പതിനായിരം വർഷം പഴക്കമുള്ള കൂടയും ചാവുകടൽ ചുരുളുകളും കണ്ടെത്തി, ഇതാണോ ലോകത്തിലെ ഏറ്റവും പഴയ കൂട?

By Web TeamFirst Published Mar 17, 2021, 12:06 PM IST
Highlights

ഇതുവരെ കണ്ടെത്തിയതില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള കൂട ഇതാണ് എന്നാണ് കരുതപ്പെടുന്നത്. അതു തന്നെയാണ് ഇതിന്‍റെ പ്രാധാന്യവും എന്ന് ഐഎഎ വ്യക്തമാക്കുന്നു. 

ജൂഡിയൻ മരുഭൂമിയിലെ ഒരു വിദൂരഗുഹയിൽ നിന്ന് രണ്ട് ഡസൻ ചാവുകടൽ ചുരുളുകൾ ഇസ്രായേൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ജൂതമത​ഗ്രന്ഥങ്ങളുടെ ശകലങ്ങളാണിത്. അരനൂറ്റാണ്ടിലേറെയായി ഇത്തരം ജൂത മത​ഗ്രന്ഥങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. “ഏകദേശം 60 വർഷത്തിനിടെ ഇതാദ്യമായിട്ടാണ്, പുരാവസ്തു ഗവേഷണത്തിൽ ഒരു ബൈബിൾ ചുരുളിന്റെ ശകലങ്ങൾ കണ്ടെത്തുന്നത്” ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ‌എ‌എ) ഒരു പ്രസ്താവനയിൽ പറഞ്ഞു. 

80 മീറ്റർ മലഞ്ചെരിവിൽ നിന്ന് കേവ് ഓഫ് ഹൊറര്‍ തുരന്നതിനുശേഷം 20 -ലധികം കടലാസുകളാണ് ഇങ്ങനെ കണ്ടെത്തിയത്. 1960 -കളിലെ ഉത്ഖനന വേളയിൽ 40 സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും അസ്ഥികൂടങ്ങൾ അവിടെ നിന്നും കണ്ടെത്തിയിരുന്നു. 

റോമൻ മുന്നേറ്റത്തിൽ നിന്ന് രക്ഷപ്പെടാനായി ജൂത വിമതർ രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജറുസലേമിന് 25 മൈൽ (40 കിലോമീറ്റർ) തെക്ക് മലയിടുക്കിൽ ഒളിച്ചിരുന്നതായി കരുതപ്പെടുന്നു. AD132 -നും AD136 -നും ഇടയിൽ റോമൻ ചക്രവർത്തിയായ ഹാട്രിയനെതിരായ ജൂത പ്രക്ഷോഭമായ ബാർ കൊച്ച്ബ കലാപസമയത്ത് എബ്രായ ബൈബിളിലെ ശകലങ്ങൾ ഗുഹയിൽ സൂക്ഷിച്ചിരിക്കാം. 

കണ്ടെത്തിയ ചുരുളുകൾ Twelve Minor Prophets -ൽ നിന്നുള്ള സഖറിയയുടെയും നഹൂമിന്റെയും പുസ്തകങ്ങളുടെ ഗ്രീക്ക് വിവർത്തനങ്ങളാണെന്നും ഐ‌എ‌എ പറഞ്ഞു. ഇതിൽ ദൈവത്തിന്റെ നാമം എബ്രായ ഭാഷയിൽ എഴുതിയിരിക്കുന്നു. ഒരു ശകലത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: സത്യം പരസ്പരം സംസാരിക്കുക, നിങ്ങളുടെ വാതിലുകളിൽ സത്യവും പരിപൂർണ്ണവുമായ നീതി നൽകുക.”

ഡസൻ കണക്കിന് ഗുഹകളിലും മലഞ്ചെരുവുകളിലുമായി ഒരു വർഷക്കാലം നടത്തിയ ഖനനത്തില്‍, ആറ് മില്ലേനിയോളം പഴക്കമുള്ള ഒരു കുട്ടിയുടെ അസ്ഥികൂടവും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു കൂടയും കണ്ടെത്തിയതായും ഐഎഎ അതോറിറ്റി അറിയിച്ചു. കൂടയ്ക്ക് 10,000 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള കൂട ഇതാണ് എന്നാണ് കരുതപ്പെടുന്നത്. അതു തന്നെയാണ് ഇതിന്‍റെ പ്രാധാന്യവും എന്ന് ഐഎഎ വ്യക്തമാക്കുന്നു. 

