'മുറിപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ ആത്മാവാണ്' -കശ്മീരിലെ ജനങ്ങളുടെ മാനസികസംഘര്‍ഷങ്ങളെക്കുറിച്ച് ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്

By Web TeamFirst Published Sep 14, 2019, 12:48 PM IST
Highlights

കർഫ്യൂവിൽ നേരിയ അയവുവന്നപ്പോൾ ഞങ്ങൾ ചില ഡോക്ടർമാരും ആക്ടിവിസ്റ്റുകളും ഒക്കെ കലാപബാധിതമായ ആ ബസ്തിയിലേക്ക് ചെന്നു. എന്റെ അച്ഛനമ്മമാർ 1947 -നെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ള, 1984 -ൽ ഞാൻ നേരിട്ടുകണ്ടിട്ടുണ്ടായിരുന്ന അതേ അവസ്ഥയിലായിരുന്നു ആ ബസ്തിയപ്പോൾ. 

ദില്ലിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. പുനീത് ബേദി എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണിത്. മുപ്പത്തഞ്ചുവർഷത്തെ ചികിത്സാനുഭവങ്ങളുണ്ട് ഡോക്ടർക്ക്. കശ്മീരിലെ ജനങ്ങൾ ഇപ്പോൾ കടന്നുപോകുന്ന മാനസികാവസ്ഥയെ മുൻനിർത്തിക്കൊണ്ട്,  PTSD -പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അഥവാ ദുരന്തങ്ങൾ നേരിടേണ്ടിവരുന്നവർക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെപ്പറ്റിയാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. വിവിധ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുകളനുഭവിക്കേണ്ടി വരുന്ന ഒരു ജനത കടന്നുപോകുന്നത് പലപ്പോഴും ഈ അവസ്ഥയിലൂടെയായിരിക്കും. ഏറെ പ്രസക്തമായ നിരീക്ഷണങ്ങളുള്ള ആ പോസ്റ്റിന്റെ മലയാള തർജ്ജമ ചുവടെ. വിവർത്തനം: ബാബു രാമചന്ദ്രൻ.

1992 ഡിസംബര്‍...

"കുടുസ്സുമുറിയിൽ സജ്ജീകരിച്ച താൽക്കാലിക ഡിസ്പെന്സറിയിലെ നിലത്ത് വരിവരിയായിരുന്ന രോഗികളെ ഒന്നൊന്നായി പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് പുറത്തുനിന്ന് ആരോ വീഴുന്ന പോലൊരു ശബ്ദവും, പിന്നാലെ ആളുകളുടെ ബഹളവും കേട്ടത്. 20-22 വയസ്സ് തോന്നിക്കുന്ന ഒരു യുവതി ബോധംകെട്ടുവീണതായിരുന്നു. നിലത്ത് മോഹാലസ്യപ്പെട്ടുകിടന്ന ആ പെൺകുട്ടിയെ ഞാൻ പരിശോധിച്ചു. ഞങ്ങൾക്ക് ഡിസ്പെന്‍സറിക്കായി വിട്ടുതന്ന സ്ഥലത്ത് അവരെ കിടത്താൻ വേറെ സ്ഥലസൗകര്യങ്ങളൊന്നും ഇല്ല. ആ പെൺകുട്ടിയുടെ മുഖം വിളറിയിരുന്നു എങ്കിലും പൾസ് സ്റ്റെഡിയായിരുന്നു. ബിപി കുറച്ച് താണിരുന്നു എങ്കിലും അവൾക്ക് വേറെ കുഴപ്പമൊന്നുമില്ല എന്നെനിക്ക് ബോധ്യപ്പെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾക്ക് ബോധം തിരിച്ചുകിട്ടുകയും ചെയ്തു.

