 10013 ആയിരുന്നു ജനസംഖ്യ. 2011 ആയപ്പോള്‍ ജനസംഖ്യ 9440 ആയി കുറഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലായിടത്തും ജനസംഖ്യ കൂടിയപ്പോള്‍ ഇവിടെ മാത്രം ജനസംഖ്യ കുറയുന്നു. ആളുകള്‍ സ്വന്തം വീട് വിട്ട് പോവുകയാണിവിടെ. 

അതെന്തുകൊണ്ടാകാം? ഒരു എഡിറ്റിംഗ് സെഷനിടെ, ഓഫീസിലെ എഡിറ്റ് സ്യൂട്ടിലിരുന്ന് ഞങ്ങളുടെ വീഡിയോ എഡിറ്റര്‍ ഷഫീഖാന്‍ ചോദിച്ച ആ ചോദ്യമാണ് സത്യത്തില്‍ ആ ഡോക്യുമെന്ററി ചര്‍ച്ചയിലേക്ക് എത്തിച്ചത്. അങ്ങനെ, 2018 നവംബറില്‍ ഒരു ചെറിയ സ്റ്റോറി ചെയ്യാനായി മണ്‍റോ തുരുത്തിലെത്തുന്നു. 

അവിടെയെത്തിയപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ ഒരു കാര്യം ബോധ്യപ്പെടുത്തി. ഇത് ഒരു മിനുറ്റിലോ, രണ്ട് മിനുറ്റിലോ ഒതുങ്ങുന്ന സ്റ്റോറിയല്ല. ഓരോ ഫ്രെയിമുകളും ഓരോ ഡോക്യുമെന്ററി. അവിടെ എത്തിയ ശേഷമാണ് വേലപ്പന്‍ ചേട്ടനെ കണ്ടുമുട്ടുന്നത്. അപൂര്‍വ്വമായൊരു ശാസ്ത്ര പ്രതിഭാസം കാരണം നട്ടംതിരിയുന്ന മണ്‍റോ തുരുത്തിലെ മനുഷ്യരെക്കുറിച്ച് അതിനുമുമ്പേ കേട്ടിട്ടുണ്ടായിരുന്നു, വായിച്ചറിഞ്ഞിട്ടുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നുമായിരുന്നില്ല മണ്‍റോ തുരുത്തിലെ ജീവിതം. അത് അവിടെ എത്തിയപ്പോഴാണ്് അനുഭവിക്കാന്‍ കഴിഞ്ഞത്. 

ജലഭയത്താല്‍ മനുഷ്യര്‍ ഉപേക്ഷിച്ച് പോയ വീടുകള്‍, അടുക്കളയില്‍ വരെ കയറി വരുന്ന വെള്ളത്തെ നോക്കി നിസ്സഹായതയോടെ ജീവിക്കുന്ന മനുഷ്യര്‍. ഒരു ദേശത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് ഒരു റെയില്‍വെ ട്രാക്ക്. അങ്ങനെ നമുക്ക് ഇതുവരെ പരിചിതമല്ലാത്ത ഏതോ വിചിത്ര ജീവിതാവസ്ഥ. എഴുതി വെച്ച തിരക്കഥ അനുസരിച്ച് ചെയ്യാനാകുന്ന ഒരു ഡോക്യുമെന്ററിയല്ല ഇതെന്ന് ആദ്യമേ ബോധ്യപ്പെട്ടു. നനഞ്ഞ് ജീവിക്കുന്ന മനുഷ്യരെ ഒപ്പിയെടുക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

അങ്ങനെ വേലപ്പന്‍ ചേട്ടന്‍ തുരുത്തിന്റെ കഥ പറഞ്ഞു തുടങ്ങി.തോണിയിലൂടെ, ചെളിയിലൂടെ ഞങ്ങള്‍ യാത്ര തുടങ്ങി. അവിടെയുള്ള ഓരോ മനുഷ്യരും കഥകളായി ക്യാമറയിലേക്ക് കയറിവന്നു. മരിച്ചുപോയ മകനെ അടക്കാനിടമില്ലാതെ നിസ്സഹായയായി കരയേണ്ടി വന്ന പ്രമദ എന്ന അമ്മ, പിറന്ന ഇടമെല്ലാം വെള്ളമെടുത്ത് പോയ വേദനയില്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നും പറയാനാകാതെ നിന്ന് കരയുന്ന ഖാലുദ്ദീന്‍ കുഞ്ഞ്, കളിക്കാന്‍ സ്ഥലമില്ലാതെ അടഞ്ഞുപോയ കുട്ടികള്‍. ആ തുരുത്തിലെ മനുഷ്യര്‍ക്ക് വേണ്ടി സദാ പോരാടിക്കൊണ്ടിരിക്കുന്ന ബിനു കരുണാകരന്‍ എന്ന പഞ്ചായത്ത് പ്രസിഡന്റ്. കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ഓരോ കഥകള്‍!

