ബ്ലാക്ക് ജൂലൈ: കലാപത്തിന്‍റെയും മുറിവുകളുടെയും മാസം...

By Web TeamFirst Published Jul 25, 2019, 6:14 PM IST
Highlights

ജനങ്ങള്‍ പിരിഞ്ഞുപോയി. പക്ഷെ, അതിലൊരുവിഭാഗം ബോറെല്ലോയിലേക്ക് പോയി. ജാഥയായി പോയ ആ ആള്‍ക്കൂട്ടം വഴിയില്‍ക്കണ്ട തമിഴ് വംശജരുടെ വീടും സ്ഥാപനങ്ങളുമെല്ലാം തല്ലിത്തകര്‍ക്കുകയോ കത്തിക്കുകയോ ചെയ്തു. 

ശ്രീലങ്കയ്ക്ക് ജൂലൈ, ബ്ലാക്ക് ജൂലൈ ആണ്. അനേകങ്ങളെ ക്രൂരമായി കൊല ചെയ്യുകയും വീടുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം തച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്ത മാസം. തെരുവ് മുഴുവന്‍ അക്രമം നടമാടിയ ഏഴ് ദിവസങ്ങള്‍. ബ്ലാക്ക് ജൂലൈ... 1983 ജൂലൈയിൽ ശ്രീലങ്കയിലെ തമിഴർക്കു നേരെ നടന്ന വംശഹത്യയും, പിന്നാലെയുണ്ടായ കലാപങ്ങളുമാണ് ബ്ലാക്ക് ജൂലൈ എന്ന പേരിലറിയപ്പെടുന്നത്.

1983 ജൂലൈ 23 -ന് എന്താണ് സംഭവിച്ചത്? 

1983 ജൂലൈ 23... രാത്രി 11.30 നാണ്, എല്‍ ടി ടി ഇ ഒരു പട്രോള്‍ വാഹനത്തെ അക്രമിച്ചക്കുന്നത്. അതിനെത്തുടര്‍ന്ന് 13 പട്ടാളക്കാര്‍ അന്ന് കൊല്ലപ്പെട്ടു. അതോടുകൂടിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ജൂലൈ 24 -ന് രാത്രിയില്‍ കൊളംബോയില്‍ നിന്നുതുടങ്ങിയ അക്രമപരമ്പര രാജ്യത്തിലാകെ വ്യാപിച്ചു. സിംഹള പൗരന്മാര്‍ തമിഴരെ എവിടെക്കണ്ടാലും ആക്രമിക്കുന്ന അവസ്ഥയിലേക്കെത്തി അതോടെ കാര്യങ്ങള്‍. ഏഴ് ദിവസമാണ് ആ കലാപം നീണ്ടുനിന്നത്. 3000 ആളുകള്‍ അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ടു. വീടുകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ടു. 

ഇതേത്തുടര്‍ന്ന് നിരവധി ചെറുപ്പക്കാരാണ് എല്‍ ടി ടി ഇ അടക്കമുള്ള സംഘടനകളില്‍ ചേര്‍ന്നത്. മാത്രവുമല്ല, പിന്നീട് വര്‍ഷങ്ങള്‍ ശ്രീലങ്കയെ വലച്ച ആഭ്യന്തരകലാപത്തിലേക്കുള്ള യാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. 

ജൂലൈ 24, 1983 
അന്ന് സൈനിക തലവനായ തിസ്സ വീരതുംഗ, കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനോ, ജാഫ്നയില്‍വെച്ച് ശവസംസ്കാരം നടത്താനോ അനുമതി നല്‍കിയിരുന്നില്ല. ഇതും ആളുകളുടെ ഇടയിലും കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുടെ ഇടയിലും അസ്വാരസ്യമുണ്ടാക്കാന്‍ കാരണമായി.  പ്രസിഡന്‍റ് ജയവര്‍ധനെയുടെ നിര്‍ദ്ദേശപ്രകാരം കൊളംബോയില്‍ എല്ലാവിധ സൈനിക ബഹുമതികളോടെയും സംസ്കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 

