നെഹ്‌റുവിനെതിരെ ഒരു സൈനിക അട്ടിമറിക്ക് കൃഷ്ണമേനോൻ പദ്ധതിയിട്ടിരുന്നോ? ജനറൽ തിമ്മയ്യ പണ്ട് സ്വകാര്യമായി പറഞ്ഞത് ഇതാണ്

By Web TeamFirst Published Jan 14, 2020, 7:16 PM IST
Highlights

സേനകളുടെ നിയന്ത്രണം മേനോൻ തന്റെ കയ്യിൽ സൂക്ഷിച്ചിരുന്നത്, ഭാവിയിൽ നെഹ്‌റുവിനെതിരെ വേണ്ടിവന്നാൽ സൈന്യത്തെ മുൻനിർത്തി ഒരു അട്ടിമറി തന്നെ നടത്താൻ തനിക്ക് ആകുമെന്ന് ധരിച്ചായിരിക്കും എന്ന് തിമ്മയ്യ അന്ന് മക്ഡൊണാൾഡിനോട് പറഞ്ഞു. 

ഇന്ത്യയുടെ നയതന്ത്രരംഗത്തെ ഏറ്റവും ശക്തമായ കേരളീയ സാന്നിധ്യങ്ങളിൽ ഒന്നായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും വികെ കൃഷ്ണമേനോൻ എന്ന അതികായനായ രാഷ്ട്രീയ നേതാവിനെ മുൻ‌നിർത്തിയായിരുന്നു. കേന്ദ്രത്തിൽ അന്ന് നെഹ്‌റുവിന്റെ വലംകയ്യായിരുന്നു മേനോൻ. വികെ കൃഷ്ണ മേനോനെപ്പറ്റി ജയറാം രമേശ് എഴുതിയ A Chequered Brilliance: The Many Lives of V.K. Krishna Menon എന്ന പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധപ്പെടുത്തിയ പുസ്തകം അതിൽ അന്നത്തെ കരസേനാ മേധാവി ജനറൽ തിമ്മയ്യ, കൃഷ്ണമേനോൻ, നെഹ്‌റു എന്നിവരെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള  പരാമർശങ്ങളുടെ പേരിൽ ചർച്ചയാവുകയാണ്.   നെഹ്‌റുവിനെ ഭാവിയിൽ വേണ്ടിവന്നാൽ, സൈന്യത്തിന്റെ സഹായത്തോടെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ വരെ മനസ്സിൽ കരുതിക്കൊണ്ടാണ് കൃഷ്ണമേനോൻ പ്രതിരോധമന്ത്രിപദം തന്നെ ചോദിച്ചുവാങ്ങിയത് എന്ന് ജനറൽ തിമ്മയ്യ പറഞ്ഞതായാണ് പുസ്തകം പറയുന്നത്. 

എല്ലാറ്റിനും തുടക്കമിട്ടത് ഒരു രാജിക്കത്തായിരുന്നു. ഇന്ത്യയുടെ കരസേനാമേധാവിസ്ഥാനം  രാജിവെച്ചതായി അറിയിച്ചുകൊണ്ട് ജനറൽ തിമ്മയ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് അയച്ച കത്ത്. 
 
  " ജനറൽ തിമ്മയ്യ രാജിവെക്കാൻ തീരുമാനിച്ചു. മറ്റുള്ള ജനറൽമാരും രാജിവെച്ചേക്കാം. കൃഷ്ണമേനോനുമായുള്ള അസ്വാരസ്യമാണ് കാരണം എന്ന് സംശയിക്കുന്നു" തിമ്മയ്യയുടെ രാജി തീരുമാനം പ്രധാനമന്ത്രിക്കും കരസേനാ മേധാവിക്കും ഇടയിൽ ഒതുങ്ങി നില്കേണ്ടിയിരുന്ന ഒരു അതീവരഹസ്യമായ സംഭാഷണമായിരുന്നു. എന്നാൽ, അടുത്ത പ്രഭാതത്തിൽ, അതായത് 1959  ഓഗസ്റ്റ് 31 -ന് പുറത്തിറങ്ങിയ സ്റ്റേറ്റ്സ്മാൻ പത്രം അത് അവരുടെ സൈനിക കറസ്പോണ്ടന്റിൽ നിന്നുള്ള സുദീർഘമായ പ്രത്യേക സ്‌കൂപ്പ് വാർത്തയായി അച്ചടിച്ചു. തിമ്മയ്യ രാജിവെക്കുന്നു എന്നുമാത്രമല്ല അവർ വെണ്ടയ്ക്ക അക്ഷരത്തിൽ അച്ചുനിരത്തിയത്, പിന്നാലെ മറ്റു രണ്ടു സൈനിക മേധാവികളും രാജിവെച്ചേക്കും എന്നുകൂടിയായിരുന്നു. ആ തലക്കെട്ടുകൾ ജനറലിന്റെ ചിത്രത്തിനൊപ്പം പത്രത്തിന്റെ ഒന്നാം പേജിൽ നിറഞ്ഞു കവിഞ്ഞു നിന്നു.