ആദ്യ ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തന്നെ ആ പ്രദേശത്തെ അപൂര്‍വ്വത തെളിഞ്ഞുവന്നു. ഇതുവരെ കണ്ടെത്താനാകാത്ത ശാസ്ത്ര പ്രതിഭാസം മനോഹരമായ ആ ഭൂമിയോട് ചെയ്തതെല്ലാം അവിടെ തെളിഞ്ഞു നില്‍പ്പുണ്ട്. ഒരു കാലത്ത് തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം തേങ്ങ ഉല്‍പ്പാദനവും വിപണനവും നടന്ന സ്ഥലങ്ങളിലൊന്നായിരുന്നു മണ്‍റോ തുരുത്ത്.  എന്നാല്‍ ഇന്ന് അവിടെയുള്ളത് തലപോയ തെങ്ങുകള്‍ മാത്രം. വലിയ നെല്‍പ്പാടങ്ങളുണ്ടായിരുന്ന അവിടെ വിത്തിന് പോലും ഇപ്പോള്‍ നെല്ലില്ല. 

മണ്‍റോ തുരുത്ത് മുങ്ങുന്നു എന്നു പറയുന്നതില്‍ വാസ്തവമുണ്ടോ? അവിടെയുള്ള വീടുകളും ഭൂമിയും തന്നെയാണ് അതിന് തെളിവ്. മാത്രമല്ല ഇവിടുത്തെ പ്രതിഭാസം ഭൂമി താഴുന്നതാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം ലോകത്തിന്റെ പല കോണുകളിലുമുണ്ടാകുന്നുണ്ട്. കേരളത്തില്‍ അതിന്റെ ഏറ്റവും പ്രകടമായ ദൃശ്യമുള്ള സ്ഥലങ്ങളിലൊന്നാണ് മണ്‍റോ തുരുത്ത്. അവിടുത്തെ കാഴ്ചകള്‍ തന്നെയാണ് അതിന് തെളിവ്. വീടിനകത്തെല്ലാം വെള്ളമാണ്. മനുഷ്യരപേക്ഷിച്ച് പോയ ശേഷം കാട് പിടിച്ച ഒന്നും രണ്ടും നിലകളുള്ള വീടുകള്‍. കയറി വരുന്ന വെള്ളത്തെ നോക്കി നിസ്സഹായതയോടെ നില്‍ക്കുന്ന വീട്ടുകാര്‍. വെള്ളത്തിനടിയിലായിപ്പോയ പഴയ ഇടങ്ങളെ നോക്കി കണ്ണീര്‍ വാര്‍ക്കുന്ന മനുഷ്യര്‍. ഇതൊക്കെയാണ് മണ്‍റോ തുരുത്തിലെ കാഴ്ചകള്‍. ഇവിടെ വെള്ളം ഉയരുകയല്ല, ഭൂമി താഴുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് പഠനങ്ങള്‍ ഒരുപാട് നടക്കുന്നുമുണ്ട്. ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

 

 

പോസ്റ്റ് പ്രൊഡക്ഷന്‍ കഥകള്‍

വിചിത്രമായിരുന്നു അതു കഴിഞ്ഞുണ്ടായ കാര്യങ്ങള്‍. ഷൂട്ട് കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ എഡിറ്റ് ചെയ്ത് ഇറക്കാനിരുന്ന ഡോക്യുമെന്ററി പല കാരണങ്ങളാല്‍ നീണ്ട് പിറ്റേ വര്‍ഷമാണ് ഇറങ്ങിയത്. അതിനിടെ പല തടസ്സങ്ങള്‍, അനിശ്ചിതത്വങ്ങള്‍. ഇടയ്ക്ക് ഇത് നടക്കില്ലെന്നു തന്നെ തോന്നിച്ചു.

2018 നവംബര്‍ മാസത്തില്‍ തന്നെ ചിത്രീകരണം കഴിഞ്ഞുവെങ്കിലും, മറ്റനേകം തിരക്കുകള്‍ കാരണം എഡിറ്റിംഗ് ജോലികള്‍ മുടങ്ങി. പിറ്റ വര്‍ഷം ജനുവരിയിലാണ് എഡിറ്റിംഗ് ജോലികള്‍ ആരംഭിക്കുന്നത്. ജനുവരി 15ന് എഡിറ്റിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. എന്നാല്‍, മറ്റു ചില കാരണങ്ങളാല്‍ എഡിറ്റിംഗ് വീണ്ടും നിന്നു. അങ്ങനെ അടുത്ത മാസം ഫെബ്രുവരിയില്‍ വീണ്ടും എഡിറ്റിംഗ് ആരംഭിച്ചു.  ഫെബ്രുവരി 22 ആയി, എഡിറ്റിംഗ് തീരാന്‍.

