പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് റെയില്‍വേ സ്റ്റേഷനില്‍ ബെഞ്ച്...

By Web TeamFirst Published Oct 6, 2019, 11:34 AM IST
Highlights

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 109 ടണ്‍ മാലിന്യം പശ്ചിമ റെയില്‍വേ ശേഖരിച്ചിരുന്നു. ഒരു ബെഞ്ച് നിര്‍മ്മിക്കാന്‍ 50 കിലോഗ്രാം പ്ലാസ്റ്റിക്കാണ് ആവശ്യം വരിക. ഇതുപോലെ മൂന്നു ബെഞ്ചുകളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. 

പ്ലാസ്റ്റിക് മാലിന്യം എന്ത് ചെയ്യും? അത് ഭൂമി നശിക്കാന്‍ കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാല്‍, ഈ പ്ലാസ്റ്റിക്കുകളൊക്കെ എന്താണ് ചെയ്യുക എന്നാണ് അറിയാത്തത്. ഇതിനൊരു വേറിട്ട വഴി കാണിക്കുകയാണ് പശ്ചിമ റെയില്‍വേ. മുംബൈ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചു കൊണ്ടാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ബെഞ്ച് തീര്‍ത്തിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്‍ത് ഇങ്ങനെയൊരു ഇരിപ്പിടം നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ റെയില്‍വേയുടെ ചര്‍ച്ച് ഗേറ്റ് സ്റ്റേഷനിലാണ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ബെഞ്ചുള്ളത്. 

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 109 ടണ്‍ മാലിന്യം പശ്ചിമ റെയില്‍വേ ശേഖരിച്ചിരുന്നു. ഒരു ബെഞ്ച് നിര്‍മ്മിക്കാന്‍ 50 കിലോഗ്രാം പ്ലാസ്റ്റിക്കാണ് ആവശ്യം വരിക. ഇതുപോലെ മൂന്നു ബെഞ്ചുകളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കായതുകൊണ്ട് തന്നെ വാട്ടര്‍പ്രൂഫാണ് അതുകൊണ്ട് മരത്തിന്‍റെ ബെഞ്ച് പോലെ എളുപ്പം കേടുവരികയുമില്ല. ഏതായാലും, ഇതുപോലെയുള്ള കൂടുതല്‍ ബെഞ്ചുകള്‍ നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്. 

പ്ലാസ്റ്റിക് കൊണ്ട് എന്തൊക്കെ ചെയ്യാം?
ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് കൊണ്ടുള്ള ദുരിതത്തെ കുറിച്ച് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ നമ്മളുപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തന്നെ ഒരുപക്ഷേ, ഭൂമിക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ കൊണ്ട് അതുകൊണ്ട് ബെഞ്ച് പോലെത്തന്നെ മറ്റുപല കാര്യങ്ങളും ചെയ്യുന്നുണ്ട് പലയിടത്തും. 

എക്കോ ബ്രിക്ക്: ആഗ്ര ജയിലില്‍ തടവുകാര്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് 'എക്കോ ബ്രിക്ക്' നിര്‍മ്മിച്ചത് വാര്‍ത്തയായിരുന്നു. ചുമരുകള്‍ക്കായി ഇവ ഉപയോഗിക്കാവുന്നതാണ്. 

പ്ലാസ്റ്റിക് മാലിന്യത്തിന് പകരം ഊണ്: ഇന്ത്യയിലെ ആദ്യത്തെ ഗാര്‍ബേജ് കഫെ ഛത്തീസ്‍ഗഢിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. വീടില്ലാത്തവരോ, പാവപ്പെട്ടവരോ ആയവര്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ കഫേയില്‍ ഏല്‍പ്പിച്ചാല്‍ മതി പകരം ഭക്ഷണം വാങ്ങിക്കഴിക്കാം. ഒരു കിലോ പ്ലാസ്റ്റിക് കൊണ്ടുചെന്നാലാണ് ഭക്ഷണം കിട്ടുക. ഓരോ കിലോ പ്ലാസ്റ്റിക് മാലിന്യത്തിന് ഉച്ചഭക്ഷണം, അരക്കിലോ മാലിന്യവുമായിച്ചെന്നാല്‍ വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രഭാതഭക്ഷണവും നല്‍കും. നഗരം വൃത്തിയാക്കി സൂക്ഷിക്കുന്നതിനാണത്രേ കഫെ തുടങ്ങിയത്. 

പ്ലാസ്റ്റിക്കിനു പകരം വാഴയില: തായ്‍ലന്‍ഡിലെ റിംപിങ് സൂപ്പര്‍മാര്‍ക്കറ്റിലടക്കം പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പച്ചക്കറികളും മറ്റും പൊതിഞ്ഞുനല്‍കാന്‍ വാഴയിലകളുപയോഗിക്കുന്നു.

പ്ലാസ്റ്റിക്കില്‍ നിന്നൊരു റോഡ്: ഗോമിത് നഗര്‍ പൊലീസ് സ്റ്റേഷന്‍ മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്‍റ് വരെ ഒരു റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. ലഖ്‍നൗ ലെവലെപ്മെന്‍റ് അതോറിറ്റിയാണ് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍: ഹൈദരാബാദില്‍ പ്രൊഫ. സതീഷ് കുമാര്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് പെട്രോളുണ്ടാക്കിയതും വാര്‍ത്തയായിരുന്നു. ലിറ്ററിന് 40 രൂപയാണ് വില. 

click me!