സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ്, മൊബൈല്‍ കര്‍ഷകര്‍ക്ക് ലാഭം നേടിക്കൊടുക്കാന്‍ ഇവയും പ്രധാനം

By Web TeamFirst Published Jan 9, 2020, 10:51 AM IST
Highlights

നിങ്ങള്‍ക്ക് 50 കി.ഗ്രാം പഴം വില്‍ക്കാനുണ്ടെങ്കില്‍ കഷ്ടപ്പെട്ട് ചുമന്ന് വിപണിയിലെത്തിച്ച് ഉപഭോക്താക്കള്‍ വരുന്നതും കാത്തിരിക്കേണ്ട ആവശ്യമില്ല. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിങ്ങളുടെ കൈയിലുള്ള ഉത്പന്നത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയല്ലോ. ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തും.
 

2019 -ല്‍ ഇന്ത്യയിലെ ഏകദേശം 800 മില്യണ്‍ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണിന്റെ വ്യാപകമായ പ്രചാരം മൂലം ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലും വന്‍തോതിലുള്ള വളര്‍ച്ചയാണുണ്ടായത്. ഇപ്പോഴും സമൂഹത്തിലെ നിരവധി ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാതെയുണ്ട്. കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിയാല്‍ കൃഷിയിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാം.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ കാര്‍ഷിക മേഖലയില്‍ വന്‍മാറ്റങ്ങള്‍ വരുത്തും. യഥാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ ചെറുകിട കര്‍ഷകരുടെ വരുമാനം ഇപ്പോഴുള്ളതിനേക്കാള്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് മൊബൈല്‍ ഫോണുകള്‍ വഴി ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്നത് കര്‍ഷകര്‍ക്കാണ്.

ഇപ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി കാര്‍ഷിക സംബന്ധമായ വാര്‍ത്തകളും പുത്തന്‍ അറിവുകളും ശേഖരിക്കുന്നുണ്ട്.
മൊബൈല്‍ ഫോണുകള്‍ വഴി വീഡിയോകളും കൃഷിസംബന്ധമായ റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് സഹായിക്കുന്നുണ്ട്.

ഇന്നത്തെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും വഴിയാണ് ആളുകള്‍ പെട്ടെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഗ്രാമീണമേഖലയില്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാനും നിലവാരം വര്‍ദ്ധിപ്പിക്കാനും കര്‍ഷകര്‍ക്ക് കഴിയാതെ പോകുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കണം. കര്‍ഷകര്‍ തമ്മില്‍ മെച്ചപ്പെട്ട ആശയവിനിമയം നിലനിര്‍ത്തേണ്ടതുണ്ടെന്ന തിരിച്ചറിവുണ്ടായത് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നടത്തിയ സര്‍വേ വഴിയാണ്. ഏകദേശം 11,000 -ത്തോളം കര്‍ഷകരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 70 ശതമാനത്തോളം കര്‍ഷകരും ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ എന്ന സംവിധാനത്തെക്കുറിച്ച് കേട്ടിട്ട് പോലും ഇല്ലായിരുന്നു. ഇങ്ങനെയുള്ള പദ്ധതികള്‍ കര്‍ഷകരില്‍  എത്തിയില്ലെങ്കില്‍ അധികൃതര്‍ ഇവയൊന്നും ആവിഷ്‌കരിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്ന അവബോധമാണ് ഈ സര്‍വേയിലൂടെയുണ്ടായത്. അങ്ങനെയാണ് ഇന്റര്‍നെറ്റ്  സേവനങ്ങള്‍ ഗ്രാമീണമേഖലയിലെ കര്‍ഷകരിലേക്ക് വ്യാപിപ്പിക്കണമെന്ന് മനസ്സിലാക്കിയത്. അതായത് മെച്ചപ്പെട്ട രീതിയിലുള്ള കൃഷിരീതി മനസിലാക്കാനും കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്താനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ആശയവിനിമയത്തിലൂടെ കഴിയും.