ഒരാഴ്ച മുമ്പ് ആ പ്രദേശത്ത് ഒരു വർഗ്ഗീയ ലഹള നടക്കുകയുണ്ടായി. വളരെ സമാധാനപരമായി പ്രതിഷേധിച്ച പ്രദേശവാസികളെ, അവരുടെ ജാഥയ്ക്ക് ശേഷം ഒരു ഗുണ്ടാസംഘം അവരുടെ തെരുവിലേക്ക് പിന്തുടർന്നെത്തുകയുണ്ടായി. അക്രമിസംഘത്തിന്‍റെ കയ്യിൽ കല്ലുംവടിയുമൊക്കെ ഉണ്ടായിരുന്നു. ആ ബസ്തിയിലെ വീടുകൾക്ക് തീയിടുക എന്ന ഉദ്ദേശ്യത്തോടെ പന്തങ്ങളും കൊളുത്തിക്കൊണ്ട് ഈ സംഘം പ്രദേശത്തെത്തി, അക്രമം തുടങ്ങിയപ്പോഴേക്കും യദൃച്ഛയാ പൊലീസും സ്ഥലത്തെത്തി. അവർ സ്ഥിതിഗതികൾ 'നിയന്ത്രണാധീനമാക്കാൻ' സ്ഥിരം ചെയ്യുന്നത് തന്നെ അപ്പോഴും ആവർത്തിച്ചു. കണ്ണീർവാതകഷെല്ലുകൾ അന്തരീക്ഷത്തിലൂടെ പറന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്ജ് ചെയ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധകാലം തൊട്ട് പൊലീസുകാർ കൊണ്ടുനടക്കുന്ന .303 തോക്കുകൾക്ക് ആകാശത്തേക്ക് തീതുപ്പാൻ ഒരു സുവർണ്ണാവസരം കൂടി കിട്ടി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത്  ലഹളക്കാർക്കെതിരെ പ്രയോഗിക്കാൻ വേണ്ടി, 1942 -ൽ ദില്ലി പൊലീസിന് ഇഷ്യു ചെയ്യപ്പെട്ടതാണ് ഈ 'എൻഫീൽഡ്' റൈഫിളുകൾ. 

ക്രമസമാധാനനില പുനഃസ്ഥാപിക്കപ്പെട്ട ശേഷം ആ ബസ്തി 'കോർഡൻ ഓഫ്' ചെയ്ത പൊലീസ്, ആ അക്രമസംഭവത്തോടെ 'പ്രശ്‌നബാധിത' പ്രദേശമായി മാറിയ അവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ബസ്തി കേറിയിറങ്ങിയ പൊലീസ് തോന്നുംപടി ചില ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തു. അവരിൽ പലരും പിന്നീട് വർഷങ്ങളോളം പുറംലോകം കണ്ടില്ല. 'പ്രശ്‌നബാധിത പ്രദേശങ്ങൾ' - എന്നുപറയുന്നത് ഈ മതന്യൂനപക്ഷങ്ങളും, ദളിതരും, ആദിവാസികളും ഒക്കെ കൂട്ടത്തോടെ പാർക്കുന്ന പ്രദേശങ്ങളാണ്. ( ഉദാ. ദില്ലിയിലെ ജോർ ബാഗ്, ഗോൾഫ് ലിങ്ക്സ്, സുന്ദർ നഗർ, വസന്ത് വിഹാർ... ഇതൊന്നും പ്രശ്‌നബാധിത പ്രദേശങ്ങളല്ല.)

കർഫ്യൂവിൽ നേരിയ അയവുവന്നപ്പോൾ ഞങ്ങൾ ചില ഡോക്ടർമാരും ആക്ടിവിസ്റ്റുകളും ഒക്കെ കലാപബാധിതമായ ആ ബസ്തിയിലേക്ക് ചെന്നു. എന്റെ അച്ഛനമ്മമാർ 1947 -നെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ള, 1984 -ൽ ഞാൻ നേരിട്ടുകണ്ടിട്ടുണ്ടായിരുന്ന അതേ അവസ്ഥയിലായിരുന്നു ആ ബസ്തിയപ്പോൾ. അത്രയ്ക്കില്ലെങ്കിലും, ഏറെക്കുറെ അതേപോലെ. പാതിവെന്തവീടുകളിൽ കഴിഞ്ഞുകൂടുന്ന അസുഖബാധിതരും ദുർബലരുമായ ഒരുപറ്റം ആളുകൾ... ദേഹത്തിനും, മനസ്സിനും, ആത്മാവിനും മുറിവേറ്റ പുരുഷന്മാർ ഇതികർത്തവ്യതാമൂഢരായി വീടുകളുടെ മുറ്റത്ത് വെറും നിലത്തിരിക്കുന്നു. ഞങ്ങൾ അങ്ങോട്ട് കേറിച്ചെന്നപ്പോൾ ആ ഹതാശരുടെ ഒഴിഞ്ഞ കണ്ണുകൾ ഒട്ടു നിസ്സംഗമായിത്തന്നെ ഞങ്ങളെ തുറിച്ചുനോക്കി. തുളച്ചുകയറുന്ന നോട്ടം..! സ്ത്രീകൾ അകത്തെവിടെയോ ഒളിഞ്ഞിരിക്കുകയാണ്. പുറത്തേക്കു വരാൻ ധൈര്യപ്പെടുന്നില്ലവർ.

