20,000/- രൂപയ്ക്ക് കോൾസെന്ററിൽ ജോലിക്കു കയറിയ യുവതികൾക്ക് കിട്ടിയ 'പണി' ഇങ്ങനെ

By Web TeamFirst Published Nov 1, 2019, 3:48 PM IST
Highlights

സിൽവർ പ്ലാനിൽ ചാറ്റിംഗ്, ഫോൺ വിളി തുടങ്ങിയവ മാത്രമേ ലഭിക്കൂ എങ്കിൽ, പ്ലാറ്റിനം പ്ലാനിൽ നേരിട്ടു കാണുക, ഡിന്നറിനു പോകുക, സിനിമയ്ക്ക് പോകുക, സെക്സ് ചെയ്യുക എന്നിങ്ങനെ പല ആകർഷകമായ ഓഫറുകളുമുണ്ട്.


ഇംഗ്ലീഷിൽ എംഎ ബിരുദമെടുത്ത്, പല ജോലിക്കും ശ്രമിച്ച്, ഒന്നും ശരിയാകാതെ, ആകെ നിരാശയായി നിൽക്കുന്ന സമയത്താണ് അനാമിക(പേര് മാറ്റിയിട്ടുണ്ട്) എന്ന ഇരുപത്തഞ്ചുകാരിയോട് ഒരു കൂട്ടുകാരി മാസം 20,000 രൂപ വരുമാനമുണ്ടാക്കാവുന്ന ഒരു തൊഴിലവസരത്തെപ്പറ്റി പറയുന്നത്. കൊൽക്കത്തയിലെ സംഭ്രാന്ത് എന്ന സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കോൾ  സെന്ററിലായിരുന്നു ജോലിയെടുക്കേണ്ടിയിരുന്നത്. ബയോഡാറ്റ കൊടുത്ത് രണ്ടുദിവസത്തിനകം ഇന്റർവ്യൂ നടന്നു. ജോലിയും ഓഫർ ചെയ്യപ്പെട്ടു. എത്രയും പെട്ടെന്ന് ജോയിൻ ചെയ്യണം എന്നതായിരുന്നു കമ്പനിയുടെ ഡിമാൻഡ്. ഇരുപതിനായിരം രൂപ ശമ്പളം, കോൾ സെന്ററിലെ എയർകണ്ടീഷൻഡ് മുറിക്കുള്ളിലെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നുകൊണ്ടുള്ള സുഖജോലി. വേറെന്തുവേണം..? അധികം ആലോചിക്കാൻ മിനക്കെടാതെ അനാമിക ജോലിയിൽ പ്രവേശിച്ചു. 

എന്നാൽ ആദ്യദിനങ്ങളിലെ ട്രെയിനിങ് കഴിഞ്ഞതോടെയാണ് ചെയ്യേണ്ട ജോലിയുടെ 'സ്വഭാവം' അനാമികയ്ക്ക് മനസ്സിലായത്. അതോടെ അവൾ അമ്പരന്ന് കണ്ണും മിഴിച്ച് ഇരുന്നുപോയി.  എത്രയും പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടിയാൽ മതി എന്ന് തോന്നി അവൾക്ക്. എന്നാൽ, വന്നുപെട്ടിരിക്കുന്നത്, അത്രയെളുപ്പത്തിൽ ഊരിപ്പോരാനാവാത്ത ഒരു കെണിക്കുള്ളിലാണ് എന്ന് മനസ്സിലായതോടെ അവൾ ധർമ്മസങ്കടത്തിലായി. എന്താണ് ജോലി എന്ന് വീട്ടുകാരോടുപോലും വെളിപ്പെടുത്താനുള്ള ധൈര്യം അനാമികയ്ക്ക് വന്നില്ല. അവൾ അത് നിശബ്ദം തുടർന്നുപോയി. എന്നാൽ അധികം താമസിയാതെ ജോലിയുടെ വിശദാംശങ്ങൾ അവളുടെ വീട്ടുകാർക്ക് പത്രത്തിൽ വായിക്കേണ്ടി വന്നു. പ്രസ്തുത സ്ഥാപനത്തിൽ ഒരു ദിവസംകൊൽക്കത്ത സൈബർ ക്രൈം ബ്രാഞ്ചുകാർ റെയ്ഡ് നടത്തി. അനാമികയടക്കം 23 സ്ത്രീകൾ, 3 പുരുഷന്മാർ എന്നിവർ അറസ്റ്റിലായി. അതോടെ വെളിപ്പെട്ടത് കോൾ സെന്റർ എന്ന ബോർഡും വെച്ചുകൊണ്ട് ആ കമ്പനി നടത്തിക്കൊണ്ടിരുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ്. 

എന്തായിരുന്നു അവർ ചെയ്ത കുറ്റം..? 

