പീഡിപ്പിച്ചയാളെ വിവാഹം കഴിക്കേണ്ടി വന്നിരുന്ന നാട്, അതിനെതിരെ പോരാട്ടം നടത്തിയ സ്ത്രീ

By Web TeamFirst Published Apr 8, 2021, 3:36 PM IST
Highlights

അതോടെ, അയാള്‍ അക്രമഭീഷണികള്‍ അയച്ചു തുടങ്ങി. കൂടാതെ പതിനഞ്ചോളം സുഹൃത്തുക്കളെയും കൂട്ടി അയാള്‍ ഫ്രാന്‍കയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവളെ തട്ടിക്കൊണ്ടുപോയി.

അടുത്തിടെയാണ് പീഡിപ്പിച്ച ആളെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ജഡ്‍ജ് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് വലിയ വിവാദം ഉണ്ടായത്. മിക്കപ്പോഴും മിക്കവരും ഇങ്ങനെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. ഇന്നുപോലും ആളുകള്‍ ഇങ്ങനെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നതെങ്കില്‍ പഴയകാലത്ത് എന്തായിരിക്കും അവസ്ഥ. സിസിലി -യില്‍ നൂറ്റാണ്ടുകളോളം ഇങ്ങനെയൊരു കീഴ്വഴക്കം നിലനിന്നിരുന്നു. 

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ വിവാഹം കഴിക്കുന്നതോടെ അയാളുടെ മേലുള്ള എല്ലാ കുറ്റങ്ങളും പിന്‍വലിക്കപ്പെടുകയും അയാളെ നിരപരാധിയായി കണക്കാക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ ഏതെങ്കിലും തരത്തില്‍ അതിക്രമം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വളരെ കുറച്ച് വഴികളേ അന്നത്തെ കാലത്ത് മുന്നിലുണ്ടായിരുന്നുള്ളൂ. തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും അഭിമാനം സംരക്ഷിക്കാന്‍ തന്നെ പീഡിപ്പിച്ചയാളെ വിവാഹം കഴിക്കുക എന്നതായിരുന്നു അതില്‍ ഒന്ന്. ഇനിയഥവാ സ്ത്രീകള്‍ അതിന് തയ്യാറല്ലെങ്കില്‍ പീഡിപ്പിക്കപ്പെട്ടു എന്ന കുറ്റം അവളുടെ തലയിലാവും. ജീവിതകാലം മുഴുവനും അവളെ ആളുകള്‍ പാപിയായിക്കാണും. അവളെയും വീട്ടുകാരെയും ഒറ്റപ്പെടുത്തും. അതുകൊണ്ട് തന്നെ പല സ്ത്രീകളും തങ്ങള്‍ക്ക് നേരെ അതിക്രമം കാണിച്ചവരെ വിവാഹം കഴിക്കാന്‍ തയ്യാറായി. അതിനാല്‍ തന്നെ തങ്ങള്‍ക്ക് തോന്നുന്ന സ്ത്രീകളെ പുരുഷന്മാര്‍ ബലാത്കാരം ചെയ്‍തു. ശിക്ഷകളില്‍ നിന്നും ഒഴിവായി ജീവിച്ചു. 

എന്നാല്‍, 1960 -കളുടെ പകുതിയില്‍ ഇതില്‍ വലിയൊരു മാറ്റമുണ്ടായി. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഈ സ്ത്രീവിരുദ്ധരീതിയെ എതിര്‍ക്കാന്‍ ഒരു സ്ത്രീ മുന്നോട്ട് വന്നു. അവളുടെ പേരായിരുന്നു ഫ്രാന്‍ക വയോള. സിസിലിയിലെ അല്‍കാമോയിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ഫ്രാന്‍ക ജനിച്ചത്. അവള്‍ക്ക് 15 വയസായപ്പോള്‍ ഫിലിപ്പോ മെലോഡിയ എന്നൊരാളുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രദേശത്തെ മാഫിയാബന്ധമുണ്ടായിരുന്ന ആളുടെ മരുമകനായിരുന്നു ഫിലിപ്പോ. എന്നാല്‍, അധികം താമസിക്കും മുമ്പേ ഫിലിപ്പോ ഒരു മോഷണക്കേസില്‍ പെട്ടു. അതോടെ, ഫ്രാന്‍ക വിവാഹത്തില്‍ നിന്നും പിന്മാറി. ഫിലിപ്പോ അവളെ തിരികെ കൊണ്ടുവരാന്‍ പലവഴിയും നോക്കി. അവളോട് യാചിച്ചു, അവളെ പിന്തുടര്‍ന്നു, അവളെ ഭീഷണിപ്പെടുത്തി. എന്നാല്‍, എന്ത് ചെയ്‍തിട്ടും അവള്‍ വഴങ്ങിയില്ല. അവള്‍ അതിനെയെല്ലാം പ്രതിരോധിച്ചു. 