ആ ഒരനുഭവം ഞങ്ങളെ ആകെ പിടിച്ചുലച്ചു. എന്തെങ്കിലും ചെയ്തേ ഒക്കൂ. ഞങ്ങൾ മനസ്സിലുറപ്പിച്ചു. അവിടെക്കണ്ട എല്ലാവരോടും ഞങ്ങൾ അവരുടെ ദുരിതങ്ങൾ ചോദിച്ചറിഞ്ഞു. മിക്കവാറും എല്ലാ വീടുകളിലും അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ട ഒരാളെങ്കിലും ഉണ്ടായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് വേണ്ട മരുന്നുകളുടെ ഒരു പട്ടിക ഞങ്ങൾ ആദ്യം തയ്യാറാക്കി. അത്യാവശ്യം വേണ്ട വിലകുറഞ്ഞ മരുന്നുകൾ ഞങ്ങൾ ഒന്നിച്ചു വാങ്ങിക്കൊണ്ടുവന്നു. ഞങ്ങളുടെ താൽക്കാലിക ഡിസ്‌പെൻസറി പ്രവർത്തിപ്പിക്കാനവർ, തീവെപ്പിൽ ചില്ലറ നാശനഷ്ടങ്ങൾ സംഭവിച്ച ബസ്തിയിലെ ഒരു വീടുതന്നെ സംഘടിപ്പിച്ചു തന്നു. അവിടെയിരുന്നുകൊണ്ട് ഞങ്ങൾ പ്രദേശവാസികൾക്ക് വേദനസംഹാരികളും, കഫ് സിറപ്പുകളും, ആന്‍റിബയോട്ടിക്കുകളും, ആസ്ത്മയ്ക്കുള്ള മരുന്നുകളും മറ്റും  കൊടുത്തുതുടങ്ങി. ചിലരുടെയൊക്കെ മുറിവുകളും മറ്റും വെച്ചുകെട്ടിക്കൊടുത്തു. 

നേരത്തെ പറഞ്ഞ, ബോധം കെട്ടുവീണ യുവതിയിലേക്ക് തിരിച്ചുവരാം. ബോധം വന്നപാടെ ഞാനവർക്ക് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം കൊടുത്തു. പിന്നെ മരുന്നും കൊടുത്ത് ഒരു ഗ്ലാസ് ചായയും കുടിക്കാൻ കൊടുത്ത് ആശ്വാസവാക്കുകളും പറഞ്ഞാണ് ഞാനവരെ പറഞ്ഞയച്ചത്. ആ ബസ്തിയിൽ ചെലവിട്ട ഓരോ പകലും,  എന്നെ നമ്മുടെ രാജ്യത്തെപ്പറ്റി, ഇന്നാട്ടിലെ ജനങ്ങളെപ്പറ്റി, ജീവിതത്തെപ്പറ്റി ഒക്കെ അന്നോളം അറിവില്ലാതിരുന്ന പലതും പഠിപ്പിച്ചുകഴിഞ്ഞിരുന്നു. കേവലദാരിദ്ര്യം എന്തെന്ന് അന്നാണ് ഞാൻ ആദ്യമായി നേരിൽ കണ്ടത്. എന്റെ കണ്ണുതുറക്കുന്ന അനുഭവമായിരുന്നു അത്.  