സുന്ദരികളായ സ്ത്രീകളുമായി ഡേറ്റിങ്ങിനുള്ള അവസരം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് യുവാക്കളെ  വലയിൽ ചാടിക്കുക എന്നതായിരുന്നു അനാമിക അടക്കമുള്ളവർക്ക് നൽകിയിരുന്ന ദൗത്യം. അതിനുവേണ്ടിയുള്ള ഫോൺ കോളുകളായിരുന്നു ആ കോൾ സെന്ററിൽ നടത്തേണ്ടി വന്നിരുന്നത്. സുന്ദരികളായ മോഡലുകൾ, ആകർഷകത്വമുള്ള കോളേജ് വിദ്യാർത്ഥിനികൾ, ബംഗ്ളാ സിനിമകളിൽ അഭിനയിച്ചിരുന്ന ബി ഗ്രേഡ് അഭിനേത്രികൾ എന്നിവരുടെ പ്രൊഫൈലുകളിൽ ആകൃഷ്ടരായാണ് ആളുകൾ ഡേറ്റിംഗിനായി മുന്നോട്ടുവന്നിരുന്നത്. ഇടപെടാൻ ആഗ്രഹിക്കുന്ന മോഡലിന്റെ ഗ്രേഡ് അനുസരിച്ച്‌ പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഫീസായി നൽകേണ്ടി വന്നിരുന്നു ആവശ്യക്കാർക്ക്. 

 

വ്യാജ ഡേറ്റിംഗ് സൈറ്റുകളുടെ പേരിൽ തട്ടിപ്പുകൾ 

ആദ്യം തന്നെ അത്യാകർഷകമായ യൂസർ ഇന്റർഫേസോട് കൂടിയ ഒരു വെബ്സൈറ്റ് ഉണ്ടാക്കുക. അതിൽ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളോട് കൂടിയ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുക. ആയിരം രൂപ ഫീസ് കൊടുത്ത് ഒരാൾ ഇന്റർനെറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതോടെയാണ് ഈ പെൺകുട്ടികളുടെ റോൾ വരുന്നത്. അവർ പ്രൊഫൈൽൽ നൽകുന്ന ഫോൺ നമ്പറിലേക്ക് അവർ വിളിക്കും. രണ്ടുമുതൽ പത്തുലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നൽകണം. ഓരോ ഡേറ്റിനും പിന്നെ വെവ്വേറെ പൈസയില്ല. മാത്രവുമല്ല, സേവനം മതിയാക്കി അക്കൗണ്ട് ക്ളോസ് ചെയ്യുന്നേരം ഈ സേഫ് ഹിപ്പോസിറ്റ് തിരികെ നൽകുകയും ചെയ്യും. ഇതാണ് തുടക്കത്തിലെ ധാരണ.  

മൂന്നു തരത്തിലുള്ള അംഗത്വങ്ങളുണ്ട്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം. ഓരോ ശ്രേണിയിലും അതാതിന്റെ കാർഡുകളും നൽകും.  അംഗമാകുന്നയാളിന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് വ്യത്യസ്തമായ പ്ലാനുകൾ പലതുമുണ്ട്. പ്ലാനിനനുസരിച്ച് ഓഫറുകളും അതിനനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് സിൽവർ പ്ലാനിൽ ചാറ്റിംഗ്, ഫോൺ വിളി തുടങ്ങിയവ മാത്രമേ ലഭിക്കൂ എങ്കിൽ, പ്ലാറ്റിനം പ്ലാനിൽ നേരിട്ടു കാണുക, ഡിന്നറിനു പോകുക, സിനിമയ്ക്ക് പോകുക, സെക്സ് ചെയ്യുക എന്നിങ്ങനെ പല ആകർഷകമായ ഓഫറുകളുമുണ്ട്.  പ്ലാൻ പ്രകാരമുള്ള പണം  കമ്പനിയുടെ അക്കൗണ്ടിൽ വരുന്നതോടെ ഒരു യുവതിയുടെ കോൾ  അംഗങ്ങളെ തേടിയെത്തും. കുറച്ചുകാലം അവർ അംഗത്തോട് സൗമ്യമായും പ്രലോഭിപ്പിക്കുന്ന രീതിയിലും ഒക്കെ സംസാരം തുടരുമെങ്കിലും അധികം താമസിയാതെ കോളുകൾ വരുന്നത് നിലയ്ക്കും. അപ്പോഴാണ് തങ്ങളുടെ പണം നഷ്ടപ്പെട്ട വിവരം ആളുകൾ അറിഞ്ഞു തുടങ്ങുക. 