കരസേനാ മേധാവി ജനറൽ തിമ്മയ്യയും പ്രതിരോധമന്ത്രി വികെ കൃഷ്‌ണമേനോനും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട് നാളേറെയായി എന്നും, ഏറ്റവും ഒടുവിലായി തിമ്മയ്യ തന്റെ രാജിക്കത്തു നല്കുന്നതിലേക്ക് നയിച്ച സാഹചര്യം, സൈന്യത്തിലെ നിയമനങ്ങളിൽ തിമ്മയ്യയുടെ ഇഷ്ടത്തിന് വിരുദ്ധമായുള്ള കൃഷ്ണമേനോന്റെ ഇടപെടലുകൾ ആയിരുന്നു എന്നും ആ ലേഖനം സമർത്ഥിക്കാൻ ശ്രമിച്ചു. പാർലമെന്റ് സമ്മേളിച്ച വേളയിൽ വന്ന ആ ലേഖനം വളരെയധികം കോലാഹലങ്ങൾക്ക് കാരണമായി. അത് പാർലമെന്റിന്റെ ഇരു സഭകളെയും കോലാഹലങ്ങളിലേക്ക് തള്ളിവിട്ടു. അന്ന് നെഹ്‌റു പാക് പ്രസിഡന്റായ അയൂബ് ഖാനെ കാണാൻ വേണ്ടി പരിപാടി നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു. അതുകൊണ്ടുമാത്രം നെഹ്‌റു രക്ഷപ്പെട്ടു. അന്നുതന്നെ പ്രധാനമന്ത്രിയിൽ നിന്ന് വിശദീകരണം ആരാഞ്ഞു ബഹളം വെച്ചുകൊണ്ടിരുന്ന എംപിമാരിൽ നിന്ന് ഒരു ദിവസത്തെ സാവകാശം നേടിയെടുക്കാൻ പാക് പ്രസിഡന്റിന്റെ സന്ദർശനം എന്ന ഒഴിവുകഴിവ് നെഹ്‌റുവിനെ സഹായിച്ചു. 

കൃഷ്ണമേനോന്റെ രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വെട്ടാൻ വേണ്ട ചുരികകൾ രാകിമൂർപ്പിച്ചുകൊണ്ടിരിക്കെ, അടുത്ത ദിവസം രാവിലെ ജനറൽ തിമ്മയ്യയിൽ നിന്ന് രണ്ടാമതൊരു കത്തുകൂടി നെഹ്‌റുവിന് കിട്ടി. "ഞാൻ രാവിലെ സമർപ്പിച്ച രാജിക്കത്തിന് ശേഷം നമ്മൾ നടത്തിയ രണ്ടു വ്യക്തിഗത സംഭാഷണങ്ങൾക്കു ശേഷമുണ്ടായ വീണ്ടുവിചാരത്തിന്മേൽ രാജിക്കത്തു പിൻവലിക്കാനുള്ള കൈക്കൊണ്ടതായി വിനയപൂർവം അറിയിച്ചു കൊള്ളുന്നു. 

എന്നാൽ ആ വാർത്തകൊണ്ടുണ്ടാകാവുന്ന പരമാവധി നഷ്ടം കൃഷ്ണമേനോന് അതിനകം സംഭവിച്ചു കഴിഞ്ഞിരുന്നു. അന്നുമുതൽ വികെ കൃഷ്ണമേനോൻ ഒരു നോട്ടപ്പുള്ളിയായി മാറിക്കഴിഞ്ഞിരുന്നു. രണ്ടു ചോദ്യങ്ങളാണ് അവശേഷിച്ചിരുന്നത്. ഒന്ന്, എന്തിനാണ് ജനറൽ തിമ്മയ്യ അന്ന് തന്റെ രാജിക്കത്ത് സമർപ്പിച്ചത്? രണ്ട്, അവർ തമ്മിൽ നടന്ന അതീവരഹസ്യമായ ഒരു ഔദ്യോഗിക സംഭാഷണം എങ്ങനെയാണ് മണിക്കൂറുകൾക്കകം സ്റ്റേറ്റ്സ്മാൻ പോലൊരു പത്രത്തിന്റെ ഒന്നാം പേജിലെ കോളങ്ങളിൽ ഇടംപിടിച്ചു ? 