ഡിസ്‌പെൻസറിയിൽ ചെലവിട്ട ദിവസങ്ങളിൽ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. ദിവസം ചെല്ലുന്തോറും വീട്ടിലോ, ഡിസ്പെന്‍സറിക്ക് പുറത്തോ ഒക്കെ ബോധം കെട്ടുവീഴുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടു വരുന്നു. ഞാൻ നേരത്തെ പറഞ്ഞ ആ പെൺകുട്ടി ഞങ്ങൾ ചികിത്സ തുടങ്ങിയതിന്റെ ആദ്യദിവസം ബോധക്ഷയം വന്ന ഒരേയൊരു പെൺകുട്ടിയായിരുന്നു. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും അത് ദിവസത്തിൽ 4-5 പേരായി ഉയർന്നു. അത് എന്നിൽ കൗതുകം ജനിപ്പിച്ചു. എന്താണ് ഇതിങ്ങനെ എണ്ണം കൂടാൻ കാരണം? ഞാനാലോചിച്ചു. അവർക്കൊന്നും വേറെ ഒരു കുഴപ്പവും കണ്ടില്ല. എല്ലാവർക്കും പത്തിരുപത്തഞ്ചു വയസ്സുമാത്രമാണ് പ്രായം. ആരോഗ്യപ്രശ്നങ്ങൾ വേറൊന്നുംതന്നെയില്ല. പക്ഷേ, അവർ അകാരണമായിങ്ങനെ മോഹാലസ്യപ്പെട്ടു വീഴുന്നു. അവരെല്ലാം ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും, പുരുഷൻമാർ ആരും തന്നെ പട്ടിണികിടക്കുന്നവരാണെന്ന് കണ്ടപ്പോൾ തോന്നിയില്ല. പിന്നെന്താണിതിങ്ങനെ? ഞാൻ അതിശയിച്ചു.

ആ ബസ്തിയിൽ താമസിക്കുന്ന പുരുഷന്മാരിൽ പലരും തെരുവുകച്ചവടക്കാരോ, പഞ്ചർ ഷോപ്പുകൾ നടത്തുന്നവരോ, മെക്കാനിക്കുകളോ, ആശാരിമാരോ, ഇലക്ട്രീഷ്യന്മാരോ, റിക്ഷക്കാരോ, പ്രൈവറ്റ് ബസുകളിലെ ജീവനക്കാരോ, അല്ലെങ്കിൽ എന്തെങ്കിലും കൂലിപ്പണിക്കുപോയി അഷ്ടിക്കുവക കണ്ടെത്തുന്നവരോ ഒക്കെ ആയിരുന്നു. 144 പ്രഖ്യാപിച്ച ദിവസങ്ങളിൽ അവർക്ക് ജോലിക്ക് പുറത്തിറങ്ങാനായില്ല. അന്നവർ ഒന്നും സമ്പാദിച്ചില്ല. നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ചില്ലറ നീക്കിയിരുപ്പുകളൊക്കെ തീർന്നുകിട്ടി. മഞ്ഞുകാലത്ത് അവിചാരിതമായി വെയിൽ തെളിഞ്ഞപ്പോൾ പുരുഷന്മാർ പുറത്തിറങ്ങി. അവർ മരച്ചുവടുകളിൽ വെടിപറഞ്ഞിരുന്നു. അവർ ആ സാഹചര്യത്തെ അതിജീവിക്കുന്ന പോലെ തോന്നി. പക്ഷേ, ദുരിതത്തിലായത് അവരുടെയൊക്കെ വീടുകളിലെ സ്ത്രീകളാണ്. വീടുകളിലെ അടുപ്പുകളിൽ തീകെട്ടുപോകാതിരിക്കാൻ, മക്കൾക്ക് രണ്ടുനേരമെങ്കിലും തിന്നാൻ കൊടുക്കാൻ, പൊലീസ് പിടിച്ചുകൊണ്ടുപോയ മക്കളെ വിടുവിക്കാൻ ഒക്കെ അവർ ഓടിനടന്നു. അവരാരും തന്നെ ഒരു വറ്റുപോലും ഇറക്കിയിരുന്നില്ല. കരിംപട്ടിണി ആയിട്ടല്ല. ഭക്ഷണം കിട്ടിയിട്ടും പലരും ഒന്നും ഇറക്കിയില്ല. അതിനു പറ്റിയില്ലവർക്ക്. ഇടയ്ക്കിടെ കുറച്ചു വെള്ളം മാത്രം കുടിച്ചു അവർ. പക്ഷേ, എന്തിന്?