ഇങ്ങനെ പണം നഷ്ടമാകുന്നവരിൽ പലരും സമൂഹത്തിലുണ്ടായേക്കാവുന്ന പ്രതിച്ഛായാ നഷ്ടം ഭയന്ന്  പൊലീസിൽ പരാതിപ്പെടാൻ മടിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഈ കമ്പനിക്കെതിരെ കുറച്ചുകാലത്തേക്ക് നടപടികളൊന്നുമുണ്ടായില്ല. ഒന്നിന് പിന്നാലെ ഒന്നായി പലരും ഈ കമ്പനിയുടെ വലയിൽ വീണ് ലക്ഷങ്ങൾ  നഷ്ടപ്പെടുത്തുകയും ചെയ്തു.  ഈ കമ്പനിയിലെ കോൾ സെന്റർ എക്സിക്യൂട്ടീവായ ഒരു യുവതിയുടെ പ്രേരണയെത്തുടർന്ന് തന്റെ അക്കൗണ്ടിൽ നിന്ന് 18  ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്‌തു കൊടുത്തിട്ടും പകരം പ്രതീക്ഷിച്ചതൊന്നും കിട്ടാതിരുന്നപ്പോൾ പരാതിയുമായി പോലീസിനെ സമീപിച്ച ഒരു വിശാഖപട്ടണം സ്വദേശിയാണ് ഈ വിഷയത്തിൽ പൊലീസിന്റെ ഇടപെടലിന് നിമിത്തമാകുന്നത്. അതോടെ ഈ കമ്പനിയുടെ ഗോ ഡാഡി ഡൊമൈനിലുള്ള വെബ്സൈറ്റും അവരുടെ കോൾ വരുന്ന നമ്പറുകളും മറ്റും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായി. ആറുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് പൊലീസിന് സ്ഥാപനത്തിന്റെ ലൊക്കേഷൻ പിടികിട്ടുന്നത്. 

കോളേജ് ഡ്രോപ്പൗട്ടുകളാണ് ഈ കേസിൽ പിടിയിലായ യുവതികളിൽ ഭൂരിപക്ഷം പേരുമെന്ന് പൊലീസ് പറയുന്നു. ബസ് സ്റ്റാൻഡിലും, മാർക്കറ്റിലുംകോൾസെന്ററിലേക്ക് ആളെ വേണം എന്ന പരസ്യം കാണാം. ഇത്തരത്തിലുള്ള പരസ്യങ്ങൾ  എസ്എംഎസ്, വാട്ട്സാപ്പ് സന്ദേശങ്ങളിലും വന്നുകാണാറുണ്ട്. ജോലികിട്ടാതെ മനംമടുത്ത് വീട്ടിലിരിക്കുന്ന നേരത്ത്, അതിനൊക്കെ ചെന്ന് തലവെച്ചുകൊടുക്കുന്ന യുവതികൾ ഒടുവിൽ കേസും കൂട്ടവുമായി അലയുകയാണ് പതിവ്.  

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള വ്യാജഡേറ്റിങ് സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിശാഖപട്ടണം സൈബർ സെൽ ഇൻസ്‌പെക്ടർ രവി കുമാർ ബിബിസിയോട് പറഞ്ഞു. ഇടയ്ക്കിടെ ഓഫീസ് മാറ്റിക്കൊണ്ടിരിക്കുമത്രേ ഈ കമ്പനികൾ. അതുകൊണ്ടാണ് അത്രയെളുപ്പത്തിൽ അവർക്കുമേൽ പൊലീസിന്റെ പിടി വീഴാത്തത്. ഇതിന്റെ ഉടമകൾ ഇടയ്ക്കിടെ സ്വന്തം സിംകാർഡും മാറിക്കൊണ്ടിരുന്നു. പോലീസ് നടത്തിയ റെയ്ഡിൽ 40 സ്റ്റാർട്ടിങ് മോഡൽ മൊബൈൽ ഫോണുകൾ, 15 സ്മാർട്ട് ഫോണുകൾ, 3  ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പണം നഷ്ടമായിരിക്കുന്നത് എന്നും  പോലീസ് അറിയിച്ചു. 

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുളളവരിൽ നിന്ന് കോടികൾ അപഹരിച്ചിട്ടുള്ള ഈ വെബ്‌സൈറ്റുകൾ ഓരോന്ന് പൂട്ടുമ്പോഴും, പുതിയ പേരുകളിൽ രൂപത്തിൽ അവ വീണ്ടും പുനർജ്ജനിക്കും. പത്രങ്ങളിലും, ടിവിയിലും, സാമൂഹികമാധ്യമങ്ങളിലുമൊക്കെയായി എത്രയെത്ര സമാനമായ തട്ടിപ്പുകളുടെ കഥകൾ കേട്ടിരുന്നാലും, സ്വന്തമായി ദുരനുഭവമുണ്ടായാലേ പഠിക്കൂ എന്ന വാശിയുമായി, വഞ്ചനകളേറ്റുവാങ്ങാൻ തയ്യാറായി  പൊതുജനം ഇവിടെ ഉള്ളിടത്തോളം കാലം ഈ തട്ടിപ്പുകളും നിർബാധം തുടർന്നുകൊണ്ടിരിക്കും. 

click me!