രണ്ടാമത്തെ ചോദ്യം, എങ്ങനെ ആ ഔദ്യോഗിക രഹസ്യം ചോർന്നു എന്നതിന്റെ ഉത്തരം താരതമ്യേന ലളിതമായിരുന്നു. ആ 'ലീക്കി'ന്റെ പ്രഭവകേന്ദ്രം സ്റ്റേറ്റ്സ്മാന്റെ പ്രതിരോധ കറസ്‌പോണ്ടന്റ് ആയിരുന്നു. പേരുവെളിപ്പെടുത്താതെ അന്ന് ആ പണി ചെയ്തുകൊണ്ടിരുന്നത് ജെ എൻ ചൗധരി എന്ന സീനിയർ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. 1962 -ൽ ഇന്ത്യൻ കരസേനയുടെ മേധാവിയായി ജെ എൻ ചൗധരി പിന്നീട്. ചൗധരി കൂടി അറിഞ്ഞുകൊണ്ടായിരുന്നു തിമ്മയ്യയുടെ രാജിക്കത്ത് നെഹ്‌റുവിന് കിട്ടുന്നത്. അങ്ങനെയാണ് അത് പുറത്തെത്തുന്നതും. 

ഇനി ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം. എന്തായിരുന്നു തിമ്മയ്യയുടെ ക്ഷിപ്രകോപത്തിന്റെ പിന്നിലെ പ്രകോപനം. അത് നെഹ്‌റുവുമായി തിമ്മയ്യയ്ക്കുണ്ടായിരുന്ന അടുപ്പമാണ്. പ്രതിരോധ വകുപ്പിലെ വിശേഷങ്ങൾ എന്തൊക്കെയുണ്ട് എന്ന് തിമ്മയ്യ ഒരുദിവസം തന്നെ കാണാൻ വന്നപ്പോൾ നെഹ്‌റു തിരക്കി. പ്രതിരോധമന്ത്രിയുടെ ഇടപെടലുകളിൽ തനിക്കുള്ള എതിർപ്പ് തിമ്മയ്യ മറച്ചുവെക്കാതെ നെഹ്‌റുവിനെ അറിയിച്ചു. കൃഷ്ണമേനോനോട് സംസാരിച്ച് പരിഹാരമുണ്ടാക്കാം എന്ന് നെഹ്‌റു തിമ്മയ്യക്ക് വാക്ക് കൊടുക്കുകയും, തുടർന്ന് നെഹ്‌റു അവസരം കിട്ടിയപ്പോൾ ഇതേപ്പറ്റി കൃഷ്ണമേനോനോട് സംസാരിക്കുകയും ചെയ്തു. എന്നാൽ, നെഹ്‌റുവിൽ നിന്ന്, തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പട്ടാള ഉദ്യോഗസ്ഥന് തന്നോടുള്ള അനിഷ്ടത്തെപ്പറ്റി കേൾക്കേണ്ടി വന്നത് മേനോന് ഒട്ടും തന്നെ രുചിച്ചില്ല. കരസേനാ മേധാവി പ്രതിരോധമന്ത്രിയായ തന്നെ പരിഗണിക്കാതെ നേരിട്ട് പ്രധാനമന്ത്രിയുമായി സംസാരിച്ചത് കൃഷ്ണമേനോന് സഹിക്കാവുന്നതായിരുന്നില്ല. എന്നാൽ, താൻ പ്രധാനമന്ത്രി ചോദിച്ചതിന് മറുപടി പറയുകമാത്രമാണ്  ചെയ്തതെന്നും, താൻ ആരുടെയും അടുത്തു പരാതിയും കൊണ്ട്  പോയിട്ടില്ല എന്നും തിമ്മയ്യ വിശദീകരിച്ചെങ്കിലും, കലിതുള്ളി നിന്ന കൃഷ്ണമേനോൻ തിമ്മയ്യയെ വയറുനിറയെ ചീത്തപറഞ്ഞു. ഒടുവിൽ ആ ശകാരം മാനക്കേടായി തോന്നിയ അഭിമാനിയായ ജനറൽ തിമ്മയ്യ തന്റെ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. വികെ കൃഷ്ണമേനോൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്നു എന്നതും പ്രശ്നമായിരുന്നു.  എന്തായാലും, താൻ സ്ഥാനമൊഴിയുന്ന എന്ന് മേനോനോട് പറഞ്ഞ ജനറൽ തിമ്മയ്യ തന്റെ രാജിക്കത്ത് നേരെ നെഹ്‌റുവിനും അയച്ചുവിട്ടു. 

