മരിച്ചിട്ടും തീര്‍ന്നില്ല കഥകള്‍; ഒരു സുന്ദരിയുടെ  മൃതദേഹം 'ഓടിയ' ഓട്ടങ്ങള്‍!

By Web TeamFirst Published Jun 17, 2021, 7:36 PM IST
Highlights

അവിടെ തീര്‍ന്നില്ല കഥ. നീണ്ട 24 വര്‍ഷങ്ങളെടുത്തു അവളെ അടക്കാന്‍.  അര്‍ജന്റീനയുടെ ചരിത്രത്തില്‍ പൊടുന്നനെ സംഭവിച്ച മാറ്റങ്ങളാണ്, ഇവയുടെ മൃതദേഹം സംസ്‌കരിക്കാനാവാത്ത അവസ്ഥ ഉണ്ടാക്കിയത്.  
 

ജനങ്ങള്‍ വിലാപത്തോടെ തെരുവുകളിലേക്ക് ഒഴുകി. പ്രസിഡന്റിന്റെ വസതിക്കു പുറത്ത് മൃതദേഹം കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഉന്തിലും തള്ളിലും എട്ടുപേര്‍ മരിച്ചു. 2,000 പേര്‍ക്ക് പരിക്കേറ്റു. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിറയെ പൂക്കള്‍ ഒഴുകി. 13 ദിവസത്തോളം അവളുടെ ശരീരം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ശവപ്പെട്ടിയ്ക്ക് മുകളില്‍  ആളുകള്‍ ചുംബിക്കുകയും കരഞ്ഞു വീഴുകയും ചെയ്തു. ഒടുവില്‍ ശവശരീരം നശിക്കുമെന്ന ഭയത്താല്‍ സര്‍ക്കാരിന് പൊതുദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. 

 

ഇവാ പെറോണ്‍

 

1952 ജൂലൈ 26 രാത്രി 8:52. അര്‍ജന്റീനയിലെ എല്ലാ റേഡിയോ നിലയങ്ങളും ആ ഫ്‌ളാഷ് ന്യൂസ് പുറത്ത് വിട്ടു. 'രാജ്യത്തിന്റെ പ്രഥമ വനിത ഇവാ പെറോണ്‍ ക്യാന്‍സര്‍ ബാധിച്ച് 33-ാം വയസ്സില്‍ മരിച്ചു'. അര്‍ജന്റീനന്‍ പ്രസിഡന്റ് ജുവാന്‍ ഡൊമിംഗോ പെറോണിന്റെ ഭാര്യയായിരുന്നു ഇവ. രാജ്യത്തെ ഏറ്റവും ജനപ്രിയയായ യുവതി. 

ആ മരണവാര്‍ത്ത രാജ്യത്തെ നിശ്ചലമാക്കി. തിയേറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി വച്ചു. കടകള്‍ അടച്ചു. റെസ്റ്റോറന്റുകള്‍ ശൂന്യമായി. അര്‍ജന്റീന ഒന്നാകെ സ്തംഭിച്ചു. 

 

ഇവ പെറോണ്‍ ജനങ്ങള്‍ക്കിടയില്‍
 

അര്‍ജന്റീനയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇവാ പെറോണ്‍ വിശുദ്ധയായിരുന്നു. സെനോറ എവിറ്റ എന്നായിരുന്നു ജനങ്ങള്‍ അവളെ വിളിച്ചത്. ജനങ്ങള്‍ വിലാപത്തോടെ തെരുവുകളിലേക്ക് ഒഴുകി. പ്രസിഡന്റിന്റെ വസതിക്കു പുറത്ത് മൃതദേഹം കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഉന്തിലും തള്ളിലും എട്ടുപേര്‍ മരിച്ചു. 2,000 പേര്‍ക്ക് പരിക്കേറ്റു. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിറയെ പൂക്കള്‍ ഒഴുകി. 13 ദിവസത്തോളം അവളുടെ ശരീരം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ശവപ്പെട്ടിയ്ക്ക് മുകളില്‍  ആളുകള്‍ ചുംബിക്കുകയും കരഞ്ഞു വീഴുകയും ചെയ്തു. ഒടുവില്‍ ശവശരീരം നശിക്കുമെന്ന ഭയത്താല്‍ സര്‍ക്കാരിന് പൊതുദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. 