മൊബൈല്‍ വഴിയുള്ള സേവനങ്ങള്‍

കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് വിളകള്‍ക്ക് വിപണി കണ്ടെത്തുകയെന്നത്. കര്‍ഷകര്‍ വിളയിക്കുന്ന തക്കാളിക്കും പടവലത്തിനും പാവയ്ക്കയ്ക്കും കറിവേപ്പിലയ്ക്കുമെല്ലാം ന്യായമായ വില ലഭിക്കുന്ന വിപണികള്‍ എവിടെയുണ്ടെന്നത് ഇന്നത്തെ കാലത്ത് മൊബൈല്‍ വഴി അറിയാന്‍ കഴിയുന്നു. നാട്ടുചന്തകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ആളുകളിലെത്തിക്കുന്നത്. അതുപോലെ വാട്‌സ് ആപ്പ് കൂട്ടായ്മയും കാര്‍ഷിക രംഗത്തുണ്ട്.

നിങ്ങള്‍ക്ക് 50 കി.ഗ്രാം പഴം വില്‍ക്കാനുണ്ടെങ്കില്‍ കഷ്ടപ്പെട്ട് ചുമന്ന് വിപണിയിലെത്തിച്ച് ഉപഭോക്താക്കള്‍ വരുന്നതും കാത്തിരിക്കേണ്ട ആവശ്യമില്ല. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിങ്ങളുടെ കൈയിലുള്ള ഉത്പന്നത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയല്ലോ. ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തും.

അതുപോലെ നിങ്ങള്‍ക്ക് രാജ്യം മുഴുവനുമുള്ള തക്കാളിയുടെ വില അറിയണോ? ഏറ്റവും കൂടുതല്‍ വില കിട്ടുന്നത് ഏത് വിപണിയിലാണെന്ന് വരെ നിങ്ങള്‍ക്ക് കാണിച്ചുതരും. അതുപോലെ കാര്‍ഷിക രംഗത്തെ അറിവുകളും വിപണി വിശേഷങ്ങളും കീടനിയന്ത്രണ മാര്‍ഗങ്ങളും വിത്തിന്റെയും തൈയുടെയും ലഭ്യതയുമെല്ലാം കര്‍ഷകരിലെത്തിക്കാന്‍ കോള്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ വഴിയാണ് കാലാവസ്ഥാ പ്രവചനം ഫലപ്രദമായി നടക്കുന്നത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റുകളില്‍ കര്‍ഷകര്‍ പരിശോധിക്കാറുണ്ട്. തങ്ങളുടെ കൃഷിയെ അടുത്ത കുറച്ച് ദിവസങ്ങളില്‍ കാലാവസ്ഥ ഏതുരീതിയില്‍ ബാധിക്കുമെന്നറിയാന്‍ ഇവര്‍ ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു.

ഏതുതരത്തില്‍പ്പെട്ട വിളകളുടെയും പ്രത്യേകതകള്‍ ഇന്ന് വെബസൈറ്റ് വഴി ലഭ്യമാണ്. സസ്യങ്ങള്‍ക്ക് വെള്ളം ഏതുകാലത്താണ് നല്‍കേണ്ടതെന്നും വളപ്രയോഗം എങ്ങനെ നടത്തണമെന്നും എപ്പോള്‍ വിളവെടുക്കണമെന്നും എപ്പോള്‍ വിത്ത് വിതയ്ക്കണമെന്നും വെബ്‌സൈറ്റുകള്‍ വഴി വിവരം ലഭിക്കും.

ഇപ്പോള്‍ കര്‍ഷകര്‍ മണ്ണ് പരിശോധിക്കാന്‍ നല്‍കിയാല്‍ ഫലം അറിയണമെങ്കില്‍ കമ്പ്യൂട്ടര്‍ വഴി അച്ചടിച്ചു വരണമെന്ന അവസ്ഥയാണ്. അതുപോലെ കമ്പോള നിലവാരം അറിയാന്‍ മൊബൈല്‍ മതി. നിങ്ങളുടെ തോട്ടത്തിലെ വിളകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊബൈലില്‍ പടമെടുത്ത് അയച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ പരിഹാരമാര്‍ഗം പറഞ്ഞുതരും. ചുരുക്കം പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ കാര്‍ഷികമേഖലയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതായി മാറിയിരിക്കുന്നുവെന്നര്‍ഥം.


 

click me!