കലാപത്തിന്റെ നാളുകളിൽ സിംഹള യുവത്വം തെരുവുകളിൽ അക്രമം വിതക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ഒരു ബസ്സ് തടഞ്ഞു നിര്‍ത്തി അതിലുള്ള തമിഴ് വംശജരെ കാണിച്ചുകൊടുക്കാൻ അക്രമികൾ ബസ്സ് ഡ്രൈവറോടു ആവശ്യപ്പെട്ടു. യാത്രക്കാരിയായ ഒരു തമിഴ് സ്ത്രീയെ അയാൾ കാണിച്ചുകൊടുത്തു, ജീവനിലുള്ള ഭയം കൊണ്ട് ആ സ്ത്രീ നെറ്റിയിലുള്ള കുങ്കുമം മായ്ക്കാൻ ശ്രമിച്ചുവെങ്കിലും, അതിനു മുമ്പ് അക്രമികൾ അവരെ പിടിച്ചു ബസ്സിനു പുറത്തേക്കു കൊണ്ടു വന്നു. പൊട്ടിയ ഒരു കുപ്പി കഷണം കൊണ്ട്, കലാപകാരികൾ ആ സ്ത്രീയുടെ വയർ കീറി മുറിച്ചു. ഇതെല്ലാ നടക്കുമ്പോൾ ചുറ്റുപാടും അക്രമികൾ കൈകൊട്ടി നൃത്തം ചെയ്യുകയായിരുന്നു. മറ്റൊരു സംഭവത്തിൽ പതിനെട്ടും, പതിനൊന്നും വയസ്സുള്ള സഹോദരിമാരായ രണ്ടു പെൺകുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി, പിന്നീട് മൃതദേഹം കത്തിച്ചു. കലാപം നടക്കുന്ന സ്ഥലത്തേക്ക്, ബുദ്ധസന്യാസിമാർ, തമിഴരെ കൊല്ലുവാൻ സിംഹളജനതയോടു ആഹ്വാനം ചെയ്തുകൊണ്ട് കൊടികളും വീശി ഉന്മാദാവസ്ഥയിൽ വരുന്നതും കാണാമായിരുന്നു.

— ദ ട്രാജഡി ഓഫ് ശ്രീലങ്ക - വില്യം മക്ഗോവൻ (കടപ്പാട്: വിക്കിപ്പീഡിയ)

അഞ്ചുമണിക്കാണ് ശവസംസ്കാര ചടങ്ങ് തീരുമാനിച്ചത്. പക്ഷെ, ആ സമയമായിട്ടും മൃതദേഹങ്ങളെത്തിയിരുന്നില്ല. ഇത് മരിച്ച സൈനികരുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചു. മാത്രവുമല്ല, ചടങ്ങുകൾ വീക്ഷിക്കുന്നതിനായി ആയിരക്കണക്കിനാളുകളെത്തിയിരുന്നു. മൃതദേഹങ്ങളെത്തിയത് 7.20 നാണ്. മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു. അത് കലാപത്തിലേക്ക് നയിച്ചു. ജനക്കൂട്ടം പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഒടുവില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാം എന്ന തീരുമാനം സര്‍ക്കാരിനെടുക്കേണ്ടി വന്നു. 

ജനങ്ങള്‍ പിരിഞ്ഞുപോയി. പക്ഷെ, അതിലൊരുവിഭാഗം ബോറെല്ലോയിലേക്ക് പോയി. ജാഥയായി പോയ ആ ആള്‍ക്കൂട്ടം വഴിയില്‍ക്കണ്ട തമിഴ്വംശജരുടെ വീടും സ്ഥാപനങ്ങളുമെല്ലാം തല്ലിത്തകര്‍ക്കുകയോ കത്തിക്കുകയോ ചെയ്തു. പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെങ്കിലും അത് സ്ഥിതി വഷളാക്കിയതേയുള്ളൂ. ആളുകള്‍ കൂടുതല്‍ കൂടുതല്‍ അക്രമാസക്തരായി. 

