അവസാനിക്കാത്ത ബാലവേല; അനിശ്ചിതത്വത്തില്‍ ഇവരുടെ ഭാവി...

By Web TeamFirst Published Aug 13, 2019, 3:50 PM IST
Highlights

കുട്ടികള്‍ക്കാകുമ്പോള്‍ കൂലി കുറച്ച് കൊടുത്താല്‍ മതി എന്നതിനാലാണ് അവരെ കണ്ടെത്തുന്നത്. ഒരു സാധാരണ തൊഴിലാളിക്ക് 350 രൂപ ഒരു ദിവസം കൂലി കൊടുക്കുമ്പോള്‍ കുട്ടികളാണെങ്കില്‍ 200 നല്‍കിയാല്‍ മതിയാവും

ട്‍നയിലെ ഒരു വിവാഹവീടാണ്... വധൂഗൃഹത്തില്‍ ഒരു സാധാരണ ഹിന്ദു കുടുംബത്തിലെ വിവാഹ ചടങ്ങുകള്‍ നടക്കുന്നു. അവിടെ ലൈറ്റിനായുള്ള വയറുകളും ചുമലിലേന്തി നടക്കുന്ന പതിനഞ്ച് വയസ്സുള്ള വിലാസ് കുമാറിനെ കാണാം. സ്കൂള്‍ വിട്ട് അവന്‍ നേരെ വന്നത് തന്‍റെയീ ജോലി സ്ഥലത്തേക്കാണ്. 

ബിഹാറിലെ ഭാഗല്‍പൂരിലാണ് കുമാര്‍ ജീവിക്കുന്നത്. ജോലിയും സ്കൂളും ഒരുമിച്ചുപോകില്ലെന്ന ഘട്ടം വന്നതോടെ അവന് പഠനം നിര്‍ത്തേണ്ടി വന്നു. കുമാറിനെ പോലെ നിരവധി കുട്ടികളെ ഈ വിവാഹ സീസണുകളില്‍ നിരവധി വിവാഹ സ്ഥലങ്ങളില്‍ നമുക്ക് കാണാം. ഒമ്പത് ആണ്‍കുട്ടികളടങ്ങുന്ന ഒരു സംഘം പട്‍നയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഈ വിവാഹവീടുകളിലെത്തും തൊഴിലാളികളായി.

'വൈകുന്നേരം നാല് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് ജോലി...' 13 വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി രാകേഷ് കുമാര്‍ പറയുന്നു. വിരുന്ന് സല്‍ക്കാരത്തിനിടെ പാത്രങ്ങളെടുക്കുക, പാത്രങ്ങള്‍ കഴുകുക, അവ ഒരുക്കുക, ഭക്ഷണം വിളമ്പുക, പാത്രങ്ങളില്‍ നിറയ്ക്കുക തുടങ്ങിയ ജോലികളെല്ലാം ഇവര്‍ ചെയ്യുന്നുണ്ട്. 

ഇവരില്‍ ഭൂരിഭാഗവും വരുന്നത് ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന വീട്ടില്‍ നിന്നാണ്. വിവാഹസീസണുകളില്‍ ഈ കുട്ടികള്‍ നല്‍കുന്ന തുക അതിനാല്‍ത്തന്നെ ഈ കുടുംബങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. അഞ്ചിനും 14 -നും ഇടയിൽ പ്രായമുള്ള ഒരു കോടിയിലധികം കുട്ടികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇത്. ഇതില്‍ ബീഹാറില്‍ - 2001 -നെ അപേക്ഷിച്ച് 25 ലക്ഷം കുറവ് ആണെങ്കിലും വിവാഹവീടുകളില്‍ വലിയതോതിലാണ് കുട്ടികളെ തൊഴിലിനായി എത്തിക്കുന്നത്. അത് അവസാനിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

2017 -ൽ ബാലവേല നിർമാർജ്ജനം ചെയ്യുന്നതിനായി ഇന്ത്യ രണ്ട് അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ കൺവെൻഷനുകൾ അംഗീകരിച്ചിരുന്നു. എന്നാൽ, ഇന്ത്യസ്പെന്‍ഡ് (INDIASPEND) നടത്തിയ അന്വേഷണത്തിൽ കുട്ടികൾ ബീഹാറിലെ വിവാഹ പരിപാടികളിൽ കഠിനവും അപകടകരവുമായ ജോലികൾ ഉറക്കമിളച്ച് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി.