ബാർ കൊച്ച്ബ കലാപ കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് കരുതുന്ന അമ്പിന്റെ ഭാ​ഗങ്ങളും നാണയങ്ങളും മറ്റ് ഗുഹകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കവര്‍ച്ച നടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ട് വന്നതിനെത്തുടർന്ന് 2017 -ൽ അതോറിറ്റി ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു. 'ഇതുവരെ പകുതി മലഞ്ചെരിവുകൾ മാത്രമാണ് സർവേ നടത്തിയത്. ഇത്തരം കണ്ടെത്തലുകള്‍ കൂടുതല്‍ സര്‍വേ നടത്താനുള്ള വിളിയാണ്' എന്ന് ഐ‌എ‌എ ഡയറക്ടർ ഇസ്രായേൽ ഹാസൻ പറഞ്ഞു. 'ഗുഹകളിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത എല്ലാ ഡാറ്റയും വീണ്ടെടുക്കുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പാക്കണം. ചില കാര്യങ്ങൾ മൂല്യത്തിന് അതീതമാണ്' എന്നും അദ്ദേഹം പറഞ്ഞു. 

റോമന്‍ കാലഘട്ടത്തിലെ ഒരു ചെരിപ്പ് ഇവിടെ നിന്ന് കണ്ടെത്തിയതിന് ശേഷമാണ് ഇവിടെ തെരച്ചില്‍ ഊര്‍ജ്ജിതമായതും പ്രധാനപ്പെട്ട പല കണ്ടെത്തലുകളും നടന്നതും. ഒരു ഐഎഎ ആര്‍ക്കിയോളജിസ്റ്റ് മൂത്രമൊഴിക്കാന്‍ പോയ ഇടവേളയിലാണ് ഇത് കണ്ടത്. “ഞാൻ മൂത്രമൊഴിക്കാൻ തുടങ്ങി, പെട്ടെന്ന് മണൽ പോലെ തോന്നാത്ത ഒന്ന് ഞാൻ കണ്ടു, ഇത് ഒരു ചെരിപ്പാണ് എന്ന് ഞാൻ മനസ്സിലാക്കി” എന്ന് അദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി. 

1961 -ൽ ​​കേവ് ഓഫ് ഹൊററില്‍ നടത്തിയ ഖനനത്തിൽ മുമ്പത്തെ കടലാസ് ശകലങ്ങൾ കണ്ടെത്തിയെങ്കിലും അതിനുശേഷം ഒന്നും കണ്ടെത്തിയിരുന്നില്ല. പുതുതായി കണ്ടെത്തിയ ചുരുള്‍ ശകലങ്ങളിൽ വാചകത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ടെന്ന് ഐ‌എ‌എ പറഞ്ഞു. കാലക്രമേണ ഉണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് ഐഎഎ പറയുന്നു. 

ഏതായാലും പതിനായിരം വർഷം പഴക്കമുള്ള കൂടയും കുട്ടിയുടെ അസ്ഥികൂടവും ജൂതരുടെ ചുരുൾ ശകലങ്ങളുമെല്ലാം വളരെയധികം ചരിത്രപ്രാധാന്യമുള്ളതും ​ഗവേഷകരെയും ചിരിത്രകുതുകികളെയും ആകർഷിക്കുന്നതും ആണെന്ന കാര്യത്തിൽ സംശയമില്ല. വരും കാലങ്ങളിൽ ഇവിടെ വളരെ പ്രധാനപ്പെട്ട ഖനനവും സർവേകളും പഠനവും നടക്കും എന്ന് തന്നെയാണ് ആർക്കിയോളജിസ്റ്റുകളും നിലവിൽ വ്യക്തമാക്കുന്നത്. അതിനുള്ള ഊർജ്ജമാണ് ഇതുവരെയുള്ള കണ്ടെത്തലുകളെന്നും ഇവർ വ്യക്തമാക്കുന്നു. 


 

click me!