എന്നാല്‍, അവിടെ തീര്‍ന്നില്ല കഥ. നീണ്ട 24 വര്‍ഷങ്ങളെടുത്തു അവളെ അടക്കാന്‍.  അര്‍ജന്റീനയുടെ ചരിത്രത്തില്‍ പൊടുന്നനെ സംഭവിച്ച മാറ്റങ്ങളാണ്, ഇവയുടെ മൃതദേഹം സംസ്‌കരിക്കാനാവാത്ത അവസ്ഥ ഉണ്ടാക്കിയത്.

 

ഇവ ഭര്‍ത്താവിനൊപ്പം



മരിച്ചിട്ടും ബാക്കിയായി, ആ ഉടല്‍

1952 ജൂലൈയില്‍ ഇവാ പെറോണിന്റെ മരണം അടുത്തുവന്ന് മനസ്സിലാക്കിയ ഭര്‍ത്താവും പ്രസിഡന്റുമായ ജുവാന്‍ പെറോണ്‍ സ്പാനിഷ് പാത്തോളജിസ്റ്റ് ഡോ. പെഡ്രോ അറയെ വിളിച്ചു. പ്രഥമവനിതയുടെ മൃതദേഹം എംബാം ചെയ്യുക എന്ന ദൗത്യമായിരുന്നു അദ്ദേഹം പെഡ്രോയെ ഏല്പിച്ചത്. മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അതിനായുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചു. രക്തത്തിന് പകരം എല്ലാ അവയവങ്ങളെയും സംരക്ഷിക്കുന്ന ഗ്ലിസറിന്‍ ശരീരത്തില്‍ നിറച്ചു. മരിക്കുമ്പോള്‍ എണ്‍പത് പൗണ്ട് മാത്രം ഭാരമുള്ള ഇവായ്ക്ക് റേഡിയേഷന്‍ ചികിത്സയില്‍ നിന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. എങ്കിലും അവളെ പണ്ടത്തെ പോലെ സുന്ദരിയാക്കാന്‍ ഡോ. പെഡ്രോയ്ക്ക് സാധിച്ചു. ഇവയുടെ ഹെയര്‍സ്‌റ്റൈലിസ്റ്റ് അവളുടെ മുടിയില്‍ ചായം പൂശി. മാനിക്യൂറിസ്റ്റ് വിരലുകളില്‍ നെയില്‍ പോളിഷ് പുരട്ടി. സാധാരണ എംബാം ചെയ്ത ശവങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇവ ജീവസുറ്റ ഒരു രൂപമായി മാറി.

 

 

എക്കാലവും ഇവയെ ഓര്‍ക്കുന്ന ഒരു വമ്പന്‍ സ്മാരകം പണിയാന്‍ പദ്ധതിയിടുന്നതിനിടയിലാണ് അര്‍ജന്റീനയില്‍ പട്ടാള അട്ടിമറി നടന്നത്. ഇടതുപക്ഷ നേതാവായ പ്രസിഡന്റ് ജുവാനെ സൈന്യം പുറത്താക്കി.  രാജ്യത്തുനിന്നും രക്ഷപ്പെട്ട ജുവാന്‍ സ്‌പെയിനിലേക്ക് പലായനം ചെയ്തു. പുതിയ സൈനിക നേതാക്കള്‍ ഇവാ പെറോണിന്റെ മൃതദേഹം നീക്കം ചെയ്തു. ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍  മെഴുക് കൊണ്ട് തീര്‍ത്ത ഒരു പ്രതിമ നിര്‍മ്മിക്കുകയും യഥാര്‍ത്ഥ മൃതദേഹം ഒരു വാനിലും തുടര്‍ന്ന് അവരുടെ ഓഫീസിലും സൂക്ഷിക്കുകയും ചെയ്തു. ഒടുവില്‍ 1957 -ല്‍ അവര്‍ മൃതദേഹം ഇറ്റലിയിലെ മിലാനില്‍ ഒരു സെമിത്തേരിയിലേക്ക് അയച്ചു. 14 വര്‍ഷകാലം അത് അവിടെ കിടന്നു. 