ഇന്ത്യയിലെ അഞ്ചാമത്തെ ദരിദ്ര സംസ്ഥാനമാണ് ബീഹാർ. അഞ്ചിനും 17 -നും ഇടയിൽ പ്രായമുള്ള 20 ലക്ഷത്തില്‍പരം തൊഴിലാളികളുള്ള, ഇന്ത്യയിലെ കുട്ടികളും കൗമാരക്കാരും കൂടുതല്‍ തൊഴില്‍ ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനം കൂടിയാണ് ബീഹാര്‍... ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ, 45 ലക്ഷം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എടുത്തുനോക്കിയാലും 5 -നും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് കുറവുള്ള സംസ്ഥാനം കൂടിയാണ് ബീഹാര്‍ -67 ശതമാനമാണ് ഇത്.

ഈ കുട്ടികളെ നിയമിക്കുന്ന വിവാഹ കരാറുകാര്‍ക്കെതിരെയും അന്വേഷണമൊന്നും നടക്കുന്നില്ല. “ഞങ്ങൾ ഒരു കരാറുകാരുടെയും രേഖകൾ സൂക്ഷിക്കുന്നില്ല. കുട്ടികളുടെ രക്ഷാപ്രവർത്തനവും പുനരധിവാസവും കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ പ്രവർത്തനം. ” എന്നാണ് സ്റ്റേറ്റ് ലേബർ കമ്മീഷണർ ഗോപാൽ മീണ ഇന്ത്യസ്പെൻഡിനോട് പറഞ്ഞത്.

ബാലവേല നിരോധനം
ഇന്ത്യയില്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ് ( The Child Labour (Prohibition and Regulation) Amendment Act, 2016). പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ കുട്ടികളുടെ സഹായം തേടുന്നതിന് വിലക്കില്ല. പക്ഷേ, അങ്ങനെയാണെങ്കിലും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഇവരെക്കൊണ്ട് ജോലി ചെയ്യിക്കരുത് ( The Child Labour (Prohibition and Regulation) Amendment Rules, 2017). 

കൂടാതെ, 14 -നും 17 -നും ഇടയിൽ പ്രായമുള്ളവർക്ക് ദിവസത്തിൽ ആറ് മണിക്കൂറിൽ കൂടുതൽ ജോലി നല്‍കരുത്, കൂടാതെ ഈ സമയം വൈകുന്നേരം 7 -നും രാവിലെ 8 -നും ഇടയിലാകരുത് ( The Child and Adolescent Labour (Prohibition and Regulation) Act, 1986) എന്നുമുണ്ട്. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ഓഫും നല്‍കണം. പക്ഷേ, ബീഹാറിലുടനീളം പ്രത്യേകിച്ച് പട്‍നയില്‍ വിവാഹ കോണ്‍ട്രാക്ടര്‍മാര്‍ ബാലവേലയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

'ഭാഗല്‍പ്പൂരിലെ വിവാഹ സ്ഥലങ്ങളില്‍ ലേബര്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ ഒരു പരിശോധന നടത്തുകയാണെങ്കില്‍ 200 കുട്ടികളെങ്കിലും വിവിധ ജോലികള്‍ ചെയ്യുന്നത് കാണാം. കുട്ടികള്‍ക്കാകുമ്പോള്‍ കൂലി കുറച്ച് കൊടുത്താല്‍ മതി എന്നതിനാലാണ് അവരെ കണ്ടെത്തുന്നത്. ഒരു സാധാരണ തൊഴിലാളിക്ക് 350 രൂപ ഒരു ദിവസം കൂലി കൊടുക്കുമ്പോള്‍ കുട്ടികളാണെങ്കില്‍ 200 നല്‍കിയാല്‍ മതിയാവും' - കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഭാഗല്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി അഭിഷേക് കുമാര്‍ പറയുന്നു.

നിയമത്തിലെ പഴുതുകള്‍
വിവാഹ പരിപാടികളിൽ കുട്ടികളെ ജോലി ചെയ്യിക്കുന്നതിന്റെ കാരണം നിയമപരമായ പഴുതുകള്‍ കൂടിയാണ്. ബാലവേല നിയമത്തിലെ 2016 -ലെ ഭേദഗതിയെത്തുടർന്ന് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ 2017 ഓഗസ്റ്റ് 30 -ന്‍റെ വിജ്ഞാപനത്തിൽ 107 വ്യത്യസ്ത വ്യവസായങ്ങളിലും തൊഴിൽ പ്രക്രിയകളിലും കുട്ടികളുടെ തൊഴിൽ നിരോധിച്ചിരിക്കുന്നതായി പറയുന്നുണ്ട്. എന്നാൽ, ഈ പട്ടികയിൽ വിവാഹ, പാർട്ടി ഇവന്റുകൾ ഉൾപ്പെടുന്നില്ല. അതിനാല്‍ത്തന്നെ വിവാഹയിടങ്ങളില്‍ വലിയ തോതില്‍ കുട്ടികള്‍ തൊഴിലിനെത്തുന്നു. 