ഈ രാജ്യത്ത് ഒരു പട്ടാള അട്ടിമറിയ്ക്കും സാധ്യതയില്ല എന്നും, ആരെങ്കിലും അതേപ്പറ്റി സ്വപ്നം പോലും കണ്ടാൽ അവർക്ക് ദുഃഖിക്കേണ്ടി വരും എന്നുമാണ് അന്ന് വികെ കൃഷ്ണമേനോൻ പറഞ്ഞത്. മൗണ്ട് ബാറ്റൺ ഇന്ത്യക്ക് ഒരു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വേണം എന്ന അഭിപ്രായക്കാരനായിരുന്നു. ആ സ്ഥാനത്തിനായി അന്ന് പറഞ്ഞുകേട്ടിരുന്ന പേരും ജനറൽ തിമ്മയ്യയുടെതായിരുന്നു. എന്നാൽ സിഡിഎസ് എന്ന പദവി ഇന്ത്യക്ക് ദോഷം ചെയ്യും എന്ന അഭിപ്രായക്കാരനായിരുന്ന വികെ കൃഷ്ണമേനോൻ അന്ന് അതിനെ എതിർത്തു. ഈ രാജി എപ്പിസോഡ് കഴിഞ്ഞ് ഒരു മാസത്തിനകം ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് ഹൈക്കമ്മീഷണർ, മാൽകം മക്‌ഡൊണാൾഡുമായി ജനറൽ തിമ്മയ്യ നടത്തിയ സുദീർഘമായ സംഭാഷണത്തിനിടെയാണ് വികെ കൃഷ്ണമേനോൻ നെഹ്‌റുവിനെതിരെ പടപ്പുറപ്പാടിന് പദ്ധതിയിട്ടിരുന്നു എന്ന തരത്തിലുള്ള പരോക്ഷമായ പരാമർശങ്ങൾ ഇടം പിടിച്ചത്. പ്രതിരോധ വകുപ്പ് കൃഷ്ണമേനോൻ ചോദിച്ചു വാങ്ങിയതാണ് എന്നും, സേനകളുടെ നിയന്ത്രണം മേനോൻ തന്റെ കയ്യിൽ സൂക്ഷിച്ചിരുന്നത്, ഭാവിയിൽ നെഹ്‌റുവിനെതിരെ വേണ്ടിവന്നാൽ സൈന്യത്തെ മുൻനിർത്തി ഒരു അട്ടിമറി തന്നെ നടത്താൻ തനിക്ക് ആകുമെന്ന് ധരിച്ചായിരിക്കും എന്ന് തിമ്മയ്യ അന്ന് മക്ഡൊണാൾഡിനോട് പറഞ്ഞു. 

അത് വല്ലാത്തൊരു ആരോപണമായിരുന്നു. നെഹ്‌റുവിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സ്വപ്നങ്ങളും കൊണ്ട് നടക്കുന്നയാളാണ് വികെ കൃഷ്ണമേനോൻ എന്ന ആരോപണം. ആ സംസാരമെങ്ങാനും അന്ന് നെഹ്‌റുവിന്റെയോ, കൃഷ്ണമേനോന്റെയോ കാതിൽ എത്തിയിരുന്നെങ്കിലും ആ ക്ഷണം തിമ്മയ്യയുടെ സ്ഥാനം തെറിച്ചിരുന്നേനെ എന്നാണ് മക്‌ഡൊണാൾഡ് കുറിച്ചത്.  

എന്നാൽ, നെഹ്‌റുവിന് രാജിക്കത്തുകൊടുത്ത ജനറൽ തിമ്മയ്യയുടെ നടപടി അദ്ദേഹത്തിന് പട്ടാളത്തിനകത്തു നിന്നും രാഷ്ട്രീയകേന്ദ്രങ്ങളിൽ നിന്നും എല്ലാം തന്നെ നിറഞ്ഞ പിന്തുണയാണ് നൽകിയത്. എന്നാൽ ജനറൽ തിമ്മയ്യയുടെ ഈ സ്വകാര്യമായ അഭിപ്രായ പ്രകടനം മാത്രം ഏറെക്കാലം ഡർഹാം യൂണിവേഴ്സിറ്റിയുടെ ആർക്കൈവുകളിൽ പുറംലോകമറിയാതെ വിശ്രമിച്ചു. ഇപ്പോൾ ജയറാം രമേശ് ഈ പുസ്തകത്തിലൂടെ ആ സംഭാഷണങ്ങൾ പുറം ലോകത്തെ അറിയിക്കുമ്പോഴാണ് അന്ന് ഇങ്ങനെ സംഭ്രമജനകമായ ചിലതൊക്കെ നടന്നിരുന്നു എന്ന് പലരും അറിയുന്നതുതന്നെ. 
 

click me!