എന്നാല്‍ 1971 ല്‍ ഇവയുടെ മൃതദേഹം ജുവാന്‍ കണ്ടെത്തി. അദ്ദേഹം അത് പുറത്തെടുത്ത് താന്‍ താമസിക്കുന്ന സ്‌പെയിനിലേക്ക് കൊണ്ടുപോയി. ജുവാന്റെ രണ്ടാം ഭാര്യയായിരുന്നു ഇവ. ഇവയുടെ വിയോഗ ശേഷം അദ്ദേഹം മൂന്നാമത് വിവാഹം ചെയ്തിരുന്നു-ഇസബെല. ഇസബെലയ്ക്കൊപ്പം താമസിക്കുന്ന വില്ലയിലേക്കാണ് ജുവാന്‍ പെറോണ്‍ മൃതദേഹം കൊണ്ടുവന്നത്.  ഡൈനിംഗ് റൂമില്‍ ഒരു തുറന്ന അറയില്‍ അദ്ദേഹം മൃതദേഹം സൂക്ഷിച്ചു. ഇസബെല ദിവസവും ഇവയുടെ തലമുടി കോതി ഒതുക്കി. 

ഇവ മരിച്ചതറിഞ്ഞ് ഒഴുകിയെത്തിയ ജനങ്ങള്‍
 

കാര്യങ്ങള്‍ മാറിമറിഞ്ഞു. അര്‍ജന്റീനയിലെ പട്ടാള ഭരണകൂടം തകര്‍ന്നടിഞ്ഞു. 1974 -ല്‍ അര്‍ജന്റീനയുടെ പ്രസിഡന്റായി ജുവാന്‍ അധികാരത്തില്‍ തിരിച്ചെത്തി. എന്നാല്‍, ഒരു വര്‍ഷത്തിനകം അദ്ദേഹം മരിച്ചു. മരണശേഷം ഭാര്യ ഇസബെല പ്രസിഡന്റായി. ഇസബെല്‍ സ്‌പെയിനിലെ വീട്ടില്‍നിന്നും ഇവയുടെ മൃതദേഹം അര്‍ജന്റീനയിലേക്ക് തിരികെ എത്തിച്ചു. അത് ജുവാന്റെ ശരീരത്തിനടുത്തായി പ്രദര്‍ശിപ്പിച്ചു. 1976 -ല്‍ അര്‍ജന്റീനയില്‍ വീണ്ടും സൈനിക അട്ടിമറി നടന്നു. ഇസബെലയെ സൈനിക നേതാക്കള്‍ അധികാരത്തില്‍ നിന്ന് മാറ്റി. 

 

ഇവയുടെ മൃതദേഹം അടക്കം ചെയ്ത സ്മാരകം
 

പുതിയ സൈനിക നേതാക്കള്‍ ഒടുവില്‍ ഇവാ പെറോണിന്റെ മൃതദേഹം അടക്കാന്‍ തീരുമാനിച്ചു. ബ്യൂണസ് അയേഴ്‌സിലെ റെക്കോലെറ്റ സെമിത്തേരിയില്‍ കുടുംബ കല്ലറയായ ഡുവാര്‍ട്ട് കല്ലറയില്‍ അവളെ അവര്‍ അടക്കി. ഇനിയും ആരും അത് മോഷ്ടിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലായുള്ള ഇരുമ്പിന്റെ ശക്തമായ കവചത്തിനുള്ളില്‍ സുരക്ഷിതമായി അവളെ കിടത്തി. ആണവ ആക്രമണത്തെ വരെ താങ്ങാന്‍ ഈ ശവകുടീരം പ്രാപ്തമാണെന്ന് പറയപ്പെടുന്നു.

 

 

അര്‍ജന്റീനയിലെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്. ഇക്കാലത്തിനിടയില്‍ ഇവയുടെ ജനപ്രീതി കൂടിയിട്ടേയുള്ളൂ. അവളെക്കുറിച്ച് സിനിമകളും നാടകങ്ങളുമുണ്ടായി. നിരവധി പുസ്തകങ്ങള്‍ അവളെക്കുറിച്ച് എഴുതപ്പെട്ടു. പുതിയ കാലത്തും അവള്‍ ഏറെ സ്‌നേഹിക്കപ്പെടുന്നു. 

 

click me!