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അവരുടെ ആ തീരുമാനത്തിന്റെ കാരണം മനസ്സിലായത്. സ്ത്രീകൾക്ക് വീടിന്റെ ഏതെങ്കിലും മൂലയ്ക്കലോ അല്ലെങ്കിൽ, ഏതെങ്കിലും ഓടയുടെ പൊട്ടിയ സ്ലാബിനിടയിലോ ഒക്കെ ചെന്നിരുന്ന് മൂത്രമൊഴിക്കാൻ പറ്റിയിരുന്നു. എന്നാൽ, മലവിസർജ്ജനം നടത്തിയിരുന്നത് അവർ രാത്രിയിൽ അല്ലെങ്കിൽ പുലർച്ചെ വെളിച്ചം പരക്കുംമുമ്പ് പാടങ്ങളിൽ ചെന്നതായിരുന്നു. രാത്രി കർഫ്യൂ നിലവിൽ വന്നശേഷം അവർക്ക് അതിനായി പുറത്തിറങ്ങാൻ പറ്റാതെയായി. വിസർജ്ജനം നടത്താൻ പുറത്തുപോകാനാവില്ല എന്നറിവുള്ളതുകൊണ്ടാണ് അവർ ഒന്നും കഴിക്കാതിരുന്നത്. വെള്ളം മാത്രം കുടിച്ച് ജീവൻ നിലനിർത്തിയത്. വിസർജ്ജനം ഒഴിവാക്കാൻ...!

ആറുമാസം കൂടി ഞാൻ ആ ബസ്തിയിൽ തുടർന്നു. അതെന്നെ സ്ത്രീകളെപ്പറ്റി ഒരുപാടുകാര്യങ്ങൾ പഠിപ്പിച്ചു. അവരുടെ സംശയങ്ങൾ, ഭീതികൾ, ആശയക്കുഴപ്പങ്ങൾ, ആശങ്കകൾ ഒക്കെ അവർ എന്നോട് കെട്ടഴിച്ചു. പൊലീസ് പിടിച്ചുകൊണ്ടുപോയ സ്വന്തം മക്കളെച്ചൊല്ലി സങ്കടപ്പെട്ട് രാത്രി ഇരുന്നു കരയുന്നതിനെപ്പറ്റി അവർ എന്നോട് സങ്കടം പറഞ്ഞു. കടുത്ത നിരാശയും, അസംതൃപ്തിയും, ദേഷ്യവും കൊണ്ടുനടന്ന സ്വന്തം ഭർത്താക്കന്മാർക്ക് വൈകാരികപിന്തുണ നല്കുന്നതിന്റെ വൈഷമ്യത്തെപ്പറ്റി പറഞ്ഞു. PTSD എന്ന അസുഖത്തെപ്പറ്റി ഞാൻ എന്റെ വൈദ്യശാസ്ത്ര പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ടായിരുന്നു. നോർത്ത് ഈസ്റ്റിനെപ്പറ്റിയുള്ള പത്രവാർത്തകളിലും ഇടക്കൊക്കെ ആ വാക്ക് കാണാറുണ്ട്. എന്നാൽ, അത് നേരിട്ട് കണ്മുന്നിൽ ഞാൻ കണ്ടത് ആ ദിനങ്ങളിലായിരുന്നു. മനഃശാസ്ത്ര പുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ള ഓരോ മാനസികാസ്വാസ്ഥ്യങ്ങളും എനിക്കവിടെ നേരിൽ കാണാനായി.

അതിനൊക്കെപ്പുറമെ, ആ സ്ത്രീകൾ അനുഭവിച്ചിരുന്ന കടുത്ത മാനസിക സമ്മർദ്ദം, പട്ടിണി, വെള്ളം വേണ്ടത്ര കുടിക്കായ്ക എന്നിവ അവരുടെ ആർത്തവങ്ങളെ തകിടം മറിച്ചിരുന്നു. ആർത്തവം ദിവസങ്ങൾ വൈകിയാൽ തന്നെ അതുണ്ടാക്കുന്ന മാനസികശാരീരികവ്യഥകളെപ്പറ്റി അറിയാമല്ലോ. ഇവിടത്തെ സ്ത്രീകൾക്ക് ആർത്തവം മാസങ്ങളോളം വൈകുമായിരുന്നു. PTSD -യെപ്പറ്റി ഞാൻ പഠിച്ചുവെച്ചിരുന്ന ലക്ഷണങ്ങൾ ഒന്നൊന്നായി എന്റെ കണ്മുന്നിൽ പ്രകടമാകുന്നത് ഞാൻ നിർന്നിമേഷനായി നോക്കിനിന്നു. നാലാമത്തെ ആഴ്ചയിലും അത് തുടർന്നു. അവിടന്നങ്ങോട്ട് അവരുടെ അവസ്ഥ കൂടുതൽ വഷളായിരിക്കാനേ തരമുള്ളൂ. പിന്നീട് ഞാനവിടെ നിന്ന് തിരികെ വന്നു.