'ഭാഗൽപൂരിൽ എട്ടോളം വെഡ്ഡിംഗ് ഹാളുകളും ഇരുപതോളം ലൈറ്റ് ആൻഡ് ബാരാത്ത് (വിവാഹ ഘോഷയാത്ര) കരാറുകാരുമുണ്ട്. അവര്‍ കുട്ടികളെയാണ് ജോലിക്കായി കണ്ടെത്തുന്നത്. അവരില്‍ നിന്നും പിഴ ഈടാക്കാം. പക്ഷേ, അതും നടക്കുന്നില്ല.' അഭിഷേക് പറയുന്നു. 

മാത്രവുമല്ല, പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനായി യഥാര്‍ത്ഥ പ്രായത്തേക്കാള്‍ പ്രായം തോന്നുന്ന കുട്ടികളെയാണ് പലപ്പോഴും തൊഴിലിനായി എത്തിക്കുന്നത്. പാര്‍സയില്‍ നിന്നുള്ള രാകേഷ് പറയുന്നു, കോണ്‍ട്രാക്ടര്‍മാര്‍ തന്നെ പോലെയുള്ള പ്രായം തോന്നിക്കുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. പ്രായം കുറവെന്ന് തോന്നിക്കുന്നവരെ അവര്‍ ഒഴിവാക്കുകയാണ് എന്ന്. 

ബാലവേലയ്‌ക്കെതിരായ ഔദ്യോഗിക റെയ്ഡുകൾ പലപ്പോഴും ധാബകൾ, ചെറിയ വഴിയരികിലെ ഭക്ഷണശാലകൾ, ഫാക്ടറികൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് ലേബർ കമ്മീഷണർ ഗോപാല്‍ മീണ പറഞ്ഞു. “ജോലി ചെയ്യുന്ന കുട്ടികളെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ, അവർ അത് ഞങ്ങളെ അറിയിക്കണം” എന്നും അദ്ദേഹം പറയുന്നുണ്ട്.

2014 മുതൽ 2016 വരെ ബീഹാറിലെ ബാലവേല കേസുകളിൽ 18,601 പരിശോധനകളും 1,669 പ്രോസിക്യൂഷനുകളും ആരംഭിച്ചുവെന്ന് 2017 മാർച്ച് 23 -ന് ലോക്സഭയ്ക്ക് തൊഴിൽ മന്ത്രാലയം നൽകിയ മറുപടിയില്‍ പറഞ്ഞിരുന്നു. അപ്പോഴും ബാലവേല കണ്ടെത്തുന്നതിനോ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനോ ഒന്നും ആവശ്യമായ നടപടികളെടുക്കാത്ത സംസ്ഥാനമായി ബീഹാര്‍ തുടരുകയാണ്. 

വിശ്രമമില്ലാതെ ജോലി
''ഞങ്ങൾക്ക് പഠിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനെങ്കിലും ഞങ്ങൾ പണിക്ക് പോകേണ്ടതുണ്ട്” പാർസയിൽ നിന്നുള്ള ശ്യാം കുമാർ  (14) പറയുന്നു. ഏഴാം ക്ലാസിൽ രണ്ടുതവണ പരാജയപ്പെട്ടെങ്കിലും സ്കൂളും വിവാഹ ജോലികളും ഒരുമിച്ച് കൊണ്ടുപോകുന്നത് തുടരുന്നു ശ്യാം. ഞങ്ങളെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നില്ല, ഞങ്ങള്‍ക്ക് തൊഴില്‍ കൂടിയേ തീരൂ. ഇതിനേക്കാൾ മികച്ച എന്തെങ്കിലും കണ്ടെത്തിയാൽ ഞങ്ങൾ മാറുമെന്നും അവന്‍ പറയുന്നുണ്ട്.