(ഫിലിപ്പോ കൂട്ടാളികള്‍ക്കൊപ്പം)

അതോടെ, അയാള്‍ അക്രമഭീഷണികള്‍ അയച്ചു തുടങ്ങി. കൂടാതെ പതിനഞ്ചോളം സുഹൃത്തുക്കളെയും കൂട്ടി അയാള്‍ ഫ്രാന്‍കയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവളെ തട്ടിക്കൊണ്ടുപോയി. ഒരാഴ്ചയോളം അവളെ അയാള്‍ അവിടെ തടവില്‍ പാര്‍പ്പിച്ചു. ആ സമയത്ത് അവളെ അയാള്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‍തു. ഫ്രാന്‍കയുടെ പിതാവ് അവളെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. 1966 ജനുവരി രണ്ടിന് ഫ്രാന്‍ക മോചിപ്പിക്കപ്പെട്ടു. അവളെ തട്ടിക്കൊണ്ടുപോയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അവളെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി കിട്ടും എന്ന് അറിയാമായിരുന്ന ഫിലിപ്പോ അവളോട് വിവാഹവാഗ്ദ്ധാനം മുന്നോട്ട് വച്ചു. എന്നാല്‍, അതിന് സമ്മതിക്കാതിരുന്ന ഫ്രാന്‍ക കേസുമായി കോടതിയില്‍ തന്നെ മുന്നോട്ട് പോയി. 

(വിചാരണസമയത്ത് വക്കീലിനോട് സംസാരിക്കുന്ന ഫിലിപ്പോ)

പൊതുമധ്യത്തില്‍ ഇത്തരം വിവാഹത്തെ എതിര്‍ത്ത ആദ്യത്തെ സ്ത്രീ ആയിരുന്നു ഫ്രാന്‍ക വയോള. സമൂഹം പക്ഷേ അവളെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. നാട്ടുകാര്‍ അവളെ അഭിമാനമില്ലാത്തവളായി കണക്കാക്കി. അവള്‍ക്കും വീട്ടുകാര്‍ക്കും നേരെ നിരവധി വധഭീഷണികള്‍ ഉണ്ടായി. അവരുടെ വൈന്‍യാര്‍ഡുകളും കോട്ടേജും കത്തിക്കപ്പെട്ടു. അല്‍കാമോയിലും പുറത്തും കേസിന്‍റെ വിചാരണ വലിയ ചര്‍ച്ച തന്നെ ആയി. ഈ വിഷയത്തെ ചൊല്ലി ജനക്കൂട്ടം സംവാദത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ ഫിലിപ്പോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും അയാളെ 11 വര്‍ഷത്തേക്ക് ജയിലില്‍ അടക്കുകയും ചെയ്‍തു. 

1968 -ല്‍ ഫ്രാന്‍ക അവളുടെ ബാല്യകാല സുഹൃത്തായ ഗുയിസെപ്പോ റുയിസിയെ വിവാഹം ചെയ്‍തു. 1976 -ഫിലിപ്പോ ജയില്‍മോചിതനായി. അയാളെ സിസിലിയില്‍ നിന്നും പുറത്താക്കി. രണ്ട് വര്‍ഷത്തിനു ശേഷം മോഡേനയില്‍ വച്ച് അയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പീഡകന് പീഡിപ്പിച്ച സ്ത്രീയെ വിവാഹം കഴിക്കുന്നത് വഴി രക്ഷപ്പെടാനാകുന്ന ആര്‍ട്ടിക്കിള്‍ 544, 1981 -ല്‍ റദ്ദാക്കി. 

(ഫ്രാന്‍ക പൊലീസ് സ്റ്റേഷനില്‍)

ഫ്രാന്‍കയുടെ ജീവിതത്തെ ആസ്‍പദമാക്കി 'ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ വൈഫ്', 'വയോള, ഫ്രാന്‍ക' എന്നിങ്ങനെ രണ്ട് സിനിമകളും ഇറങ്ങിയിട്ടുണ്ട്. 2014 -ല്‍ ഫ്രാന്‍കയെ തേടി ഒരു പുരസ്‍കാരവും എത്തി. മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം അവരിപ്പോള്‍ അല്‍കാമോയില്‍ താമസിക്കുന്നു. 

(ആദ്യചിത്രം 'International Day For The Elimination Of Violence Against Women' -ന്റെ ഭാ​ഗമായി ഇറ്റലിയിലെ മിലാനിൽ ചെയ്‍തിരിക്കുന്ന ഫ്രാൻക വയോളയുടെ പെയിന്റിം​ഗ്)
 

click me!