'സെക്സിന് വിലക്ക്, ഉദ്ധാരണമുണ്ടായാല്‍ ബുക്കിലെഴുതണം, നിബന്ധനകള്‍ ഏറെ'; തീവ്രവാദ സംഘടനയില്‍ നിന്ന് യുവാക്കളുടെ കൊഴിഞ്ഞുപോക്ക്

By Web TeamFirst Published Nov 11, 2019, 1:27 PM IST
Highlights

ബ്രഹ്മചര്യം കര്‍ശനമായി പാലിക്കണമെന്നും അണികള്‍ സെക്സിനേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നതടക്കം സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള നിലപാട് കര്‍ശനമായതോടെ അണികള്‍ സംഘടന വിടാന്‍ തുടങ്ങി.

അല്‍ബേനിയ:  ബ്രഹ്മചര്യം പാലിക്കണമെന്ന കര്‍ശന നിലപാട് തീവ്രവാദ സംഘടന സ്വീകരിച്ചതോടെ ഗറില്ലാ സംഘടനയില്‍ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. ഇറാന്‍റെ പ്രധാന വെല്ലുവിളിയായിരുന്ന മുജാഹിദീന്‍ ഇ ഖല്‍ക് എന്ന തീവ്രവാദ സംഘടനയില്‍ നിന്നാണ് അണികളുടെ വ്യാപക കൊഴിഞ്ഞ് പോക്കെന്നാണ് അന്തര്‍ ദേശീയ മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ഈ സംഘടനയ്ക്ക് അഭയമൊരുക്കിയിരിക്കുന്നത് അല്‍ബേനിയയാണ്. ബ്രഹ്മചര്യം കര്‍ശനമായി പാലിക്കണമെന്നും അണികള്‍ സെക്സിനേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നതടക്കം സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള നിലപാട് കര്‍ശനമായതോടെ അണികള്‍ സംഘടന വിടാന്‍ തുടങ്ങി.

സ്വന്തം വീടുമായി പോലും ബന്ധപ്പെടാന്‍ സംഘടനയുടെ ഭാഗമായവര്‍ക്ക് അനുമതിയില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പോലും കഴിയാതെ നിരവധി യുവാക്കള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. അല്‍ബേനിയയിലെ ക്യാംപില്‍ നിന്ന് പ്രായാധിക്യം നിമിത്തം പുറത്താക്കപ്പെട്ട ഖോലം മിര്‍സായ് എന്നയാളുടെ സാക്ഷ്യപ്പെടുത്തലിന് ഒപ്പമാണ് ബിബിസി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മുപ്പത്തിയേഴ് വര്‍ഷം കുടുംബവുമായി സംസാരിക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു.താന്‍ മരിച്ചുപോയിയെന്നാണ് അവര്‍ കരുതിയിരുന്നത്. താന്‍ അല്‍ബേനിയയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞുവെന്ന് മിര്‍സായ് പറയുന്നു.

സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് പറയുന്നു. മരിക്കുന്നകിന് മുന്‍പ് വീടുമായി ബന്ധപ്പെടണമെന്ന ആഗ്രഹമായിരുന്നു ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു.

മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായി മിര്‍സായ് കുറ്റപ്പെടുത്തുന്നത്. ഇസ്ലാമിസ്റ്റ് മാര്‍ക്സിസ്റ്റ് റാഡിക്കല്‍ സംഘടനയായ മുജാഹിദീന്‍ എ ഖള്‍ഖിന്  ശുഭകരമായ ഒരു ചരിത്രമല്ല നിരത്താനുള്ളത്. 1979ലെ ഇറാന്‍ വിപ്ലവത്തിന് പിന്തുണയായത് ഈ സംഘടനയായിരുന്നു. എന്നാല്‍ വിപ്ലവത്തില്‍ വിജയിച്ച ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുമായി ബന്ധം വഷളായതാണ് സംഘടനയുടെ നില്‍നില്‍പ് കുഴപ്പത്തിലാക്കിയത്. സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സംഘടനാംഗങ്ങള്‍ക്ക് കൂട്ടമായി പാലായനം ചെയ്യേണ്ടി വരികയായിരുന്നു. 

ഇറാഖ് ഇവര്‍ക്ക് മരുഭൂമിയില്‍ അഭയം നല്‍കി. 1980 മുതല്‍ 1988 വരെ നടന്ന ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ മുജാഹിദീന്‍ സ്വന്തം രാജ്യത്തിനെതിരെ സദ്ദാം ഹുസൈനെ പിന്തുണച്ചു. ഇറാന്‍ സൈനികനായിരുന്ന മിര്‍സായിയെ സദ്ദാം ഹുസൈന്‍റെ സൈന്യം പിടിച്ചുകൊണ്ടുപോയി തടവുകാരനാക്കി. എട്ട് വര്‍ഷത്തെ തടവിന് ശേഷം നിര്‍ബന്ധപൂര്‍വ്വം മുജാഹിദീനില്‍ ചേര്‍ക്കുകയായിരുന്നെന്ന് മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു. മുജാഹിദീന്‍ ക്യാംപില്‍ നിന്ന് വല്ലവിധേനയും രക്ഷപ്പെട്ട് വീട്ടുകാരുമായി ബന്ധപ്പെട്ട് പണം വാങ്ങി അത് കള്ളക്കടത്തുകാര്‍ക്ക് നല്‍കി അല്‍ബേനിയയില്‍ നിന്ന്  യൂറോപ്പിലേക്ക് രക്ഷപ്പെടുകയാണ് ക്യാംപില്‍ നിന്ന് ഇറങ്ങുന്നവര്‍ ചെയ്യുന്നതെന്ന് മിര്‍സായി പറയുന്നു.

സംഘടനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ഇറാനിലേക്ക് സാധാരണ മാര്‍ഗങ്ങളുപയോഗിച്ച് മടങ്ങിപ്പോക്ക് അസാധ്യമാണെന്ന് മിര്‍സായി ബിബിസിയോട് പറഞ്ഞു.  2003ഓടെ സംഘടനയിലെ ജീവിതം ദുഷ്കരമായതെന്ന് മിര്‍സായി പറയുന്നു. ഇറാഖിനെതിരെ നടന്ന സംയുക്ത ആക്രമണങ്ങളും സദ്ദാം ഹുസൈന്‍റെ മരണവും മുജാഹിദീന്‍റെ ഭാവി ദുഷ്കരമാക്കി. നൂറുകണക്കിന് സംഘടാനംഗങ്ങളാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. വ്യാപകമായ ആള്‍നാശമൊഴിവാക്കാന്‍ 3000ത്തോളം സംഘടനാംഗങ്ങളെ യുഎസിന്‍റെ ആവശ്യപ്രകാരമാണ് അല്‍ബേനിയ അഭയം നല്‍കി. ആക്രമണത്തില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് രക്ഷയും നല്‍കി സാധാരണ ജീവിതം നയിക്കാന്‍ അവസരമൊരുക്കുമെന്നായിരുന്നു അല്‍ബേനിയയിലെ അഭയ സമയത്ത് നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് മിര്‍സായ് പറയുന്നു. 

സ്വതന്ത്രമായ ജീവിതത്തിന് വലിയ  തോതില്‍ നിയന്ത്രണം വന്നതോടെ നിരവധി യുവാക്കളാണ് സംഘടന വിട്ടത്. ഇവരുടെ ചലനങ്ങള്‍ നിരന്തരം നിരീക്ഷണത്തിലായിരുന്നെന്നും മിര്‍സായി ആരോപിക്കുന്നു. വീടുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു. 2017ഓടെ മുജാഹിദീന്‍ അല്‍ബേനിയയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എനനാല്‍ ഇവിടെ സൈനിക ക്യാംപ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സര്‍വ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കള്‍ സ്വകാര്യജീവിത്തിലേക്ക് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മിര്‍സായി പറയുന്നു. 

സെക്സുമായി ബന്ധപ്പെട്ട എന്ത് സംഭവം, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാല്‍ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും മിര്‍സായി വ്യക്തമാക്കി. വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തിയതാണ് സംഘടന തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകള്‍. കൂട്ടമായി വിവാഹ മോചനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.  ഒരു സ്വപ്നം കണ്ടാല്‍പോലും അത് നോട്ടുബുക്കില്‍ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങള്‍ കര്‍ശനമാക്കി. ഈ നോട്ട്ബുക്കുകള്‍ മറ്റ് അംഗങ്ങളുടെ മുന്‍പില്‍ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി. 

യുവാക്കള്‍ സംഘടനയില്‍ നിന്ന് ഒളിച്ചോടല്‍ പതിവായി. പ്രായമായി ആരോഗ്യം നഷ്ടമായവരെ സംഘടന പുറത്താക്കാനും തുടങ്ങി. ഇത്തരത്തില്‍ ആരോഗ്യം മോശമാകാന്‍ തുടങ്ങിയതോടെ ചെറിയൊരു തുക നല്‍കി സംഘടന ക്യംപില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇറാന്‍ എംബസിയെ സമീപിച്ച മിര്‍സായി ഇപ്പോഴുള്ളത് ടെഹ്റാനിലാണ്. ഇവിടെ ഇയാള്‍ക്കെതിരെ കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. കുടുംബം എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല ഇവര്‍ക്ക് ലഭിച്ചത്. 

തന്‍റെ നിലവിലെ സാഹചര്യത്തിന് കാരണക്കാരന്‍ താന്‍ തന്നെയാണെന്ന് മിര്‍സായി പറയുന്നു. നാല്‍പത് വയസ് പ്രായമുള്ള മകനെ കണ്ടാല്‍ തിരിച്ചറിയാല്‍ പോലും കഴിയില്ലെന്നാണ് മിര്‍സായി ബിബിസിയോട് പ്രതികരിച്ചത്. ഫലമുണ്ടാകുമോയെന്ന് അറിയില്ലെങ്കില്‍ പോലും ഇറാനിലേക്ക് മടങ്ങിപ്പോയ് ഭാര്യയേയും മകളേയും കാണണമെന്ന ആവശ്യവുമായി എംബസിയില്‍ കയറിയിറങ്ങുകയാണ് മിര്‍സായി ഇപ്പോള്‍. 

ചിത്രങ്ങള്‍ക്ക് കടപ്പാട് ബിബിസി

 

click me!