വിവാഹ ചടങ്ങുകൾ അവസാനിച്ചുകഴിഞ്ഞാൽ, സാധാരണയായി പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ അത്താഴം കഴിച്ച് വീട്ടിലേക്ക് പോകുന്നു. രാകേഷിനും ശ്യാമിനും ഉറങ്ങാന്‍ കിട്ടുന്നത് രണ്ട് മണിക്കൂറാണ്. വിവാഹ സീസണുകളില്‍ ഇതാണ് ഇവരുടെ ഷെഡ്യൂള്‍. പ്രവീണ്‍ കുമാറിന്‍റെ കയ്യിലാകട്ടെ ഒരിക്കലും മായാത്ത ഒരു അടയാളമുണ്ട്. ഒരു വിവാഹവീട്ടില്‍ വെച്ച് വൈദ്യുതാഘാതമേറ്റതിന്‍റെയാണിത്. 

18 വയസ്സിന് താഴെയുള്ള നിരവധിപ്പേരെ ഭാഗൽപൂർ നഗരത്തിലെ വിവാഹ വേദികളിൽ ലൈറ്റ് കോൺട്രാക്ടർമാർ പതിവായി നിയമിച്ചിരുന്നു. വിശാലമായ ലൈറ്റ് ക്രമീകരണങ്ങൾ സ്ഥാപിക്കുന്നതിനായി പലപ്പോഴും വേദിയിൽ മൂന്ന് ദിവസം താമസിക്കേണ്ടി വരും ഇവര്‍ക്ക്. വിവാഹ വേദികളിൽ ഇങ്ങനെ ജോലി ചെയ്യുന്ന നൂറുകണക്കിന് പേരില്‍ ഒരാളാണ് പ്രവീണ്‍.

പലരും പാതിരാത്രികളിലും പുലര്‍ച്ചകളിലുമാണ് തിരികെ വീടെത്തുന്നത്. ഉറങ്ങാന്‍ സമയം കിട്ടാത്ത അവസ്ഥയാണ് പലര്‍ക്കും. പലരുടേയും വീട്ടിലെ സാഹചര്യമാണ് ഇത്തരം അവസ്ഥകളിലും ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. പല കുട്ടികളും സ്കൂളില്‍ ചെന്നാല്‍ ഉറക്കം തൂങ്ങും. വേണ്ടവിധം പഠിക്കാനാവാതെ വരുമ്പോള്‍ അവര്‍ പഠനം മതിയാക്കുകയും മറ്റ് ജോലികളടക്കം തേടുകയും ചെയ്യുന്നു. 

ബീഹാറില്‍ സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം തന്നെ കുറവാണ്. വീട്ടിലെ അവസ്ഥ മോശമായതിനാല്‍ ജോലിക്ക് പോകുന്നവരാണ് അധികവും. 'എന്‍റെ സുഹൃത്ത് അച്ഛന്‍ മരിച്ചതോടുകൂടി സ്കൂളില്‍ വരുന്നത് നിര്‍ത്തി. അവനാണ് വീട്ടില്‍ മൂത്തയാള്‍. പല തൊഴിലും ചെയ്ത് അവന്‍ അവന്‍റെ വീട്ടുകാരെ നോക്കുന്നു. ഇളയ സഹോദരങ്ങളെ സ്കൂളിലയക്കുന്നു. വിവാഹ സമയത്ത് ആ തൊഴില്‍ ചെയ്യും. അല്ലാത്തപ്പോള്‍ ബിസ്കറ്റ് ഫാക്ടറിയില്‍ ജോലി നോക്കുന്നു അവന്‍'. -രാകേഷ് പറയുന്നു. 

തൊഴിലിടത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതാണ് അവര്‍ക്കൊക്കെ ഏറ്റവും ഭയമുള്ള സമയം. ആ സമയത്ത് പൊലീസ് പിടിക്കുമെന്നോ ചോദ്യം ചെയ്യുമെന്നോ ഒക്കെ ഭയമാണവര്‍ക്ക്. തൊഴില്‍ ചെയ്തില്ലെങ്കില്‍ ജീവിക്കാനാകില്ല, തൊഴിലിന് പോകുമ്പോള്‍ ശരിക്കും പഠിക്കാനാകുന്നില്ല എന്നിങ്ങനെ അനിശ്ചിതമാവുകയാണ് ഇവരുടെ ജീവിതം. 

(കുട്ടികളുടെ പേരുകള്‍ സാങ്കല്‍പികമാണ്. പ്രതീകാത്മക ചിത്രം. IndiaSpend-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് കടപ്പാട്)

click me!