25 ജൂലൈ 1983 
ജൂലൈ 25 -ന് രാവിലെ ആയപ്പോഴേക്കും ആക്രമം അതിന്‍റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരുന്നു. തമിഴ് വംശജരുടേതെന്ന് സംശയിച്ച മുഴുവന്‍ വീടുകളും കടകളും നശിപ്പിച്ചു. ആളുകളെ ഉപദ്രവിച്ചു, വാഹനങ്ങള്‍ കത്തിച്ചു. ഇങ്ങനെ ഉപദ്രവിക്കപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ജയിലിലുണ്ടായിരുന്നവര്‍ പോലും സിംഹള തടവുകാരാല്‍ കൊല്ലപ്പെട്ടു. 53 പേരാണ് ഇങ്ങനെ വിവിധ ജയിലുകളില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈ 25 -ന് പ്രസിഡണ്ട് കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സര്‍ക്കാരിന്‍റെ സഹായവും...
വോട്ടേഴ്സ് പട്ടിക നോക്കി തമിഴ് വംശജരെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയുമുണ്ടായി. ഇതിന് സര്‍ക്കാരിന്‍റെ ചില വിഭാഗങ്ങള്‍ തന്നെ കൂട്ടുനിന്നിരുന്നുവെന്ന് പ്രസിഡണ്ട് ജയവര്‍ദ്ധനന്‍ പിന്നീട് സമ്മതിച്ചിരുന്നു. ജയിലിലെ ഉദ്യോഗസ്ഥര്‍ സിംഹളര്‍ക്കായി തമിഴ് വംശജരായ തടവുകാരെ പാര്‍പ്പിച്ചിരുന്ന സെല്ലുകളുടെ താക്കോല്‍ കൈമാറിയിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തെ ഭയന്നോടിയവരില്‍ പലര്‍ക്കും അഭയം നല്‍കിയത് മുസ്‍ലിം കുടുംബങ്ങളാണ്. ചിലരാകട്ടെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും ഒക്കെ ഒളിച്ചിരുന്നു. തമിഴ് വംശജരെ തെരഞ്ഞുപിടിച്ചായിരുന്നു ഉപദ്രവം. സിംഹള കുടുംബങ്ങള്‍ തമിഴ് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് കൊടുത്ത വീടുകളൊന്നും അക്രമികള്‍ നശിപ്പിച്ചില്ല. പകരം, അതിലുണ്ടായിരുന്ന വസ്തുക്കള്‍ മുഴുവന്‍ നശിപ്പിച്ചു കളഞ്ഞു. 

പെട്ടെന്നുണ്ടായി വന്ന ഒന്നായിരുന്നില്ല ഈ അക്രമം. അതിനുമുമ്പ് തന്നെ സിംഹളര്‍ക്ക് തമിഴരോട് വിരോധമുണ്ടായിരുന്നു. ജൂലൈ 23 -ലെ സംഭവം ആ വിരോധം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാനും എല്ലാ അതിര്‍ത്തികളും ലംഘിച്ച് തമിഴ് വംശജരെ ഉപദ്രവിക്കാനും ഇല്ലാതാക്കാനും കാരണമായി. പൊലീസും പട്ടാളവും വളരെ തണുപ്പന്‍ മട്ടിലാണ് നിന്നത്. മിക്കയിടങ്ങളിലും അവര്‍ കലാപകാരികള്‍ക്കൊപ്പം ചേര്‍ന്നുവെന്നും ദൃസാക്ഷികള്‍ പറയുകയുണ്ടായി. അവസാനം, ഇറങ്ങിയേ തീരൂവെന്ന ഘട്ടം വന്നപ്പോള്‍ പൊലീസും പട്ടാളവും അക്രമികളെ തുരത്താന്‍ രംഗത്തെത്തി. അതോടെയാണ് കലാപം അമര്‍ച്ച ചെയ്യപ്പെടുന്നത്.  ജൂലൈ 29 -ന് 15 സിംഹളീസ് കലാപകാരികളെ പട്ടാളം വെടിവെച്ചു കൊന്നു.

ജൂലൈ കലാപത്തെക്കുറിച്ചന്വേഷിക്കാൻ പിന്നീട് അധികാരത്തിലെത്തിയ പീപ്പിൾ അലയൻസ് എന്ന രാഷ്ട്രീയ പാർട്ടി ഉത്തരവിട്ടിരുന്നു. അന്നത്തെ, അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം, കലാപത്തിൽ 300 തമിഴ് വംശജർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നും, 18000 ഓളം വരുന്ന വീടുകളും വ്യാപാര സ്ഥാപനങ്ങളും മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും പറയുന്നു. അന്ന്, കലാപത്തിനിരയായവർക്ക് നഷ്ടപരിഹാരം നല്‍കാനും, കലാപത്തിന്‍റെ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാനും സർക്കാർ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പിലാക്കപ്പെട്ടില്ല. 

click me!