ഞാനിത് എഴുതുന്നത് എൺപതുലക്ഷത്തോളം കശ്മീരികൾ അവരവരുടെ വീടുകളിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാലാഴ്ച കഴിയുന്ന ദിവസമാണ്. രാഷ്ട്രീയ വിചക്ഷണർ, ആക്ടിവിസ്റ്റുകൾ, രാജിവെച്ചുപോകുന്ന ഒറ്റപ്പെട്ട ചില ഐഎഎസ് ഓഫീസർമാർ, എന്റെ ഫേസ്‌ബുക്ക് സൗഹൃദങ്ങൾ ( ജേർണലിസ്റ്റുകൾ ഒഴികെയുള്ളവർ) ഇവിടത്തെ ജനങ്ങളുടെ ദുരവസ്ഥയെപ്പറ്റി എഴുതിക്കഴിഞ്ഞു. ഇവിടെ ഫേസ്‌ബുക്കിൽ ഇരുന്നുകൊണ്ട് ഞാൻ കൂടുതൽ എന്തെഴുതാനാണ്? അവിടത്തെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി ഞാൻ എങ്ങനെ കൃത്യമായി ഊഹിച്ചെടുക്കാനാണ്. എന്റെ നേരിട്ടുള്ള അനുഭവത്തിൽ സ്ത്രീകളെല്ലാം തന്നെ സമൂഹത്തിന്റെ ഒരേതട്ടിൽ നിന്നുള്ളവരായിരുന്നു. കശ്മീരിൽ കുടുങ്ങിക്കിടക്കുന്നവരിൽ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരുണ്ട്. ചിലർ ഞാൻ 27 വർഷം മുമ്പ് കണ്ടവരെപ്പോലെ ദരിദ്രരായിരിക്കും മറ്റുചിലർ സമ്പന്നരും. ഡോക്ടർമാർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, പ്രൊഫസർമാർ, വീട്ടമ്മമാർ ഒക്കെ കാണും അവരിൽ. എന്നാൽ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഏറെക്കുറെ ഒന്നായിരിക്കും. പട്ടിണിയോ, വൃത്തിയുള്ള ടോയ്‌ലെറ്റുകളുടെ പരിമിതിയോ ഒന്നും ഒരുപോലെ ആയിരിക്കില്ല ചിലപ്പോൾ അവർക്കിടയിൽ. പക്ഷേ, ആശങ്കകളും, മാനസിക സമ്മർദ്ദവും, ഭീതിയും ഒന്നുതന്നെ ആയിരിക്കും.

അടിയന്തരമായി വൈദ്യസഹായം വേണ്ടവർക്ക് അത് കിട്ടിയെന്നു വരില്ല സമയത്തിന്. ഒരുമാസം മുമ്പുവരെ തികഞ്ഞ ആരോഗ്യവതികളായിരുന്ന പലർക്കും ഇതിനകം തന്നെ ആജീവനാന്തം അനുഭവിച്ചു തീർക്കേണ്ട മാനസിക ശാരീരിക പീഡകൾ വന്നുചേർന്നിട്ടുണ്ടാവും. മരുന്നുകളുടെ സപ്ലൈ പോലും പലയിടങ്ങളിലും നിലച്ചിട്ടുണ്ട്. ഇതിന്റെ തീവ്രത ചിലപ്പോൾ ആലോചിച്ചെടുക്കാൻ നിങ്ങൾക്കായില്ലെന്നും വരും. എന്നാലും പറയാം, ഒരു സാധാരണ പുരുഷനോ, അല്ലെങ്കിൽ ഗർഭമൊന്നും ഇല്ലാത്ത ഒരു സ്ത്രീയ്ക്കോ ഹൈപ്പർ ടെൻഷനുള്ള മരുന്ന് നാലഞ്ച് ഡോസ് കഴിക്കാതിരുന്നാലും ചിലപ്പോൾ ഒന്നും സംഭവിച്ചില്ല എന്നിരിക്കും. എന്നാൽ, ഗർഭിണികളുടെ അവസ്ഥ അതല്ല..! അവരിൽ അതുണ്ടാക്കുക ചിലപ്പോൾ അപരിഹാര്യമായ പ്രശ്‍നങ്ങളായിരിക്കും. വയറ്റിലിരിക്കുന്ന കുഞ്ഞിന്റെ ജീവനോ, ചില കേസുകളിൽ സ്വന്തം ജീവൻ പോലുമോ അത് അപകടത്തിലാക്കാം.