എന്നാല്‍, അവിടെ കഥ തീര്‍ന്നില്ല. പ്രിവ്യൂ കണ്ടപ്പോള്‍, എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നതതായായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. വീണ്ടും കണ്ടപ്പോള്‍ ഞങ്ങളും അതേ അഭിപ്രായത്തിലെത്തി. ഡോക്യുമെന്ററി എങ്ങനെ നന്നാക്കാമെന്നായിരുന്നു പിന്നീടുള്ള ചിന്തകള്‍. കുറച്ച് ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണം, കഥ പറച്ചിലില്‍ മാറ്റം വരുത്തണം. പിറ്റേ വര്‍ഷം മാര്‍ച്ച് 15 -ഓടുകൂടി വീണ്ടും ഡോക്യുമെന്ററിയുടെ ജോലികളിലേക്ക് കടന്നു. കുറച്ച് ദൃശ്യങ്ങള്‍ കൂടി ആവശ്യമുണ്ടായിരുന്നു. അങ്ങനെ വീണ്ടും മണ്‍റോ തുരുത്തിലേക്ക്. വേലപ്പനെ കൂട്ടി കുറച്ച് കൂടി ദൃശ്യങ്ങളെടുത്തു. മൂന്ന്് മാസത്തിന് ശേഷം വീണ്ടും കൂട്ടിച്ചേര്‍ക്കലുകള്‍. പക്ഷെ പതിവു ജോലികളുടെ തിരക്കുകള്‍ കാരണം എഡിറ്റിംഗ് വീണ്ടും നീണ്ടു. രണ്ട് മാസത്തിന് ശേഷം വീണ്ടും എഡിറ്റിംഗ് തുടങ്ങി. അങ്ങനെ മെയ് മാസം അവസാനത്തോടെ ഡോക്യുമെന്ററി പൂര്‍ത്തിയായി. അതും കൃത്യമായിരുന്നില്ല. തുരുത്തിന്റെ ചരിത്രം കൂടി അതില്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്നു. അതു ശരിയായിരുന്നു. ചരിത്രം കൂട്ടിച്ചേര്‍ക്കണം, പക്ഷെ ദൃശ്യങ്ങള്‍ ഒന്നും കയ്യിലില്ല. എന്ത് ചെയ്യും? അങ്ങനെയാണ് ഗ്രാഫിക്കലായി അവതരിപ്പിക്കാമെന്ന് തീരുമാനിച്ചത്. ഗ്രാഫിക്സ് ടീമിലെ ബിസ്മി രതീഷ് മൂന്ന് രാപ്പകലുകള്‍ ചെലവിട്ട് വര പൂര്‍ത്തിയാക്കി. ഗ്രാഫിക് ഡിസൈനര്‍ പ്രജീഷ് വടകര അത് സുന്ദരമായി ചലിപ്പിച്ചു. 

പിന്നീടാണ് ആ ചരിത്രത്തിന്റെ വോയ്‌സ് ഓവര്‍ ആരു ചെയ്യും എന്ന ആലോചനയുണ്ടായത്. മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ മാങ്ങാട് രത്നാകരന്‍ സാറിനെ സമീപിച്ചു. അദ്ദേഹം മനോഹരമായി ഡബ്ബ് ചെയ്ത് അത് അയച്ചു തന്നു. അപ്പോഴും കുറച്ച് ദൃശ്യങ്ങളുടെ കുറവ് അനുഭവപ്പെട്ടു. എഡിറ്റിംഗ് ജോലികള്‍ വീണ്ടും നിലച്ചു. ജൂണ്‍ മാസം പകുതിയോടെ വീണ്ടും ജോലികള്‍ തുടങ്ങി. അങ്ങനെ എല്ലാ ജോലികളും പൂര്‍ത്തിയായ ശേഷമാണ് സബ് ടൈറ്റില്‍ കാര്യം തീരുമാനിക്കുന്നത്. ബാബു രാമചന്ദ്രന്‍ ഒരാഴ്ച കൊണ്ട് സബ്ടൈറ്റില്‍ തയ്യാറാക്കി നല്‍കി. എല്ലാ ജോലികളും ജൂലൈ പകുതിയോട് കൂടി തീര്‍ന്നു. ഓഗസ്റ്റ് മാസം ആദ്യം ഡോക്യുമെന്ററി പുറത്തിറക്കി.
 
