കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് വായു മലിനീകരണം കുറച്ചാല്‍ രാജ്യതലസ്ഥാനമായ ദില്ലിയിലെ താമസക്കാര്‍ക്ക് അവരുടെ ആയുസ്സില്‍ 10 വര്‍ഷം കൂടി കൂട്ടിക്കിട്ടുമെന്ന് പഠനം പറയുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും അറിയപ്പെടുന്നതുമായ ജനറല്‍ മെഡിക്കല്‍ ജേര്‍ണലുകളില്‍ ഒന്നാണ് ദി ലാന്‍സെറ്റ്(Lancet). 1823 -ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ദി ലാന്‍സെറ്റ് മെഡിക്കല്‍ ലോകത്തെ പുതുവിവരങ്ങളും പഠനങ്ങളും വിശകലനം ചെയ്യുന്ന പ്രതിവാര ജേര്‍ണലാണ്. 2019 -ല്‍ ലാന്‍സെറ്റ് ഇന്ത്യയില്‍ ഒരു പഠനം നടത്തി. രാജ്യത്തെ മലിനീകരണം സംബന്ധിച്ചായിരുന്നു ആ പഠനം. അതിന്റെ റിപ്പോര്‍ട്ട് പിന്നീട് പ്രസിദ്ധീകരിച്ചു.
2019-ല്‍ പലവിധം മലിനീകരണങ്ങള്‍ മൂലം ഇന്ത്യയില്‍ 23 ലക്ഷത്തിലധികം അകാല മരണങ്ങള്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ഏകദേശം 16 ലക്ഷം മരണങ്ങള്‍ വായു മലിനീകരണം മൂലമുണ്ടായതാണ്. അഞ്ച് ലക്ഷത്തിലധികം മരണങ്ങള്‍ ജലമലിനീകരണം മൂലവും സംഭവിച്ചതായാണ് പഠനത്തിലെ കണ്ടെത്തല്‍.
ആഗോളതലത്തില്‍ 90 ലക്ഷം പേരുടെ മരണത്തിന് മലിനീകരണം കാരണമാകുന്നുവെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്, ഇന്‍ജുറീസ് ആന്‍ഡ് റിസ്‌ക് ഫാക്ടര്‍ സ്റ്റഡി 2019 (ജിബിഡി) പറയുന്നു. ഇത് മൊത്തം മരണത്തിന്റെ ആറിലൊന്ന് വരും. അന്തരീക്ഷ മലിനീകരണം മൂലം മാത്രം 2019-ല്‍ ആഗോളതലത്തില്‍ - 6.7 ദശലക്ഷം പേര്‍ മരിച്ചെന്നും പഠനം പറയുന്നു. മോശം വായു കാരണം ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നുവെന്നും പഠനം പറയുന്നു.
ഗാര്‍ഹിക വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവയെ കടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ട മലിനീകരണ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് മൂലമുണ്ടാകുന്ന മരണങ്ങളില്‍ ലോകത്ത് കുറവുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വ്യാവസായിക മലിനീകരണം, ആംബിയന്റ് വായു മലിനീകരണം, വിഷ രാസ മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന മരണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.
ആഗോളതലത്തില്‍, മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയാണ് ഈ പട്ടികയില്‍ ഒന്നാമത് -2.36 ദശലക്ഷം മരണം. രണ്ടാം സ്ഥാനത്ത് ചൈന. 2.1 ദശലക്ഷം മരണങ്ങള്‍.
2000-ല്‍ പരമ്പരാഗത മലിനീകരണം മൂലമുള്ള നഷ്ടം ഇന്ത്യയുടെ ജിഡിപിയുടെ 3.2% ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനുശേഷം, പരമ്പരാഗത മലിനീകരണം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയുകയും സാമ്പത്തിക നഷ്ടങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തിരുന്നു.ഇപ്പോള്‍ മലിനീകരണം മൂലമുണ്ടാകുന്ന ഇന്ത്യയുടെ ജിഡിപി നഷ്ടം ഏകദേശം 1 ശതമാനം ആണ്.
ദരിദ്രാവസ്ഥയിലുള്ള ഗ്രാമങ്ങളില്‍ സ്ത്രീകളെ കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന പാചക രീതികളില്‍നിന്നും പാചക വാതകത്തിലേക്ക് മാറാന്‍ സഹായിക്കുന്നതിന് 2016 -ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ വായു മലിനീകരണം നിയന്ത്രിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇപ്പോഴും ഇത് പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ശ്രമങ്ങള്‍ നടത്തുന്നതിനും ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനും രാജ്യത്ത് ഇപ്പോഴും കേന്ദ്രീകൃത സംവിധാനമൊന്നുമില്ല.
ആഗോള മലിനീകരണ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ സ്ഥിരമായി ആദ്യ സ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യയിലെ 48 ലക്ഷത്തിലധികം ആളുകള്‍ 'ലോകത്തിലെ ഏറ്റവും തീവ്രമായ അന്തരീക്ഷ മലിനീകരണം' അഭിമുഖീകരിക്കുന്നുവെന്നാണ് അമേരിക്കന്‍ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍. 2019-ല്‍ ഇന്ത്യയുടെ ശരാശരി കണികാ സാന്ദ്രത 70.3 മില്ലി ഗ്രാം / മീറ്റര്‍ ക്യൂബ് ആയിരുന്നു. ഇതാകട്ടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്നതുമാണ്.
എല്ലാ ശൈത്യകാലത്തിന്റെയും തുടക്കത്തില്‍, ഡല്‍ഹിക്ക് സമീപമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇത് രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ പത്ത് ശതമാനത്തോളം വരും. 2015-ല്‍ ഇത്തരത്തില്‍ കൃഷിയിടത്തില്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അത് ഇപ്പോവും പൂര്‍ണതോതില്‍ നടപ്പാക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് ഉപയോഗിക്കുന്നതും വായു മലിനീകരണത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് മൊത്തം മലിനീകരണത്തിന്റെന ചെറിയ ശതമാനം മാത്രമേ വരുന്നുള്ളുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടും മലിനീകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. 2021 നവംബര്‍ ആദ്യവാരത്തില്‍, ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ അവസ്ഥയില്‍ എത്തിയിരുന്നു. അന്നത്തെ മലിനീകരണത്തിന്റെ 45 ശതമാനവും വൈക്കോല്‍ കത്തിച്ചത് മൂലമായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് വായു മലിനീകരണം കുറച്ചാല്‍ രാജ്യ തലസ്ഥാനമായ ദില്ലിയിലെ താമസക്കാര്‍ക്ക് അവരുടെ ആയുസ്സില്‍ 10 വര്‍ഷം കൂടി കൂട്ടിക്കിട്ടുമെന്ന് പഠനം പറയുന്നു.
2019-ലെ കണക്ക് പ്രകാരം കേരളത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തുമാണ് കൂടിയ തോതിലുള്ള വായുമലിനീകരണമുള്ളത്. 50 മുതല്‍ 75 ശതമാനം വരെയാണ് മലിനീകരണ തോത്. കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ ഇത് 25 മുതല്‍ 50 ശതമാനം വരെയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാകട്ടെ ഈ തോത് പൂജ്യം മുതല്‍ 25 ശതമാനം വരെയാണ്. അതായത് സംസ്ഥാനത്ത് അപകടകരമായ വായു മലിനീകരണ തോത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് അര്‍ത്ഥം.