PTSDക്ക് വിധേയമാകുന്ന ആ ജനത അനുഭവിച്ചു തീർക്കേണ്ടിവരുന്നത് വിവരണാതീതമായ ദുരന്തങ്ങളാകും. പറഞ്ഞാൽ തീരാത്തത്ര പ്രശ്നങ്ങളുണ്ട് PTSD കൊണ്ട്. ആർത്തവകാലത്ത് നാപ്കിനുകളുടെ ക്ഷാമം മുതൽ വിഷാദത്തിന്റെയും സാംക്രമിക സ്വഭാവത്തോടുകൂടിയ ആത്മാഹുതികളുടെ പരമ്പരയിലേക്കു വരെ അത് നീണ്ടെന്നുവരാം. വിശാലാർത്ഥത്തിൽ അതിനെ വംശഹത്യാപരം എന്നുപോലും വിശേഷിപ്പിക്കേണ്ടി വരും.

നമ്മുടെ സർക്കാരിന് ഈ അവസ്ഥ ഒരു മിനുട്ടുനേരം പോലും തുടരാം എന്ന് ആരെങ്കിലും ഉപദേശം നൽകിയിട്ടുണ്ടെങ്കിൽ അത് വല്ലാത്തൊരു ദുരന്തം തന്നെയാണ്. തീർത്തും നിസ്സാരനായ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ഈ രാജ്യത്തെ സർവശക്തരായ അധികാരികളോട് ഒന്നേ പറയാനുള്ളൂ, "ദയവായി ഞാൻ പറയുന്നത് കേൾക്കൂ. ഇനിയും കാര്യങ്ങൾ കൈവിട്ടുപോയിട്ടില്ല. ഇപ്പോൾ വേണ്ടത് ചെയ്തില്ലെങ്കിൽ നമ്മൾ നീങ്ങുന്നത് സർവ്വനാശത്തിലേക്കാണ്." ഇപ്പോൾ തന്നെ വൈകി. ഇതിങ്ങനെ തുടരാൻ അനുവദിച്ചാൽ, നമ്മുടെ ആയുഷ്കാലത്തുതന്നെ ഇതേക്കുറിച്ചോർത്ത് നമുക്ക് പശ്ചാത്തപിക്കേണ്ട അവസ്ഥ വരും. ഉറപ്പ്..!

ഞാൻ ഒരു നാസ്തികനാണ്, അതുകൊണ്ട് എനിക്ക് എല്ലാം നേരെയാവാൻ വേണ്ടി മനസ്സുനൊന്തൊന്നു പ്രാർത്ഥിക്കാൻ പോലുമാവില്ല. നിങ്ങൾ, അതിനാവുന്നവർ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ദുരിതമനുഭവിക്കാൻ വിധിക്കപ്പെട്ട ഈ പാവങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. ഹിന്ദുക്കളോ, മുസ്ലിംകളോ, ക്രിസ്ത്യാനികളോ, സിഖുകാരോ, പാഴ്സികളോ, ജൈനരോ, ബുദ്ധരോ എന്ന ഭേദമില്ലാതെ നിങ്ങളുടെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തണം. ഇന്ത്യൻ പൗരന്മാരോ, NRI-കളോ, വിദേശീയരോ നമ്മൾ ആരായാലും ഇത് നമ്മളെ നാളെ വേട്ടയാടാൻ പോവുന്ന ഒന്നാണ്. മനുഷ്യർ എന്ന നിലയിൽ നമ്മുടെ മനസ്സാക്ഷിയ്ക്ക് ഇത് വരും വർഷങ്ങളിൽ ഒരു ഭാരമായി തുടരും. മുറിപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ ആത്മാവാണ്... ആ മുറിവുകൾ ഭേദപ്പെടുത്താൻ ഒരു മരുന്നിനും ആയെന്നുവരില്ല."

 
 

click me!