ഒരു ഡോക്യുമെന്ററി പുറത്തിറക്കുന്നതിന് പിന്നിലെ പ്രശ്നങ്ങളെല്ലാം അറിഞ്ഞത് ഈ ഡോക്യുമെന്ററിയുടെ നിര്‍മ്മാണ ശേഷമായിരുന്നു. അത് എഡിറ്റ് ചെയ്തത് ഷഫീഖാനായിരുന്നു. ഇങ്ങനെയൊരു ഡോക്യുമെന്ററിക്ക് വിത്തിടുന്നത് മുതല്‍ അത് പാകമാകുന്നത് വരെ ഒപ്പമിരുന്ന ഒരാളാണ് ഷഫീഖ്. ഒരുപക്ഷെ അവന്‍ കൂടെയുണ്ടായിരുന്നില്ലെങ്കില്‍ ഈ ഡോക്യുമെന്ററി തന്നെ ഉണ്ടാകുമോ എന്നത് സംശമാണ്. എഡിറ്റര്‍ എബി തരകന്റെ പ്രത്യേക താല്‍പ്പര്യത്തോടെയാണ് ഞങ്ങള്‍ അവിടേക്ക് ചെന്നത്. ഈ ഡോക്യുമെന്ററിയുടെ ഏറ്റവും സുന്ദരമായ ഭാഗം അതിന്റെ ദൃശ്യങ്ങളാണ്. വെള്ളത്തിലിറങ്ങിയും, ചെളിയിലിറങ്ങിയും തുരുത്തിനെ അതുപോലെ ഒപ്പിയെടുത്തത് ക്യാമറാമാന്‍മാരായ മില്‍ട്ടനും രാജീവും ചേര്‍ന്നാണ്. തുടക്കത്തില്‍ ദൃശ്യങ്ങള്‍ ആവശ്യമുണ്ടെന്ന് വന്നപ്പോള്‍ അതിസുന്ദരമായി വരഞ്ഞ് തന്ന ബിസ്മി. പിന്നെ അതിനെ ചലിപ്പിച്ച പ്രജീഷ് വടകര. ടൈറ്റില്‍ ചെയ്തെടുത്ത പ്രമോദ് കെടി. സുന്ദരമായി സബ് ടൈറ്റില്‍ ചെയ് ബാബു രാമചന്ദ്രന്‍. നന്നാകണമെന്ന് ആഗ്രഹിച്ച് കൂടെ നിന്നവര്‍. എല്ലാവരെയും ഓര്‍ക്കുകയാണ് ഇപ്പോള്‍. നന്ദിയോടെ.

 

 

വേലപ്പന്‍ ചേട്ടനും മടങ്ങി

ഡോക്യുമെന്ററി പൂര്‍ത്തിയായപ്പോള്‍ അത് വേലപ്പന്‍ ചേട്ടനെ കാണിച്ച് കൊടുത്തു. അതു മുഴുവന്‍ കണ്ടശേഷം, ചെറുചിരിയോടെ അദ്ദേഹം പറഞ്ഞതിപ്പോഴും ഓര്‍മ്മയുണ്ട്. ''വേലപ്പന്‍ നടനായല്ലോ നിഷാന്തെ..''

എന്നിലെ സ്വാര്‍ത്ഥ അപ്പോള്‍ പുറത്തിറങ്ങി, ഞാന്‍ തിരിച്ച് ചോദിച്ചു- വേലപ്പന്‍ ചേട്ടന്‍ ഇനിയുംേ അവിടെ നില്‍ക്കണോ. പെട്ടെന്ന് ഇവിടം വിട്ട് പോയ്ക്കൂടെ

അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു, ഞാനുണ്ടല്ലോ എന്ന പ്രതീക്ഷയില്‍ കുറേപ്പേര്‍ ഒരു തുണ്ട് ഭൂമി പോലുമില്ലാതെ കഴിയുന്നുണ്ടിവിടെ. പോകാം സമയമാകട്ടെ...

അതിന് ശേഷവും വേലപ്പന്‍ ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കുറേ കാര്യങ്ങള്‍ പറയും.അവിടെയുള്ള മനുഷ്യരെക്കുറിച്ച് പറയും. സങ്കടങ്ങള്‍ പറയും. ഈ പുരസ്‌കാരം അത്രയും പ്രിയപ്പെട്ട വേലപ്പന്‍ ചേട്ടന് കൂടി ഉള്ളതാണ്.

ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ വേലപ്പന്‍ ചേട്ടന്‍ യാത്ര ചെയ്യുന്ന രംഗത്തിന്റെ വിവരണം രത്നാകരേട്ടന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്-വേലപ്പനും മടങ്ങുകയാണ്.

അതെ വേലപ്പനും മടങ്ങി.

click me!